യുദ്ധക്കൊതിയൻ ഡിപ്ലോമാറ്റ്
text_fieldsകഴിഞ്ഞ ദിവസം, നൂറാം വയസ്സിൽ അന്തരിച്ച അമേരിക്കയുടെ മുൻ വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിൻജർ ആ രാജ്യത്തിന്റെ ചരിത്രത്തിലെ സമർഥനായ ഡിപ്ലോമാറ്റാണെന്നതിൽ സംശയമില്ല. എന്നാൽ അതിനേക്കാളുപരി ലോകംകണ്ട യുദ്ധക്കൊതിയനായ രാഷ്ട്ര തന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. പ്രമുഖ അമേരിക്കൻ സെലിബ്രിറ്റി ഷെഫും ഗ്രന്ഥകാരനും ഡോക്യുമെന്ററി സംവിധായകനുമായ ആന്റണി ബൊർഡൈൻ കിസിൻജറെ കൃത്യമായി വിലയിരുത്തിയിട്ടുണ്ട് .2018ൽ ബൊർഡൈന്റെ മരണശേഷം പുറത്തിറങ്ങിയ A Cook's Tour: In Search of the Prefect Meal എന്ന പുസ്തകം കിസിൻജറുടെ നിർദേശാനുസരണം കംബോഡിയയിൽ അമേരിക്ക കാട്ടിക്കൂട്ടിയ ഭീകരപ്രവർത്തനങ്ങൾ വിശദീകരിക്കുന്നു.
‘ഹെൻറി കംബോഡിയയിൽ ചെയ്തുകൂട്ടിയതിന് സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ എന്തുകൊ6ണ്ടാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയിലെ പ്രതിക്കൂട്ടിൽ മിലോസെവിച്ചിനൊപ്പം (സെർബിയയുടെ മുൻ പ്രസിഡന്റ്) അയാളെ കാണാത്തതെന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കു’മെന്ന് പുസ്തകത്തിൽ ബൊർഡൈൻ ചോദിക്കുന്നു. 1959 മുതൽ 1975വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധത്തിൽ കമ്യൂണിസ്റ്റ് ചേരിയിലുള്ള ഉത്തര വിയറ്റ്നാമിനെതിരെ ദക്ഷിണ വിയറ്റ്നാമിനെ പിന്തുണച്ച അമേരിക്ക, 1973ലെ പാരിസ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ യുദ്ധത്തിൽനിന്ന് പിന്മാറുന്നതിനുമുമ്പ് ഭീകരമായ മനുഷ്യവേട്ടയും പൂർത്തിയാക്കി. വിയറ്റ്നാമിലെ മയ്ലായിയിൽ അമേരിക്ക രഹസ്യമാക്കിവെച്ച കൂട്ടക്കൊലകളുടെ വാർത്തകൾ യു.എസ് പത്രപ്രവർത്തകൻ സെയ്മൂർ ഹെർഷാണ് പുറത്തുകൊണ്ടുവന്നത്.
യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ 1969ൽ കംബോഡിയയിലും ലാവോസിലും ക്ലസ്റ്റർ ബോംബിങ്ങിന് ഉത്തരവിട്ടത് കിസിൻജറായിരുന്നു. നാലുവർഷം അമേരിക്ക അവിടെ വർഷിച്ചത് 5,40,000 ബോംബുകൾ. നാലു ലക്ഷത്തോളം സിവിലിയന്മാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. അർജന്റീന, ചിലി ഉൾപ്പെടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് വിരുദ്ധ സ്വേച്ഛാധിപതികൾക്ക് നൽകിയ പിന്തുണക്കുപിന്നിലും ഇദ്ദേഹത്തിന്റെ നിലപാടുകൾ മുഖ്യ പങ്കുവഹിച്ചു. ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനെ പിന്തുണച്ചും ഇന്ദിര ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും വിവാദം സൃഷ്ടിച്ചു.
അമേരിക്കയുടെ അമ്പത്താറാമത് വിദേശകാര്യ സെക്രട്ടറിയായി 1973 സെപ്റ്റംബർ 23 മുതൽ 1977 ജനുവരി 20വരെയാണ് കിസിൻജർ പ്രവർത്തിച്ചത്. പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ രണ്ടാം കാലയളവിലായിരുന്നു നിയമനം. നിക്സൻ ആദ്യവട്ടം പ്രസിഡന്റായ 1969 ജനുവരി മുതൽ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ചുമതല വഹിച്ചിരുന്ന കിസിൻജർ രണ്ടു പദവിയും വഹിച്ച ആദ്യ അമേരിക്കക്കാരനാണ്. 1975ൽ പ്രസിഡന്റ് ജെറാർഡ് ഫോർഡ് ഇരട്ടപ്പദവി മാറ്റി അദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയായി നിലനിർത്തി. സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുദ്ധക്കൊതിയന്മാർക്ക് നൽകി പരിഹാസ്യരാകുന്ന സ്വീഡിഷ് കമ്മിറ്റി ഇത്തരത്തിൽ ആദ്യമായി ആദരിച്ചവരിലൊരാളാണ് കിസിൻജർ. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കുന്നതിന് നൽകിയ ‘സേവനങ്ങളുടെ’ പേരിലായിരുന്നു 1973ൽ പുരസ്കാരം നൽകിയത്.
ആയിരക്കണക്കിന് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വംകൊടുത്ത ഇസ്രായേലി മുൻ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന ഷിമോൺ പെരസിന് സമ്മാനം നൽകിയത് ‘സമാധാന ദൂതി’നായിരുന്നല്ലോ! ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നനിലയിൽ 1969 മുതൽ അമേരിക്കൻ വിദേശകാര്യ നയങ്ങളിൽ വ്യക്തമായ നിയന്ത്രണമുണ്ടായിരുന്നു കിസിൻജർക്ക്. വിദേശകാര്യ സെക്രട്ടറി പദവിയിൽ എത്തിയതോടെ അത് പാരമ്യത്തിലെത്തി.
