ഹിന്ദുത്വവും മുത്തലാഖും ഒരുമിച്ചുവന്നാല്‍
text_fieldsഹിന്ദു പിന്തുടര്‍ച്ചാവകാശ കേസില്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ എ.കെ. ഗോയലും അനില്‍ ആര്‍. ദവെയും 2015 ഒക്ടോബര്‍ 16ന് വിധി പുറപ്പെടുവിക്കുമ്പോള്‍ ആ കേസുമായി ഒരു ബന്ധവുമില്ലാത്ത ‘മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹം’ പരിശോധിക്കാന്‍ പുതുതായി ഒരു കേസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുമെന്ന് ആരും നിരൂപിച്ചിരുന്നില്ല. ആ വിധിയാണ് ഇന്നിപ്പോള്‍ രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലിം വ്യക്തിനിയമ വിവാദത്തിന് തുടക്കമിട്ട കേസായി മാറിയത്. ഹിന്ദു പിന്തുടര്‍ച്ചാവകാശകേസില്‍ മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യദാഹം പരിശോധിക്കണമെന്നത് കേവലം നിരീക്ഷണത്തിലൊതുക്കുന്നതിനു പകരം ബന്ധപ്പെട്ട കക്ഷികളുടെ വാദമുഖങ്ങള്‍ കേള്‍ക്കാതെ ഇരു ജഡ്ജിമാരുമടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അതിനായൊരു കേസും രജിസ്റ്റര്‍ ചെയ്തു.
2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം അത് നിലവില്‍വരുന്നതിനു മുമ്പുള്ള സ്വത്തുതര്‍ക്കത്തില്‍ ബാധകമാക്കാമോ എന്ന ചോദ്യമായിരുന്നു ജസ്റ്റിസുമാരായ ഗോയലിന്‍െറയും ദവെയുടെയും മുന്നില്‍ വന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ക്ക് അനന്തരാവകാശം നിഷേധിക്കുന്ന 1956ലെ ഹിന്ദു അനന്തരാവകാശ നിയമത്തില്‍ 2005 സെപ്റ്റംബര്‍ ഒമ്പതിന് ഭേദഗതി കൊണ്ടുവന്നത് പെണ്‍മക്കള്‍ക്ക് തുല്യാവകാശം നല്‍കുന്നതിനാണെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. അതിനാല്‍, നിയമഭേദഗതി കൊണ്ടുവന്നത് 2005ലാണെങ്കിലും അതിനു മുമ്പും ശേഷവും ജനിച്ചവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ എല്ലാ പെണ്‍മക്കള്‍ക്കും തുല്യ അവകാശത്തിന് അര്‍ഹതയുണ്ടെന്ന് ബെഞ്ച് വിധിച്ചു.
എന്നാല്‍, ഹിന്ദു പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട രണ്ട് അപ്പീലുകളിലെ വിധി സാധാരണഗതിയില്‍ ഇവിടംകൊണ്ട് അവസാനിക്കേണ്ടതായിരുന്നുവെന്ന് വ്യക്തമാക്കിയ ശേഷം പുതുതായി ഒരു വിഷയംകൂടി തങ്ങള്‍ക്കു പരിഗണിക്കാനുണ്ടെന്നു പറഞ്ഞ് ഇരുവരും മുസ്ലിം വ്യക്തിനിയമത്തിലും പിടിച്ചു. പരിഗണിച്ച അപ്പീലുകളുമായി ബന്ധമില്ളെങ്കിലും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ചില അഭിഭാഷകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുസ്ലിം സ്ത്രീകളുടെ ലിംഗവിവേചനം പ്രധാനവിഷയമായതിനാല്‍ തങ്ങള്‍ സ്വമേധയാ ഒരു പൊതുതാല്‍പര്യ ഹരജിയാക്കി രജിസ്റ്റര്‍ ചെയ്യുകയാണെന്നും പറഞ്ഞ് ഇതിനു മാത്രമായി വിധിപ്പകര്‍പ്പില്‍ ഒരു ‘രണ്ടാം ഭാഗം’ ജസ്റ്റിസുമാരായ ദവെയും ഗോയലും പ്രത്യേകം കൂട്ടിച്ചേര്‍ത്തു. ‘മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യ ദാഹം’ എന്ന പേരില്‍ ‘ദി ട്രിബ്യൂണ്‍’ പത്രത്തില്‍ 2015 സെപ്റ്റംബര്‍ 24ന് പ്രസിദ്ധീകരിച്ച വന്ദന ശുക്ളയുടെ ലേഖനവും സഫിയ സോമന്‍ നേതൃത്വം നല്‍കുന്ന ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍െറ (ബി.എം.എം.