വിധി ആശ്വാസകരം, അംഗീകരിക്കാവുന്നത്
text_fieldsആധാറിനെതിരെ തുടക്കം മുതൽ നിയമപോരാട്ടത്തിനിറങ്ങിയ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം
ആധാറിനെതിരായ നിയമപോരാട്ടത്തിന് തുടക്കമിട്ടവരിൽ ഒരാളെന്ന നിലയിൽ സുപ്രീംകോടതിയുടെ ഇന്നത്തെ ഭൂരിപക്ഷ വിധിയിൽ എന്തു തോന്നുന്നു?
നിരവധി മുതിർന്ന അഭിഭാഷകർ നിയമപോരാട്ടം നേടിയെടുത്ത വിധിയാണ് ആധാറിലേത്. ഭൂരിപക്ഷ വിധിയും ന്യൂനപക്ഷ വിധിയുമാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്. രണ്ട് ഭൂരിപക്ഷ വിധികളെന്ന് പറയേണ്ടിവരും. ഒന്ന് ജസ്റ്റിസ് എ.കെ. സിക്രി എഴുതിയതും മറ്റൊന്ന് ജസ്റ്റിസ് അശോക് ഭൂഷൺ എഴുതിയതും. ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയത് മാത്രമാണ് വേറിട്ടുനിൽക്കുന്നത്്. ഭൂരിപക്ഷ വിധി പരിേശാധിച്ചാൽ ആധാറിന് അംഗീകാരം നൽകുകയാണ് അവർ ചെയ്തിരിക്കുന്നത്. ആധാർ ഭരണഘടനപരമായി ശരിയാണെന്ന് അവർ വ്യക്തമാക്കിയിരിക്കുന്നു. സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ആധാർ നിർബന്ധമാണെന്നുമാണ് വിധി. എന്നാൽ, അതോടൊപ്പംതന്നെ വളരെ പ്രധാനപ്പെട്ട സുരക്ഷ മാനദണ്ഡങ്ങൾ ആധാറിന് ഏർപ്പെടുത്തിയിരിക്കുന്നു. ആധാറിലെ ആധികാരികമായ വിവരങ്ങൾ ആറു മാസത്തിലധികം ഒരാൾ കൈവശംവെക്കാൻ പാടില്ല. ആധാറിലെ സ്ഥിതിവിവരങ്ങൾ കുഴിച്ചെടുക്കാനോ അവ അപഗ്രഥനം ചെയ്യാനോ പാടില്ല. ഇതൊക്കെ പ്രസക്തമാണ്.
രക്ഷിതാക്കൾ സമ്മതിച്ച് കുട്ടിയുടെ ആധാർ എടുത്താൽ ആ കുട്ടി വലുതാകുേമ്പാൾ വേണമെങ്കിൽ ഉപേക്ഷിക്കാം എന്ന ഒരു പരാമർശം വിധിയിലുണ്ടെന്ന് തോന്നുന്നു?
ശരിയാണ്. രക്ഷിതാക്കൾ ആധാർ കാർഡ് എടുത്ത ഒരു കുട്ടി മുതിർന്നാൽ പിന്നെ അതിൽനിന്ന് പുറത്തുപോരാനുള്ള അവസരം നൽകണമെന്ന് ജസ്റ്റിസ് സിക്രി എഴുതിയ ഭൂരിപക്ഷ വിധിയിലുണ്ട്. ഇനി സ്േകാളർഷിപ്പിനും സബ്സിഡിക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി ആധാർ എടുത്ത മുതിർന്ന ഒരാൾ തന്നെ സ്വയം പര്യാപ്തനെന്ന് തോന്നുന്ന ഘട്ടത്തിൽ അത് േവണ്ടെന്നു വെക്കാനുള്ള അവകാശവുമുണ്ടല്ലോ. അതേക്കുറിച്ച് വിധി പറയുന്നതെന്താണെന്നു കൂടി പരിേശാധിക്കേണ്ടതുണ്ട്.
ബാങ്ക് അക്കൗണ്ടിന് ആധാർ വേണ്ട എന്ന് പറയുന്ന ജസ്റ്റിസ് സിക്രി എഴുതിയ ഭൂരിപക്ഷ വിധി ആദായ നികുതിക്കും പാൻ കാർഡിനും അത് നിർബന്ധമാക്കിയത് വിരോധാഭാസമല്ലേ?
