നയം, മാറ്റം, ന്യായം; ഒരു കൊല്ലം അപാരത
text_fields‘‘വളരെയധികം പേർ പാർട്ടിയിൽനിന്ന് കൊഴിഞ്ഞുപോകാൻ കാരണം പ്രത്യയശാസ്ത്രപരമായി ഉറച്ച അകക്കാമ്പ് കെട്ടിപ്പടുക്കുന്നതിലുള്ള പരാജയമാണ്. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിക്കുന്നവരടക്കമുള്ള പാർട്ടി മെംബർമാരുടെ വിജ്ഞാന നിലവാരമുയർത്താൻ നിരന്തരം നടത്തുന്ന പ്രവർത്തനത്തിലൂടെയല്ലാതെ ജനകോടികളെ ഒരു സംഘടിത രാഷ്ട്രീയ ശക്തിയാക്കി ഉയർത്താൻ കഴിയില്ല. പ്രത്യയശാസ്ത്ര-രാഷ്ട്രീയബോധം ഉയർത്താൻ വിവിധ തട്ടുകളിലുള്ള പാർട്ടി നേതൃത്വം ശ്രമിക്കുന്നില്ല. മാർക്സിസം- ലെനിനിസ സിദ്ധാന്തങ്ങളെ പ്രശ്നങ്ങൾ നേരിടുന്ന രീതിയിൽ പ്രയോഗിക്കാൻ പാർട്ടി മെംബർമാർക്കും അനുഭാവികൾക്കും ആവശ്യമായ ശിക്ഷണം നൽകുന്നത് അവഗണിക്കപ്പെട്ടു’’. - ‘സി.പി.ഐ.എം ഒരു ലഘുവിവരണം’ എന്ന പുസ്തകത്തിൽ ഇ.എം.എസ്
വർഷങ്ങൾക്ക് മുമ്പ് ഇതെഴുതിയ ഇ.എം.എസ് വിട പറഞ്ഞത് 1998 മാർച്ച് മാസത്തിലാണ്. മറ്റൊരു മാർച്ച് മാസത്തിൽ കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പറയുന്നതും ഏറെക്കുറെ സമാനകാര്യങ്ങൾ. അംഗങ്ങളുടെ എണ്ണത്തിൽ കുതിപ്പുണ്ടാകുമ്പോഴും പ്രത്യയശാസ്ത്ര അടിത്തറ ശക്തമല്ലെന്ന് ഇത്തവണത്തെ റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്രമായ ബഹുജന സ്വാധീനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം 2013 നവംബറിൽ ചേർന്ന സംസ്ഥാന പ്ലീനം എടുത്തുപറഞ്ഞിരുന്നെങ്കിലും അടിത്തറ ഇപ്പോഴും വിപുലമായിട്ടില്ല.
ഓരോ പാർട്ടി അംഗവും ബ്രാഞ്ച് പ്രദേശത്തെ 30 വീടുകളുടെ ചുമതലയേറ്റെടുത്ത് പ്രവർത്തിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും അതും ഫലപ്രദമായില്ല. പാർട്ടി ആശയങ്ങൾ ഉൾക്കൊള്ളാനോ പ്രചരിപ്പിക്കാനോ കഴിയാത്തവരാണ് കൂടുതൽ അംഗങ്ങളും. സംരക്ഷണത്തിനും നിലനിൽപിനുമായി അംഗത്വത്തിലേക്ക് വരുന്നവരുണ്ട്. അടിത്തട്ടിൽ സൂക്ഷ്മമായ പരിശോധനയും പുനഃപരിശോധനയും വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ബഹുജന സമരങ്ങളിലൂടെ മുന്നോട്ടുവരുന്നവരെ അനുഭാവി ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി പരിശീലനം നൽകി പഠിപ്പിച്ച് പാർട്ടി അംഗങ്ങളാക്കണമെന്നാണ് പാർട്ടി രീതി. പക്ഷേ, ഇന്ന് അംഗത്വം നൽകുന്നതിന് മുമ്പ് അത്തരമൊരു രീതിയില്ലെന്ന് മാത്രമല്ല, പാർട്ടിയിൽ ചേരുന്നവരെ ഉടൻ പദവികളിൽ നിയമിക്കുകകൂടി ചെയ്യുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അടുത്തിടെയുണ്ടായ വിമതനീക്കം ഇത്തരമൊരു നടപടിയിൽ പ്രതിഷേധിച്ചായിരുന്നു.
