ശനിയാഴ്ച അന്തരിച്ച ഡോ. നജാത്തുല്ല സിദ്ദീഖിയെ കുറിച്ച്; അലീഗഢിലെ അറിവിൻ പൂമരം
text_fieldsഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി യാത്രയാകുമ്പോൾ നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അലീഗഢ് കേന്ദ്രീകരിച്ച് വൈജ്ഞാനിക പ്രവർത്തനങ്ങളിലേർപ്പെട്ട പണ്ഡിതരിലെ വലിയൊരു കണ്ണിയാണ്. ഇസ്ലാമിക് ഇക്കണോമിക്സ് എന്ന സാമ്പത്തികശാസ്ത്ര ശാഖയുടെ പിതാവ് എന്നുതന്നെ സിദ്ദീഖിയെ വിശേഷിപ്പിക്കാം.
ധനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇസ്ലാമിക സാമ്പത്തിക ക്രമത്തെയും സകാത്തിനെയും പരിഹാരമാക്കി സമർഥിക്കുന്നതിലും പലിശാധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ബദലായി പലിശരഹിത സംരംഭങ്ങൾ പരീക്ഷിക്കാൻ ധൈര്യമേകുന്നതിലും മുന്നിൽ നടന്നു അദ്ദേഹം.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർകൂടി പരിഗണിക്കപ്പെടുമ്പോൾ മാത്രമാണ് സാമ്പത്തിക രംഗത്ത് പുരോഗതി കൈവരൂ എന്നും സമ്പന്നരുടെ ജീവിതനിലവാരംപോലും അതുവഴി മാത്രമാണ് ഉയരുക എന്നും ഒരിക്കൽ പറഞ്ഞ അദ്ദേഹം അലീഗഢിലെ റിക്ഷ തൊഴിലാളികളുടെ ഉദാഹരണം സൂചിപ്പിച്ചു.
തൊഴിൽ കാഠിന്യം കാരണം ക്ഷയരോഗത്തിനടിപ്പെടുന്ന റിക്ഷ തൊഴിലാളികൾ അതിൽനിന്ന് രക്ഷപ്പെടേണ്ടത് അതിൽ യാത്ര ചെയ്യുന്ന സമ്പന്നരുടെ കൂടി ആവശ്യമാണല്ലോ; അപ്പോൾ റിക്ഷകളെ യന്ത്രവത്കരിക്കുന്ന പ്രവർത്തനം സ്വന്തം ആവശ്യമാണെന്നു കരുതി സമ്പന്നർ അതിൽ പങ്കാളികളാകണം.
സമ്പന്ന വീടുകളിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യവും ശുചിത്വവും സന്തോഷവും തങ്ങളുടെ കൂടി ആവശ്യമാണെന്ന് മനസ്സിലാക്കി ആ മനുഷ്യരുടെ പാർപ്പിട, കക്കൂസ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സകാത്ത് ദാരിദ്ര്യനിർമാർജനത്തിനുള്ള ഏറ്റവും നല്ല രീതിയാണെന്ന് ബോധിപ്പിക്കാൻ ശ്രമിച്ച അദ്ദേഹം അത് കേവലം മതസ്ഥാപനങ്ങൾക്കുള്ള വാർഷിക സംഭാവനയായി കാണുന്ന പരമ്പരാഗത സങ്കൽപങ്ങളെ വിമർശിച്ചു. പട്ടിണി അധികമുള്ള യു.പി, ബിഹാർ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സംഘടിത സകാത്തിനുള്ള ഫലപ്രദ സംരംഭങ്ങൾ ഇല്ലാത്തതിൽ ഖിന്നത പ്രകടിപ്പിക്കാറുണ്ടായിരുന്ന അദ്ദേഹം ഈ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുമായിരുന്നു.
വൈജ്ഞാനിക രംഗത്തെ ആഗോള വ്യക്തിത്വമായ അദ്ദേഹം തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും ഭരണാധികാരികളോടും പണ്ഡിതരോടും നിരന്തരമായി സംവദിക്കുകയും ചെയ്തു. ഇസ്ലാമിക ചിന്തയിൽ സയ്യിദ് അബുൽഅഅ്ലാ മൗദൂദിയുടെ പിന്തുടർച്ചക്കാരനായി സ്വയം വിശേഷിപ്പിച്ചപ്പോൾതന്നെ ഭൂവുടമാവകാശത്തിന് പരിധി നിശ്ചയിക്കാനുള്ള പാക് ഗവൺമെന്റ് നയത്തെ എതിർത്തതടക്കമുള്ള മൗദൂദിയുടെ ചില നിലപാടുകളിൽ തനിക്കുള്ള വിയോജിപ്പ് അദ്ദേഹം രേഖപ്പെടുത്തി.
