അധ്യയന ദിനങ്ങൾ കൂട്ടിയാൽ എല്ലാമായോ?
text_fieldsവൈകുന്നേരം ബെല്ലടിക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും തോന്നണം-കുറച്ചുകൂടി സമയം ക്ലാസ് ഉണ്ടായിരുന്നെങ്കിൽ! അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുന്ന ഇടത്തെ മാത്രമേ ‘സ്കൂൾ’ എന്ന് വിളിക്കാനാവൂ, അല്ലാത്തതെല്ലാം വെറും കെട്ടിടങ്ങൾ മാത്രം
സംസ്ഥാനത്തെ സ്കൂൾ അധ്യയന ദിനങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിലെത്തിയ കേസിൽ ഒരധ്യയനവർഷം 220 പ്രവൃത്തി ദിവസങ്ങൾ ഉറപ്പുവരുത്തിയെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നു. പുതിയ അധ്യയന വർഷം 220 പ്രവൃത്തി ദിനങ്ങൾ വേണമെന്ന നിർദേശം വിദ്യാഭ്യാസ ഗുണനിലവാര യോഗത്തിൽ വന്നപ്പോൾ മുൻ വർഷത്തിലേതുപോലെ 204 പ്രവൃത്തിദിവസമായി വിദ്യാഭ്യാസ കലണ്ടർ ക്രമപ്പെടുത്തണമെന്നായിരുന്നു അധ്യാപക സംഘടനകളുടെ നിലപാട്. അതിനനുകൂലമായാണ് വിദ്യാഭ്യാസ മന്ത്രിയും അന്ന് പ്രതികരിച്ചത്; പക്ഷേ, വിരുദ്ധരീതിയിലാണ് സർക്കാർ 2024 ലെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
എൽ.പി വിഭാഗത്തിൽ 800 മണിക്കൂര്, യു.പി വിഭാഗത്തിൽ 1,000 മണിക്കൂർ, ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലും 1,200 മണിക്കൂർ എന്നിങ്ങനെയാണ് ദേശീയതലത്തിൽ പഠനസമയമായി നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ കണക്കാക്കിയാൽ ഒരു സ്കൂൾ ദിനത്തിൽ അഞ്ചുമണിക്കൂറാണ് അധ്യയനത്തിന് ലഭിക്കുക. ഒരു മണിക്കൂർ ഉച്ചഭക്ഷണ സമയമാണ്. രാവിലെയും വൈകുന്നേരവും 10 മിനിറ്റ് വീതം ഇടവേളയുണ്ട്. അങ്ങനെയെങ്കിൽ 800 പ്രവർത്തന മണിക്കൂറുകൾ മാത്രം ആവശ്യമുള്ള എൽ.പി വിഭാഗത്തിന്റെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 160-165 ദിവസങ്ങളായി കുറക്കുകയല്ലേ ചെയ്യേണ്ടത്? ഒന്നാം ക്ലാസിൽ പോലും, 7-8 പിരിയഡുകൾ ഉൾപ്പെടുത്തി ഒരുതരത്തിലും അയവില്ലാത്തവിധത്തിൽ കുട്ടികളെ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് നമ്മുടെ വിദ്യാലയങ്ങളിലുള്ളത്. ഹൈസ്കൂൾ തലങ്ങളിൽ പരീക്ഷയെ മുൻനിർത്തിയുള്ള പഠനരീതി കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം ആരും പരിഗണിക്കുന്നേയില്ല.
പ്രതിദിനം കൂടുതൽ അധ്യയന സമയം ഉൾപ്പെടുത്തിയാണ് ഹയർ സെക്കൻഡറിയിൽ 200 പ്രവൃത്തിദിവസങ്ങളിലായി 1,200 മണിക്കൂറുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നത്. നല്ലൊരു വിഭാഗം കുട്ടികളും സ്കൂൾ പഠനത്തിനുപുറമേ അധികമായുള്ള ട്യൂഷൻ, എൻട്രൻസ് കോച്ചിങ് ക്ലാസുകൾ എന്നിവക്കിടയിൽ വീർപ്പുമുട്ടുകയാണ്. ഇതെല്ലാം കഴിഞ്ഞ് നമ്മുടെ കുട്ടികൾ തീർത്തും അനിവാര്യമായ കലാ-കായിക-പ്രവൃത്തി പരിചയ പഠനങ്ങൾക്ക് എപ്പോഴാണ് സമയം കണ്ടെത്തുക?