കണക്കിൽപെടാത്ത സ്വത്ത് സമ്പാദിക്കുന്നതിനെയും പാർലമെന്ററി വ്യാമോഹത്തെയും കുറിച്ച് ഇത്തവണയും പ്രവർത്തന റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടെങ്കിലും അതിൽ ഇടപെടാൻ എത്ര മാത്രം സാധിക്കുന്നുണ്ടെന്നതാണ് ചോദ്യം. ശരിയായ രാഷ്ട്രീയ ധാരണ മുന്നോട്ടുവെച്ച് ഇത്തരം പ്രവണതകളെ പ്രതിരോധിക്കണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ കുറച്ചുകാലമായി സമ്മേളനങ്ങളിൽ പറയുമ്പോഴും അധികാര രാഷ്ട്രീയത്തിന്റെ വഴികളിൽ അതെല്ലാം ഏട്ടിലെ പശുവായൊതുങ്ങുന്നു.
ഒരു പാർട്ടി ഒറ്റ നേതാവ്
വി.എസ് ആരോഗ്യകാരണങ്ങളാലും അല്ലാതെയും പിൻവലിഞ്ഞതോടെ പിണറായി വിജയൻ എന്ന ഒറ്റ നേതാവിന്റെ കീഴിലാണ് ഇപ്പോൾ സംഘടന. ഏറെക്കാലം സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ രണ്ടുതവണ മുഖ്യമന്ത്രി കൂടിയായതോടെ പിണറായിയുടെ വാക്കുകൾ പലപ്പോഴും അവസാന വാക്കായി.
സീതാറാം യെച്ചൂരി വിട പറയുകയും പ്രകാശ് കാരാട്ടടക്കമുള്ള കേന്ദ്രനേതൃത്വത്തിന്റെ പൂർണ പിന്തുണ ലഭിക്കുകയും ചെയ്തതോടെ പിണറായിയെ മറികടക്കാൻ കഴിയുന്ന നേതാക്കൾ പാർട്ടിയിൽ ഇല്ലെന്നതാണ് സത്യം. പി. ജയരാജൻ എന്ന കണ്ണൂരിലെ ജനകീയ നേതാവിന്റെ മകൻ ഇത്തവണ സംസ്ഥാന സമ്മേളനം കഴിഞ്ഞയുടൻ ‘സ്റ്റാറ്റസാ’ക്കിയ വാചകങ്ങളിലും തെളിഞ്ഞത്, പാർട്ടി ഒരു നേതാവിന്റെ വാക്കുകൾക്ക് പിന്നിൽ സഞ്ചരിക്കുന്നതിലെ പരിഭവമാണ്.
സമ്മേളനം കഴിഞ്ഞയുടൻ കണ്ണൂരിൽ നിന്നുള്ള ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് എൻ. സുകന്യ ഫേസ് ബുക്കിലിട്ട ചെഗുവേര വാചകമാണ് വാർത്തയായ മറ്റൊരു പ്രതിഷേധം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നവർക്ക് മേൽകമ്മിറ്റികൾക്ക് ഇന്ന് ലഭിക്കുന്ന പരിഗണന ലഭിക്കാതിരുന്നൊരു കാലത്തിന്റെ പ്രതിനിധിയാണ് അവരുൾപ്പെടെയുള്ളവർ. അതിലുപരി സ്ത്രീപ്രാതിനിധ്യം കുറഞ്ഞതിലെ പരിഭവം കൂടിയാണ് ആ ‘ചെഗുവേര വാചകം’ വിളിച്ചുപറഞ്ഞത്.
