സമാധാന ദൂതൻ
text_fields
സഹാറയുടെ ചൂടേറ്റുകഴിയുന്നുവെങ്കിലും പല സന്ദർഭങ്ങളിലും ലോകത്തെ ഇളംകാറ്റുകൊണ്ട് തഴുകിയ ചരിത്രമാണ് ഇത്യോപ്യയുടേത്. ആ വാക്കിെൻറ അർഥംതന്നെ ‘ഹൃദയങ്ങൾ കീഴടക്കിയവർ’ എന്നാണല്ലോ. ചില ഗ്രീക്ക് പണ്ഡിതന്മാർ ‘ഇത്യോപ്യ’ക്ക് അർഥം കൽപിച്ചിരിക്കുന്നത് ‘പൊള്ളലേറ്റ മുഖം’ എന്നാണ്. രണ്ടും ചേരും ഈ പൂർവാഫ്രിക്കൻ ദേശത്തിന്. ഒരു വർഷമായി അവിടെനിന്ന് ഇളംകാറ്റിെൻറ മർമരങ്ങളാണ് അനുഭവവേദ്യമാകുന്നത്. 2018 മാർച്ച് അവസാനവാരത്തിൽ ആഡിസ് അബബയിൽ തുടങ്ങിയ വസന്തമാണത്. അന്ന് നാഷനൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ ശരിക്കും ഇത്യോപ്യൻ ജനതയുടെ പരിച്ഛേദംതന്നെയായിരുന്നു. ആഭ്യന്തര സംഘർഷത്തിെൻറയും അതിർത്തി യുദ്ധത്തിെൻറയും കെട്ടനാളുകളിൽനിന്ന് തങ്ങളെ മോചിപ്പിക്കാനെത്തുന്ന രക്ഷകനാരെന്നറിയാനാണ് അവരവിടെ എത്തിയിരിക്കുന്നത്. രാജ്യം ഭരിക്കുന്ന മുന്നണിയുടെ തലവൻ ആ പേര് പ്രഖ്യാപിച്ചു; ആബി അഹ്മദ് അലി. മിനിറ്റുകൾ നീണ്ട കരഘോഷങ്ങൾക്കൊടുവിൽ ആബി പ്രസംഗപീഠത്തിലെത്തി. അദ്ദേഹം ഉച്ചരിച്ചത് രണ്ടേരണ്ടു വാക്കുകളാണ് -സ്വാതന്ത്ര്യവും സമാധാനവും. ആ വാക്കുപാലിക്കാൻ അദ്ദേഹത്തിന് ആറുമാസംപോലും വേണ്ടിവന്നില്ല. അധികാരമേറ്റ് നൂറാംനാൾതന്നെ, രണ്ട് പതിറ്റാണ്ടായി തുടരുന്ന അതിർത്തിയിലെ യുദ്ധം അദ്ദേഹം അവസാനിപ്പിച്ചു. ആദ്യം സ്വേച്ഛാധിപതികളായ രാജാക്കന്മാരും പിന്നെ കമ്യൂണിസ്റ്റ് ഏകാധിപതികളും അടച്ചുപൂട്ടിയ സ്വാതന്ത്ര്യത്തിെൻറ വാതിലുകൾ മലർക്കെ തുറന്നിട്ട്, അവരോട് തുറന്നുസംസാരിക്കാൻ ആഹ്വാനം ചെയ്തു. ആ ജനതയുടെ ശബ്ദം ആഫ്രിക്കൻ ഭൂഖണ്ഡത്തിനും പുറത്തുകടന്നപ്പോൾ നമ്മുടെ രാജ്യത്തിനടക്കം പിൻപറ്റാവുന്ന മാതൃകയായി
ആബിയുടെ നയതന്ത്രങ്ങൾ. ആ സമാധാന നയതന്ത്രത്തിനാണ് ഇത്തവണത്തെ സമാധാന നൊബേൽ. ഈ അംഗീകാരം ലോകത്തിെൻറ ഹൃദയം കീഴടക്കിയ ഇത്യോപ്യക്കും ആഫ്രിക്കക്കുമാണെന്നാണ് ആബിയുടെ കമൻറ്.