എ) ശരീഅത്ത് അദാലതുകളെക്കുറിച്ച് ‘സണ്‍ഡേ എക്സ്പ്രസ് മാഗസിന്‍’ 2015 ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിച്ച ദീപ്തി നാഗ്പാല്‍ ഡിസൂസയുടെ ഫീച്ചറും തങ്ങളുടെ വിധിക്കാധാരമായ വിഷയം ഉയര്‍ത്തിക്കാണിച്ചുവെന്ന് പറഞ്ഞ് വിധിയില്‍ പരാമര്‍ശിച്ചു. ആദ്യലേഖനത്തിന്‍െറ തലക്കെട്ടാണ് ഈ കേസിനും സുപ്രീംകോടതി നല്‍കിയത്. മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനം ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങള്‍ ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി പരിഗണിക്കണോ എന്ന് ഈ വിധിയിലൂടെ മോദി സര്‍ക്കാറിനോട് അഭിപ്രായം തേടി. പൊതുധാര്‍മികതക്ക് ഹാനികരമായ ബഹുഭാര്യത്വത്തെ ഭരണകൂടം ‘സതി’ പോലെ മറികടക്കണമെന്ന 2003ലെ സുപ്രീംകോടതി വിധി തങ്ങളുടെ വാദത്തിന് ഉപോദ്ബലകമായി ബെഞ്ച് ഉദ്ധരിച്ചു. ഭരണഘടനയുടെ 21ാം അനുച്ഛേദം അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്തുന്നുണ്ടെന്നും ആദ്യ വിവാഹം നിലനില്‍ക്കെ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്യുന്നത് സ്ത്രീയുടെ അന്തസ്സിനെയും സുരക്ഷിതത്വത്തെയുമാണ് ബാധിക്കുന്നതെന്നും വിധി ചൂണ്ടിക്കാട്ടി. വാദവും പ്രതിവാദവും ഒന്നും നടത്താതെ കേന്ദ്ര സര്‍ക്കാറിനെയും ദേശീയ നിയമ സേവന അതോറിറ്റിയെയും കക്ഷികളാക്കി നോട്ടീസ് അയക്കാനും കേസ് രജിസ്റ്റര്‍ ചെയ്ത അതേ വിധിയില്‍തന്നെ ഉത്തരവിട്ടു.
ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി അഭിപ്രായം തേടിയതിന്‍െറ പിറകെയിറക്കിയ ഈ വിധി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിട്ടും ഏതെങ്കിലും മുസ്ലിം വ്യക്തികളോ, മുസ്ലിം വ്യക്തി നിയമ ബോര്‍ഡോ, മുസ്ലിം സംഘടനകളോ അന്ന് ചോദ്യംചെയ്തില്ളെന്നതാണ് ഏറെ കൗതുകകരം. തങ്ങളുടെ മുന്നില്‍ ഒരു കക്ഷിയും ഉന്നയിക്കാത്ത വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഈ രണ്ട് ജഡ്ജിമാരുടെ വിധി സാങ്കേതികമായി ചോദ്യംചെയ്യാന്‍ കഴിയുമായിരുന്നുവെങ്കിലും ആരുമതിന് മുതിര്‍ന്നില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമായ ആ വിധിയിലെ വിവാദ ഭാഗം ഒഴിവാക്കിക്കിട്ടാന്‍ ഒരു പുനഃപരിശോധനാ ഹരജിയുമായോ തിരുത്തല്‍ ഹരജിയുമായോ സുപ്രീംകോടതിയെ ആരും സമീപിച്ചില്ല.
കഴിഞ്ഞ ഒക്ടോബറില്‍ സ്വമേധയാ എടുത്ത ഈ കേസിലെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയില്‍, വിവാഹമോചിതരായ മുസ്ലിം സ്ത്രീകള്‍ ഹരജിയുമായി വരുന്നുണ്ടെന്ന് ബംഗളൂരുവിലെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ചിരുന്നു. അതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആ ഹരജിക്കായി സുപ്രീംകോടതിയില്‍ കാത്തുനില്‍ക്കുകയും ചെയ്തു. കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയ അഭിഭാഷകന്‍ ഒന്നിലധികം സ്ത്രീകളുള്ളതിനാല്‍ ഹരജി പൂര്‍ത്തിയായിട്ടില്ളെന്നും പിന്നീട് നല്‍കുമെന്നുമുള്ള വിവരമാണ് നല്‍കിയത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിം സ്ത്രീകളെ കൂട്ടി വിപുലമായ ഹരജിയായി ഉടന്‍ ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകന്‍ പറഞ്ഞെങ്കിലും പിന്നീടൊരിക്കലും അങ്ങനെ ഒരു കൂട്ടഹരജി വന്നില്ല.
