അറിയാം, സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ പ്രവർത്തനങ്ങൾ
text_fieldsആഗോള ന്യൂനപക്ഷാവകാശ ദിനമായ ഇന്ന്, സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.എം. ജോസഫ് നടത്തിയ ഒരു സുപ്രധാന നിരീക്ഷണം ഓർത്തു പോവുകയാണ്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കും വിവേചനരഹിതമായി ഉറപ്പാക്കാൻ കഴിയുന്നതാണ് ജനാധിപത്യം. എന്നാൽ വർത്തമാന കാലത്ത് നടക്കുന്നത് എന്താണ്? ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുന്നു. അർഹതപ്പെട്ടത് പോലും ലഭിക്കാൻ അവർക്ക് കാതങ്ങൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദുർബലമായ ശബ്ദങ്ങൾക്ക് കാതോർക്കാൻ പലർക്കും വിമുഖതയാണ്. നിരന്തരമായ വേട്ടയാടപ്പെടലിന് ശേഷം അവർ നിശബ്ദമായി ഭൂമിയിലേക്ക് മറയുന്നു. ഒന്ന് കണ്ണീർ തോർത്താൻ, ഒരാശ്വാസവാക്കു പറയാൻ ഒരുപക്ഷേ ഭൂമുഖത്ത് ആരുമുണ്ടാകണമെന്നില്ല.
അന്തസ്സോടെ ജീവിക്കുക എന്നതിന്റെ അർഥമെന്താണ്? ഏറ്റവും ദുർബലരായ ആളുകളോട് നമ്മൾ എങ്ങനെ നീതി പുലർത്തും? പ്രാചീന ഗ്രീക്ക് തത്ത്വചിന്തകരിൽ നിന്നാണ് അന്തസ്സ് എന്ന ആശയം ഉടലെടുത്തത്. മനുഷ്യന്റെ മാന്യത യുക്തിസഹമായി കണക്കാക്കിയ അരിസ്റ്റോട്ടിൽ, വ്യക്തിഗത സദ്ഗുണത്തിനും ധാർമ്മിക സമഗ്രതയ്ക്കും ഊന്നൽ നൽകിയ സ്റ്റോയിക് തുടങ്ങിയ തത്ത്വചിന്തകരിൽ നിന്നായിരുന്നു ആവിർഭാവം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1948ലെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം മനുഷ്യാവകാശങ്ങളും അന്തസ്സും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. ദേശീയത, വംശീയത അല്ലെങ്കിൽ വിശ്വാസം എന്നിവ പരിഗണിക്കാതെ ഓരോ വ്യക്തിക്കും മൗലികാവകാശങ്ങളുടെ അവകാശത്തിനുള്ള സാർവത്രിക മാനദണ്ഡങ്ങൾ ഈ പ്രഖ്യാപനരേഖയിലുടെ സ്ഥിരീകരിക്കുന്നു.
നിയമത്തിനപ്പുറം അവകാശങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. വ്യക്തികളെ അവരുടെ ക്ഷേമത്തിനും മറ്റുള്ളവരുടെ ക്ഷേമത്തിനും വേണ്ടി വാദിക്കാൻ അത് പ്രാപ്തരാക്കുന്നതോടൊപ്പം സമൂഹിക ബോധവും ഉത്തരവാദിത്ത്വവും വളർത്തുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 12 മുതൽ 32 വരെ മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്നു. അമിതാധികാര പ്രയോഗത്തിനും വിവേചനത്തിനും അടിച്ചമർത്തലിനും എതിരെ വ്യക്തമായ സംരക്ഷണം നൽകുന്നതാണിത്. അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന പ്രത്യേകാവകാശത്തിന് പദവി പരിഗണിക്കാതെ ഓരോ പൗരനും അർഹതയുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ അവകാശങ്ങൾ നമുക്ക് ഉറപ്പാക്കിയത് ഭരണഘടനാശിൽപിക്കൾക്ക് നിയമവാഴ്ചയോടുള്ള തെളിവിന്റെ ഉദാഹരണമാണ്. ഈ അവകാശങ്ങൾ കേവലം വാഗ്ദാനം ചെയ്താൽ മാത്രംപോര, മറിച്ച് അവ വിട്ടുകൊടുക്കുകയും വേണം. അതിനാണ് ന്യൂനപക്ഷ കമ്മീഷൻ പോലുള്ള അവകാശ സംരക്ഷണ സ്ഥാപനങ്ങൾ ഇവിടെ പ്രാവർത്തികമായത്.
ഐക്യരാഷ്ട്രസഭയാണ് 1992 ഡിസംബർ 18 ലോക ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും തുല്യ നീതിക്കും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ന്യൂനപക്ഷ ജന വിഭാഗം. 1849-ൽ ഹംഗേറിയൻ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങൾ രൂപവത്കരിക്കുന്നത്. വംശപരവും, മതപരവും, ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യ ഘടകമാണ്.
ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും ഭരണഘടനയും പാർലമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസനത്തിനുമായി രൂപം നൽകിയിട്ടുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് 1992 ലെ നാഷണൽ കമീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമീഷന് കേന്ദ്രസർക്കാർ രൂപം നൽകിയത്. കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് 2013ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഓർഡിനൻസും 2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ആക്ടും പ്രകാരം കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപീകരിച്ചത്. സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപീകരിച്ചുകൊണ്ട് 2013 മേയ് 15-ാം തീയതി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. നാലാമത് കമ്മീഷനാണ് സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചുവരുന്നത്.