'വിഭജനാനന്തര ഇന്ത്യയിൽ മുസ്ലിംകൾ മ്ലേച്ഛരായി ജീവിച്ചാലും അവിടെ ഹിന്ദു ഭരണം വന്നാലും തനിക്ക് കുഴപ്പമില്ലെ'ന്ന് മൗദൂദി പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ട നുണയുടെ വാസ്തവം അദ്ദേഹമാണ് വെളിപ്പെടുത്തിയത്. ജസ്റ്റിസ് മുനീർ കമീഷൻ ഉന്നയിച്ച ഈ ആരോപണത്തിന്റെ നിജസ്ഥിതി തിരക്കി നജാത്തുല്ല, മൗദൂദിക്കയച്ച കത്തും ആരോപണം നിഷേധിച്ച് മൗദൂദി 1962 ആഗസ്റ്റ് രണ്ടിന് അയച്ച മറുപടിയും അദ്ദേഹം തന്റെ എഴുത്തുകുത്തുകളുടെ ഉർദു സമാഹാരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യാവിഭജനം വരുത്തിയ നഷ്ടം ഭീമമാണെന്നിരിക്കെ അതിനെ മറികടക്കാൻ പാകത്തിൽ സ്വപ്നം കാണാൻ ചെറുപ്പക്കാർ പഠിക്കണം എന്നുപദേശിക്കുമായിരുന്നു അദ്ദേഹം. '2001 സെപ്റ്റംബർ 11ലെ സംഭവങ്ങൾക്ക് പിന്നിൽ ജൂതരാണെന്ന് പറയുന്നുണ്ടല്ലോ' എന്ന് ഒരിക്കൽ ഒരു സദസ്സിൽ അന്വേഷണമുണ്ടായി.
'അതറിഞ്ഞു കൂടാ, എന്നാൽ മറ്റൊന്നറിയാം' എന്നു മറുപടി തുടങ്ങിയ അദ്ദേഹം, രണ്ടാം ലോകയുദ്ധം വരെ അമേരിക്കയിൽ തിരസ്കൃതരായിരുന്ന ന്യൂനപക്ഷ ജൂത സമൂഹം ഭരണകൂടത്തെയും അതിന്റെ നയങ്ങളെയും നിയന്ത്രിക്കുന്ന തരത്തിലേക്ക് വളർന്നതിനെ കുറിച്ച് വിശദീകരിച്ചു.
'ഗൂഢാലോചന സിദ്ധാന്തങ്ങളിലും അപസർപ്പക കഥകളിലും ചുറ്റിത്തിരിയുന്നതിനു പകരം സമൂഹത്തിന്റെ വളർച്ചയിൽ പങ്കുവഹിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ' എന്നു പറഞ്ഞാണ് അദ്ദേഹം അന്ന് സംസാരം അവസാനിപ്പിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച റാംപൂരിലെ സാനവി ദർസ് ഗാഹ് എന്ന മതപാഠശാലയുടെ ഉൽപന്നമായിരുന്നു അദ്ദേഹം-ഡോ. ഫസ്ലുറഹ്മാൻ ഫരീദി, ഡോ. അബ്ദുൽഹഖ് അൻസാരി എന്നിവരെപ്പോലെ. അലീഗഢിലെ താമസക്കാലത്ത് ഞങ്ങൾ വിദ്യാർഥികൾ പല വൈകുന്നേരങ്ങളിലും നജാത്ത് സാഹിബിനെ കാണാൻ പോകും. മടിയേതും കൂടാതെ മണിക്കൂറുകളോളം സംസാരിച്ചിരിക്കും.
കിങ് ഫൈസൽ അവാർഡ് ജേതാവുകൂടിയായ സിദ്ദീഖി എന്ന അന്താരാഷ്ട്ര പ്രസിദ്ധനായ പണ്ഡിതനാണോ നമ്മോടിങ്ങനെ സംസാരിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നും. റാംപൂരിൽ വിനയം ഇവർക്കൊരു പാഠ്യവിഷയമായിരുന്നുവോ എന്ന് അതിശയിപ്പിക്കും വിധമായിരുന്നു പലപ്പോഴും ഫരീദി, അൻസാരി, സിദ്ദീഖി ത്രയങ്ങളുടെ പെരുമാറ്റം.
പരിചയപ്പെട്ടവരെ പിന്നീട് നേരിൽ കാണുമ്പോഴൊക്കെ അദ്ദേഹം പേരുചൊല്ലി വിളിച്ചു. ചെറുപ്പക്കാരോട് സവിശേഷ വാത്സല്യമായിരുന്നു. കേരളക്കാരാവുമ്പോൾ പറയാനുമില്ല. അലീഗഢിൽ മുസമ്മിൽ മൻസിലിലെ വീടിന്റെ ഗേറ്റിനപ്പുറത്തുനിന്ന് സാബ് തിരക്കിലാണെന്ന് പറയുന്ന ജോലിക്കാരനോട് കേരളത്തിൽനിന്നാണെന്ന് പറയൂ എന്നു ഞങ്ങൾ പറഞ്ഞുനോക്കും.
വൈകാതെ ഉള്ളിൽനിന്ന് പേരുവിളിച്ച് അകത്തേക്കുള്ള ക്ഷണവുമായി നിറഞ്ഞ ചിരിയോടെ ഒരു വരവുണ്ട്. പിന്നെ സന്ധ്യ വരെ സംസാരമാണ്. പിരിയാൻ നേരത്ത് ഒഴിവുള്ളപ്പോഴൊക്കെ വരണമെന്ന് ക്ഷണിക്കും. 'അല്ലാഹ് ഹാഫിസ്, ഫീ അമാനില്ലാ' എന്നു പ്രാർഥനകളുരുവിട്ട് യാത്രയയക്കാൻ ഗേറ്റ് വരെ വടി ഊന്നിയെത്തുന്ന നജാത്തുല്ല സാഹിബ്, ചായയോടൊപ്പം കിട്ടിയ നാൻഖട്ടായിയേക്കാൾ മധുരതരമായ ഓർമയാണിന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.