ഇതെല്ലാം കഴിഞ്ഞാണ് ഈ വര്‍ഷം ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ കാശിപൂര്‍ ജില്ലയില്‍നിന്നുള്ള ശായറ ബാനു എന്ന 35കാരിയുടെ മുത്തലാഖിനെതിരെയുള്ള ഹരജി സുപ്രീംകോടതി അഭിഭാഷകന്‍ ബാലാജി ശ്രീനിവാസന്‍ ഫയല്‍ ചെയ്യുന്നത്. ബാലാജിയുടെ വാക്കുകളില്‍ മുത്തലാഖിലൂടെ ഭരണഘടന അനുവദിച്ച അവകാശം നിഷേധിക്കപ്പെട്ട ഒരു മുസ്ലിം സ്ത്രീ സ്വന്തം അനുഭവവുമായി ആദ്യമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ശാബാനു കേസിന് 31 വര്‍ഷം പൂര്‍ത്തിയാകുമ്പോഴായിരുന്നു ഇത്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ശായറയുടെ ഭര്‍ത്താവ് ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്നുള്ള രിസ്വാന്‍ റിയല്‍എസ്റ്റേറ്റ് ഡീലറായിരുന്നു. നിരവധി ശാരീരിക മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അവര്‍ ഭര്‍ത്താവിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയമായി. ഒടുവില്‍ മുത്തലാഖിലൂടെ ഭര്‍ത്താവ് വിവാഹമോചനവും നടത്തി. ചുരുങ്ങിയത് 90 നാള്‍കൊണ്ട് പൂര്‍ത്തിയാക്കേണ്ട തലാഖ് മൂന്നും ഒരുമിച്ചു ചൊല്ലി വിവാഹമോചനം നേടുന്നതും, ഇങ്ങനെ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ ഭര്‍ത്താവുമൊത്ത് വീണ്ടും ജീവിക്കണമെങ്കില്‍ അതിനിടയില്‍ മറ്റൊരു വിവാഹം കഴിക്കേണ്ടി വരുന്നതുമാണ് അവര്‍ ചോദ്യം ചെയ്തത്. നിര്‍ബന്ധിത വിവാഹമോചനം, ഒരു ഭാര്യ നിലവിലിരിക്കെ ഭര്‍ത്താവിന്‍െറ രണ്ടാം വിവാഹം എന്നിവയില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം പരിശോധിക്കാന്‍ സ്വമേധയാ എടുത്ത കേസില്‍ പറഞ്ഞതായിരുന്നല്ളോ. അതിനാല്‍, തങ്ങള്‍ സ്വമേധയാ എടുത്ത കേസിലേക്ക് ശായറാ ബാനുവിന്‍െറ ഹരജികൂടി സുപ്രീംകോടതി ചേര്‍ത്തുവെച്ചു. അതോടെയാണ് മുസ്ലിം സ്ത്രീയുടെ ലിംഗവിവേചന ചര്‍ച്ച മുത്തലാഖിലേക്ക് കേന്ദ്രീകരിച്ചത്്.
സുപ്രീംകോടതി പരിശോധിക്കുന്നത് മുത്തലാഖിനപ്പുറമാണെന്നതാണ് വസ്തുത. മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വം ഭരണഘടനാവിരുദ്ധമാണോ? ഒരു മുസ്ലിം ഭര്‍ത്താവ് ഭാര്യയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ ഒരേയിരുപ്പില്‍ മൂന്ന് മൊഴി ചൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണോ? ഒരു മുസ്ലിം ഭര്‍ത്താവ് ഒന്നിലേറെ ഭാര്യമാരെ നിലനിര്‍ത്തുന്നത് ക്രൂരമായ പ്രവൃത്തിയാണോ? എന്നീ ചോദ്യങ്ങളാണ് സുപ്രീംകോടതി ഉയര്‍ത്തിയിരിക്കുന്നത്. അതിന് മറുപടിയായി മുത്തലാഖ് മാത്രമല്ല, ബഹുഭാര്യത്വവും, നികാഹ് ഹലാലയും നിയമവിരുദ്ധമാക്കണമെന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ സ്ത്രീക്കുള്ള അവസര സമത്വവും അന്തസ്സും നിഷേധിക്കാന്‍ മതം കാരണമാകാമോ എന്നതാണ് ഈ കോടതി ഉത്തരം കണ്ടെത്തേണ്ട അടിസ്ഥാനപരമായ ചോദ്യമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലൂടെ പുനഃപരിശോധനക്ക് വെച്ചിരിക്കുന്നത് മതവിശ്വാസികളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അവ ചോദ്യംചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. മതം അനുവദിച്ച ഒരു കാര്യത്തില്‍ വിലക്ക് കൊണ്ടുവരുന്നത് അനുവദിക്കാനാവില്ളെന്നും അതിനാല്‍, മുത്തലാഖ് രീതിക്ക് നിരോധം ഏര്‍പ്പെടുത്താനാവില്ളെന്നുമാണ് ബോര്‍ഡിന്‍െറ വാദം.
