കഫീലിനെ വേട്ടയാടിയ യോഗിക്കുള്ള തിരിച്ചടി -അദീല്‍ ഖാന്
text_fieldsഅന്യായതടങ്കലില്‍നിന്ന് ഡോ. കഫീലിനെ മോചിപ്പിക്കാന്‍ ഞങ്ങളുടെ മാതാവ് നുസ്ഹത്ത് പര്വീന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലെ വിധി കഫീലിനെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കിക്കൊണ്ടിരിക്കുന്ന യോഗിസര്ക്കാറിനേറ്റ തിരിച്ചടിയാണ്. കഫീലിനെ അന്യായ തടങ്കലില്‍നിന്ന് മോചിപ്പിച്ച് വിട്ടുകിട്ടണമെന്ന് ബോധിപ്പിച്ച ഹരജിയില്‍ ഡോ. കഫീലിനു മേല്‍ ദേശസുരക്ഷാ നിയമം ചുമത്തിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും സമര്‍പ്പിച്ചു. ഇവയെല്ലാം ഒരു കേസായി പരിഗണിച്ച് തീര്‍പ്പാക്കുകയാണ് അലഹബാദ് ഹൈകോടതിചെയ്തത്.
അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന് എടുത്ത കേസും ആ കേസില്‍ അലീഗഢ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ച ശേഷം ദേശ സുരക്ഷാ നിയമം ചുമത്തിയതും നിയമ വിരുദ്ധമാണെന്ന ഞങ്ങളുടെ നിലപാടാണ് കോടതി ശരിവെച്ചിരിക്കുന്നത്.
ഹേബിയസ് കോര്‍പസ് ഹരജിയുമായി മാതാവ് നുസ്ഹത്ത് പര്വീന് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ വിഷയം അലഹബാദ് ഹൈകോടതി തീര്‍പ്പാക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. അന്നുതന്നെ കഫീലിെൻറ കാര്യം പെട്ടെന്ന് തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈകോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കിയതായിരുന്നു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനു പകരം അതിനോട് ധിക്കാരം കാണിച്ച് കോടതി നടപടികള്‍ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോയി. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിെൻറ പകര്‍പ്പ് തങ്ങള്‍ക്ക് കിട്ടിയില്ലെന്നായിരുന്നു യോഗി സര്‍ക്കാര്‍ അലഹബാദ് ഹൈകോടതിയില്‍ ന്യായം പറഞ്ഞത്. ഒടുവില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഡല്‍ഹിയില്‍നിന്ന് ഉദ്യോഗസ്ഥന് വഴി കൈയാലെ കൊടുത്തയപ്പിക്കേണ്ടി വന്നു.
യഥാര്‍ഥത്തില്‍ കേസ് വാദത്തിനെടുത്താല്‍ കഫീലിനെതിരെ തെളിവെന്ന നിലയില്‍ ഹാജരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിെൻറ പക്കല്‍ ഒന്നുമില്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി ചോദിച്ചുകൊണ്ടിരിക്കുകയാണ് പിന്നീട് ചെയ്ത്. കഫീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് കാരണമായി പറയുന്ന അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ പ്രസംഗം ഹാജരാക്കിയാല്‍ തന്നെ കേസില്‍ വാദം തുടങ്ങാമെന്നിരിക്കേ അത് ചെയ്യാതെ യോഗി സര്‍ക്കാറിെൻറ ആവശ്യപ്രകാരം സുപ്രീംകോടതി വിധി ധിക്കരിച്ച് നടപടികള്‍ നീട്ടിക്കൊണ്ടുപോയി കാലതാമസം വരുത്തുന്നതിനുള്ള നീക്കത്തിന് അലഹബാദ് ഹൈകോടതിയും കൂടെ നിന്നു. രേഖകള്‍ നല്‍കാതെയും ഫയല്‍ പൂര്‍ത്തിയാക്കാതെയും കേസ് എടുപ്പിക്കാതെ കഫീലിനെ ദേശ സുരക്ഷനിയമം (എന്‍.എസ്.എ) ചുമത്തി കേസും വിചാരണയുമില്ലാതെ അന്യായ തടങ്കലില്‍ ഒരു വര്‍ഷമെങ്കിലും പാര്‍പ്പിക്കുകയായിരുന്നു യോഗി സര്‍ക്കാറിെൻറ തന്ത്രം. ഇതിനായി ആദ്യം മൂന്നു മാസത്തേക്ക് എന്‍.എസ്.എ ചുമത്തിയ യോഗി സര്‍ക്കാര്‍ കോടതിയില്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ രണ്ടുതവണയായി ആദ്യം ആറു മാസത്തേക്കും പിന്നീട് ഒമ്പതുമാസത്തേക്കും അന്യായ തടങ്കല്‍ ദീര്‍ഘിപ്പിച്ചു.