ആബി എന്ന പേരിൽതന്നെ അദ്ദേഹത്തിെൻറ ജീവിതവും രാഷ്ട്രീയവും കൊത്തിവെച്ചിട്ടുണ്ട്. അബിയോ എന്നായിരുന്നു അദ്ദേഹത്തിെൻറ പേര്. അറിയാമോ, ആ വാക്കിനർഥം ‘വിപ്ലവം’ എന്നാണ്! അദ്ദേഹം ജനിക്കുന്നതിന് രണ്ടുവർഷം മുമ്പാണ് ഇത്യോപ്യയിൽ അമാൻ ആൻഡമിെൻറ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് സായുധർ അധികാരം പിടിച്ചെടുത്ത് വിപ്ലവം (ദെർഗ് വിപ്ലവം) നടപ്പാക്കിയത്. ഫ്യൂഡലിസത്തിെൻറയും രാജഭരണത്തിെൻറയും കറുത്തനാളുകളിൽനിന്ന് ദേശീയതയിലേക്കും ഭൂപരിഷ്കരണത്തിലേക്കുമൊക്കെ ചുവടുപിടിച്ചു നടത്തിയ ദെർഗ് വിപ്ലവകാരികളോട് അന്നാട്ടുകാർക്ക് തീരാത്ത കടപ്പാടായിരുന്നു. അക്കാലങ്ങളിൽ അവർക്ക് ജനിച്ച കുട്ടികളുടെ പേരിലെവിടെയെങ്കിലും വിപ്ലവം കടന്നുവരും. അങ്ങനെയാണ് അഹ്മദ് അലിയുടെ 13ാമത്തെ മകന് അബിയോ എന്ന പേരു വന്നത്. അത് പിന്നീട് ആബി ആയിമാറി.
പക്ഷേ, തനിക്കൊരു പേര് ‘സമ്മാനിച്ച’ കമ്യൂണിസ്റ്റുകാരോട് കൗമാരക്കാരനായ ആബി നന്ദികേട് കാണിച്ചു. 80കളുടെ അവസാനത്തോടെതന്നെ ആ ഭരണം ഏകാധിപത്യത്തിെൻറ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയപ്പോൾ ഗവൺമെൻറിനെതിരായ പോരാട്ടത്തിൽ ആബിയും പങ്കുചേർന്നു. 200 അംഗ സായുധസേനയിൽ അംഗമായിരുന്നു ആബിയും സഹോദരനും. സഹോദരൻ ഒരേറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആ സംഘമാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ഓർമോ ഡെമോക്രാറ്റിക് പാർട്ടിയായി മാറിയത്. വേറെയും സായുധ സംഘങ്ങൾ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ അണിനിരന്നിരുന്നു. ഓരോ ഗോത്രവിഭാഗവും പ്രത്യേകമായി സംഘടിച്ചു എന്നു പറയുന്നതാകും ശരി. ആബി ഓർമോ വിഭാഗത്തിെൻറ പ്രതിനിധിയായ പോലെ, ടൈഗ്രായൻസും മറ്റും അവരുടെ പാർട്ടിയും സൈന്യവും രൂപവത്കരിച്ചു. ഈ സഖ്യ സൈന്യമാണ് 90കളുടെ തുടക്കത്തിൽതന്നെ ദെർഗ് ഭരണം അവസാനിപ്പിച്ച് ജനാധിപത്യക്രമത്തിലേക്ക് ഇത്യോപ്യയെ നയിച്ചത്. അന്ന് സഖ്യസേനയുടെ തലപ്പത്തേക്ക് പല കാരണങ്ങളാൽ ഉയർന്നുവരാൻ ആബിക്ക് സാധിച്ചു. ടൈഗ്രായൻസ് ഉൾപ്പെടെയുള്ളവരുടെ ഭാഷ സ്വായത്തമാക്കി മുഴുവൻ ഗോത്രത്തിെൻറയും വക്താവാകാൻ അദ്ദേഹത്തിന് സാധിച്ചതാണ് അതിലൊന്ന്.
