പ്രാണവായുതേടി ഒരു സങ്കട ഹരജി
text_fieldsഒരാഴ്ചയായിട്ട് ഏതോ ഒരു കെണിക്കുള്ളിൽപ്പെട്ടതുപോലെ ശ്വാസംമുട്ടുകയാണ്, പ്രാണവായു നേർത്ത് നേർത്ത് ഇല്ലാതായിത്തീരുന്ന ഒരു തുരങ്കത്തിനുള്ളിൽ കുടുങ്ങിയതുപോലെ. ഇത് ഒരു പ്രതീകാത്മകതയല്ല മറിച്ച് ഈ മഹാരാജ്യം മുഴുവൻ അഭിമുഖീകരിക്കുന്ന അവസ്ഥയാണിത്, മഹാവിപത്ത് എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ.
ഇൗ പറയുന്നതിൽ രാഷ്ട്രീയമില്ല, അതി വൈകാരികതയില്ല, ഞങ്ങൾ ആരോഗ്യ പ്രവർത്തകരുടെ വിലാപമാണിത്. ഓക്സിജൻ, കിടക്കകൾ, വെൻറിലേറ്റർ, ടോസിലിസുമാബ്, റെംഡെസിവർ ഇൻജക്ഷനുകൾ... ഞങ്ങൾക്കാവശ്യം ഇതെല്ലാമാണ്, കുറഞ്ഞ പക്ഷം ആദ്യം ചോദിച്ചതെങ്കിലും സംഘടിപ്പിച്ച് തരൂ...
''നമ്മൾ എല്ലാത്തിനും സജ്ജമാണ്'' എന്ന് പ്രഖ്യാപിച്ചിരുന്ന 'നിങ്ങൾ' ഇപ്പോൾ പറയുന്നു '' നമ്മൾ എല്ലാം ഒരുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്'' എന്ന്.
നമ്മൾ അഭിമുഖീകരിക്കുന്ന ഈ പ്രശ്നങ്ങളെ പെരുപ്പിച്ചുകാണിക്കാനാവില്ല, അത്രമാത്രം ഭയാനകമാണിപ്പോൾ തന്നെ. നേരമിരുട്ടി വെളുക്കുേമ്പാഴേക്കും പരിഹരിച്ചുതീർക്കാനാവുന്ന പ്രശ്നമല്ലിെതന്നറിയാം. പക്ഷേ, ഇത്രയധികം ആളുകളുടെ ജീവൻ നൂലിൽ തൂങ്ങിനിൽക്കുന്ന അവസ്ഥയിൽ മറ്റെന്ത് പോംവഴിയാണുള്ളത്? ഓക്സിജൻ നഷ്ടപ്പെട്ട് പിടയുന്ന ഒരാളോട് അടുത്ത ദിവസം വരെ കാത്തുനിൽക്കൂ എന്ന് പറയാനാവില്ലല്ലോ
ഈ അവസ്ഥയിലെങ്കിലും 'നിങ്ങളുടെ' രാഷ്ട്രീയ പ്രതിച്ഛായ ഒന്ന് മറക്കൂ, 'നിങ്ങളുടെ' ദേഷ്യങ്ങളൊന്ന് മാറ്റിവെക്കൂ, ദേശദ്രോഹി വിളികളൊന്ന് നിർത്തിവെക്കൂ. മാറാപ്പുകളെ മാറ്റിവെച്ചാൽ തന്നെ 'നിങ്ങൾക്ക്' അതിവേഗം നീങ്ങാനും പ്രവർത്തിക്കാനുമാവും. ഓരോ തവണ 'നിങ്ങളുമായി' ഞാൻ സംഭാഷണത്തിന് മുതിരുേമ്പാഴും കൂടുതൽ വിചിത്രമായും വെറിയോടെയുമാണ് കാണപ്പെടുന്നത്. എന്നു വെച്ച് എനിക്ക് മാറാനാവില്ല. രാജ്യത്തെ ആശുപത്രികളിൽ തടസ്സമില്ലാതെ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതുവരെ ഞാനിക്കാര്യം അചഞ്ചലവും അവിരാമവുമായി ചോദിച്ചുകൊണ്ടേയിരിക്കും.
ഓരോ ദിവസത്തെയും അതിജീവനം പോലും അസാധ്യമായിത്തുടങ്ങിയിരിക്കുന്നു. വിശ്രമമില്ലാതെ 24 മണിക്കൂറും ജോലിചെയ്ത് ആരോഗ്യപ്രവർത്തകർ അത്രമാത്രം തളർന്ന് അവശരായിക്കഴിഞ്ഞു. ആത്മവീര്യം തകർന്നിരിക്കുന്നു. ഓക്സിജൻ ഇല്ലാഞ്ഞിട്ട് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്. അവർ സങ്കടപ്പെട്ട് മടങ്ങിപ്പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുകയാണ് ഞങ്ങൾക്ക്.
വെൻറിലേറ്ററുകളിലെയും മറ്റ് ഉപകരങ്ങളിലെയും ഓക്സിജൻ നോബുകൾ താഴ്ത്തിവെച്ച് ഓരോ ദിവസവും ഞങ്ങൾ തള്ളിനീക്കുന്നു, മറ്റു മാർഗമില്ല, ഞങ്ങളുടെ ടാങ്കുകളിലെ ഓക്സിജൻ ശേഖരം അപകടമാംവിധം കുറഞ്ഞിരിക്കുന്നു. നൂറു വിളികളും മെസേജുകളുമയക്കും ദിവസേന ലഭിക്കേണ്ട ഓക്സിജൻ േക്വാട്ട ഒന്ന് എത്തിക്കാനാവശ്യപ്പെട്ട്. ഏതാനും മണിക്കൂറിന് മാത്രം ഉതകുന്ന വളരെ കുറഞ്ഞ അളവ് ഓക്സിൻ എത്തിച്ചുനൽകി പ്രശ്നം എല്ലാം പരിഹരിച്ചു എന്ന് ഭാവിച്ച് സംപ്രീതി അടയുകയാണ് 'നിങ്ങൾ'.
മുടക്കമില്ലാതെ ഓക്സിജൻ ലഭ്യമാക്കാൻ ഒരു പദ്ധതി പറയു, എന്നത്തേക്ക് നൽകാനാകുമെന്ന് പറയൂ. ശേഷം നമുക്ക് ഒരു താൽക്കാലിക പരിഹാരമെങ്കിലും കണ്ടെത്താം. ഇത് നമ്മുടെ രാജ്യമാണ്. നമുക്ക് തുല്യതയോടെ സംസാരിക്കുകയും നമ്മൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നത്തെ മറികടക്കാൻ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യാം. നമുക്കറിയാം, നമ്മൾക്ക് അതിജയിക്കാൻ കഴിയുമെന്ന്.
(ഗുരുഗ്രാമിലെ ആർടെമിസ് ഹോസ്പിറ്റൽ എം.ഡിയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.