ശ്രീനാരായണൻ തുറന്ന മാർഗം, അദ്ദേഹത്തെവെച്ച് അടക്കരുത്
text_fieldsമലയാള ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ ഉദ്ധരണികളാണ്, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’; ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നീ പ്രസ്താവനകൾ. ഇവയിലേതെങ്കിലുമൊന്ന് എവിടെയെങ്കിലും ഉച്ചരിക്കാത്ത ദിവസങ്ങൾ മലയാളിയുടെ ജീവിതത്തിലുണ്ടാകാനിടയില്ല. ഇവയുടെ കണിശമായ അർഥമെന്താണെന്ന് നാം എങ്ങനെയാണ് തീരുമാനിക്കുക?
‘ഒരു മതം’, ‘മതമേതായാലും’ എന്നീ പ്രയോഗങ്ങളിലൂടെ നാരായണഗുരു അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത്, ‘എല്ലാ മതങ്ങളുടെയും സാരം സമന്വയിപ്പിച്ച ഒരു പുതിയ മതം’ ‘ഏകമതമെന്നോ ‘മനുഷ്യമതമെന്നോ, മാനവധർമമെന്നോ ഒരു പൊതുപേരിട്ടുവിളിക്കാവുന്ന ഒരു പുതിയ മതം - എന്നാണെന്ന് സമ്മതിക്കാൻ ഞാൻ തയാറാണ്.
പക്ഷേ, അതിന് ചില ഉപാധികളുണ്ട്. ഒന്നാമത്തെ ഉപാധി, ‘മതമേതായാലും, മനുഷ്യൻ നന്നായാൽ മതി’ എന്ന വാക്കുകൾ വായിച്ച്, അർഥമറിയാതെ പകച്ചുനിൽക്കുന്ന എനിക്കു മുന്നിൽ സാക്ഷാൽ നാരായണഗുരു ഉയിരോടെ പ്രത്യക്ഷപ്പെടണം! എന്നിട്ട്, എന്നോട് പറയണം, ‘മനുഷ്യൻ നന്നാകുന്നതിന് ഒരു മതം വേണം, അതിനെ ‘ഏക മതമെന്നോ മനുഷ്യമതമെന്നോ മാനവധർമമെന്നോ ഏതു പൊതു പേരിട്ടുവിളിച്ചാലും നമുക്കു വിരോധമില്ല! എന്ന്.
1925ൽ സി.വി. കുഞ്ഞുരാമനുമായി നടന്ന സംവാദത്തിൽ നാം ഉച്ചരിച്ച ഈ പ്രയോഗങ്ങളുടെ സാരം, ‘ഇതുമാത്രമാണെന്നും അദ്ദേഹത്തിന്റെ നാവിൽനിന്നു കേട്ടാൽ, അത് അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ല. പക്ഷേ, ഇത്തരം പ്രത്യക്ഷപ്പെടൽ സിദ്ധിയുള്ള ഒരു ഇന്ദ്രജാലക്കാരനായിരുന്നില്ല നാരായണഗുരുവെന്ന് നമുക്കറിയാം.
വിശ്വാസലഹരിയുടെ രോഗാതുരാവസ്ഥയിൽ ഇത്തരം ദർശനസായൂജ്യമുണ്ടാകുന്ന മനുഷ്യർ ഉണ്ടായേക്കാം, പക്ഷേ, എന്നെപ്പോലെ ഒരു സാധാരണക്കാരന്റെ കാര്യത്തിൽ ഇത് അസംഭവ്യമാണ്. ‘ഞാനർഥമാക്കിയത് ഇതാണെന്ന്, നാരായണഗുരു നേരിട്ടു പറയുമ്പോൾ അതംഗീകരിക്കാമെങ്കിലും, അത് വിശ്വാസപ്രമാണമാക്കാനുള്ള ബാധ്യത എനിക്കില്ല.
നാരായണഗുരുവിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രമുഖശിഷ്യന്മാരും അനുയായികളും രചിച്ച ജീവചരിത്രങ്ങൾ, ഓർമക്കുറിപ്പുകൾ, വ്യാഖ്യാനങ്ങൾ എന്നിവയെ താജ്യ ഗ്രാഹ്യ വിവേചന ബുദ്ധിയോടെ വായിച്ചും പരിശോധിച്ചും സംശോധിച്ചും സ്വന്തം അനുമാനത്തിലെത്തുകയെന്നതാണ് രണ്ടാമത്തെ ഉപാധി. നാരായണഗുരുവിനെ രേഖപ്പെടുത്തിയവരിൽ ഭൂരിപക്ഷവും അദ്ദേഹത്തെ ഒരു ‘ദൈവമായും സിദ്ധനായും അവതാരപുരുഷനായും ഋഷിവര്യനായും കാണാനാഗ്രഹിച്ചവരാണ്.
