ബിൽക്കീസിന്റെ ഇച്ഛാശക്തിയുടെ വിജയം
text_fieldsബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചതിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയ മഹുവ മൊയ്ത്രക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ ഇന്ത്യയുടെ മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ ഇന്ദിര ജയ്സിങ് എഴുതുന്നു
അസാധാരണമായ പരിഹാരങ്ങൾ കണ്ടെത്തേണ്ട അസാധാരണമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആകയാൽ, ബിൽക്കീസ് ബാനു കേസിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം മുൻ തീരുമാനം അസാധുവായി പ്രഖ്യാപിച്ചുകൊണ്ട് അസാധാരണമായ ഒരു വിധി പുറപ്പെടുവിച്ചു. വർഗീയ കലാപത്തിന്റെ കാലത്ത് ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർക്ക് ശിക്ഷ ഇളവ് നൽകാനായി ഗുജറാത്ത് ഭരണകൂടം തങ്ങൾക്ക് അവകാശമില്ലാത്ത അധികാരം ‘പിടിച്ചുപറിച്ചെടുത്തു’വെന്ന് കോടതി പ്രസ്താവിച്ചു.
ഈ പ്രതികളെല്ലാം ജീവപര്യന്തത്തിന്, അതായത് സ്വാഭാവിക ജീവിതകാലം മുഴുവൻ തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. എന്നിരുന്നാലും, നല്ല പെരുമാറ്റമോ മറ്റെന്തെങ്കിലും നല്ല കാരണങ്ങളോ ഉണ്ടെങ്കിൽ 14 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇളവ് അനുവദിക്കാൻ വിചാരണ നടത്തിയ സംസ്ഥാനത്തെ സർക്കാറിന് അധികാരമുണ്ട്. ഈ കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിൽ ആയിരുന്നതിനാൽ, അത്തരമൊരു ഇളവ് നൽകണമെങ്കിൽ, അതിനുള്ള അധികാരം മഹാരാഷ്ട്ര സർക്കാറിന് മാത്രമായിരുന്നു.
ഗുജറാത്താണ് അതിന് ഉചിതമെന്ന കാഴ്ചപ്പാട് കൈക്കൊണ്ട സുപ്രീംകോടതിയിലെതന്നെ രണ്ട് ജഡ്ജിമാരുടെ മുൻ തീരുമാനമാണ് കേസിൽ വിധി പറയുന്നതിൽ തടസ്സം നിന്നത്. വിചാരണ നടന്ന സംസ്ഥാനത്തിന് മാത്രമേ ഇളവ് അനുവദിക്കാൻ കഴിയൂ എന്ന് സുപ്രീംകോടതിയുടെ ഒരു വിശാല ബെഞ്ച് അഭിപ്രായപ്പെട്ടതിനാൽ ഈ വിധി വ്യക്തമായും ഒരു പിഴവായിരുന്നു. ഹരജിക്കാരുടെ ഭാഗത്തുനിന്ന് വഞ്ചന ഉണ്ടായതിനാൽ വിധി റദ്ദാക്കുന്നതായി കോടതി പ്രഖ്യാപിച്ചത് അതിനാലാണ്. മുൻ ഹരജിയിൽ ബിൽക്കീസ് ബാനുവിനെ കക്ഷി ചേർത്തിരുന്നില്ല.
വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ്, തീരുമാനമെടുക്കാൻ ഉചിതം മഹാരാഷ്ട്ര സംസ്ഥാന സർക്കാറാണെന്ന് ഗുജറാത്ത് ഹൈകോടതി ബെഞ്ച് വിധിച്ചിരുന്നു എന്ന വസ്തുത ഹരജിക്കാർ കോടതിയിൽനിന്ന് മറച്ചുപിടിച്ചു. ഇളവിനായി മഹാരാഷ്ട്ര സർക്കാറിന് അപേക്ഷ നൽകിയിരുന്നുവെന്നും, അവർ ചെയ്തത് മാനവരാശിക്കെതിരായ കുറ്റകൃത്യമാകയാൽ, ഇളവ് അപേക്ഷ നിരസിക്കാൻ വിചാരണ കോടതി ശിപാർശ ചെയ്തിരുന്നുവെന്ന വസ്തുതയും ഹരജിക്കാർ മറച്ചുവെച്ചു.
അഭിപ്രായമാരാഞ്ഞപ്പോൾ കുറ്റം അന്വേഷിച്ച ഏജൻസിയായ സി.ബി.ഐയും ഇളവനുവദിക്കരുത് എന്നാണ് ശിപാർശ ചെയ്തത്.
കൂട്ടബലാത്സംഗം മാനവികതക്കെതിരായ കുറ്റകൃത്യമാണ്. 2002ൽ ഗുജറാത്തിലെ മുസ്ലിം സമുദായത്തെ ഉന്നമിട്ട് വ്യാപക അതിക്രമങ്ങൾ നടന്ന വേളയിൽ ഒരു കുടുംബത്തിന് നേരെയാണ് ഈ കുറ്റകൃത്യം നടന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചട്ടപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഒരു ഇളവുമില്ലാതെ 30 വർഷത്തെ തടവുശിക്ഷയാണ് വിധിക്കുന്നത്.
