ജവഹർലാൽ തിരിച്ചറിഞ്ഞ അപകടങ്ങൾ
text_fieldsരാജ്യത്ത് ലഭ്യമായിരുന്ന ചികിത്സകൾ കൊണ്ടൊന്നും കമല നെഹ്റുവിന്റെ ടി.ബി രോഗത്തിന് ശമനം ലഭിക്കാതെ വന്നതോടെ 1935ൽ അവരെ തുടർചികിത്സക്കായി യൂറോപ്പിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അക്കാലത്ത് ജയിലിലായിരുന്ന ജവഹർലാൽ നെഹ്റുവിന് ഇതുപോലൊരു യാത്രക്കാവശ്യമായ ചെലവുകൾ കണ്ടെത്താനുള്ള സാമ്പത്തിക സ്രോതസ്സുകൾ പരിമിതമായിരുന്നു. മറ്റു പല കോൺഗ്രസ് നേതാക്കളെയും പതിവായി സഹായിച്ചിരുന്ന ബിർള കുടുംബം ഉദാരമായ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നെങ്കിലും ജവഹർലാൽ അത് നിരസിച്ചു. ഏതെല്ലാമൊക്കെയോ വിധത്തിൽ സ്വന്തം നിലക്ക് തന്നെ പണം കണ്ടെത്തി കമലയെ വിദേശത്ത് ചികിത്സിച്ചു.
ഭാര്യയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നതിനായി ജവഹർ ലാലിനെ ജയിലിൽനിന്ന് വിട്ടയക്കണമെന്ന് രവീന്ദ്രനാഥ ടാഗോർ, സി.എഫ്. ആൻഡ്രൂസ്, തേജ് ബഹാദൂർ സപ്രു തുടങ്ങി ബ്രിട്ടീഷ് ലേബർ നേതാക്കളായ ക്ലമൻറ് ആറ്റ്ലി, ജോർജ് ലാൻസ്ബറി വരെ നിരവധി പ്രമുഖർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. മോചനത്തിനായി ഒരു അഭിഭാഷകൻ അലഹബാദ് ഹൈകോടതിയിൽ അപേക്ഷ നൽകിയപ്പോൾ തനിക്ക് പ്രത്യേക പരിഗണന നൽകുന്ന ദയാഹരജിയിൽ നിന്ന് സ്വയം വിട്ടുനിന്നു ജവഹർലാൽ. കമല മരണശയ്യയിലായപ്പോൾ, വിദേശത്ത് അവർക്കരികിലെത്താനായി അദ്ദേഹത്തിന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു; പക്ഷേ ശിക്ഷ ഇല്ലാതാക്കിയില്ല.
സർക്കാറിൽ നിന്ന് പ്രത്യേക ഇളവുകളൊന്നും ആവശ്യപ്പെടാഞ്ഞത് ഒരു അഭിമാനപ്രശ്നമായി കണ്ടുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ എസ്. ഗോപാൽ നിരീക്ഷിക്കുന്നു. താൻ എതിർക്കുന്ന ഒരു വ്യവസ്ഥയോട് കടപ്പാട് സൂക്ഷിക്കേണ്ടി വരുന്നതിനെയാണ് അഭിമാനപ്രശ്നമെന്ന് വിലയിരുത്തിയത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്‌തമായ പരിഗണന ലഭിച്ചിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നു.
ബിർളയുടെ വാഗ്ദാനം നിരസിച്ചതിലും സമാനമായ ഒരു വിഷയം ഉൾപ്പെട്ടിട്ടുണ്ടാകണം. ജവഹർലാൽ അക്കാലത്ത് ഇടതുപക്ഷത്തിന്റെ മുൻനിര നേതാവായിരുന്നു; ബിർളമാർക്ക് ദേശീയവാദികളെന്ന യോഗ്യത ഉണ്ടായിരുന്നു എങ്കിൽപോലും അവരിൽനിന്ന് ഒരു വലിയ തുക സ്വീകരിക്കുകയെന്നത്, പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന ഒരു സ്ഥാപനത്തോട് കടപ്പാട് സൂക്ഷിക്കേണ്ടി വരുന്നതിന് സമം തന്നെയായിരുന്നു.
ബിർളമാരുടെ വാഗ്ദാനം സ്വീകരിക്കാതിരിക്കാനുള്ള ജവഹർലാലിന്റെ തീരുമാനത്തിന് പിറകിൽ അഭിമാനപ്രശ്നത്തിനു പുറമെ മറ്റൊരു ഘടകവും ഉണ്ടായിരിക്കണം, താൽപര്യ വൈരുധ്യമാണത്. അക്കാലത്ത് അദ്ദേഹം ഏതെങ്കിലുമൊരു ഔദ്യോഗിക സ്ഥാനവും വഹിച്ചിരുന്നില്ല, സമീപഭാവിയിൽ അതിന് സാധ്യതയുമില്ലായിരുന്നു. എങ്കിൽപോലും കൊളോണിയൽ വിരുദ്ധസമരത്തിന്റെ ഒരു പ്രമുഖ നേതാവ് (സന്യാസിയായ ഗാന്ധിയെ ഒഴിച്ചു നിർത്തിയാൽ) ഇന്ത്യൻ മുതലാളിത്ത വർഗത്തിലെ ഒരു പ്രമുഖനോട് വ്യക്തിപരമായി കടപ്പെടേണ്ടിവരുക എന്നതിൽ ഒരു താൽപര്യ വൈരുധ്യം അദ്ദേഹത്തിന് തോന്നിയിരിക്കണം.
