മനുഷ്യകുലത്തിനുള്ള ജീവിതവെളിപാട്
text_fieldsക്രിസ്മസ് ക്രൈസ്തവരുടെ ആഘോഷമായാണ് എല്ലാവരും പരിഗണിക്കുക. യേശുക്രിസ്തു ക്രിസ്ത്യാനികളുടെ സ്വകാര്യ സ്വത്തല്ല. യേശു മനുഷ്യകുലത്തിനാണ് തന്റെ ജീവിതവെളിപാടു നൽകിയത്. യേശുവിലൂടെ ലോകത്തിനു ലഭിച്ചത് ഒരു വലിയ സത്യമാണ്.
ലോകത്തെ സംബന്ധിക്കുന്ന സത്യങ്ങളുടെ വെളിപാടുകാരനാണ് യേശു എന്ന് കരുതാനാവില്ല. യേശു ലോകത്തിനു വെളിപ്പെടുത്തിയതു മനുഷ്യജീവിതത്തിന്റെ സത്യമാണ്. ജീവിതത്തെയും അതിന്റെ സമസ്യയെയുംകുറിച്ച് മറ്റാരും പറഞ്ഞിട്ടില്ല എന്ന അഭിപ്രായവുമില്ല.
ഗ്രീക്കുകാരുടെ സാഹിത്യ പ്രചോദനത്തിൽ ലോകത്തോടു പറഞ്ഞത് മനുഷ്യന്റെ പാത്തോസ് - പാഷനെക്കുറിച്ചാണ്. പാഷൻ എന്നാൽ മനുഷ്യന്റെ ജീവിതാനുഭവമാണ്. ലോകത്തിൽ ജീവിക്കുമ്പോൾ എല്ലാം അവന്റെമേൽ പതിക്കുകയാണ്, അവൻ എല്ലാം വഹിക്കുകയാണ്, സഹിക്കുകയാണ്.
ഇതിൽ ദുഃഖവും സന്തോഷവും വേദനയും എല്ലാമുണ്ട്. സെന്റ് അഗസ്റ്റിൻ എഴുതിയതുപോലെ ‘‘ഞാൻ എനിക്കൊരു ഭാരമായി’’ എന്നതാണ് ജീവിതാനുഭവം. ഗ്രീക്കു നാടകങ്ങളും കാവ്യവും ഈ ജീവിതാനുഭവമാണ് കഥകളായി എഴുതിയത്.
നാമാരും ജീവിതം പഠിച്ചല്ല ജീവിക്കുന്നത്. ജീവിച്ചാണ് ജീവിതം പഠിക്കുന്നത്. ജീവിതം പരമരഹസ്യമാണ് എന്നതു പലരും ശ്രദ്ധിക്കാറില്ല. ജീവിക്കുന്നതുകാണാം, പക്ഷേ, ജീവിതം കാണാനാവില്ല. അത് എന്റെ ബോധമാണ്. ബോധം തലയോട്ടിയിൽ അടച്ചു ഭദ്രമാക്കപ്പെട്ടതും.
എനിക്കല്ലാതെ ആർക്കും അതു കാണാനാവില്ല. മനുഷ്യന്റെ ജീവിതം ബോധമണ്ഡലത്തിന്റെയാണ്. ആ രഹസ്യമാണ് ലോകത്തിൽ ജീവിതത്തിലൂടെ വിലസിതമാകുന്നത്. തന്റെ രഹസ്യം ഒരുവനു പറയാം, പറഞ്ഞു പറ്റിക്കാം, പറയാതിരിക്കാം. അതിന്റെ സത്യം ഒരു പരിധിയിൽ കൂടുതൽ നമുക്കു പിടികിട്ടുകയില്ല.
ജീവിതമാണ് വെളിവാകുന്നത് ആയുസ്സിലൂടെ. അത് ആ വിധത്തിൽ എന്റെ ആവിഷ്കാരമാണ്. യേശു ലോകത്തിൽ വെളിവാക്കിയതു യേശുവിന്റെ ജീവിതമാണ്. അവന്റെ ബോധരഹസ്യമാണ് അവൻ പറഞ്ഞതും ചെയ്തതും സാക്ഷ്യം വഹിച്ചതും. യേശുവിന്റെ കഥ അവന്റെ ജീവിതാനുഭവത്തിന്റെ വിലാസമായിരുന്നു.
ഗ്രീക്കുകാർ ഒറ്റവാക്കിൽ പറഞ്ഞതു യേശുവിന്റെ ജീവിതത്തെയും കുറിച്ചു പറയാം - അതായിരുന്നു അവന്റെ പാഷൻ. ‘‘വചനം മാംസം ധരിച്ചു’’ എന്നതു യേശുവിന്റെ ജന്മത്തെക്കുറിച്ച് യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ തനിമയാർന്ന പ്രസ്താവമാണ്.
