കല്യാണപ്പന്തലിൽ നിന്ന് ജയിലിലേക്കു പോയ നൈന
text_fieldsഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ ഉടൻ കോഴിക്കോട് എത്തണമെന്നാവശ്യപ്പെട്ട് ഇ. മൊയ്തു മൗലവിയുടെ കത്ത് കൊച്ചി മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ സൈനുദ്ദീൻ നൈനക്ക് ലഭിക്കുന്നത്, 1930ൽ ബന്ധുവായ സുലേഖയെ വിവാഹംചെയ്ത ദിവസംതന്നെയാണ്. അങ്ങനെ വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന് സൈനുദ്ദീൻ നൈന അറസ്റ്റുചെയ്യപ്പെട്ടു.
1930 മേയ് 12ന് കോഴിക്കോട് കടപ്പുറത്ത് ഉപ്പുനിയമം ലംഘിച്ചതിന് കൊച്ചിയിൽനിന്ന് ആദ്യം അറസ്റ്റുവരിച്ചത് സൈനുദ്ദീൻ നൈനയാണെന്ന് ചരിത്രകാരൻ പി.എ. സെയ്തുമുഹമ്മദ് 'കേരള മുസ്‍ലിം ചരിത്രം' എന്ന ഗ്രന്ഥത്തിൽ പറയുന്നു. നൈന കണ്ണൂർ സെൻട്രൽ ജയിലിൽ ഒമ്പതു മാസം കഴിഞ്ഞു. സഹതടവുകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറുമായി സൗഹൃദം തുടങ്ങുന്നത് അവിടെ വെച്ചാണ്. ബഷീറിന്റെ പത്രാധിപത്യത്തിൽ സൈനുദ്ദീൻ നൈന 'ഉജ്ജീവനം' എന്ന മാസിക ആരംഭിച്ചു.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന അദ്ദേഹം 'അൻജുമൻ എ ഇസ്‍ലാം' എന്ന സംഘടനയിലൂടെ മുസ്‍ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി യത്നിച്ചു. കയർ തൊഴിലാളി സംഘമുണ്ടാക്കി കൊച്ചിയിൽ സഹകരണ മേഖലയുടെ തുടക്കത്തിലൊരാളായി. നൈന മുൻകൈയെടുത്ത് രൂപവത്കരിച്ച 'കൊച്ചിൻ സെന്റർ കയർ കോഓപറേറ്റിവ് സൊസൈറ്റി'യാണ് പിന്നീട് 'കയർ ഫെഡ്' ആയത്. 1954ൽ സൈനുദ്ദീൻ നൈന മരണപ്പെട്ടു.
സമ്പാദനം: മൻസൂർ നൈന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.