ആധാർ െഎച്ഛികവും സ്വന്തം താൽപര്യപ്രകാരം എടുക്കാവുന്നതുമാണെങ്കിൽ പിന്നെ ഒരു ആനുകൂല്യവും ആവശ്യമില്ലാത്ത ഒരാൾക്ക് പാൻ കാർഡ് എടുക്കാൻ അത് നിർബന്ധമാണെന്ന് പറയാൻ പറ്റില്ലല്ലോ. ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്ന ഒരാൾക്ക് ആധാർ നിർബന്ധമാക്കുന്ന സുപ്രീംകോടതി വിധിയുടെ യുക്തി മനസ്സിലാകുന്നില്ല. ശരിക്കും ആശങ്കയും ഭയവും ഉളവാക്കുന്ന ഒരു നീക്കമാണിത്. ഒരു മേഖല പുനഃപരിേശാധിക്കേണ്ടതുണ്ടോ എന്ന് വിധി പൂർണമായും പഠിച്ച ശേഷമേ പറയാനാകൂ.
ലക്ഷക്കണക്കിന് പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർന്ന കാര്യം വളരെ പരസ്യമായതാണ്. അക്കാര്യം താങ്കൾ അടക്കമുള്ളവർ സുപ്രീംകോടതിയിൽ സമർപ്പിച്ചതുമാണ്. എന്നിട്ടും അക്കാര്യം ഭൂരിപക്ഷ വിധിയിൽ സ്വീകരിക്കപ്പെടാതിരുന്നത് വസ്തുതാപരമായ പിഴവല്ലേ?
ആധാർ വിവരങ്ങൾ േചാർന്ന കാര്യം ഭൂരിഭാഗം ജഡ്ജിമാർ പരിഗണിക്കാതിരുന്നതിെൻറ കാരണം മനസ്സിലായിട്ടില്ല. സ്വകാര്യ വിവരങ്ങൾ ചോർന്നതിെൻറ നിരവധി ഉദാഹരണങ്ങൾ ഞങ്ങൾ സമർപ്പിച്ചതാണ്. അതുകൊണ്ടാണ് ആധാറിെൻറ സുരക്ഷക്ക് പുതിയ ചില വ്യവസ്ഥകൾ ഭൂരിപക്ഷ വിധി വെച്ചതെന്നാണ് കരുതുന്നത്.
ആധാറിൽ ഒരു ഭേദഗതി പോലും കൊണ്ടുവരാൻ സർക്കാർ തയാറായിരുന്നില്ല. എന്നാൽ, ഇപ്പോൾ സുപ്രീംേകാടതി നിരവധി ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നു. അത് അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നു. ഇതേക്കുറിച്ച് എന്തു പറയുന്നു?
ആധാർ നിയമം പൂർണമായും സാധുവാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, സുപ്രീംകോടതി ആധാർ നിയമത്തിലെ ചില ഭാഗങ്ങൾ സാധുവും മറ്റു ചില ഭാഗങ്ങൾ അസാധുവുമാണെന്നാണ് വിധിച്ചിരിക്കുന്നത്. നിയമത്തിലെ ഭൂരിഭാഗവും സുപ്രീംകോടതി അംഗീകരിച്ചുവെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. ആധാറിലെ വ്യവസ്ഥകളെയൊന്നാകെ ആരും സുപ്രീംകോടതിയിൽ ചോദ്യംചെയ്തിരുന്നില്ല. ആധാർ പണ ബിൽ അല്ല എന്ന വാദം സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി അംഗീകരിച്ചിരുന്നുവെങ്കിൽ ആധാർ പൂർണമായും പോകുമായിരുന്നു.
അതൊഴിച്ചുനിർത്തിയാൽ ആധാർ നിയമത്തിലെ എല്ലാ വകുപ്പുകളേയും ആരും ചോദ്യംചെയ്തിട്ടില്ല. സബ്സിഡിയും സേവനവും ആനുകൂല്യവും അനുവദിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയായി ആധാറിനെ നിശ്ചയിക്കുന്ന നിയമത്തിലെ ഏഴാം വകുപ്പ് ജസ്റ്റിസ് ചന്ദ്രചൂഡ് റദ്ദാക്കിയപ്പോൾ ഭൂരിഭാഗം ജഡ്ജിമാരും ശരിവെച്ചു. ഏതൊരു ഭരണഘടനപരമായ തർക്കത്തിലും കോടതി ഒരിക്കലും എല്ലാ വകുപ്പുകളും വ്യവസ്ഥകളും റദ്ദാക്കിക്കൊള്ളണമെന്നില്ല.
