വഴിമുടക്കാൻ നിങ്ങൾക്കെന്തവകാശം?
text_fieldsവീൽചെയർ ഉപയോഗിക്കുന്ന മലയാളിയായ ഒരു സുഹൃത്ത് ഏതാനും വർഷം മുമ്പ് ജോലി ആവശ്യാർഥം യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ താമസിച്ചിരുന്നു. ജോലി സ്ഥലത്തിനടുത്ത പള്ളിയിലേക്ക് ദിവസവും വീൽചെയറിലാണ് അദ്ദേഹം പോയിരുന്നത്.
പള്ളിക്കവാടത്തിനടുത്തെത്തുമ്പോൾ അകത്തേക്ക് കയറാൻ ആരെങ്കിലും ഒരുകൈ സഹായം നൽകും. ആ പള്ളിയിൽ പതിവായി എത്തിയിരുന്ന ഏക വീൽചെയർ ഉപയോക്താവായിരുന്ന അദ്ദേഹം. ഇക്കാര്യം ശ്രദ്ധയിൽപെട്ട ആഫ്രിക്കൻ സ്വദേശിയായ ഇമാം ഈ വിവരം ഉടൻ പള്ളിയുടെ പരിപാലകരെ അറിയിച്ചു. ദിവസങ്ങൾക്കകം മറ്റാരുടെയും സഹായമില്ലാതെ പള്ളിയുടെ അകത്തെ ഒന്നാം നിരയിലേക്ക് വീൽചെയർ കയറ്റാൻ കഴിയുന്ന വിധത്തിൽ റാമ്പ് സജ്ജമാക്കി. മുൻദിവസങ്ങളിൽ നേരിട്ട അസൗകര്യത്തിൽ ഇമാം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഗൾഫ് മാധ്യമം ഈ വാർത്ത അന്ന് വായനക്കാരിലെത്തിച്ചിരുന്നു.
ആ പഴയ വാർത്ത ഇപ്പോൾ ഓർമിപ്പിക്കാൻ കാരണം കേരളത്തിലെ ചില പള്ളികളിൽ വീൽചെയർ ഉപയോക്താക്കളായ വിശ്വാസികൾ റമദാനിലും എന്തിനേറെ പെരുന്നാൾ സുദിനമായ ഇന്നലെപ്പോലും നേരിടേണ്ടി വന്ന വൈഷമ്യം (വിവേചനം എന്നു തന്നെ പറയണമെന്ന് തോന്നുന്നു) ശ്രദ്ധയിൽപെടുത്താനാണ്. എട്ടു പത്തു വർഷമായി എല്ലാ വെള്ളിയാഴ്ചകളിലും പള്ളിയുടെ മുറ്റത്ത് ഒരു കുടയുടെ പോലും തണലില്ലാതെ നമസ്കരിക്കേണ്ടി വന്ന വീൽചെയർ ഉപയോക്താവായ ഒരു സുഹൃത്ത് എനിക്കുണ്ട്. ഇന്നലെയും പള്ളിയിൽ കറയാനാവാതെ മുറ്റത്ത് കൂട്ടിയിട്ട ചെരിപ്പുകൾക്കിടയിൽ വീൽചെയറിലിരുന്ന് നമസ്കരിച്ച സഹോദരങ്ങളുമുണ്ട്.
ആകാശത്തോളം ഉയരമുള്ള മിനാരങ്ങളുള്ള, ഈ പള്ളികളിൽ വീൽചെയറുകൾക്ക് സുഗമമായി പ്രവേശിക്കാൻ പാകത്തിനുള്ള റാമ്പ് നിർമിക്കാൻ മാത്രം അതിന്റെ നടത്തിപ്പുകാർ മറന്നുപോകുന്നു.
പണ്ടുകാലങ്ങളിൽ ചലനപരിമിതിയുള്ള മനുഷ്യർ വീട്ടിൽ നിന്ന് അധികമായി പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ കുറെയേറെ വർഷങ്ങളായി അതിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. കണ്ടില്ലെന്ന് നടിക്കാൻ സാധിക്കാത്ത വിധത്തിൽ പൊതുജീവിതത്തിന്റെ നാനാതുറകളിൽ അവർ ആത്മവിശ്വാസത്തോടെ സധൈര്യം ഇടപെടുന്നുണ്ട്. കാറുകളും സ്കൂട്ടറുകളും സ്വയം ഓടിച്ചും അല്ലെങ്കിൽ മറ്റാർക്കെങ്കിലുമൊപ്പവുമായി അവർ വ്യാപകമായി സഞ്ചരിക്കുന്നുണ്ട്.
