തകരുന്ന തുകൽ വ്യവസായമേഖല
text_fields‘കിഴക്കിന്റെ മാഞ്ചസ്റ്റർ’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ തുകൽ നഗരമായ യു.പി കാൺപുരിലെ വൻകിട തുകൽ വ്യാപാരികൾക്കും ബാറ്റ, റെഡ് ടേപ് പോലുള്ള പ്രമുഖ ഷൂ നിർമാതാക്കൾക്കുമിടയിലെ കണ്ണിയായി പ്രവർത്തിച്ച ഒരാളുമായി ഞങ്ങൾ സംസാരിച്ചു. ഓരോ ലോഡിലും 500 സംസ്കരിച്ച മൃഗത്തോലുകൾ വീതമാണ് അദ്ദേഹം അയച്ചിരുന്നത്.
120 വർഷത്തിലേറെയായി തുകൽ സംഭരിക്കുകയും വിൽക്കുകയും ചെയ്യുന്ന ഗോഡൗണുകൾ നിറഞ്ഞ കാൺപുരിലെ പെച്ച് ബാഗ് മാർക്കറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 500 ഇടനിലക്കാരിൽ (അർഹാതിയകൾ) ഒരാളായിരുന്നു ഇദ്ദേഹം. ഇപ്പോഴും ആ ഗോഡൗണുകൾ അവിടെയുണ്ട്, പക്ഷേ ഇപ്പോൾ വസ്ത്രങ്ങളുടെ മൊത്തക്കച്ചവടത്തിനാണ് അവ ഉപയോഗിക്കുന്നത്. ഇടനിലക്കാരുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞതായി അദ്ദേഹം പറയുന്നു.
പത്തുകൊല്ലം മുമ്പ് ഓരോ ഓർഡറിലും ഒന്നുമുതൽ രണ്ടുലക്ഷം രൂപ വരെയായിരുന്നു ഇദ്ദേഹത്തിന്റെ ആദായം. കമ്പനികളുടെ ഉടമസ്ഥതയിൽ വലിയ അറവുശാലകൾ വന്നതോടെ ഇവർ വെല്ലുവിളി നേരിടാൻ തുടങ്ങി. 2017ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലെ സർക്കാർ അറവുശാലകൾക്ക് പൂട്ടിടുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങൾ ഗുരുതരമായി.
തുകൽ ശേഖരണം, ഉപ്പിട്ട് ഉണക്കൽ, ഊറക്കിടൽ, സംസ്കരണം, കൈമാറ്റം തുടങ്ങി കന്നുകാലി കച്ചവടക്കാർ, ഇടനിലക്കാർ, തൊഴിലാളികൾ എന്നിവർക്കിടയിൽ നടന്നുപോന്ന ജോലികളുടെ ഭൂരിഭാഗവും കോർപറേറ്റ് ഉടമസ്ഥതയിലുള്ള അറവുശാലകളിലേക്ക് മാറി.
‘‘ഒരുകാലത്ത് മേൽത്തരം തുകലിന് 1500 രൂപ വരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 700-800 രൂപയിൽ താഴെയാണ് വില. തുകൽ വ്യവസായികൾ വൻകിട, സ്വകാര്യ അറവുശാലകളിൽനിന്ന് അവ നേരിട്ട് വാങ്ങുന്നതിനാൽ ഇടനിലക്കാർ എന്ന നിലയിലുള്ള ഞങ്ങളുടെ ജോലി അവസാനിച്ചു’’. മക്കളുടെ എൻജിനീയറിങ്, മാനേജ്മെന്റ് പഠനം പൂർത്തിയാവാൻ കാത്തുനിൽക്കുകയാണിദ്ദേഹം, എന്നിട്ടു വേണം പരമ്പരാഗതമായി ചെയ്തുവരുന്ന ഈ ജോലിയിൽനിന്ന് പൂർണ വിടുതൽ നേടാൻ.
2018വരെ കാൺപുരിലെ ജാജ്മാഉ മേഖലയിൽ നാനൂറിലധികം തുകൽ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നു, അവയിൽ പകുതിയിലേറെയും അടച്ചുപൂട്ടി. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട ഘടകങ്ങൾ, കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സർക്കാറുകളുടെ നയങ്ങൾ, ഗോവധ നിരോധന നിയമങ്ങൾ എന്നിവയുടെ സംയോജനമാണ് ഈ തകർച്ചയിലേക്ക് നയിച്ചത്.
മലിനീകരണം ഇതു മാത്രമോ?
കൗൺസിൽ ഫോർ ലെതർ എക്സ്പോർട്സിന്റെ (CLE) ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കാൺപുർ-ഉന്നാവോ ബെൽറ്റ് ഉൾപ്പെടെ രാജ്യത്തിന്റെ മധ്യമേഖലയിൽനിന്നുള്ള തുകൽ കയറ്റുമതി ഏഴുവർഷത്തിനിടെ എട്ടു ശതമാനം കുറഞ്ഞു. 2014-15ൽ 7,200 കോടി രൂപയുടെ കയറ്റുമതി നടന്നിരുന്നുവെങ്കിൽ 2015 മുതൽ 2020 വരെയുള്ള അഞ്ചുവർഷത്തിനിടെ അത് 4,900 കോടി രൂപയായി കുറഞ്ഞുവെന്ന് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ഒ.പി. പാണ്ഡെ പറയുന്നു.