എൻ. സുകന്യയെപ്പോലെ ഒരു പാട് നേതാക്കൾ വിദ്യാർഥി- യുവജനരംഗങ്ങളിൽ സജീവമായിരുന്നെങ്കിലും പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗത്വം ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുകയാണ്. കൊല്ലത്തുനിന്ന് തന്നെയുള്ള ചിന്ത ജെറോം അടക്കമുള്ള ചിലർക്ക് കിട്ടുന്ന പരിഗണന മറ്റ് പലർക്കും ലഭിക്കുന്നില്ലെന്ന പരാതിയും പാർട്ടിയിലുണ്ട്.
വി.എസിന്റെ പിൻവാങ്ങലിലൂടെ നിലച്ചത്
ഇ.എം.എസിന്റെയും സമുന്നതരായ മറ്റ് പല നേതാക്കളുടെയും കാലത്തും വിഭാഗീയതയുണ്ടായിരുന്നെങ്കിലും വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഇരുചേരിയിലായുണ്ടായ തർക്കം കേരളത്തിലെ പാർട്ടിയുടെ രൂപഭാവങ്ങളെ മാറ്റിമറിച്ചു. പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങളെവരെ അത് ബാധിച്ചു. എന്ത് പറയുന്നു എന്നതല്ല, ആര് പറയുന്നു എന്നതായി പ്രധാനം. പറഞ്ഞയാൾ വി.എസ് വിഭാഗക്കാരനാണോ, പിണറായി വിഭാഗക്കാരനാണോ എന്ന വേർതിരിവ് വന്നതോടെ ഉള്ളുതുറന്ന് പെരുമാറാൻ അംഗങ്ങൾക്ക് സാധിക്കാതെ വന്നു.
ഇ.എം.എസ്, വി.എസ്
‘സ്വന്തം താൽപര്യങ്ങൾക്കപ്പുറത്ത് പാർട്ടി താൽപര്യങ്ങൾക്ക് പരിഗണന നൽകുക’യെന്ന പാർട്ടി അംഗത്തിന്റെ ചുമതല പോലും വിഭാഗീയതയുടെ കെട്ടുപാടുകളിൽ കുടുങ്ങി. കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിൽപോലും ഈ പരിഗണന പ്രധാനമായി. ഫലത്തിൽ യഥാസമയം മേൽകമ്മിറ്റികളിലെത്തേണ്ട പലരുടെയും ചിറകുകൾ അരിയപ്പെട്ടു. ആ വിഭാഗീയത തീർക്കാൻ ഒരു പാട് വർഷങ്ങൾ നേതൃത്വത്തിന് ചെലവഴിക്കേണ്ടിവന്നു.
‘വികസന’ സ്വപ്നത്തിനിടയിൽ മുങ്ങിയ സംഘടന
സി.പി.എം ഭരണത്തിലിരിക്കുമ്പോൾ നടന്ന സംസ്ഥാന സമ്മേളനം, സർക്കാർ പ്രവർത്തനങ്ങളും വികസന നയരേഖയും കാര്യമായ ചർച്ചക്ക് വിധേയമാക്കിയപ്പോൾ സംഘടനാ ദൗർബല്യങ്ങളിൽ കാര്യമായ പരിശോധന നടത്തിയില്ല. 2022 മാർച്ചിൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ടിലും സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കണമെന്ന കാര്യം എടുത്ത് പറഞ്ഞിരുന്നു. പക്ഷേ, ഈ ദിശയിൽ കാര്യമായൊന്നും മുന്നോട്ടുപോകാനായില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിലടക്കമുള്ള ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർന്നതും സംഘടനാ ദൗർബല്യവും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് കാണുമ്പോഴാണ് പ്രവർത്തന റിപ്പോർട്ടുകളിലെ മുന്നറിയിപ്പുകൾ പരിഹരിക്കാനുള്ള ശ്രമം ഫലപ്രാപ്തിയിലെത്തുന്നില്ലെന്നത് തിരിച്ചറിയുന്നത്.
