ആത്മധൈര്യം നൽകിയ നേതാവ്
text_fields2004ൽ അനിശ്ചിതകാല സമരപ്പന്തലിലാണ് ളാഹ ഗോപാലനെ ആദ്യം കാണുന്നത്. തുടർന്ന് അദ്ദേഹത്തിെൻറ സംഘടനയിൽ അംഗമായി. ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ സമരത്തിൽ അദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു. ദലിത് സമൂഹത്തോടുള്ള പ്രത്യേക താൽപര്യവും സാധാരണക്കാരെ ഭൂസമരത്തെ കുറിച്ച് പറഞ്ഞു മനസ്സിലാക്കിക്കുന്ന ശൈലിയും മനസ്സിലുറച്ചു. ദലിതർ അനുഭവിക്കുന്ന ജീവിത ദാരിദ്ര്യത്തെക്കുറിച്ചാണ് അദ്ദേഹം നിരന്തരം സംസാരിച്ചത്. 2004-2007 കാലത്ത് കോളനികൾ കയറിയിറങ്ങി ഭൂരഹിതരെ സംഘടിപ്പിക്കുകയായിരുന്നു ദൗത്യം. ഓരോ കുടുംബത്തെയും നേരിട്ട് കണ്ട് സംസാരിച്ചാണ് ഈ സമരത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. കോളനികളിൽനിന്ന് കോളനികളിലേക്കുള്ള സഞ്ചാര കാലത്താണ് കേരളവും കൊട്ടിഘോഷിക്കപ്പെടുന്ന 'കേരള മോഡലും' എന്താണെന്ന് ബോധ്യമായത്.
2007ൽ ചെങ്ങറയിലെ ഭൂമിയിൽ പ്രവേശിച്ചതോടെ സർക്കാർ സംവിധാനം ഒന്നടങ്കം അതിനെതിരെ രംഗത്തുവന്നു. സർക്കാറിെൻറ രഹസ്യാന്വേഷണ വിഭാഗത്തിെൻറ കണ്ണുവെട്ടിച്ചാണ് ഭൂമിയിൽ പ്രവേശിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ അന്നൊരു വാഹന പ്രചാരണ ജാഥ നടത്തി. ജാഥ സമാപിച്ചത് സമരഭൂമിയിൽ ആണ്. അവിടെനിന്ന് എല്ലാവരും പിരിഞ്ഞുപോയി. എന്നാൽ, ളാഹ ഒരു സംഘത്തെ ഭൂമിയിൽ പ്രവേശിപ്പിക്കാൻ വിട്ടു. സർക്കാറിന് അപ്പുറം ചിന്തിക്കാൻ ശേഷിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിനത് സാധിച്ചത്.എസ്റ്റേറ്റിൽ പണിചെയ്തിരുന്ന തൊഴിലാളികളും ഹാരിസൺസ് നിയോഗിച്ച ഗുണ്ടകളും സംഘടിച്ച് രംഗത്തുവന്നു. സമരത്തെ അടിച്ചമർത്താൻ തന്നെ സർക്കാറും തീരുമാനിച്ചു. അന്ന് അടികിട്ടിയവരിൽ പലരും ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്.
സമരത്തിെൻറ ഒന്നാം വാർഷികം മുതലാണ് ഉപരോധം വന്നത്. ഇന്ന് ചിന്തിക്കാൻ പറ്റാത്തത്ര ക്രൂരമായ മർദനങ്ങൾ നടന്നു. കാട്ടിലൂടെ ഒളിച്ചു കടത്തിയ അൽപം അരി ആയിരുന്നു അന്ന് ആകെ കിട്ടിയിരുന്നത്. സമരക്കാർ കൊടും പട്ടിണി അനുഭവിച്ചു. സാധാരണഗതിയിൽ അത്തരമൊരു സാഹചര്യത്തിൽ സമരം തകർന്നു പോകേണ്ടതാണ്. സമരക്കാർ എറിഞ്ഞിട്ടുപോകുമെന്നായിരുന്നു സർക്കാറിെൻറ പ്രതീക്ഷയും. എന്നാൽ, പട്ടിണിക്കും വേദനകൾക്കുമിടയിലും സമരക്കാരെ അവിടെ ഉറപ്പിച്ചുനിർത്തിയത് ളാഹ ഗോപാലെൻറ വാക്കുകളാണ്. സമരം ശക്തമായി തുടർന്ന ഘട്ടത്തിൽ 30,000 പേർ സമരഭൂമിയിൽ ഉണ്ടായിരുന്നു. ഭൂമിയില്ലാത്ത മുഴുവൻ പേരുടെയും അവസ്ഥ ഒന്നാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. കൃഷി ചെയ്യുന്ന ഒരു കുടുംബത്തിന് അഞ്ചേക്കർ ഭൂമി നൽകണമെന്നായിരുന്നു ആവശ്യം. അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ റിസൽട്ട് വരുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു.
പട്ടയം നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ ആളുകൾ അവിടെനിന്ന് പോകാൻ തയാറായി . അതിന് എതിരായിരുന്നു ളാഹാ ഗോപാലൻ. ലഭിക്കുന്ന ഭൂമി വാസയോഗ്യമാണോ എന്ന് പരിശോധിച്ചശേഷമേ പട്ടയം വാങ്ങാവൂവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ളാഹയായിരുന്നു ശരി. സമരക്കാരെ വഞ്ചിച്ച് വി.എസ് സർക്കാർ പല ജില്ലകളിലും വാസയോഗ്യമല്ലാത്ത ഭൂമിയാണ് നൽകിയത്.ഈ സമരം തകർന്നാൽ ഭൂമിക്കായി മറ്റൊരു സമരം ഉണ്ടാകില്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞു. ഒരു നേതാവ് എന്ന നിലയിൽ ഭൂസമരത്തെക്കുറിച്ച് അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ ശരിയായിരുന്നുവെന്ന് കേരളം ഇന്ന് തിരിച്ചറിയുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.