സമാധാനത്തിന്‍റെ പോരാളി
text_fieldsനന്ദിയുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഒക്ടോബർ മാസത്തിലെ രണ്ടാംനാൾ ഒരു വിശേഷാവസരമാണ്. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ അധ്യാപനങ്ങളെ അനുസ്മരിക്കാനും വീണ്ടെടുക്കാനുമുള്ള സുദിനം. ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിലേക്കുള്ള മഹാത്മഗാന്ധിയുടെ വരവുതന്നെ ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് അദ്ദേഹത്തിലേക്കും പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിലേക്കും ആവേശപൂർവം ആകർഷിച്ചത്. ഗാന്ധിയുടെ വ്യക്തിത്വവും ചിന്താധാരയും സ്വന്തം രാജ്യത്തെ ദശലക്ഷങ്ങളെ കടന്ന് ലോകമൊട്ടുക്കുള്ള എണ്ണമറ്റ ജനങ്ങളുടെ ഭാവനയെ അതിശയകരമാംവിധം സ്വാധീനിച്ചു.
മനുഷ്യൻ സൃഷ്ടിക്കുന്ന വിദ്വേഷവും അതിക്രമങ്ങളും നാശംവിതച്ച ലോകത്ത് സമാധാനത്തിെൻറ പോരാളിയായി മഹാത്മഗാന്ധി ഉറച്ചുനിന്നു. കാലുഷ്യങ്ങളെ അക്രമരഹിത മാർഗങ്ങളിലൂടെ പരിഹരിക്കുക വഴി ഇന്നും അദ്ദേഹം മനുഷ്യരാശിയെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ദുർബലനെന്ന് തോന്നിപ്പിക്കുന്ന ഗാന്ധിജിയെപ്പോലൊരു നേതാവ് മുന്നോട്ടുവെച്ച അഹിംസാത്മക സിദ്ധാന്തം ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരായ ശക്തമായ ചെറുത്തുനിൽപിനുള്ള പ്രധാന ആയുധമായി എന്നതു മാത്രമല്ല, അദ്ദേഹത്തിെൻറ പ്രവർത്തന രീതിശാസ്ത്രം ഇന്നും പ്രസക്തമായി തുടരുന്നു എന്നതാണ് പലർക്കും അവിശ്വസനീയമായി തോന്നുന്നത്.
രണ്ട് രാഷ്ട്രങ്ങൾ തമ്മിലോ, അന്താരാഷ്ട്ര തലത്തിലോ ഉള്ള ഒരു വിഷയം പരിഹരിക്കുന്നതിന് ഇപ്പോഴും ലോകനേതാക്കൾ മുന്നോട്ടുവെക്കുന്ന ആദ്യ പദപ്രയോഗം തന്നെ അക്രമരഹിതമായ, സമാധാനപരമായ എന്നതാണ്. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ വഴിയൊരുക്കിയതിൽ ഇന്ത്യയും ലോകവും മഹാത്മ ഗാന്ധി എന്ന സമാധാനദൂതനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഗാന്ധിജി വിഭാവനം ചെയ്ത സമാധാനം വ്യതിരിക്തമായിരുന്നു- അദ്ദേഹത്തിെൻറ വാക്കുകൾ തന്നെ നോക്കുക: ഞാൻ സമാധാനത്തിനായി നിലകൊള്ളുന്നവനാണ്, എന്നാൽ എന്തുവിലകൊടുത്തും സമാധാനം നേടേണ്ടതില്ല, ശ്മശാനത്തിൽ നിങ്ങൾ കണ്ടെത്തുന്ന സമാധാനം എനിക്കാവശ്യമില്ല. ഇതിൽനിന്ന് ഒരു കാര്യം സുവ്യക്തം-സമാധാന ഉടമ്പടി എന്ന പേരിൽ എന്തു വിട്ടുവീഴ്ചയും അംഗീകരിക്കുകയായിരുന്നില്ല ഗാന്ധിയൻ സിദ്ധാന്തം.