സുപ്രീംകോടതി വിധി ആശ്വാസകരമാണെന്നു തന്നെ താങ്കൾ കരുതുന്നുണ്ടോ?
ഏതു നിലക്കും ഇത് ആശ്വാസകരമായ വിധി തെന്നയാണ്. 70 കോടി ഫോൺ ഉപയോക്താക്കൾക്ക് ഇനി ആധാർ ആവശ്യമില്ല. 100 കോടി ബാങ്ക് അക്കൗണ്ടിനും ഇനി ആധാർ വേണ്ട.
കൃത്യമായ വാദമുഖങ്ങൾ നിരത്തിയിട്ടും ആധാർ ബിൽ പണബിൽ അല്ല എന്ന് അംഗീകരിക്കാൻ ഭൂരിപക്ഷ വിധി തയാറായില്ലല്ലോ. അതേസമയം, ജസ്റ്റിസ് ചന്ദ്രചൂഡ് ഇൗ നിയമനിർമാണം ഭരണഘടനക്ക് മേലുള്ള തട്ടിപ്പാണെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. ഒരേ ബെഞ്ചിലെ വിവിധ ജഡ്ജിമാർതന്നെ ഇൗ വിഷയത്തിൽ വിരുദ്ധ ധ്രുവങ്ങളിലല്ലേ?
ആധാർ പണബിൽ അല്ല എന്നായിരുന്നു ഞാൻ വാദിച്ചിരുന്നത്. എന്നാൽ, ഭൂരിഭാഗം പേരും ആധാർപണബിൽ ആണെന്ന നിലപാട് അംഗീകരിച്ചു. ഞങ്ങളുടെ നിലപാടിന് വിരുദ്ധമായ നിലപാടിനെ ഭൂരിപക്ഷം ജഡ്ജിമാർ ശരിവെച്ചു. ഇത് പണബിൽ അല്ല എന്നതിന് ജസ്റ്റിസ് ചന്ദ്രചൂഡ് തുറന്ന കോടതിയിൽതന്നെ തെൻറ ന്യായങ്ങളും നിരത്തി. ഏതായാലും ഇൗ വിഷയത്തിൽ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയെ മാനിക്കുകയല്ലാതെ നമുക്കു മുന്നിൽ മറ്റു മാർഗമില്ല.
ആധാർ പണ ബിൽ ആക്കി അവതരിപ്പിച്ചതിനെതിരായ ജയറാം രമേശിെൻറ നിയമയുദ്ധത്തിനും ഇതോടെ അറുതിയായില്ലേ?
ആ നിയമയുദ്ധവും ഇൗ വിധിയോടെ അടഞ്ഞ അധ്യായമായി. കാരണം, ആധാർ പണബിൽ ആണെന്ന് പ്രഖ്യാപിക്കുകയാണല്ലോ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി ചെയ്തത്.
ഇതിൽ ഒരു പുനഃപരിേശാധന ഹരജിക്കുള്ള സാധ്യത താങ്കൾ കാണുന്നുണ്ടോ?
ഒരു പുനഃപരിേശാധന ഹരജിക്ക് സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. വിധിക്ക് പിന്നിലുള്ള കാരണം അവർ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെങ്കിൽ, അതിന് കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സമർഥിച്ചിട്ടുണ്ടെങ്കിൽ പുനഃപരിേശാധന ഹരജിയുമായി ചെന്നാലും അവർ മനസ്സ് മാറ്റും എന്ന് എനിക്ക് തോന്നുന്നില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കാനിരിക്കേയാണ് സുപ്രധാനമായ ആധാർ കേസിലെ വിധി. ചീഫ് ജസ്റ്റിസ് മാറുമെന്നതിനാൽ അത്തരമൊരു പ്രതീക്ഷക്ക് പഴുതുണ്ടോ?
ചീഫ് ജസ്റ്റിസ് മാറിയാലും മറ്റ് ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ബെഞ്ചിന് മുമ്പാകെയാണല്ലോ പുനഃപരിശോധന ഹരജി വരുക. അങ്ങനെ വന്നാലും ഭൂരിപക്ഷ വിധി മാറുമെന്ന് ഞാൻ കരുതുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.