ഡോ. കഫീല്ഖാെൻറ കേസ് ഓരോ തവണ അലഹബാദ് ഹൈകോടതിയിലത്തെുമ്പോഴും കേള്‍ക്കാന്‍ തയാറാകാതെ ജഡ്ജിമാര്‍ പിന്മാറിക്കൊണ്ടിരുന്നു. സാധാരണഗതിയില്‍ വക്കീല്‍ എന്ന നിലയിലോ മറ്റേതെങ്കിലും തരത്തിലോ കേസിലെ ഏതെങ്കിലും ഒരു കക്ഷിയുടെ കാര്യത്തില്‍ 'താല്പര്യങ്ങളുടെ ഏറ്റുമുട്ടല്‍' ഉണ്ടാകുമ്പോഴാണ് കേസുകളില്‍നിന്ന് ജഡ്ജിമാര്‍ പിന്മാറാറുള്ളത്. എന്നാല്‍, കഫീലിെൻറ കേസില്‍ ആ തരത്തില്‍ ബന്ധവുമില്ലാതിരുന്ന ജഡ്ജിമാര്‍ ഓരോരുത്തരായി ഓരോ തവണ കേസ് വാദിക്കുമ്പോഴും പിന്മാറിക്കൊണ്ടിരുന്നു. കേസ് പരിഗണിക്കുന്ന ദിവസം വരെ കാത്തിരുന്നു തുറന്ന കോടതിയില്‍ കേസ് എടുക്കുമ്പോഴാണ് തങ്ങള്‍ പിന്മാറുകയാണെന്ന് ഓരോ ജഡ്ജിമാരും പറയാറുണ്ടായിരുന്നത്. ഇതുമൂലം ആ ഒരു കാരണത്താല്‍ കേസ് വീണ്ടും പരിഗണിക്കുന്നത് ആഴ്ചകള്‍ വൈകിക്കൊണ്ടിരുന്നു.
ഇത്തരമൊരു ഘട്ടത്തിലാണ് അലഹബാദ് ഹൈകോടതിയുടെ ഈ സമീപനത്തിനെതിരെ വീണ്ടും ഞങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. സുപ്രീംകോടതി വിധി നടക്കാന്‍ അലഹബാദ് ഹൈകോടതി തയാറായിട്ടില്ലെന്നും അതിനാല്‍ സുപ്രീംകോടതി ഇടപെട്ട് വാദം കേള്‍ക്കാന്‍ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഹുസൈഫ് അഹ്മദി മുഖേന നല്കിയ ഹരജിയില്‍ 15 ദിവസത്തിനകം കേസ് തീര്‍പ്പാക്കി വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തവണ സുപ്രീംകോടതി നിര്‍ദേശം അക്ഷരം പ്രതി നടപ്പാക്കിയാണ് വീണ്ടും കേസ് അലഹബാദ് ഹൈകോടതിയിലെത്തി 14 ദിവസം പൂര്ത്തിയാകുന്നതിെൻറ തലേന്ന് അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഈ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.