ജവഹർലാൽ നെഹ്റുവിനെ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടി ഈയടുത്ത നാളുകളിലായി ഏറെ അവമതിക്കുന്നുണ്ട്; എന്നാൽ അതേ പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് അദാനിമാരുടെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ പറന്നെത്തുന്നതിലെ താൽപര്യ വൈരുധ്യത്തിൽ ഒരു കുഴപ്പവും കണ്ടില്ല. ചുരുക്കത്തിൽ ജവഹർലാൽ പുലർത്തിയിരുന്ന ധാർമികത ഇപ്പോൾ നിലനിൽക്കുന്ന ധാർമികതയിൽനിന്ന്, അല്ലെങ്കിൽ അതിന്റെ അഭാവത്തിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു.
ഒരു വ്യക്തിയുടെ ബൗദ്ധികനിലപാടും രാഷ്ട്രീയ തീരുമാനങ്ങളും ഒരു തൽപരകക്ഷിയോടുള്ള വ്യക്തിപരമായ കടപ്പാടിനാൽ കളങ്കമില്ലാത്തതാണെങ്കിൽ കൂടുതൽ വിശ്വസനീയമായി കണക്കാക്കപ്പെടുന്നു. അതിനാൽ, ബിർളയുടെ വാഗ്ദാനം നിരസിക്കുക വഴി ജവഹർലാൽ ഒരു ധാർമിക നിലപാട് പ്രകടിപ്പിക്കുകയായിരുന്നു, അത് അന്നത്തെ സാഹചര്യത്തിൽ ശരിയായിരുന്നു; ഇക്കാര്യത്തിൽ, അക്കാലത്തെ തന്റെ പല കോൺഗ്രസ് സഹപ്രവർത്തകരെക്കാളും വളരെ മുന്നിലായിരുന്നു അദ്ദേഹം, സമകാലിക നേതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ.
കമലയുടെ വിയോഗശേഷം ജവഹർലാൽ ഇന്ത്യയിലേക്ക് മടങ്ങിയ വിമാനത്തിന് റോമിൽ സ്റ്റോപ് ഓവർ ഉണ്ടായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ നേതാക്കളിലൊരാളെ ഒപ്പം നിർത്തുന്നതിലെ പ്രചാരണ സാധ്യതകളെക്കുറിച്ച് നന്നായി അറിയാവുന്ന ബെനിറ്റോ മുസ്സോളിനി ജവഹർലാലിനെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞ് ആളെ അയച്ചു. ഒപ്പം നിന്ന് പടമെടുക്കാനായിരുന്നു അതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ ഫാഷിസത്തിന്റെ സ്വഭാവത്തെക്കുറിച്ചും മുസ്സോളിനിയെ താൻ ചെന്നു കണ്ടാൽ ഇറ്റാലിയൻ ഫാഷിസ്റ്റുകൾ അത് ഏതുവിധത്തിലെല്ലാം ഉപയോഗിക്കുമെന്നും കൃത്യമായി ബോധ്യമുണ്ടായിരുന്ന ജവഹർലാൽ വിസമ്മതിച്ചു. സമ്മതിച്ചില്ലെങ്കിൽ തന്റെ ജോലി നഷ്ടപ്പെട്ടേക്കുമെന്ന് സഹതാപ കാർഡിറക്കിയ ദൂതനോട് അദ്ദേഹം തർക്കിച്ചുകൊണ്ടിരുന്നു; ജവഹർലാൽ വഴങ്ങാൻ കൂട്ടാക്കാതെ സ്വന്തം വഴിക്കു പോയി.
ഫാഷിസത്തെ മനസ്സിലാക്കുന്നതിലും വെറുക്കുന്നതിലും കൊളോണിയൽ വിരുദ്ധപോരാട്ടത്തിലെ മറ്റ് ഇന്ത്യൻ നേതാക്കളെക്കാൾ ഏറെ മുന്നിലാണെന്ന് ജവഹർലാൽ ഇവിടെയും തെളിയിച്ചു. ഹിന്ദുത്വ ക്യാമ്പ് ഫാഷിസത്തോട് പുലർത്തുന്ന അനുകമ്പയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. അവരുടെ ദൂതനായി ബി.എസ്. മുൻജെ മുസ്സോളിനിയെ കാണാൻ പോയത് യഥാർഥത്തിൽ അയാളുടെ പ്രസ്ഥാനത്തെ നേരിൽകണ്ട് പഠിക്കാനാണ്. മുസ്സോളിനിയുടെ പിൻമുറക്കാർ ഇറ്റലിയിലും ആർ.എസ്.എസ്-മുന്നണി സംഘടനയായ പാർട്ടി ഇവിടെയും അധികാരത്തിലിരിക്കുമ്പോൾ, ജനാധിപത്യത്തെ സ്നേഹിക്കുന്ന ഏവരും ഫാഷിസത്തെക്കുറിച്ചുള്ള ജവഹർലാലിന്റെ നിശിത ധാരണയെ അഭിനന്ദിക്കുക തന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.