പോരാട്ടമില്ലാത്ത അവസ്ഥ എന്നായിരുന്നില്ല സമാധാനത്തെക്കുറിച്ചുള്ള ഗാന്ധിയൻ നിർവചനം. 1915ൽ നാട്ടിൽ തിരിച്ചെത്തിയശേഷം അയിത്തത്തിനും മറ്റ് സാമൂഹിക അനാചാരങ്ങൾക്കുമെതിരെ പോരാട്ടം ആരംഭിച്ച ഗാന്ധി പിന്നീടത് രാഷ്ട്രീയത്തിലേക്ക് വ്യാപിപ്പിച്ചു. സ്നേഹം, സമാധാനം, ഹിന്ദുമുസ്ലിം സൗഹാർദം എന്നിവ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ രാഷ്ട്രീയ പോരാട്ട സന്ദേശം. സമാധാനം എന്നത് മാനവരാശിക്ക് കൂടുതൽ ക്ഷേമം ഉറപ്പാക്കാനുള്ള മാർഗംകൂടിയായിരുന്നു ഗാന്ധിജിക്ക്. ഈശ്വർ അല്ലാഹ് തേരാ നാം എന്നു മുഴങ്ങുന്ന അദ്ദേഹത്തിെൻറ പ്രിയപ്പെട്ട രാം ധുൻ ഹിന്ദു-മുസ്ലിം മൈത്രി ഉയർത്തിപ്പിടിക്കുന്ന ഈണമാണിന്നും.
സത്യത്തിെൻറ അഗ്രഗാമിയായിരുന്നു അദ്ദേഹം. ഒരുവേള 'സത്യസന്ധമായിരിക്കുക എന്നത് സമാധാനപൂർണമായിരിക്കുക എന്നതിലേറെ പ്രാധാന്യമുള്ളതാണ്' എന്നുകൂടിപ്പറഞ്ഞു ഗാന്ധി. 1931 ഡിസംബർ ലക്കം യങ് ഇന്ത്യയിൽ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ വായിക്കാം: അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്ത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് നാം പാടുമെങ്കിലും ഇന്ന് മഹത്ത്വമോ ഭൂമിയിൽ സമാധാനമോ ഇല്ലാത്ത അവസ്ഥയാണ്'. ഇതെഴുതി 17 വർഷങ്ങൾക്കുശേഷം 1948 ജനുവരിയിൽ ഗാന്ധിജി കൊലയാളിയുടെ വെടിയുണ്ടയേറ്റ് മരിച്ചുവീണു. സാർവലൗകിക സമാധാനത്തിനും അക്രമരാഹിത്യത്തിനുംവേണ്ടി നിലകൊണ്ട ഒരു മഹാത്മാവ് വിദ്വേഷത്തിെൻറ അക്രമത്തിെൻറയും ഇരയായി മരിച്ചുവീണു എന്നതുതന്നെ എത്ര വലിയ ദുരന്തമാണ്.
ലോകമിന്ന് സംഘർഷങ്ങളുടെ പരമ്പരകൾക്കാണ് സാക്ഷ്യംവഹിക്കുന്നത്. ഗാന്ധിജി എഴുതിയ വാക്കുകൾ പതിറ്റാണ്ടുകൾക്കിപ്പുറവും പ്രസക്തമാണെന്നു വരുന്നു. ഗാന്ധിജി പകർന്ന സ്വരാജ്യസ്നേഹത്തിെൻറയും സമാധാനത്തിെൻറയും തത്ത്വങ്ങൾ ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കാനുതകുന്ന മാർഗങ്ങൾ കൂടിയാണെന്നു കാണാം. നല്ല ലക്ഷ്യങ്ങൾ മോശം മാർഗങ്ങളെ സാധൂകരിക്കുന്നില്ല എന്നതാണ് ഗാന്ധിജിയുടെ അധ്യാപനത്തിെൻറ യഥാർഥ സാക്ഷ്യം. ലോകം ഊന്നൽനൽകേണ്ടത് മനുഷ്യെൻറ അന്തസ്സും സ്വാഭാവിക നീതിയും ഉയർത്തിപ്പിടിക്കുന്നതിനാണ്.'സമാധാന പ്രതിസന്ധി'യൊഴികെ മറ്റൊന്നും ശാശ്വതമല്ലാത്ത വർത്തമാനകാല ലോകത്ത് സമാധാനത്തിനും പരസ്പര സഹിഷ്ണുതക്കുംവേണ്ടി നമ്മെ പുനരർപ്പിക്കൽ തന്നെയാണ് ഗാന്ധിജിക്ക് നൽകാവുന്ന ഏറ്റവും മഹിതമായ ശ്രദ്ധാഞ്ജലി .
(മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.