ചോരപ്പാട്
text_fieldsഓരോ സമൂഹത്തിനും അവരർഹിക്കുന്ന ഭരണാധികാരികളെ കിട്ടുമെന്നാണല്ലോ. കുറ്റവാളികളുടെ കാര്യത്തിലും അങ്ങനെത്തന്നെയായിരിക്കുമെന്ന് നിരീക്ഷിച്ചത് സാക്ഷാൽ റോബർട്ട് കെന്നഡിയാണ്. ഇവിടെ ആരാണ് കുറ്റവാളി/ ക്രിമിനൽ? കെന്നഡിയുടെ നിരീക്ഷണത്തിന് നൂറ്റാണ്ട് മുന്നേത്തന്നെ ചെസ്റ്റർടണിനെപ്പോലെയുള്ള ചിന്തകർ അക്കാര്യം നിർവചിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ സർഗാത്മകരായ കലാകാരന്മാരത്രെ ക്രിമിനലുകൾ; കുറ്റാന്വേഷകരോ, ഏഴാംകൂലികളായ ക്രിട്ടിക്കുകൾ മാത്രം! ഇതുകേട്ട്, ബർണാഡ് ഷാ അടക്കമുള്ളവർ നെറ്റിചുളിച്ചപ്പോൾ മോഷ്ടാക്കളായ ക്രിമിനലുകളെക്കുറിച്ച് ചസ്റ്റർടൺ ഒന്നുകൂടി വിശദീകരിച്ചു: ‘‘കള്ളന്മാർ സ്വകാര്യ സ്വത്തിനെ മാനിക്കുന്നു; കൂടുതൽ മാനിക്കാനായി അവരതിനെ തങ്ങളുടേതാക്കാൻ ആഗ്രഹിക്കുക മാത്രമാണ് ചെയ്യുന്നത്’’.
ഈ നിരീക്ഷണങ്ങളും നിർവചനങ്ങളും കേൾക്കുമ്പോൾ, നമ്മുടെ കാലം അർഹിക്കുന്ന ക്രിമിനലും മോഷ്ടാവും ആരാണ്? -ഒരുപാട് പേരുകൾക്കിടയിൽ എന്തായാലും ചാൾസ് ശോഭരാജിന് ആദ്യറാങ്കുകളിലൊന്ന് തന്നെ നൽകേണ്ടിവരും. ആ പേരു കേൾക്കുമ്പോൾ ഭീകരതയുടെ ചോരപ്പാടുകൾ മാത്രമല്ല മനസ്സിൽ തെളിയുക; ഒരു ബ്ലോക്ബസ്റ്റർ ക്രൈം ത്രില്ലറിൽ ഉൾക്കിടിലൻ സ്റ്റൈലിഷ് ഭാവങ്ങളെ പൂർണമായും ആവാഹിച്ച് നടന്നുവരുന്ന വില്ലൻ കഥാപാത്രത്തെക്കൂടിയാണ്. 19 വർഷം നീണ്ട ‘രണ്ടാം കാരാഗൃഹ’ വാസത്തിനുശേഷം ഒരിക്കൽകൂടി ആള് പാരിസിലേക്ക് തിരിച്ചിട്ടുണ്ട്.
പലരെയും പാഠം പഠിപ്പിക്കാനുണ്ടെന്നാണ് കാഠ്മണ്ഡുവിൽനിന്ന് പാരിസിലേക്ക് വിമാനം കയറുമ്പോൾ അടുത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകനോട് അടക്കം പറഞ്ഞത്. തെളിയാത്ത കുറ്റത്തിന് ജയിലർമാരെ മാത്രമല്ല, നേപ്പാളിനെ മൊത്തമായി കോടതി കയറ്റുമെന്നാണ് ശപഥം. ടിയാൻ എന്തിനുള്ള പുറപ്പാടാണെന്ന് കണ്ടറിയുക തന്നെ വേണം.