വചനം മാംസം ധരിച്ചു എന്നതു യേശുവിനെക്കുറിച്ചാണ്. അതു മാംസത്തെക്കുറിച്ചു വലിയ വെളിപാടാണ്. കാരണം മാംസമാണ് ബോധപ്പെടുന്നത്, മാംസത്തിന്റെ ബോധവത്കരണമാണ് നമ്മിൽ നടക്കുന്നത്. അതിലാണ് സ്വന്തം മഹത്ത്വവും അധമത്വവും വെളിവാകുന്നത്.
പക്ഷേ, യേശുവിന്റെ ബോധം മാംസത്തിന്റെ ബോധവത്കരണം സ്വന്തം അഹത്തിന്റെ ബോധമായിരുന്നില്ല. അതാണ് യേശുവിന്റെ ബോധത്തിന്റെ വിശേഷം. അതു ദൈവത്തെക്കുറിച്ചുള്ള ബോധമായിരുന്നു - അവന്റെ വചനം ദൈവത്തിന്റെ വചനമായി, അഹത്തിന്റെ ആവിഷ്കാരമാകാതെ അതു ദൈവാവിഷ്കാരമായി. അവൻ പറഞ്ഞു: ‘‘ഞാനാണ് സത്യം,’’ ‘‘ഞാനും പിതാവും ഒന്നാണ്’’.
വളരെ ശ്രദ്ധേയമായ ആവിഷ്കാരമാണിത്. മാംസം ബോധമണിഞ്ഞതാണ് മനുഷ്യൻ. മനുഷ്യന്റെ ആന്തരികതയിലാണ് സത്യം വെളിവാകുന്നത്. അത് അവൻ നടത്തുന്ന അഹത്തിന്റെ അശ്വമേധമല്ല. മറിച്ച് ബോധത്തിലെ ആന്തരികബോധം ഐശ്വരീയമായിരുന്നു. അവന്റെ സത്ത ദൈവികമാണ്. അതാണ് അവൻ സ്വയം അറിയുന്നത്.
അവസാനമില്ലാത്ത സന്തോഷദുഃഖങ്ങളുടെ കേളിയാണ് ജീവിതം. സന്തോഷമായി മാറുന്ന ദുഃഖങ്ങളും ദുഃഖമായി മാറുന്ന സന്തോഷങ്ങളും. ബോധത്തിൽ പ്രത്യക്ഷമാകുന്നത് മൗലികമായ അനുഭവമാണ്, ഈ സത്ത എന്താണ് എന്നതാണ് യേശു വെളിവാക്കുന്നത്.
ഇതു സ്വയം അറിയലും അംഗീകരിക്കലും വ്യാഖ്യാനിക്കലുമാണ്. ഇതാണ് ജീവിതസത്യം - അതു ദൈവികസത്തയാണ്. മനുഷ്യനെക്കുറിച്ചുള്ള വലിയ വെളിപാടും സത്യവുമാണിത്. സുവിശേഷങ്ങൾ നല്ല വാർത്തയാകുന്നത് ഇതിന്റെ പേരിലാണ്. മനുഷ്യൻ സ്വയം അറിയുന്നതാണ്.
അവൻ ദൈവത്തെ അറിയുന്നു. ഇത് അറിയുക മാത്രമല്ല അംഗീകരിക്കുകയും അതു ജീവിക്കുകയും ചെയ്യുന്നു. അതാണ് ജീവിതത്തിന്റെ പാഷൻ - സഹനം. ഈ ജീവിതമഹത്വത്തിന്റെ ആവിഷ്കാരമാണ് യേശുവിൽ സംഭവിച്ചത്.
ഇത് മയ്സ്റ്റർ എക്കാർട്ടും പല ക്രൈസ്തവ ചിന്തകരും പറഞ്ഞിട്ടുണ്ട്. ഇബാൻ അറാബി (1164-1240) എന്ന സൂഫി മിസ്റ്റിക്കിൽ ഞാനതു വായിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ശങ്കരാചാര്യരുടെ മനീഷപഞ്ചകം ഇതു പറയുന്നതായി ഞാൻ മനസ്സിലാക്കി. ഇത് അറിയുകയും ഈ അറിവിൽ വ്യാപരിക്കുകയും ചെയ്യുന്നവരാണ് യഥാർഥ മനുഷ്യരാകുന്നത്.
ഇതുമറന്ന് ലോകത്തിലെ പലതിന്റെയും പിന്നാലെ പോകുന്നവർ ജീവിതം മറന്ന പ്രകൃതരായി മാറും. ഈ ആത്മീയത എല്ലാ മതങ്ങളിലുമുണ്ടാകും. ഈ ആത്മീയതയാണ് മനുഷ്യന്റെ മഹത്ത്വം. തന്നെ തിരിച്ചറിയുന്നതു മറ്റുള്ളവരെ തിരിച്ചറിയുന്ന വലിയ സാഹോദര്യത്തിന്റെ സ്നേഹമാകും. തന്നിലെ ദൈവത്തെ സ്നേഹിക്കുന്നവനേ, അപരനിലെ ദൈവത്തെ അംഗീകരിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.