ദേശീയതലത്തിൽ കോൺഗ്രസിനാണ് സർക്കാറുണ്ടാക്കാൻ സാധിക്കുകയെന്നത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായി എന്നാണ് പാർട്ടി വിലയിരുത്തിയത്. എന്നാൽ, ഉറച്ച വോട്ടുകൾപോലും നഷ്ടപ്പെട്ടെന്നത് സംഘടനപരമായ തിരിച്ചടിതന്നെയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 33.35 ശതമാനം വോട്ടാണ് സി.പി.എമ്മിന് ലഭിച്ചത്. എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 45.28 ശതമാനം വോട്ട് ലഭിച്ചിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ മത്സരിച്ച പാലക്കാട് മണ്ഡലത്തിലും കണ്ണൂരിൽ ജില്ല സെക്രട്ടറി എം.വി. ജയരാജൻ മത്സരിച്ച കണ്ണൂരിലും ഇത്തവണ പാർട്ടി വോട്ടുകൾ ഒഴുകിപ്പോയി.
വൻതോതിൽ പാർട്ടി വോട്ടുകൾ ചോർന്ന ഇടങ്ങളിൽ അന്വേഷണ കമീഷനെ നിയോഗിക്കുന്നതടക്കമുള്ളവയിൽ തുടർനടപടികളെന്തായി എന്നതും കാരണങ്ങൾ കണ്ടെത്തുന്നതിൽ എത്ര മാത്രം മുന്നോട്ടുപോയി എന്നതും ഈ സമ്മേളന കാലയളവിന് ശേഷവും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ‘തെരഞ്ഞെടുപ്പ് കാലത്ത് ജില്ല കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെ’ന്ന പ്രവർത്തന റിപ്പോർട്ടിലെ പരാമർശം അടുത്തകാലത്ത് പല സമ്മേളനങ്ങളിലും കടന്നുവരുന്ന ഒരു വാചകം മാത്രമായി മാറി.
ചാഞ്ചാട്ടവും ബി.ജെ.പിയുടെ നുഴഞ്ഞുകയറ്റവും
ബി.ജെ.പിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നതാണ് റിപ്പോർട്ടിലെ ശ്രദ്ധിക്കേണ്ട മറ്റൊരു വിമർശനം. കീഴ്ഘടകങ്ങൾക്ക് ജനങ്ങളുമായുള്ള ബന്ധത്തിൽ വന്ന അകൽച്ചയുടെ തെളിവെന്നതിനോടൊപ്പം പാർട്ടിയുടെ മതേതര പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്ന ഘടകം കൂടിയാണ് ഈ കുറ്റസമ്മതം. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് യു.ഡി.എഫ് വോട്ട് ചോര്‍ച്ചയാണ് പ്രധാന കാരണമെങ്കിലും എല്‍.ഡി.എഫിന്റെ വോട്ടും ബി.ജെ.പിക്ക് ലഭിച്ചെന്നും ബി.ജെ.പിയുടെ വിജയം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയെന്നും പ്രവർത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് നില്‍ക്കേണ്ടതെന്ന മതനിരപേക്ഷ ചിന്താഗതിയുള്ളവരുടെ നിലപാടാണ് നിര്‍ണായകമായത്. ഈ ദേശീയ സാഹചര്യത്തെ മറികടക്കാന്‍ കഴിഞ്ഞാലേ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇനി മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ, അതിനുള്ള നയനിലപാടുകൾ എന്തെന്ന ചോദ്യം ബാക്കിയാണ്.
ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ ഫാഷിസ്റ്റ് സ്വഭാവം പുലർത്തുന്നതല്ലെന്ന പാർട്ടി നയം പ്രവർത്തകരിലടക്കമുണ്ടാക്കിയ ആശയക്കുഴപ്പം സി.പി.എമ്മിന് അത്ര പെട്ടെന്ന് പരിഹരിക്കാനാകില്ല. കാരണം, പാർട്ടിയുടെ അടിത്തറയായ ദലിത്, ആദിവാസി, കർഷകത്തൊഴിലാളി വിഭാഗങ്ങളിൽനിന്നാണ് ബി.ജെ.പിയിലേക്ക് വോട്ടുകൾ മറിഞ്ഞത്.
