ബർലിൻ എന്ന കമ്യൂണിസ്റ്റ് പത്രപ്രവർത്തകൻ
text_fieldsബർലിൻ കുഞ്ഞനന്തൻ നായരെ ഒരു വാചകത്തിൽ വിശേഷിപ്പിക്കാമെങ്കിൽ അത് പ്രഗത്ഭനായ ഒരു കമ്യൂണിസ്റ്റ് പത്രപ്രവർത്തകൻ എന്നാണ്. ജീവിതത്തിന്റെ പ്രധാനപ്പെട്ട സമയം അദ്ദേഹം ബർലിനിലാണ് ചെലവഴിച്ചത്. അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചുവന്നതിനുശേഷം തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിച്ചുകൊണ്ടും പിന്നീട് കേരളത്തിൽ പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായും ചെറിയകാലം പ്രവർത്തിക്കുകയുണ്ടായി. അക്കാലമെല്ലാം സി.പി.എമ്മിന്റെ അംഗമായിരുന്ന ബർലിൻ ഇടക്കാലത്ത് പാർട്ടിയുമായി അകലുന്ന നിലയുണ്ടായി. ആ അവസരത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. വ്യത്യസ്ത നിലയിൽ സി.പി.എമ്മിനെതിരെ വിമർശനങ്ങൾ, ലേഖനങ്ങൾ അദ്ദേഹം എഴുതി. പിൽക്കാലത്ത് ആ നിലപാട് തിരുത്തണമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെ പാർട്ടിക്ക് കത്ത് തരികയും നാറാത്ത് ബ്രാഞ്ച് അംഗമായി തിരിച്ചെത്തുകയുമായിരുന്നു. അന്തരിക്കുന്ന അവസരത്തിൽ അദ്ദേഹം പാർട്ടി അംഗമാണ്.
ഏറ്റവും ഒടുവിൽ അദ്ദേഹവുമായി കൂടുതൽ സംസാരിക്കാൻ ഇടയായത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്താണ്. അഴീക്കോട് മണ്ഡലത്തിന്റെ ചുമതലക്കാരനെന്ന നിലക്ക് അദ്ദേഹവുമായി സംസാരിക്കാൻ ഇടമുണ്ടായി. മുമ്പ് പാർട്ടിയുമായുള്ള തർക്കങ്ങളെല്ലാം അദ്ദേഹം തന്നെ തിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി അംഗത്വത്തിനുവേണ്ടി അപേക്ഷിച്ചത്.
സി.പി.എമ്മിന്റെ അംഗമായിരിക്കെയാണ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചത്. ചെറുപ്പകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുമായി നല്ല ബന്ധമുള്ള ഒരു കുടുംബത്തിലെ അംഗമെന്ന നിലക്ക് പാർട്ടിയുടെ അക്കാലത്തെ പ്രവർത്തനങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹത്തിന് പാർട്ടി അംഗത്വം ലഭിക്കുന്നത്.
പിന്നീട് അദ്ദേഹത്തിന്റെ ജീവിതം കമ്യൂണിസ്റ്റ് പത്രപ്രവർത്തകനെന്ന നിലയിലായിരുന്നു. ആ രംഗത്താണ് അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചത്. ഡൽഹി ആസ്ഥാനമായി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ട് അദ്ദേഹം 'ബ്രിക്സ്' വാരികയിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതി. പിന്നീട് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകനെന്ന നിലയിൽ പ്രവർത്തിക്കുകയുണ്ടായി. ലോക സംഭവങ്ങൾ, ഇന്ത്യൻ സംഭവങ്ങൾ, കേരള രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങൾ അവസാനകാലത്തും കൃത്യമായി ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.