വിവേചനത്തിന്റെ നിത്യസ്മാരകം
text_fieldsവീടില്ലാത്തവർക്ക് സർക്കാർ ഭൂമി പതിച്ചുനൽകിയാൽ എന്താവും? ഒരു സംശയവുമില്ല അവിടെ വീടുയരും. എന്നാൽ, തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ അതുണ്ടായില്ല. അവിടത്തെ ബക്കളംവയലിൽ 2010-11 സാമ്പത്തിക വർഷം ഭൂരഹിതരായ ആറ് പട്ടികജാതി കുടുംബങ്ങൾക്ക് വീട് പണിയാൻ സർക്കാർ 30 സെന്റ് പതിച്ചുനൽകി. പട്ടികജാതി വികസന വകുപ്പിന്റെ ഭൂരഹിത ഭവനരഹിത പുനരധിവാസ പദ്ധതി പ്രകാരമായിരുന്നു ഇത്.
ഭൂമി ലഭിച്ച് ഒന്നരപ്പതിറ്റാണ്ടോടടുക്കുമ്പോഴും ഇവിടെ വീടുണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആറു കുടുംബങ്ങളും പുലയ വിഭാഗക്കാരാണ്, അവരിൽ ഭൂരിപക്ഷം പേരും വോട്ട് ചെയ്യുന്നതും അരിവാളിന്. വയൽ പ്രദേശമായ ഇവിടെ വീടുണ്ടാക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം നിലപാടെടുത്തതോടെ തലചായ്ക്കാൻ സ്വന്തമായൊരു കൂരയെന്നത് ഇന്നും അവർക്ക് സ്വപ്നമായി നിലനിൽക്കുന്നു. പാർട്ടി തീട്ടൂരത്തിന് മീതെ പറക്കാൻ സർക്കാർ ഉത്തരവിനും കഴിയില്ലെന്ന് ചുരുക്കം.
രേഖയിൽ ഭൂമിയുണ്ട്, വേറെ അപേക്ഷിക്കാനും പറ്റില്ല
കെ. അനിൽകുമാർ, അരിങ്ങളയൻ രാഘവൻ, പനയൻ ധന്യ, കരക്കാടൻ പ്രിയ, കൊയ്യോൻ ചിത്ര, പനയൻ അജിത എന്നിവർക്കാണ് സർക്കാർ അഞ്ച് സെന്റ് വീതം ഭൂമി അനുവദിച്ചത്. നീണ്ടുകിടക്കുന്ന തരിശ്ശായ വയലിന്റെ ഒരു ഭാഗമാണ് ഈ 30 സെന്റ്. നെൽവയൽ നീർത്തട സംരക്ഷണ നിയമം തടസ്സമാവില്ലെന്നും ഭൂമി വീടിന് അനുയോജ്യമാണെന്നും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകി.
തുടർന്ന് പട്ടികജാതി വികസന വകുപ്പ് ഈ സ്ഥലം ഏറ്റെടുത്ത് രേഖകൾ ഉടമകൾക്ക് കൈമാറി. കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് സ്വന്തമായി ഭൂമി ഇവർക്ക് ലഭിച്ചത്. വീട് പണിയാനായി അനിൽകുമാർ നാല് ലോഡ് ചെങ്കല്ലും ഇറക്കി പ്രവൃത്തി തുടങ്ങിയപ്പോഴാണ് സ്ഥിതി മാറിമറിഞ്ഞത്. ഒരുദിവസത്തെ നിർമാണ പ്രവൃത്തി കഴിഞ്ഞ് പിറ്റേന്നു കൽപണിക്കാർ എത്തിയപ്പോൾ ഒരു കല്ലുപോലും അവിടെയില്ല.
എല്ലാം ആരോ കടത്തിക്കൊണ്ടുപോയി. ബക്കളം വയൽസംരക്ഷണ സമിതിയെന്ന പേരിൽ ഒരു സംഘമാണ് ഇതു ചെയ്തത്. പിറ്റേന്ന് തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ വന്നപ്പോഴും ഇവിടെ വീട് വെക്കാൻ അനുവദിക്കില്ലെന്ന് സംഘം വ്യക്തമാക്കി. പൊലീസ് കേസെടുത്തെങ്കിലും അക്രമം നടന്നതായി തെളിവില്ലെന്നുപറഞ്ഞ് ആരെയും അറസ്റ്റ് ചെയ്തില്ല.
ആറ് പുലയ കുടുംബങ്ങൾ അവിടെ വീടുവെക്കുന്നതോടെ പ്രദേശം ദലിത് കോളനിയായി മാറുമെന്ന് പറഞ്ഞാണ് മേൽജാതിക്കാർ അത് തടയാൻ മുന്നിട്ടിറങ്ങിയത്, അതിന് മറയാക്കിയത് പരിസ്ഥിതി സ്നേഹവും. അവർക്ക് പരസ്യപിന്തുണ നൽകിയതാവട്ടെ സി.പി.എമ്മും.
നെൽവയൽ നീർത്തട സംരക്ഷണ നിയമം വീട് നിർമിക്കുന്നതിന് തടസ്സമല്ലെന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിനെ മറികടന്ന് രംഗത്തുവന്ന വില്ലേജ് ഓഫിസർ ഡേറ്റാ ബാങ്കിലുള്ള ഭൂമിയാണെന്നും തരം മാറ്റണമെന്നും ഇവരോട് നിർദേശിച്ചു. ആ അപേക്ഷയിലൊട്ട് തീരുമാനം എടുക്കുന്നതുമില്ല. വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ തികഞ്ഞ നിസ്സഹായത പ്രകടിപ്പിക്കുകയാണ് ജില്ല പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ.