മലിനജലം പുറന്തള്ളുന്നത് വഴിയുള്ള വ്യാവസായിക മലിനീകരണത്തിന്റെ പ്രശ്നം കാൺപുർ-ഉന്നാവോ മേഖലയെ വളരെക്കാലമായി അലട്ടിയിരുന്നുവെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014ലാണ് ഗംഗാ നദിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട എം.സി. മേത്ത കേസുകൾ ദേശീയ ഹരിത ട്രൈബ്യൂണലിന് റഫർ ചെയ്യാൻ സുപ്രീംകോടതി തീരുമാനിച്ചത്.
അഞ്ചുവർഷം കൊണ്ട് ഗംഗാനദിയുടെ സമ്പൂർണ ശുദ്ധീകരണം ലക്ഷ്യമിടുന്ന 20,000 കോടി രൂപയുടെ ‘നമാമി ഗംഗേ’ പദ്ധതിയും ആ വർഷം മോദി സർക്കാർ പ്രഖ്യാപിച്ചു. ഫലപ്രദമാംവിധത്തിൽ ദേശീയ നദിയായ ഗംഗയുടെ മലിനീകരണം തടഞ്ഞ് സംരക്ഷണവും പുനരുജ്ജീവനവും നടപ്പാക്കാൻ തീരുമാനിച്ച പദ്ധതി കാൺപുരിലെ തുകൽ വ്യവസായശാലകൾ മലിനീകരണത്തിന്റെ പ്രഭവകേന്ദ്രങ്ങളാണെന്ന് കണ്ടെത്തി.
പേപ്പർ, പഞ്ചസാര ഫാക്ടറികൾ, വാറ്റുശാലകൾ, തുകൽ ഫാക്ടറികൾ എന്നിങ്ങനെയുള്ള ഈ മേഖലയിലെ മുഴുവൻ വ്യവസായങ്ങളും ചേർന്നാണ് ഗംഗയുടെ മലിനീകരണത്തിന്റെ 20 ശതമാനവും സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ടെങ്കിലും തുകൽ വ്യവസായ മേഖലയാണ് ഏറ്റവുമധികം പരിശോധനകൾക്ക് വിധേയമായത്.
വ്യാവസായിക മാലിന്യങ്ങൾ മാറ്റിനിർത്തിയാൽ ഓവുചാലുകളിൽ നിന്നുള്ള മലിനജലം, ഖരമാലിന്യങ്ങൾ, കാർഷിക മാലിന്യങ്ങൾ, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതു കൊണ്ടുള്ളവ, ഭാഗികമായി ദഹിപ്പിച്ച മൃതദേഹങ്ങളിൽ നിന്നുള്ളവ എന്നിവയെല്ലാം മൂലം സംഭവിക്കുന്നതാണ് ഗംഗയുടെ 80 ശതമാനം മാലിന്യവും.
രാസ വ്യവസായ ശാലകളും മലിനീകരണം സൃഷ്ടിക്കുന്നുണ്ട്, പക്ഷേ അവയെ ആരും ലക്ഷ്യമിടുന്നില്ല. തുകൽ ശാലകളാണ് മലിനീകരണത്തിന്റെ കേന്ദ്രങ്ങളെന്ന് അധികാരികൾ ആവർത്തിക്കുന്നു, എന്തുകൊണ്ടാണിത്? ഈ മേഖലയിൽ കച്ചവടം നടത്തുന്നത് അധികവും മുസ്ലിംകളായതു കൊണ്ടാണോ?- നേരത്തേ സംസാരിച്ച ഇടനിലക്കാരൻ ചോദിക്കുന്നു.
മലിനീകരണത്തെക്കുറിച്ച് നിരന്തരം ഉയരുന്ന ചർച്ചകളും മേഖലയുടെ തകർച്ചയും മൂലം പലരും ഇപ്പോൾ ഈ തൊഴിലിനെ മാന്യതയോടെ കാണുന്നില്ലെന്ന് ചെറുകിട ടാനേഴ്സ് അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറിയും മഖ്ദൂം ടാനറി ഉടമയുമായ നയ്യാർ ജമാൽ പറയുന്നു.
മലിനീകരണം സൃഷ്ടിക്കുന്നു എന്ന വാദം പലപ്പോഴും വ്യാപാരികളിൽനിന്ന് പണം പിടുങ്ങാനുള്ള ഒഴികഴിവായി മാറുന്നു. ജാജ്മാഉ മേഖലയിൽനിന്ന് തുകൽ ഫാക്ടറികൾ ഒഴിപ്പിക്കാനുള്ള സംസ്ഥാന മലിനീകരണ ബോർഡ് നിർദേശം ‘സർക്കാറുമായുള്ള ചർച്ചകളിലൂടെ’ തടയാൻ സാധിച്ചു. പക്ഷേ ഈ വ്യവസായത്തിന്റെ തകർച്ചയും തളർച്ചയും പ്രകടമാണ്. രണ്ടായിരാമാണ്ടിന്റെ തുടക്കം വരെ കുറഞ്ഞത് 400 തുകൽ ഫാക്ടറികൾ ഇവിടെയുണ്ടായിരുന്നു. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചുവെന്ന പേരിൽ 2021 മാർച്ചിൽ 94 ഫാക്ടറികൾ അടച്ചുപൂട്ടിച്ചു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.