ജനാധിപത്യത്തിലേക്ക് രാജ്യം പിച്ചവെച്ചപ്പോൾതന്നെ പ്രശ്നങ്ങളായിരുന്നു. അയൽരാജ്യമായ എറിത്രീയയുമായുള്ള അതിർത്തി സംഘർഷംതന്നെയായിരുന്നു അതിലെ ഏറ്റവും വലിയ തലവേദന. 20 കൊല്ലമാണ് അതു നീണ്ടത്. മുക്കാൽ ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാക്കിയ സംഘർഷം. സംഘർഷത്തിെൻറ ആദ്യ വർഷങ്ങളിൽ ആബി സൈന്യത്തിലെ ഇൻറലിജൻസ് വിഭാഗത്തിലായിരുന്നു. ഇക്കാലത്താണ് റുവാണ്ടയിൽ വംശഹത്യ നടക്കുന്നത്. അന്ന് റുവാണ്ടയിൽ രംഗം ശാന്തമാക്കാൻ യു.എൻ സമീപിച്ചത് ആബിയെയാണ്. 98ൽ, എറിത്രീയൻ സൈന്യം കൂടുതൽ ആക്രമണോത്സുകമായപ്പോൾ സ്വന്തം രാജ്യത്ത് തിരിച്ചെത്തി സൈന്യത്തോടൊപ്പം അതിർത്തിയിലേക്ക് തിരിച്ചു. ഈ കാലത്തുതന്നെ, ഓർമോ ഡെമോക്രാറ്റിക് പാർട്ടിയിലും സജീവമായിരുന്നു അദ്ദേഹം. പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തുന്നത് 2010ൽ മാത്രം. ആ വർഷംതന്നെ പാർലമെൻറിലെത്തി. 2015ൽ ആദ്യമായി മന്ത്രിയായി.
ശാസ്ത്ര-സാങ്കേതിക വിദ്യ വകുപ്പിെൻറ ചുമതലയായിരുന്നു. ഇതിനിടെ, രാജ്യത്തെ ക്രിസ്ത്യൻ-മുസ്ലിം സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള സമാധാന നീക്കങ്ങളും നടത്തി. ‘റിലീജ്യസ് ഫോറം ഫോർ പീസ്’ എന്നൊരു സമിതിതന്നെ ഇതിനായി രൂപം നൽകി. ഇങ്ങനെ രാഷ്ട്രീയ, മത, സൈനിക മേഖലകളിൽ ആബി തിളങ്ങിനിൽക്കുേമ്പാഴാണ് പ്രധാനമന്ത്രി ഹെയ്ലെമറിയം ദെസാലെൻറ രാജി പ്രഖ്യാപനം. ആ ഭരണം കുറച്ചുനാളുകളായി ആളുകൾക്ക് മടുത്തിരുന്നു. രാജ്യം പഴയ അഴിമതിയുടെയും അക്രമത്തിെൻറയും പാതയിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുന്നു. ഇനി ഇത്യോപ്യയെ ആര് രക്ഷിക്കുമെന്നറിയാനാണ് ജനം ആഡിസ് അബബയിലെ നാഷനൽ സ്റ്റേഡിയത്തിലേക്ക് പോയത്. അവിടെനിന്നുള്ള മറുപടിയിൽ അവർ സംതൃപ്തരായി. തർക്കപ്രദേശങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് എറിത്രീയയുമായുള്ള പ്രശ്നം അവസാനിപ്പിച്ചു; രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട രാഷ്ട്രീയ പ്രതിയോഗികളെയെല്ലാം മോചിപ്പിച്ച് ചർച്ചക്ക് ക്ഷണിച്ചു; പുതിയ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. പല പരീക്ഷണങ്ങളും പൂർണ വിജയത്തിലെത്തിയില്ലെങ്കിലും പ്രതീക്ഷയുടെ കിരണങ്ങൾ നിലനിർത്താൻ ആബിക്ക് സാധിച്ചുവെന്ന് വിമർശകർപോലും പറയുന്നു.
1976 ആഗസ്റ്റ് 15ന് ബെഷാഷയിലാണ് ജനനം. അഹ്മദ് അലിയാണ് പിതാവ്. ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന സേറ്റയാണ് മാതാവ്. സൈന്യത്തിൽ ജോലി ചെയ്യുന്ന കാലത്താണ് ആദ്യ ബിരുദം നേടിയത്; കമ്പ്യൂട്ടർ സയൻസിൽ. പിന്നെ എം.എയും എം.ബി.എയും കരസ്ഥമാക്കി. രണ്ടുവർഷം മുമ്പാണ് ആഡിസ് അബബ സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദം പൂർത്തിയാക്കിയത്. രാജ്യത്തെ വംശീയ സംഘർഷങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന അന്വേഷണമാണ് ഈ പിഎച്ച്.ഡിയിലൂടെ അദ്ദേഹം നടത്തിയത്. മുമ്പ് സൈന്യത്തിൽ സഹപ്രവർത്തകയായിരുന്ന സിനാഷ് തയാഷ്യൂവാണ് ഭാര്യ. മൂന്ന് പെൺമക്കളും ഒരു ദത്തുപുത്രനുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.