സംസ്ഥാന പട്ടികജാതി കമീഷൻ, ദേശീയ പട്ടികജാതി കമീഷൻ, മുഖ്യമന്ത്രി തുടങ്ങി എല്ലാവർക്കും പരാതി നൽകിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. വീട് സ്വപ്നംകണ്ട് കാത്തിരുന്ന അരിങ്ങളയൻ രാഘവൻ അടുത്തിടെ മരിച്ചു. എല്ലാം ശരിയാവുമെന്ന് കരുതി വാടകവീടുകളിൽ കഴിയുകയാണ് ഈ കുടുംബങ്ങൾ. സ്വന്തമായി ഭൂമിയുണ്ടെന്ന രേഖയുള്ളതിനാൽ പുതിയതിന് അപേക്ഷിക്കാൻ കഴിയുന്നില്ല.
പട്ടികജാതിക്കാർക്കുള്ള ഫ്ലാറ്റ് പോലുള്ള പദ്ധതിക്കൊന്നും അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് അരിങ്ങളയൻ രാഘവന്റെ വിധവ യശോദ പറഞ്ഞു. നവകേരള സദസ്സിലും പരാതി നൽകിയെങ്കിലും ഫലം നാസ്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം നാടാണിതെന്നുകൂടി ചേർത്തുവായിക്കണം.
എഴുന്നള്ളിപ്പിൽ പുലയന് അയിത്തം
ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളിപ്പിൽ പുലയന് അയിത്തം കൽപിക്കുന്നുവെന്ന പരാതിയിൽ കേസ് നടക്കുന്നുണ്ട് കണ്ണൂരിൽ. അഴീക്കോട് പാമ്പാടി ആലിൻകീഴിൽ ക്ഷേത്രത്തിലെ ആചാരം ചോദ്യം ചെയ്ത് തെക്കൻ സുനിൽകുമാറാണ് കോടതിയെ സമീപിച്ചത്.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിൽ പുലയ സമുദായത്തെ മാത്രം ഒഴിവാക്കി തീയ, നമ്പ്യാർ, വാണിയർ തുടങ്ങിയ മറ്റുജാതിക്കാരുടെ വീടുകളിൽ കൂടി പോവാറുണ്ടെന്നും പുലയരോട് അയിത്തമാണെന്നുമാണ് പരാതി. കലക്ടർ ചർച്ചക്കു വിളിച്ചു. ഒരു പ്രത്യേക ജാതിക്കാരെ മാത്രം അകറ്റിനിർത്തുന്നത് വിവേചനമാണെന്നും അതിനാൽ പുലയരുടെ വീട്ടിലും എഴുന്നള്ളിപ്പ് വേണമെന്നും 2015 ഫെബ്രുവരി മൂന്നിന് കലക്ടർ തീർപ്പുകൽപിച്ചു.
പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ക്ഷേത്ര കമ്മിറ്റി തീരുമാനം നടപ്പാക്കിയില്ല. തുടർന്നാണ് കേസ് കോടതി മുമ്പാകെയെത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കണ്ണൂരിലെ പല ക്ഷേത്രങ്ങളിലും താഴ്ന്ന ജാതിക്കാർ വിവേചനം നേരിടുന്നതായും തെക്കൻ സുനിൽകുമാർ പറയുന്നു.
പയ്യന്നൂരിലെ ശ്രീ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ജാതിവിവേചനം നേരിട്ടത്. പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം ടി.പി. സുനിൽകുമാറാണ് ക്ഷേത്രം ട്രസ്റ്റി ചെയർമാൻ. മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സംഘാടകർ തയാറായില്ലെന്ന വിമർശനത്തിൽ ഒതുങ്ങി എല്ലാം.
പരാതിയില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയതോടെ പട്ടികജാതി കമീഷൻ പോലും അനങ്ങിയില്ല. ഇടതുപക്ഷത്തിന് ശക്തമായി വേരോട്ടമുള്ള മണ്ണിൽ ഇടത് സർക്കാർ മന്ത്രിസഭയിലെ ഒരംഗം പോലും ജാതിവിവേചനം നേരിടുമ്പോൾ പിന്നെ സാധാരണക്കാരുടെ കാര്യം ആരോടു പറയാൻ.
ദിവ്യക്ക് നീതി ലഭിച്ചില്ല, ഇടപെടൽ ശക്തമാക്കും - പി.കെ.എസ്
അടുത്തില ദിവ്യയുടെ മരണത്തിൽ നീതി ലഭിച്ചില്ലെന്നും വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും സി.പി.എമ്മിന്റെ പട്ടികജാതി ക്ഷേമസമിതി കണ്ണൂർ ജില്ല സെക്രട്ടറി കെ.ജനാർദനൻ. ജാതീയ അധിക്ഷേപമുണ്ടായെന്ന പരാതി പൊലീസ് ഗൗനിച്ചില്ല എന്നത് ശരിതന്നെ.
ദലിത് വിഷയങ്ങളിൽ പി.കെ.എസ് നടത്തിയ ഇടപെടലുകളുടെ ഫലമായി കണ്ണൂരിൽ ഒരുപാട് മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ പട്ടികജാതി ഫണ്ട് പാഴാക്കിയതിനെതിരെ ശക്തമായ സമരം നടത്തി. ഇങ്ങനെ കുറേ ചെയ്തിട്ടുണ്ട്. മറ്റ് പ്രചാരണങ്ങൾ ശരിയല്ല.
ബക്കളത്ത് ആറ് ദലിത് കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ കഴിയാത്തതിനുപിന്നിൽ ജാതി പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. സർക്കാറിന് ആ ഭൂമി തിരിച്ചുനൽകുകയോ തരം മാറ്റുകയോ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.