അവരിൽ അധികംപേരും എത്താൻ ആഗ്രഹിക്കുന്ന പ്രധാന ഇടങ്ങളിലൊന്ന് ആരാധനാലയങ്ങളാണ്. അതുകൊണ്ടുതന്നെ മറ്റു പൊതുസ്ഥാപനങ്ങൾ പോലെ ആരാധനാലയങ്ങൾ താമസലേശമന്യേ വീൽചെയർ ഫ്രണ്ട്‍ലിയാക്കുകയാണ് വേണ്ടത്. ഓഫിസുകളും മാളുകളും പാർക്കുകളുമെല്ലാം അവ്വിധത്തിലാക്കണമെന്ന കാര്യം സർക്കാർ- സ്വകാര്യ അധികൃതരോട് ആവശ്യപ്പെടാനും ഒരുപരിധിവരെ സാധ്യമാക്കിയെടുക്കാനും കഴിയുമ്പോഴും ആരാധനാലയങ്ങളുടെ കാര്യത്തിൽ ഈ ആവശ്യം നടപ്പാക്കപ്പെടുന്നില്ല, അധികൃതരാരും അത് അന്വേഷിക്കുന്നുമില്ല.
കേരളത്തിലെ മസ്‍ജിദുകളിൽ അഞ്ച് ശതമാനം പോലും വീൽചെയർ സൗഹൃദമല്ല. സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെടുമ്പോൾ പൊടിയിലൂടെയും ചളിയിലൂടെയും ഉരുളുന്ന വീൽ ചെയറുകൾ പരിശുദ്ധി പാലിക്കേണ്ട പള്ളിയുടെ അകത്തളത്തിലേക്ക് കയറാൻ അനുവദിക്കുന്നതെങ്ങനെ എന്ന കർമശാസ്ത്ര നെറ്റിചുളിക്കലാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ദൈവികഗേഹങ്ങളിൽ ഏറ്റവും പരിശുദ്ധി കൽപിക്കപ്പെടുന്ന ഇരുഹറമുകളിലും ബൈത്തുൽ മുഖദ്ദിസിലും കേട്ടുകേൾവിയില്ലാത്ത ഒരുതരം അയിത്തമാണിത്.
ഈ സങ്കടം സഹിക്കാനാവാതെ 2016 ലെ ചെറിയപെരുന്നാൾ ദിനത്തിൽ പെരിന്തൽമണ്ണയിൽ ഒരു ഈദ്ഗാഹ് സംഘടിപ്പിക്കപ്പെടുകയുണ്ടായി. ചലന പരിമിതി നേരിടുന്ന വിശ്വാസികൾ വീൽചെയർ ഉപയോക്താവായ ഒരു ഇമാമിന് പിന്നിൽ നിന്ന് അന്ന് നമസ്കരിച്ചു. പുറമ്പോക്കിലും പെരുവഴിയിലുമല്ലാതെ ഒരുമിച്ചു ചേർന്ന് നമസ്കരിക്കാമെന്ന ആഹ്ലാദത്തിലും ആവേശത്തിലും ഏതേതു ദിക്കുകളിൽ നിന്നൊക്കെയാണ് അന്ന് ആ ഈദ്ഗാഹിൽ പങ്കെടുക്കാനെത്തിയത്.
വിഷയത്തിലേക്ക് വിശ്വാസി സമൂഹത്തിന്റെയും മതസംഘടന നേതൃത്വത്തിന്റെയും ശ്രദ്ധ ക്ഷണിക്കുക എന്നതിലുപരി അതൊരു സ്ഥിരം സംവിധാനമാക്കാൻ നമ്മൾ ആഗ്രഹിച്ചില്ല- എന്തു കൊണ്ടെന്നാൽ മറ്റേതൊരു വിശ്വാസിയേയും പോലെ അവരവരുടെ നാട്ടിലെ, അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന സ്ഥലത്തെ പള്ളിയിലും ഈദ്ഗാഹിലുമെല്ലാം അണിനിരന്ന് നമസ്കരിക്കാൻ ശാരീരിക വ്യതിയാനമുള്ള വ്യക്തികൾക്കും എല്ലാവിധ അവകാശമുണ്ട്.
പള്ളികളിലേക്കുള്ള ഞങ്ങളുടെ വഴികൊട്ടിയടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. നശ്വരമായ ഭൂമിയിൽ അതിപരിമിതമായ കാലത്തേക്ക് മാത്രമെ നിങ്ങൾക്ക് ഈ തടസ്സങ്ങൾ സൃഷ്ടിക്കാനാവൂ. സകല പള്ളികളുടെയും ഉടയവനായ പടച്ചതമ്പുരാന്റെ സന്നിധിയിലേക്ക് ഞങ്ങൾ സ്വപ്നവേഗച്ചിറകുകൾ വീശിയാണ് പറക്കുക.അന്ന് ഞങ്ങളുടെ ആവലാതികൾ അതിവേഗം തീർപ്പുകൽപ്പിക്കപ്പെടും. നിങ്ങൾക്ക് നേരെ ഒരുപാട് വിരലുകൾ ഉയരുകയും ചെയ്യും.
(ജീവകാരുണ്യ-പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ പാലിയേറ്റിവിന്റെ സംഘാടകനും 'കുഞ്ഞുവെളിച്ചങ്ങളുടെ ദ്വീപ്' എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.