വിദ്വേഷത്തിെൻറ ആസിഡ് ഇരുൾ വീഴ്ത്തിയ ജീവിതങ്ങൾ
text_fieldsപൗരത്വസമരം അടിച്ചമർത്താൻ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡൽഹി വംശീയാക്രമണത്തിൽ ഹിന്ദുത്വ തീവ്രവാദികൾ മുഖേത്തേക്കെറിഞ്ഞ ആസിഡിൽ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട വക്കീൽ ആറ് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ശസ്ത്രക്രിയയിൽ എല്ലാ പ്രതീക്ഷയുമർപ്പിച്ചിരിപ്പാണ്.
ഗലിയിൽ നടക്കുന്നതെന്ത് എന്നറിയാൻ ജനലിലൂടെ തല പുറത്തിട്ട നിമിഷം താെഴ നിന്ന് വർഗീയവാദികൾ എറിഞ്ഞ ആസിഡ് മുഖത്ത് വന്നാണ് പതിച്ചത്. അന്ന് ഇരുട്ടിയ ജീവിതം ഇന്നും വക്കീലിന് തിരിച്ചുകിട്ടിയിട്ടില്ല. ലോക്നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
അവിടെ നിന്ന് നേത്രചികിത്സക്കായി ഡൽഹി സർക്കാറിെൻറ ഗുരുനാനാക്ക് കണ്ണാശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോവിഡ് ലോക്ഡൗൺ കാലത്ത് ചികിത്സ നിഷേധിച്ച് തിരിച്ചയച്ചു. ഗുഫ്റാൻ ആലം എന്ന സന്നദ്ധപ്രവർത്തകനാണ് ദരിയാഗഞ്ചിലെ ഡോ. ഷറോഫ് ചാരിറ്റി ആശുപത്രിയിൽ സൗജന്യ ചികിത്സ തരപ്പെടുത്തിയത്.
കാഴ്ചയുടെ നിഴലാട്ടമെങ്കിലും തിരിച്ചുകിട്ടിയാൽ പ്രാഥമിക കൃത്യങ്ങളെങ്കിലും പിതാവിന് സ്വന്തം നിലക്ക് നിർവഹിക്കാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയിലാണ് കുടുംബം. ജംഇയ്യതുൽ ഉലമായെ ഹിന്ദ് ആണ് മൂന്ന് നില ഫ്ലാറ്റും കെട്ടിടത്തിലുണ്ടായിരുന്ന പലചരക്കുകടയും പുനർനിർമിച്ചു തന്നത്.
തെൻറ ഹോട്ടലായ 'ശാഹി ദർബാർ' അടച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ വെടിയേറ്റതാണ് സൽമാന്. ആ സമയത്തായിരുന്നു ജയ് ശ്രീരാം വിളിച്ച് കലാപകാരികൾ ഇരച്ചു വന്നത്. പള്ളിയിൽ അഭയം തേടിയെങ്കിലും പള്ളിക്ക് നേരെ ആക്രമണം തുടങ്ങിയതോടെ അവിടെ നിന്നുമിറങ്ങി ഓടി.
അപ്പോഴാണ് വെടിയേറ്റത്. മുസ്തഫാബാദ് അൽഹിന്ദ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡൽഹി സർക്കാറിന് കീഴിലുള്ള എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് പൊലീസ് വന്ന് പരിശോധിച്ചെങ്കിലും 27നാണ് അഡ്മിറ്റ് ചെയ്തതെന്ന് രേഖയുണ്ടാക്കി. തുടയിൽ വെടിയുണ്ടയുള്ളതിനാൽ വേദനയുണ്ടായിട്ടും നിസ്സാര പരിക്ക് എന്ന് പറഞ്ഞ് ഡോ. എസ്.കെ. ജെയിൻ ഡിസ്ചാർജ് ചെയ്തു വിട്ടു.
ചികിത്സ നൽകാതെ ആശുപത്രിയിൽനിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് വേദന തിന്ന് കഴിയുന്ന തന്നെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി എട്ടു മണിക്കൂർ സ്റ്റേഷനിലിരുത്തി ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടും വേദന ശമിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ടുപോയപ്പോഴാണ് എന്തുമാത്രം ക്രൂരതയാണ് ഡൽഹി സർക്കാർ ആശുപത്രിയിൽ നേരിട്ടതെന്ന് അറിഞ്ഞത്.
ഡിസ്ചാർജ് കാർഡിെൻറ പകർപ്പു വെച്ച് ഡൽഹിയിലെ ക്രൂരമായ അനുഭവം സൽമാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എഴുതി അറിയിച്ചു. കലാപനാളിലൊന്നും ചെയ്യാത്ത കെജ്രിവാളിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് നടക്കാനിപ്പോഴും ഊന്നുവടിയെ ആശ്രയിക്കുന്ന സൽമാൻ പറഞ്ഞു.
വടക്കു കിഴക്കൻ ഡൽഹിയിൽനിന്ന് കലാപത്തിലേറ്റ ഗുരുതര പരിക്കുകളുമായി ഇത്തരത്തിലുള്ള നിരവധി കേസുകളാണ് വന്നതെന്ന് അൽശിഫ ആശുപത്രി ഡയറക്ടർ അബ്ദുൽ നാസർ പറഞ്ഞു. അതിൽ പലരും ഡൽഹിയിലെ വിവിധ ആശുപത്രികളിൽനിന്ന് ചികിത്സിക്കാതെ ഇറക്കിവിട്ടവരായിരുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.