കൂടുതൽ സ്കൂൾ ദിനങ്ങൾ ഉൾക്കൊള്ളുന്നതിനായി മുൻ വർഷത്തിൽ, വേനലവധി ചുരുക്കാനും പരീക്ഷകളും മേളകളും ഏപ്രിൽ മാസത്തിലേക്ക് നീട്ടാനും കേരള വിദ്യാഭ്യാസ വകുപ്പ് മുതിർന്ന ഘട്ടത്തിൽ പ്രശസ്ത എഴുത്തുകാരനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എൻ.എസ്. മാധവൻ അക്കാര്യത്തിൽ അഭിപ്രായപ്പെട്ടത് ‘‘കുട്ടിക്കാലത്ത് വിദ്യാഭ്യാസം നൽകുന്നത് സ്കൂളുകൾ മാത്രമാണെന്നത് തെറ്റായ ധാരണയാണ്, കുട്ടികൾക്ക് അവരുടെ അവധിക്കാലം നഷ്ടപ്പെടുത്താൻ അനുവദിച്ചുകൂടാ’’ എന്നായിരുന്നു.
പുതിയ കരിക്കുലത്തിലോ സിലബസിലോ പാഠപുസ്തകങ്ങളിലോ കൂടുതൽ പാഠങ്ങളോ പഠനങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ, ഇപ്പോഴുള്ളത് പഠിപ്പിച്ചു തീർക്കാൻ മതിയായ സമയം ഉണ്ടെന്നിരിക്കെ ആഴ്ചയിലെ പ്രവൃത്തിദിനം ശരാശരി ആറായി നിശ്ചയിക്കുന്നത് നമ്മുടെ കുട്ടികൾക്കുമേൽ അധികഭാരം വരുത്തുമെന്നാണ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പൊതുവിൽ അഭിപ്രായപ്പെടുന്നത്. തൊഴിൽഭാരം വർധിക്കുമെന്നതിനാൽ അധ്യാപകരും ഈ തീരുമാനത്തെ എതിർക്കുന്നു. സമഗ്ര, സ്കൂൾ ഓൺലൈൻ വർക്കുകൾ തുടങ്ങി സർക്കാർ നൽകിയ മറ്റ് സ്കൂൾ ചുമതലകൾക്കിടയിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരുന്നത് പ്രയാസമാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.
ഇന്നത്തെ സാഹചര്യത്തിൽ വിദ്യാലയ ദിനങ്ങളുടെ എണ്ണം വർധിപ്പിച്ചതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുമെന്ന ധാരണ അസ്ഥാനത്താണ്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒന്നാംടേമിൽ - വലിയ ആവേശത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന അധ്യാപക സമൂഹം, വിദ്യാലയ വർഷത്തിന്റെ പകുതിയാകുമ്പോഴേക്കും പലവിധത്തിലുള്ള ജോലിഭാരത്താൽ ക്ഷീണിതരാകുന്നു. വിദ്യാലയ പ്രവർത്തനങ്ങളെ മൊത്തത്തിൽ പിടിച്ചടക്കുന്ന മേളകളാണ് രണ്ടാംടേമിൽ നടക്കുക. അവസാന ടേമിൽ പരീക്ഷയെ മുൻനിർത്തിയുള്ള കുതിച്ചു പായലാണ്. അപ്പോഴേക്കും കുട്ടികളും അധ്യാപകരും ഒരുപോലെ എങ്ങനെയെങ്കിലും ഈ വർഷം അവസാനിച്ചുകിട്ടിയാൽ മതിയെന്ന നിലയിലായിട്ടുണ്ടാവും. വിദ്യാലയങ്ങൾക്കകത്ത് കുട്ടികളും അധ്യാപകരും മുഖാമുഖം കാണുന്ന സമയത്തിൽ വർധന വരുത്തണമെന്ന് സർക്കാർ വാദിക്കുന്നു-അതിൽ ശരിയുമുണ്ട്.
സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് മുൻകൈയിൽ തൊണ്ണൂറുകളുടെ അവസാനത്തിൽ നടത്തിയ ഒരു പഠനത്തിൽ, കേരളത്തിലെ ക്ലാസ് മുറിക്കകത്ത് അധ്യാപകരും വിദ്യാർഥികളും തമ്മിൽ മുഖാമുഖം കാണുന്നത്, ഒരു വർഷത്തിൽ ശരാശരി 675-700 മണിക്കൂറുകൾ മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. 1,000 മണിക്കൂറുകളെന്നതാണ് നമ്മുടെ ടാർജറ്റ്. തുടർച്ചയായ വിദ്യാർഥി സമരങ്ങൾകൊണ്ടും മറ്റും സ്കൂൾ പഠനാന്തരീക്ഷം കലുഷിതമായിരുന്ന ഒരു കാലത്താണ് ഈ അന്വേഷണം നടന്നത്. സമരങ്ങളുടെ പേരിൽ ഇന്ന് കേരളത്തിലെ സ്കൂളുകളിൽ കാര്യമായ പഠനനഷ്ടം ഉണ്ടാകുന്നില്ല. എന്നാൽ, വിവിധ മേളകളുടെ സംഘാടനം, കരിക്കുലം-സിലബസ്-പാഠപുസ്തക നിർമാണം, ചോദ്യ പേപ്പറുകളുടെ ഉൽപാദനം, പരീക്ഷ നടത്തിപ്പ്, പരീക്ഷാ മൂല്യനിർണയ പ്രവർത്തനങ്ങൾ, അധ്യാപക പരിശീലനങ്ങൾ, സംഘടനാ പ്രവർത്തനം എന്നിവക്കു വേണ്ടിയെല്ലാം ക്ലാസ് മുറികളിലെ സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ദിവസങ്ങളോളം മാറിനിൽക്കുന്ന അധ്യാപകരുടെ ഒരു കണക്കെടുപ്പിന് ഇവിടെ വളരെ പ്രസക്തിയുണ്ടെന്ന് കരുതുന്നു.
ഏതാനും വർഷങ്ങളായി പൊതു വിദ്യാലയങ്ങളിലേക്ക് കടന്നുവന്ന കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് -മൂന്ന് വർഷക്കാലത്തിനിടയിൽ കുറവാണ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് കടന്നുവന്ന രക്ഷിതാക്കളെ പ്രീതിപ്പെടുത്താൻ കഴിയുന്ന തരത്തിലേക്ക് പൊതു വിദ്യാലയങ്ങളുടെ ഘടനയിലും നടത്തിപ്പിലും എങ്ങനെ മാറ്റങ്ങൾ വരുത്താമെന്ന് പ്രാദേശികതലം മുതൽ സംസ്ഥാനതലംവരെ വിവിധതരം ആലോചനകൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഈ ആലോചനകളുടെ ഭാഗമായുള്ള ഒരു കുറുക്കുവഴിയാണ്, അധ്യയന ദിനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനം എന്ന് പറയേണ്ടിവരുന്നു.
നിലവിലുള്ള സാഹചര്യത്തിൽ, പ്രവൃത്തി ദിനങ്ങളുടെ എണ്ണം കൂട്ടിയാൽ അക്കാദമിക നിലവാരം ഉയരുമെന്നുള്ള ധാരണ തീർത്തും പിശകാണ്. വൈകുന്നേരം ബെല്ലടിക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും തോന്നണം-കുറച്ചുകൂടി സമയം ക്ലാസ് ഉണ്ടായിരുന്നെങ്കിൽ!! അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുന്ന ഇടത്തെ മാത്രമേ ‘സ്കൂൾ’ എന്ന് വിളിക്കാനാവൂ, അല്ലാത്തതെല്ലാം വെറും കെട്ടിടങ്ങൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.