വാദങ്ങളുടെ ഒടുവിൽ, സ്വാതന്ത്ര്യം വിലപ്പെട്ടതായതിനാൽ ജയിലിലേക്ക് തിരിച്ചയക്കരുതെന്ന കുറ്റവാളികളുടെ അപേക്ഷ കോടതി പരിശോധിച്ച ജഡ്ജിമാർ നിയമത്തിന്റെ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ലഭിക്കുമ്പോഴാണ് സ്വാതന്ത്ര്യം വിലപ്പെട്ടതാവുകയെന്ന് പ്രതികരിച്ചു. ഇക്കാലത്ത് പലപ്പോഴും സംഭവിക്കുന്നതുപോലെ, നിയമാനുസൃതമായ നടപടിക്രമങ്ങളില്ലാതെ നിഷേധിക്കപ്പെടുമ്പോഴും അത് വിലപ്പെട്ടതാണെന്ന് ഞാൻ കൂട്ടിച്ചേർക്കട്ടെ.
ആർട്ടിക്കിൾ 142 പ്രകാരം കോടതി അതിന്റെ അസാധാരണമായ അധികാരം വിനിയോഗിക്കണമെന്ന ഹരജിയിൽ, നീതി നടപ്പാക്കാനുള്ള അധികാരമാണ് നീതിയെന്നും നീതിയാണ് നിയമവാഴ്ചയെന്നും ആകയാൽ, കുറ്റവാളികളെ ജയിലിന് പുറത്ത് തുടരാൻ അനുവദിക്കുന്ന പ്രശ്നമില്ലെന്നും കോടതി പറഞ്ഞു. നീതി പുലരണമെങ്കിൽ പഴയ സ്ഥിതി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
കോടതിയുടെ സമീപകാല വിധികളിൽ നിയമത്തിന്റെ പ്രഖ്യാപനം ഹരജിക്കാർക്ക് അനുകൂലമാണെങ്കിലും അന്തിമ വിധി അങ്ങനെയല്ലാതാവുന്ന പ്രവണത നാം കാണുന്നുണ്ട്. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലെ ഒരു എം.എൽ.എയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കേസിലും അനുച്ഛേദം 370 കേസിലും ഇത് സംഭവിച്ചു. ആ കേസുകളുടെ മെറിറ്റ് ഇവിടെ ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് കോടതി സ്വന്തം തീരുമാനങ്ങളെ മാനിക്കണമെന്ന് ഊന്നിപ്പറയുകയാണ്. സുപ്രീംകോടതി തീരുമാനത്തിന്റെ ഫലത്തെക്കുറിച്ച് വിധി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിന് അതിന്റേതായ സമയവും സ്ഥലവുമുണ്ട്.
എന്നിരുന്നാലും സുപ്രീംകോടതിയുടെ ജുഡീഷ്യൽ റിവ്യൂ അധികാരം കൈവിട്ടുപോകുന്നതാണ് സമീപകാലത്ത് നാം കാണുന്നത്. അതിനു വിപരീതമായി, ജസ്റ്റിസുമാരായ ബി.വി. നാഗരത്നയുടെയും ഉജ്ജ്വൽ ഭുയ്യാന്റെയും ഈ വിധി, സുപ്രീംകോടതിയുടെ നഷ്ടപ്പെട്ട അധികാരത്തിന്റെ പുനഃസ്ഥാപനമാണ്. നീതിബോധമുള്ള എല്ലാ പൗരജനങ്ങളും കോടതിയുടെ ഈ തിരിച്ചുവരവിനെ വരവേൽക്കണം.
നാം ജീവിക്കുന്നത് അസാധാരണ കാലത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് ഞാനീ കുറിപ്പ് തുടങ്ങിയത്. തീരുമാനങ്ങൾ എടുക്കുന്നവർ അധികാരം ‘തട്ടിപ്പറിക്കുന്ന’ സമയമാണിത്. നമ്മെ സംബന്ധിച്ചിടത്തോളം ഇത് അർഥമാക്കുന്നതെന്താണ്? നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടുന്നതിന്റെ മറവിൽ നമ്മെ ഭരിക്കുന്നവർ ഭരണഘടന വിരുദ്ധമായി അധികാരം പ്രയോഗിക്കുന്നു എന്നാണ് ഇതിനർഥം.
നീതിക്കുവേണ്ടി പൊരുതിയ ബിൽക്കീസ് ബാനുവിന്റെ ഇച്ഛാശക്തിയുടെ വിജയമാണിത് എന്നു പറയാം, ഒപ്പം അവർക്ക് പിന്തുണയേകാനും നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കാനും അക്ഷീണം യത്നിച്ച വനിത മുന്നേറ്റത്തിന്റെ സംഘടിത സംഭാവനയുമാണിത്.
(നന്ദി: ഇന്ത്യൻ എക്സ്പ്രസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.