വിവിധ രാജ്യങ്ങളിലായി ടൂറിസ്റ്റുകളെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത രാജ്യാന്തര കുറ്റവാളി എന്നാണ് ചാൾസ് ഗുരുമുഖ് ശോഭരാജിനെക്കുറിച്ച് എക്കാലത്തും മാധ്യമങ്ങൾ നൽകിവരാറുള്ള ഇൻട്രോ. ബാങ്കോങ്ങിലെയും പട്ടായയിലെയും ഗോവയിലെയും കാഠ്മണ്ഡുവിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളെ ചോരമണപ്പിച്ചയാൾ; ഇരകളുടെ പാസ്പോർട്ട് ഉപയോഗിച്ച് ലോകം ചുറ്റിയയാൾ; കൊന്നുതള്ളിയവരുടെ എണ്ണം 30 വരെയാകാമെന്നാണ് പറയുന്നത്.
ഏതാനും വർഷം മുമ്പ്, ജയിലിൽവെച്ച് ആരോഗ്യനില മോശമായപ്പോൾ ഡോക്ടർമാർ നേരെ ഓപറേഷൻ ടേബിളിലേക്കാണ് റഫർ ചെയ്തത്. ആ അബോധാവസ്ഥയിൽ ഡോക്ടറോട് ഇങ്ങനെ പറഞ്ഞുവത്രെ: ‘‘നിയന്ത്രിക്കാനാവാത്തവിധം ഒഴുകിപ്പരക്കുന്ന വികാരമോ അല്ലെങ്കിൽ തികഞ്ഞ നിർവികാരതയോ ആണ് ഒരു കൊലപാതകിയെ സൃഷ്ടിക്കുന്നത്’’. ഇതിൽ ഏത് വികാരമാണിപ്പോൾ അയാളെ നയിക്കുന്നതെന്ന് അറിഞ്ഞുകുടാ.
19 വർഷത്തിനുശേഷം, കാഠ്മണ്ഡുവിൽനിന്ന് ദോഹ വഴി പാരിസിലേക്ക് പറക്കുന്ന വിമാനത്തിൽ ഒരു ചെറുപുഞ്ചിരിയോടെ അയാൾ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ, പ്രായത്തിന്റെ അവശതയൊഴിച്ചാൽ ബാക്കിയെല്ലാം പഴയതുപോലെത്തന്നെ. ആ വിമാനത്തിലെ ഇരിപ്പ് കാണുമ്പോൾ 25 വർഷം മുമ്പത്തെ മറ്റൊരു യാത്രയയപ്പ് ഓർമ വരും.
കൃത്യമായി പറഞ്ഞാൽ, 1997 ഫെബ്രുവരി 24ന്. ന്യൂഡൽഹിയിലെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു യാത്രയയപ്പുവേദി. 1976 മുതൽ 97 വരെ തിഹാർ ജയിലിൽ കഴിഞ്ഞശേഷമായിരുന്നു ആ യാത്രയയപ്പ്; അതും പാരിസിലേക്ക് തന്നെ. 1975ൽ ഡൽഹിയിൽ ഒരു ഫ്രഞ്ച് ടൂറിസ്റ്റ് വിഷബാധയേറ്റ് മരിച്ച കേസിലാണ് ആള് തിഹാറിലെത്തിയത്.
ടൂറിസ്റ്റ് ഗൈഡായി സഞ്ചാരികൾക്കൊപ്പം കൂടിയ ചാൾസും സംഘവും അവർക്ക് മരുന്നാണെന്നു പറഞ്ഞ് വിഷം നൽകുകയായിരുന്നു. ‘മരുന്ന്’കഴിച്ചവരിൽ ഒരാൾ മരണപ്പെടുകയും മറ്റുചിലർ ബോധരഹിതരാവുകയും ചെയ്തതോടെ, കൂടെയുള്ളവർക്ക് സംശയമായി. ഉടൻ പൊലീസിനെ വിളിച്ചു. അതിനുമുമ്പ്, ഇന്ത്യയിൽവെച്ചുതന്നെ അയാൾ അവോണി ജേക്കബ് എന്ന ഇസ്രായേലി യുവതിയെയും സമാനരീതിയിൽ കൊലപ്പെടുത്തിയിരുന്നു.