എഴുപതുകളിൽ ചൈനയുമായി അമേരിക്കയുടെ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കിസിൻജറുടെ രഹസ്യ നയതന്ത്ര ഇടപെടലുകൾ സഹായിച്ചിട്ടുണ്ടെന്നത് ശരിയാണ്. സോവിയറ്റ് യൂനിയനുമായി ഉണ്ടാക്കിയ ആയുധ നിയന്ത്രണ ഉടമ്പടി (സോൾട്ട് 1) കിസിൻജർ ഡിപ്ലോമസിയുടെ മറ്റൊരു നേട്ടമായിരുന്നു. അതുപോലെ 1973ലെ അറബ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിലും 79ലെ ഈജിപ്ത്-ഇസ്രായേൽ ക്യാമ്പ് ഡേവിഡ് കരാർ യാഥാർഥ്യമാക്കുന്നതിലും പങ്കുണ്ട്. വിദേശകാര്യങ്ങളിൽ വാഷിങ്ടണിന് സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും താൽപര്യങ്ങൾ മാത്രമാണുള്ളതെന്നും തുറന്നു പറഞ്ഞതും അദ്ദേഹമായിരുന്നു.
ഇസ്രായേൽ അധിനിവേശത്തെ പിന്തുണച്ചതിന്റെ പേരിൽ 1973ൽ അറബ് രാജ്യങ്ങൾ അമേരിക്കക്ക് എതിരെ ഏർപ്പെടുത്തിയ എണ്ണ ഉപരോധം പിൻവലിക്കുന്നതിന് സമ്മർദം ചെലുത്താൻ ആ വർഷം ഡിസംബർ 15ന് അന്നത്തെ സൗദി അറേബ്യൻ ഭരണാധികാരി ഫൈസൽ രാജാവിനെ കിസിൻജർ സന്ദർശിക്കുകയുണ്ടായി.1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ ഇസ്രായേൽ തിരിച്ചുനൽകുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്ന ഉറച്ച നിലപാടായിരുന്നു രാജാവിന്. ഒന്നര മണിക്കൂർ നേരം രാജാവുമായി ചർച്ച നടത്തിയിട്ടും കിസിൻജറുടെ നയതന്ത്രം വിജയിച്ചില്ല.
അമേരിക്കയുടെ അധിനിവേശ ഭീകരപ്രവർത്തനങ്ങളിൽ യു.എസ് വിദേശകാര്യ സെക്രട്ടറിമാരുടെ പങ്ക് പരിശോധിച്ചാൽ അതിലേറ്റവും മുന്നിൽനിൽക്കുന്നയാളാണ് കിസിൻജർ. 1991ലെ ഗൾഫ് യുദ്ധാനന്തരം ഇറാഖിനുമേൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തെ തുടർന്ന് അഞ്ചു ലക്ഷത്തോളം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത് ഹിരോഷിമയെ കവച്ചുവെക്കുന്ന കൂട്ടക്കുരുതിയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ പരിഹാസത്തോടെ നേരിട്ട മെഡലൈൻ ഓൾൈബ്രറ്റ് മുതൽ ഇല്ലാത്ത രാസായുധത്തിന്റെ പേരിൽ യു.എൻ രക്ഷാസമിതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഇറാഖ് അധിനിവേശത്തിന് ‘അനുമതി’ വാങ്ങിയ കോളിൻ പവലും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യാ യുദ്ധങ്ങളെ ന്യായീകരിച്ച പോംപിയോയും ആന്റണി ബ്ലിങ്കനും വരെയുള്ളവർ അദ്ദേഹത്തിന്റെ പിൻഗാമികളായത് സ്വാഭാവികം. ഇറാഖിലും അഫ്ഗാനിസ്താനിലും ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊലചെയ്യാൻ നേതൃത്വംനൽകിയ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡിനെയും ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല.
നാസി ജർമനിയിൽനിന്നുള്ള അഭയാർഥിയായിരുന്ന കിസിൻജർക്ക് ഹോളോകോസ്റ്റിൽ 13 കുടുംബാംഗങ്ങളെയും നിരവധി സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിരുന്നു. പിറന്ന മണ്ണായ ജർമനിയിൽ അമേരിക്കൻ സൈനികനായാണ് അദ്ദേഹം തിരിച്ചെത്തുന്നത്. ഹാനോവറിനു സമീപം അഹ്ലം കോൺസൻേട്രഷൻ ക്യാമ്പിന്റെ മോചനത്തിൽ പങ്കെടുത്ത കിസിൻജർ ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കോവിഡ് കാലത്തെയും അതിജീവിച്ച് പിതാവ് നൂറാം ജന്മദിനം ആഘോഷിച്ച വിവരം മകൻ ഡേവിഡ് കിസിൻജർ മേയ് 27ന് പങ്കുവെക്കുകയുണ്ടായി. 2020നു ശേഷം രണ്ടു പുസ്തകങ്ങൾ അദ്ദേഹം പൂർത്തിയാക്കിയെന്നും മൂന്നാമത്തേതിന്റെ പണിപ്പുരയിലാണെന്നും വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഡേവിഡ് പറഞ്ഞിരുന്നു. ന്യൂയോർക് മുതൽ ലണ്ടൻവരെ സ്വന്തം ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു പിന്നീടങ്ങോട്ട് കിസിൻജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.