ആ വിഭാഗങ്ങളിലേക്ക് വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നത് സി.പി.എമ്മിന്റെ കേഡർ വോട്ടുകളെതന്നെ ബാധിക്കുന്നു. മതനിരപേക്ഷത നിലനിൽക്കുന്ന സമൂഹത്തിൽ മാത്രമേ വർഗരാഷ്ട്രീയം നിലനിൽക്കൂവെന്ന പാർട്ടി നിലപാട് നടപ്പാക്കുന്നതിന് കൂടി തടസ്സമാവുകയാണ് വർഗീയതയോട് ശക്തമായ നിലപാട് സ്വീകരിക്കുന്നതിലുള്ള ചാഞ്ചാട്ടം.
വനിത ജില്ല സെക്രട്ടറിക്ക് ഇനിയുമെത്ര കാലം?
പാർട്ടി അംഗങ്ങളിൽ സ്ത്രീകളുടെ എണ്ണം കൂടിയതായി ഇത്തവണത്തെ പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കഴിഞ്ഞ സമ്മേളനകാലത്ത് 19.74 ശതമാനമായിരുന്നു സ്ത്രീകളുടെ എണ്ണമെങ്കിൽ ഈ സമ്മേളന കാലത്ത് അത് 22.25 ശതമാനമായി. എന്നാൽ, ഇതിന് അനുസരിച്ച് ഏരിയ, ജില്ല നേതൃതലത്തിൽ സ്ത്രീപ്രാതിനിധ്യത്തിനുള്ള ശ്രമങ്ങളില്ല. എല്ലാ ജില്ല സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉൾപ്പെടുത്തിയതായി റിപ്പോർട്ട് തൃപ്തിപ്പെടുമ്പോൾ ഒരു വനിത ജില്ല സെക്രട്ടറിക്കായി ഇനിയും എത്ര കാലം കാത്തിരിക്കണമെന്ന ചോദ്യം ബാക്കിയാവുകയാണ്.
കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തുകയെന്ന നയം ഡി.വൈ.എഫ്.ഐ ഭാരവാഹികൾക്ക് അനുകൂലമാകുമ്പോൾ കാലങ്ങളായി പ്രവർത്തിക്കുന്ന പല മുതിർന്ന നേതാക്കൾക്കും ജില്ലകളിൽ ഒതുങ്ങേണ്ടി വരുന്നെന്നതാണ് ഇതിനൊപ്പമുള്ള മറ്റൊരു പരാതി. ഒരു കാലത്ത് വിദ്യാർഥി- യുവജന സംഘടനകളുടെ നേതൃനിരയിൽ തിളങ്ങിയ തൃശൂരിൽനിന്നുള്ള യു.പി. ജോസഫ് അടക്കമുള്ള ചില നേതാക്കൾ ഉദാഹരണം.
പാതിവഴിയിൽ ഉപേക്ഷിച്ച ജനകീയ വികസന അജണ്ട
ഉൽപാദനം വർധിപ്പിക്കാൻ സ്വകാര്യനിക്ഷേപവും സ്വകാര്യ സംരംഭകത്വവും സ്വീകരിച്ചേ മതിയാകൂവെന്ന നിലപാട് ശക്തമാകാൻ വഴിവെച്ചത്, എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇ.എം.എസ്സിന്റെയും നേതൃത്വത്തിൽ 1994 ല്‍ നടന്ന ഒന്നാം പഠന കോണ്‍ഗ്രസാണ്. 1991ൽ കേന്ദ്രസർക്കാർ പുതിയ സാമ്പത്തിക നയം സ്വീകരിച്ചതോടെ ആ നയത്തിൽനിന്ന് മാറിനിൽക്കാൻ സാധിക്കില്ലെന്ന ചിന്തക്കും ഒന്നാം പഠന കോണ്‍ഗ്രസ് തുടക്കമിട്ടു. അതിനായി പരമ്പരാഗത നിലപാടിൽ വെള്ളം ചേർക്കാൻ സി.പി.എം തയാറായി.
