Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എ.സി.എൻ. നമ്പ്യാർ: യൂറോപ്പിലെ ഇന്ത്യൻ ദേശീയതയുടെ ശബ്ദം
cancel
camera_alt

എ.സി.എൻ. നമ്പ്യാർ

ജനിച്ചത് തലശ്ശേരിയിലാണെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യമുന്നേറ്റത്തിനുള്ള കനലുകൾ യൂറോപ്പിലെ രാഷ്ട്രീയവൃത്തങ്ങളിൽ എത്തിച്ചാണ് എ.സി.എൻ. നമ്പ്യാർ ജീവിതം അടയാളപ്പെടുത്തിയത്. 1896ൽ മലയാള സാഹിത്യത്തിന് അടിത്തറയിട്ടവരിലൊരാളായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ നാലാമത്തെ മകനായാണ് ജനനം. ഭാര്യ ഇന്ത്യയിലെ പ്രഥമ വനിത കമ്യൂണിസ്റ്റ് അംഗം എന്നറിയപ്പെടുന്ന സുഹാസിനി ചതോപാധ്യായ (ഈ ബന്ധത്തിന് അൽപായുസ്സായിരുന്നു). സരോജിനി നായിഡുവിന്റെ നേർ സഹോദരിയാണ് സുഹാസിനി.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹപ്രവർത്തകനും നെഹ്റുവിന്റെ സുഹൃത്തുമായിരുന്നു. ഇന്ദിര ഗാന്ധി 'മൈ ഡിയർ നാണു..' എന്ന് വിശേഷിപ്പിച്ചാണ് കത്തുകൾ എഴുതിയിരുന്നത്. കത്തുകൾ അവസാനിപ്പിച്ചത് 'ബൈ ലവിങ് അഫക്ഷനേറ്റ് ഇന്ദു' എന്നുപറഞ്ഞ്.ബ്രസൽസിലും പ്രേഗിലും ബർലിനിലും ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കൂട്ടായ്മകളുമായി പ്രവർത്തിച്ചു. സുഭാഷ് ചന്ദ്രബോസും നമ്പ്യാരും ചേർന്നാണ് ബർലിനിൽ 'ഫ്രീ ഇന്ത്യ സെന്റർ' ഉണ്ടാക്കുന്നത്. ബർലിനിലെ 'ഇന്ത്യൻ ലിജിയനും' അങ്ങനെത്തന്നെ. 1926-1934 കാലത്ത് 'ദ ഹിന്ദു'വിന്റെ ബർലിൻ കറസ്പോണ്ടന്റായിരുന്നു.

രണ്ടാം ലോക യുദ്ധകാലത്ത് യൂറോപ്പിലെ ഇന്ത്യൻ ദേശീയതയുടെ പ്രധാന വക്താക്കളിലൊരാളായിരുന്നു നമ്പ്യാർ. ആശയപരമായി രണ്ടുപക്ഷത്ത് നിലയുറപ്പിച്ച നെഹ്റുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും അടുപ്പക്കാരനായ അപൂർവ വ്യക്തി. എന്തായിരുന്നു നമ്പ്യാരുടെ രാഷ്ട്രീയം എന്നത് പ്രഹേളികയായി തോന്നും. പക്ഷേ, അടിമുടി ബ്രിട്ടീഷ് വിരുദ്ധതയുണ്ടായിരുന്നു. ഒരുവേള സോവിയറ്റ് ചാരൻ എന്ന് വിളിക്കപ്പെട്ടു. ഹിറ്റ്ലറുടെ രഹസ്യപ്പൊലീസിനാൽ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്.

പത്രപ്രവർത്തകൻ എന്നനിലക്ക് ബ്രിട്ടൻ ഇന്ത്യയിൽ നടത്തുന്ന ചൂഷണത്തെക്കുറിച്ച് അദ്ദേഹം എഴുതി. ജർമനിയിലെ സാമ്രാജ്യത്വ വിരുദ്ധതയുടെ ഇന്ത്യൻ മുഖമായ 'ഇന്ത്യൻ ഇൻഫർമേഷൻ ബ്യൂറോ' തുടങ്ങാൻ 1929ൽ നമ്പ്യാരോട് നിർദേശിച്ചത് നെഹ്റുവാണ്. സുഭാഷ് ചന്ദ്രബോസിനായി ജർമൻ വിദേശകാര്യ ഓഫിസിലെ കാര്യങ്ങൾ നിർവഹിച്ചതും അദ്ദേഹംതന്നെ.1945ൽ രണ്ടാം ലോകയുദ്ധത്തിൽ ജർമനി കീഴടങ്ങിയതോടെ, ബ്രിട്ടീഷ് സൈന്യം നമ്പ്യാരെ ജർമനിയിൽനിന്ന് പിടികൂടി. ബ്രിട്ടീഷ് താൽപര്യം അവഗണിച്ചാണ് നെഹ്റു നമ്പ്യാർക്ക് പാസ്പോർട്ട് നൽകുന്നത്. പിന്നീട് നെഹ്റുവിന്റെ നിർബന്ധത്തിനുവഴങ്ങി ഇന്ത്യൻ നയതന്ത്രമേഖലയിൽ പ്രവർത്തിച്ചു.

സ്കാൻഡിനേവിയയിൽ ഇന്ത്യൻ അംബാസഡറായും ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയിലെ ഇന്ത്യയുടെ ആദ്യ അംബാസഡറുമായി. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്പ് കറസ്പോണ്ടന്റായും പിൽക്കാലത്ത് പ്രവർത്തിച്ചു. അധികാരത്തിന്റെ ചരട് കൈയിലുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിട്ടും അതൊന്നും ഉപയോഗിക്കാത്ത ആളായിരുന്നു നമ്പ്യാർ. സുഭാഷ് ചന്ദ്രബോസ് ജർമനിയിൽനിന്ന് കിഴക്കനേഷ്യയിലേക്ക് പോകുന്ന തീയതി പങ്കുവെച്ചത് നമ്പ്യാരോട് മാത്രമായിരുന്നു.

ബ്രിട്ടീഷ് ഇന്റലിജൻസുകാർ ബോസിനെ വട്ടമിട്ട കാലത്താണിത്. തന്റെ പൂർവകാല പ്രവർത്തനങ്ങൾ എഴുതാനോ പരസ്യമാക്കാനോ അദ്ദേഹം മെനക്കെട്ടില്ല. ആരോഗ്യസ്ഥിതി മോശമായ അദ്ദേഹത്തെ ഇന്ദിര ഗാന്ധിയാണ് 80കളിൽ സൂറിച്ചിൽനിന്ന് തിരിച്ച് ഇന്ത്യയിലെത്താൻ നിർബന്ധിച്ചത്. ഇന്ദിര ഗാന്ധിയുടെ മരണത്തോടെ കടുത്ത വിഷാദത്തിലേക്കുവീണ നമ്പ്യാർ 1986 ജനുവരി 17 നിര്യാതനായി.വി.പി. മേനോന്റെ മരുമകനും 'റോ' ഉദ്യോഗസ്ഥനും കാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയുമായിരുന്ന വി. ബാലചന്ദ്രൻ 'എ ലൈഫ് ഇൻ ഷാഡോ: ദ സീക്രട്ട് സ്റ്റോറി ഓഫ് എ.സി.എൻ നമ്പ്യാർ' എന്ന പേരിൽ 2017ൽ പുസ്തകമെഴുതിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence DayBest of BharatACN Nambiar
News Summary - A.C.N. Nambiar: Voice of Indian Nationalism in Europe
Next Story