അത്തരക്കാരുടെ ഭാവനയിലെ നാരായണഗുരുവിനെ ഞാൻ നിരാകരിക്കുന്നു. നാരായണഗുരുവിന്റെ ഏറ്റവും മികച്ച ഛായാചിത്രകാരൻ സഹോദരൻ അയ്യപ്പനാണ്. ആ ഛായാചിത്രത്തെപ്പോലും ഇന്നു നാം ആർജിച്ച ശാസ്ത്രാവബോധത്തിന്റെയും ലോകപരിചയത്തിന്റെയും അടിസ്ഥാനത്തിൽ, വിമർശനപരമായി വേണം കാണേണ്ടത്.
സി.വി. കുഞ്ഞുരാമനുമായുള്ള സംവാദം നാരായണഗുരുവിന്റെ സംഭവ ബഹുലങ്ങളും അടരുകളും പടരുകളും അധ്യായങ്ങളുമടങ്ങിയ ഒരു വ്യക്തിത്വത്തെ മനസ്സിലാക്കാൻ, ഒരധ്യായത്തെമാത്രം ആശ്രയിക്കുന്നത് ന്യൂനീകരണമായിരിക്കും. നാരായണഗുരുവിന്റെ രചനാജീവിതത്തെയും പ്രായോഗിക സംഘടനജീവിതത്തെയും സന്യാസജീവിതത്തെയും അതിന്റെ സമഗ്രതയിൽ വായിച്ച് നിർധാരണം ചെയ്യുകയെന്നതാണ് മൂന്നാമത്തെ ഉപാധി.
നാരായണഗുരു ജീവിച്ച ചരിത്രപശ്ചാത്തലം, അതിനെ അദ്ദേഹം അഭിസംബോധനചെയ്ത രീതി, സംവാദ, സംഭാഷണങ്ങളുടെ പശ്ചാത്തലം, വിശ്വാസികളും അല്ലാത്തവരുമായുള്ള ആശയവിനിമയങ്ങളിലെ ഭിന്നമായ ശൈലീപ്രയോഗങ്ങൾ തുടങ്ങിയവയെല്ലാം ഈ സമഗ്രതയുടെ ഭാഗമാണ്.
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന പ്രസ്താവനയെ, ഈ സമഗ്രതയുടെ ഭാഗമായി പരിശോധിച്ചാൽ, ‘മനുഷ്യർ നന്നാവുക’ യെന്നതിനെയാണ് നാരായണഗുരു പരമപ്രധാനമായി കാണുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ‘നന്നാവുക’ എന്നുപറഞ്ഞാൽ ‘അഭിവൃദ്ധി’, ‘ഉൽക്കർഷ’, ‘ഉന്നമനം’, ‘ഊർധ്വഗതി’ എന്നൊക്കെയാണ് അർഥമാക്കുന്നത്.
സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക-മാനസിക- വൈജ്ഞാനിക-നൈതികമായ ഉൽക്കർഷത്തെയാണ് നാരായണഗുരു മുഖ്യമായി കണ്ടത്. ‘മതമേതായാലും എന്നതിന്റെ വിവക്ഷ, അത് വ്യക്തിയുടെ തികച്ചും സ്വകാര്യമായ അഭിപ്രായമോ വിശ്വാസമോ മാത്രമാകുന്നു എന്നാണ്.
സഹോദരൻ അയ്യപ്പനുമായി നടന്ന സംഭാഷണത്തിൽ; ‘മനുഷ്യർക്ക് പൂർണമായ മതസ്വാതന്ത്ര്യമുണ്ടാകണം, അച്ഛന്റെ മതമായിരിക്കില്ല മകന് എന്നും നാരായണഗുരു പറഞ്ഞിട്ടുണ്ട്. 1917ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു വിളംബരത്തിൻ ‘ഇതാ, ഞാൻ മതവും ഉപേക്ഷിക്കുന്നു’ എന്നാണ് പറയുന്നത്. മതത്തെ സംബന്ധിച്ച് നാരായണഗുരുവിനുണ്ടായിരുന്ന സുദൃഢവും സുചിന്തിതവുമായ സമീപനം, ആധുനികവും സെക്കുലറുമായിരുന്നു.
1917ൽതന്നെ നാരായണ ഗുരു വലിച്ചെറിഞ്ഞ മതത്തിന്റെ മുൾക്കിരീടം, ഒരു നൂറ്റാണ്ടിനുശേഷം, അദ്ദേഹത്തിന്റെ തലയിൽ അണിയിക്കണോ എന്ന് നാമെല്ലാവരും ആലോചിക്കണം. സഹോദരൻ അയ്യപ്പൻ പറഞ്ഞപോലെ, ‘ശ്രീനാരായണൻ തുറന്ന മാർഗം, ശ്രീനാരായണനെവെച്ച് അടക്കാൻ ഇടവരാതിരിക്കട്ടെ.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.