ഇതേ സമയത്തുതന്നെയാണ് സുപ്രീംകോടതി നിര്‍ദേശമെന്ന നിലയില്‍ ഏക സിവില്‍കോഡിലേക്കുള്ള ചുവടുവെപ്പും മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരമൊരു ചര്‍ച്ചക്ക് ആര്‍.എസ്.എസ് പശ്ചാത്തലത്തില്‍നിന്നു വന്നവര്‍ അംഗങ്ങളായുള്ള കേന്ദ്ര നിയമ കമീഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. മോദി സര്‍ക്കാറിന്‍െറ ഒരുമിച്ചുള്ള രണ്ടു നീക്കം മുസ്ലിം വ്യക്തിനിയമത്തില്‍ കോടതിയും പാര്‍ലമെന്‍റും ഇടപെടരുതെന്നും അത് അപകടകരമായ പ്രവണതയാണെന്നും കാലങ്ങളായി വാദിക്കുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനും ഭൂരിഭാഗം മുസ്ലിം സംഘടനകള്‍ക്കുമാണ് നല്ല ആയുധമായത്. ഏക സിവില്‍കോഡുപയോഗിച്ച് മോദി സര്‍ക്കാറിനെയും അവരുടെ ഹിന്ദുത്വ അജണ്ടയെയും കടന്നാക്രമിക്കാന്‍ ബോര്‍ഡിന് ഇതിലൂടെ കഴിഞ്ഞു. മുത്തലാഖ് നിരോധത്തിന് അനുകൂലമായി ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഹിന്ദുത്വ അജണ്ടയായ ഏക സിവില്‍കോഡ് എന്ന വലിയ ഉത്തരംകൊണ്ട് നേരിടുകയാണ് ബോര്‍ഡും ബോര്‍ഡിനെ പിന്തുണക്കുന്നവരും. ഹിന്ദുത്വ അജണ്ടയായി മുത്തലാഖ് വരുമ്പോള്‍ ഹിന്ദുത്വത്തെ എതിര്‍ക്കുന്നവര്‍ എവിടെ നില്‍ക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. മുത്തലാഖിനെയും ഏക സിവില്‍കോഡിനെയും കൂട്ടിക്കെട്ടരുതെന്നും രണ്ടും എതിര്‍ക്കപ്പെടേണ്ടതും അതില്‍ മുത്തലാഖ് നിരോധിക്കപ്പെടേണ്ടതുമാണ് എന്നാണ് പുരോഗമനവാദികളും സംഘടനാതീതമായി ചിന്തിക്കുന്നവരുമടങ്ങുന്ന എതിര്‍പക്ഷത്തിന്‍െറ മറുപടി. മുത്തലാഖ് നിരോധിക്കാന്‍ സര്‍ക്കാറിനെ അനുവദിക്കാത്ത മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് സമുദായത്തെ ആരാണ് പതിച്ചുകൊടുത്തതെന്ന് ഒരു വിഭാഗം വിളിച്ചുചോദിക്കുമ്പോള്‍ ജീവിതത്തില്‍ ഇസ്ലാം അനുഷ്ഠിക്കാത്തവര്‍ക്ക് മുസ്ലിം ആചാരങ്ങള്‍ തിരുത്താന്‍ എന്താണ് അവകാശമെന്ന് മറുചേരി തിരിച്ചുചോദിക്കുന്നു. ഏതായാലും കഴിഞ്ഞ രണ്ടര വര്‍ഷമായി മോദി സര്‍ക്കാറിനെതിരെ ഒന്നിച്ചുനിന്ന് പോരാടിയിരുന്ന മുസ്ലിം കൂട്ടായ്മകളെയും അവകാശ പോരാട്ടങ്ങള്‍ക്കായി അവരോടൊപ്പം നിന്ന പുരോഗമനവാദികളെയും ഇവ്വിധം രണ്ടു ചേരികളിലാക്കുന്നതിലെങ്കിലും ഹിന്ദുത്വ അജണ്ട വിജയം കണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.