അവോണിയുടെ പാസ്പോർട്ട് ഉപയോഗിച്ച് സിംഗപ്പൂരിലും മലേഷ്യയിലും തായ്ലൻഡിലുമെല്ലാം കറങ്ങി. അവിടെയെല്ലാം നിഷ്ഠുരമായ കൊലകൾ അരങ്ങേറി. കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളായ ഹിപ്പി വനിതകളായിരുന്നു. ‘ബിക്കിനി കില്ലർ’ എന്ന പേരുവന്നത് ആ വഴിയിലാണ്.
ചെയ്തുകൂട്ടിയ കൊലപാതകങ്ങൾക്കൊന്നും തെളിവുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രക്ഷപ്പെടാൻ എളുപ്പവുമായി. ആദ്യമായി തെളിവുകളോടെ ചാൾസിലേക്ക് എത്തിയത് തായ്ലൻഡിലെ കുറ്റാന്വേഷക സംഘമാണ്. പക്ഷേ, അപ്പോഴേക്കും ആള് ഇന്ത്യയിലെത്തിയിരുന്നു. തായ്ലൻഡ് സർക്കാറിന് അന്ന് ചാൾസിനെ കൈമാറിയിരുന്നുവെങ്കിൽ അയാൾക്ക് തൂക്കുകയർ ഉറപ്പായേനെ. ഇതറിയാമായിരുന്ന ചാൾസ്, തന്നെ കൈമാറുംമുമ്പേ ജയിൽ ഉദ്യോഗസ്ഥരെ മയക്കി തിഹാർ ജയിൽ ചാടി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗോവയിൽനിന്ന് പിടിയിലുമായി. അതോടെ, ജയിൽചാട്ടത്തിന് മറ്റൊരു ശിക്ഷകൂടി കിട്ടി. ആ ശിക്ഷ ശരിക്കുമൊരു രക്ഷയായിരുന്നു. തായ്ലൻഡ് സർക്കാറിന് ചാൾസിനെ കൈമാറാൻ ആ ഒരൊറ്റ ശിക്ഷകൊണ്ടു സാധിക്കാതെവന്നു. അപ്പോഴേക്കും വാറൻറ് കാലാവധി കഴിഞ്ഞിട്ടുണ്ടായിരുന്നു.
ചാൾസും അതുതന്നെയാണ് ലക്ഷ്യമിട്ടത്. ഒന്നുരണ്ടു വർഷം കൂടി തിഹാറിൽ കഴിച്ചുകൂട്ടി. എല്ലാം അവസാനിപ്പിച്ചാണ് ഡൽഹിയിൽനിന്ന് പാരിസിലേക്ക് പുറപ്പെട്ടത്. അവിടെ കാത്തുനിന്നത് വലിയ മാധ്യമപ്പടയായിരുന്നു; പാപ്പരാസികൾക്കെല്ലാം അഭിമുഖം നൽകി കോടികൾ സമ്പാദിച്ചു. തന്നെവെച്ച് സിനിമ പിടിക്കാനെത്തിയവരുടെ പോക്കറ്റിലും കൈയിട്ടു വാരി.