2005ൽ നടന്ന രണ്ടാം പഠന കോണ്‍ഗ്രസായപ്പോൾ സാമ്പത്തികനയത്തിൽ കുറേക്കൂടി ഉദാരമായ നയം സ്വീകരിച്ചു. ആ പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത് അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയായിരുന്നു എന്നതും പ്രസക്തമാണ്. അന്നത്തെ വേദിയിൽ വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രസംഗത്തിൽ, നയംമാറ്റം സംസ്ഥാന സർക്കാറുകൾക്ക് കെണിയാകുമോയെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ വർഷം തന്നെ നടന്ന സി.പി.എം മലപ്പുറം സംസ്ഥാന സമ്മേളനത്തിലും പാർട്ടിയുടെ നയം മാറ്റം പ്രകടമായി.
ജനകീയാസൂത്രണം, നാലാം ലോക വിവാദം, വിദേശ ഫണ്ട് തുടങ്ങിയ വിഷയങ്ങളാൽ കലുഷിതമായിരുന്നു ആ ഘട്ടത്തിൽ കേരളത്തിലെ സി.പി.എം രാഷ്ട്രീയം. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ വി.എസ് പക്ഷം പ്രത്യയശാസ്ത്ര പ്രശ്നങ്ങളുയർത്തി മുന്നേറുന്ന ഘട്ടത്തിലാണ് മലപ്പുറം സമ്മേളനം നടന്നത്. 2000 ഒക്ടോബറിൽ തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക പ്ലീനം പാർട്ടി പരിപാടി ഭേദഗതി ചെയ്ത്, തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വിദേശ മൂലധനം സ്വാഗതം ചെയ്യാൻ തീരുമാനിച്ചതോടെ നയം മാറ്റത്തിന് ഔദ്യോഗിക അംഗീകാരവുമായി.
കൊല്ലത്ത് ‘സമാധാനപരം’
സംസ്ഥാന സമ്മേളനങ്ങളുടെ ചരിത്രമെടുത്താൽ ഇത്തവണ കൊല്ലത്ത് നടന്നത് തീർത്തും ‘സമാധാനപരമായിരുന്നു’ എന്നു പറയാം. കഴിഞ്ഞ രണ്ട്, മൂന്ന് സമ്മേളനങ്ങളിലും കാര്യമായ തർക്കങ്ങൾ ഉടലെടുത്തില്ലെങ്കിലും മുമ്പ് അതായിരുന്നില്ല സ്ഥിതി. 1986ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ എം.വി. രാഘവൻ ബദൽരേഖ അവതരിപ്പിച്ചതും സംസ്ഥാന സമ്മേളനം അത് ചർച്ച ചെയ്ത് തള്ളിയതും തുടർന്ന് സി.എം.പി രൂപം കൊണ്ടതുമൊക്കെ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ച സംഭവമാണ്.
1992ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുകയും വി.എസിനെ നാല് വോട്ടുകൾക്ക് ഇ.കെ. നായനാർ തോൽപിച്ചതും 1995ലെ കൊല്ലം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നതും ഔദ്യോഗിക പാനലിൽ ഉൾപ്പെട്ട എൻ. പത്മലോചനൻ പരാജയപ്പെട്ടതും 1998ലെ പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തലിൽ എം.എം. ലോറൻസ് അടക്കമുള്ള മുതിർന്ന നേതാക്കൾ പുറത്തായതും വി.എസ് പക്ഷം കരുത്തരായതും മലപ്പുറം സമ്മേളനത്തോടെ വി.എസ് പക്ഷം പാടെ തകർന്നതുമെല്ലാം സി.പി.എം സമ്മേളന ചരിത്രത്തിലെ വിഭാഗീയ ഏടുകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.