നാലഞ്ചു വർഷം അവിടെ കറങ്ങിയ ചാൾസ്, 2003ൽ നേപ്പാളിലെ ഒരു കാസിനോയിൽ വെച്ച് പിടിയിലായി. പണ്ടത്തെ ഡൽഹി കൊലപാതകത്തിന്റെ കുറച്ചുനാൾ മുമ്പ് കാഠ്മണ്ഡുവിൽ നടത്തിയ ഇരട്ട കൊലപാതകമായിരുന്നു കുറ്റം. 20 വർഷമായിരുന്നു ശിക്ഷ. ജയിലിൽ കുഴപ്പങ്ങളുണ്ടാക്കാത്തതുകൊണ്ടും പ്രായം പരിഗണിച്ചും ഒരുവർഷം നേരത്തേ വിട്ടയച്ചിരിക്കുകയാണിപ്പോൾ.
ഇന്ത്യൻ വംശജനായിരുന്നു ചാൾസിന്റെ പിതാവ്. മാതാവിന്റെ നാടായ വിയറ്റ്നാമിലെ സെയ്ഗോണിലായിരുന്നു ജനനം. ചാൾസിന്റെ മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ, ചാൾസിനെ മകനായി അംഗീകരിക്കാൻ പിതാവ് തയാറായില്ല. മാതാവിനും ഫ്രഞ്ച് പട്ടാളക്കാരനായ രണ്ടാം ഭർത്താവിനുമൊപ്പം പാരിസിലായിരുന്നു ചാൾസിന്റെ ബാല്യം.
പാരിസിലെ തെരുവുകളിൽ ചില്ലറ മോഷണങ്ങൾ നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പിന്നീട് കൊലപാതക പരമ്പരയിലേക്ക് എത്തിയത്. പാരിസിൽ ഒന്നു രണ്ടു തവണ ജയിലിൽ കിടന്നിട്ടുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ടാണ് ഇന്ത്യയിലെത്തിയത്. ബോംബെയായിരുന്നു അന്ന് താവളം. ഇന്ത്യയിലേക്ക് വരുമ്പോൾ, ഗർഭിണിയായ ഭാര്യ ചന്താൽ കൊംപാഗ്നനും കൂടെയുണ്ടായിരുന്നു.
അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു -ഉഷ. ബോംബെയിലും മോഷണവും ചൂതാട്ടവുമൊക്കെയായിരുന്നു പരിപാടി. കുറ്റകൃത്യങ്ങൾക്കെല്ലാം തുടക്കത്തിൽ ചന്താലിന്റെയും പിന്തുണയുണ്ടായിരുന്നു; പിന്നീടെപ്പോഴോ മാനസാന്തരം വന്ന് അവരും മകളും പാരിസിലേക്ക് തിരിച്ചുപോയി. അതിനുശേഷം ജയിലിനകത്തും പുറത്തുമായി എത്രയോ സ്ത്രീകൾ ചാൾസിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. പ്രായമിപ്പോൾ 78. പുഞ്ചിരിയാണ് ഭാവമെങ്കിലും, ആരോഗ്യം നന്നേ ക്ഷയിച്ചിട്ടുണ്ടെന്ന് ജയിൽ ഡോക്ടർമാർ പറയുന്നു.
ചാൾസ് ശോഭരാജിന്റെ ജീവിതം പ്രതിപാദിക്കുന്ന നാലു ബെസ്റ്റ് സെല്ലറുകളെങ്കിലുമുണ്ട്. അതിലൊന്ന് ആസ്ട്രേലിയൻ പത്രപ്രവർത്തകനായ നെവില്ലെയുടെ ‘ലൈഫ് ആൻഡ് ക്രൈംസ് ഓഫ് ചാൾസ് ശോഭരാജ്’ (1980)ആണ്. മറ്റൊന്ന് തോംപ്സന്റെ ‘സർപൈന്റൻ’ ആണ്. രണ്ടും സിനിമയായി. തിഹാർ ജയിൽ ചാട്ടത്തെ പ്രമേയമാക്കി 2015ൽ ‘മേൻ ഓർ ചാൾസ്’ എന്ന പേരിൽ ഒരു ബോളിവുഡ് ത്രില്ലറും ഇറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.