ഒരു പരാതി പരിഹാര ഫോറം എന്നതിൽ നിന്ന് ന്യൂനപക്ഷ കമീഷന്റെ പ്രവർത്തനങ്ങളെ പ്രായോഗിക തലത്തിലേക്ക് പറിച്ചുനട്ട് നിസ്സഹായരും ദുർബലരുമായ ജനവിഭാഗത്തിന്റെ ജീവിതോന്നതിക്ക് വേണ്ടി ഫലപ്രദമായ നടപടികൾ നടപ്പാക്കുക എന്നതാണ് നാലാമത് ന്യൂനപക്ഷ കമീഷന്റെ സുപ്രധാന ലക്ഷ്യം.
ന്യൂനപക്ഷ വിഭാഗങ്ങൾ
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിഖ്, പാഴ്സി എന്നിങ്ങനെ 6 വിഭാഗങ്ങളെയാണ് സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. അതിൽ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളായും പരിഗണിച്ചുവരുന്നു.
2011 ലെ കാനേഷുമാരി കണക്കനുസരിച്ച് സംസ്ഥാനത്തെ 35 മില്ല്യൺ വരുന്ന ജനസംഖ്യയിൽ 15 മില്ല്യൺ ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 42 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ് ഭൂരിപക്ഷമുള്ളത് (മുസ്ലിം - 59%, ക്രിസ്ത്യൻ - 40%,). സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ - 0.03%, ജൈന - 0.03%, സിഖ് - 0.03%, പാഴ്സി - 0.01% വിഭാഗങ്ങൾ ജനസംഖ്യയിൽ 1 ശതമാനം മാത്രമാണുള്ളത്. നിലവിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ജനസംഖ്യയുടെ 46 ശതമാനമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് അവരിൽ അവബോധം സൃഷ്ടിക്കുക, കമീഷന്റെ പ്രവർത്തനങ്ങൾ പ്രസ്തുത ജനവിഭാഗങ്ങൾക്കിടയിലെത്തിക്കുക എന്ന ഉദ്യമത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിച്ചു വരുന്നു. കൂടാതെ സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാനത്താദ്യമായി എറണാകുളത്ത് വെച്ച് സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്ഥാനതല സെമിനാറും സംഘടിപ്പിച്ചു.
ന്യൂനപക്ഷ ക്ഷേമം
കേരളത്തിൽ ന്യൂനപക്ഷ സമൂദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേമത്തിനുമായി സർക്കാർ തലത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ന്യൂനപക്ഷ ഡയറക്ടറേറ്റ്, സംസ്ഥാന ന്യൂനപക്ഷ കമീഷൻ, ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ, വഖഫ് ബോർഡ്, ഹർജ്ജ് തീർഥാടനം, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
കമീഷൻ പരിഗണിക്കുന്ന പരാതിയുടെ സ്വഭാവം
വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് കമീഷനിൽ നിക്ഷിപ്തമായിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ വികസനത്തിലുണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുക, ന്യൂനപക്ഷങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാപരവുമായുള്ള അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് സംബന്ധിച്ചുള്ള പ്രത്യേക പരാതികളിന്മേൽ അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തുകയും പരിഹാര നടപടികൾ നിർദേശിക്കുകയും ചെയ്യുക തുടങ്ങി ന്യൂനപക്ഷങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും കമീഷന് നേരിട്ടിടപെട്ട് പരിഹാരം നിർദേശിക്കാവുന്നതാണ്.
ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമീഷന് അതിന്റെ ചുമതലകൾ നിർവഹിക്കുമ്പോൾ വിനിയോഗിക്കാവുന്നതാണ്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും ഏതൊരാളെയും വിളിച്ചുവരുത്തുവാനും അന്വേഷണ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുവാനും കമീഷന് അധികാരമുണ്ട്. സർക്കാർ തലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമീഷൻ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.
ന്യൂനപക്ഷങ്ങളെ/ന്യൂനപക്ഷ സ്ഥാപനങ്ങളെ/ന്യൂനപക്ഷ സമുദായാംഗങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും അവകാശ നിഷേധത്തെക്കുറിച്ചും ആർക്കും കമീഷനിൽ പരാതിപ്പെടാവുന്നതാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ പരാതി തപാൽ മാർഗമോ, തിരുവനന്തപുരത്തെ ഓഫിസിൽ നേരിട്ടോ, കമ്മീഷൻ സിറ്റിങ് നടത്തുന്ന സ്ഥലങ്ങളിൽ മെമ്പർമാർക്ക് നേരിട്ടോ, kscminorities@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശമായോ പരാതി സമർപ്പിക്കാവുന്നതാണ്. പരാതിയോടൊപ്പം ഫീസ് ഒന്നും നൽകേണ്ടതില്ല.
കമീഷൻ പരിഗണിച്ചതും തീർപ്പാക്കിയതുമായ ഹർജികൾ
2023 ആഗസ്റ്റ് 8 ന് ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ നാലാമത് കമീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തിയ 110 സിറ്റിങ്ങുകളിൽ പരിഗണിച്ച 910 ഹർജികളിൽ 350 എണ്ണം തീർപ്പ് കൽപ്പിച്ചു.
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം
സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ (ബുദ്ധ, ജൈന, സിഖ്, പാഴ്സി) വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട പ്രവർത്തനങ്ങൾക്കും നാലാമത് കമീഷൻ രൂപം നൽകി. അതിന്റെ ഭാഗമായി സംസ്ഥാന ചരിത്രത്തിലാദ്യമായി സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിപ്പിച്ചുകൊണ്ട് എറണാകുളത്ത് 2024 ജനുവരിയിൽ സംഘടനാ നേതാക്കളുടെ വിപുലമായ യോഗം ചേർന്നു. തുടർന്ന് സൂക്ഷ്മ ന്യൂനപക്ഷ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് 2024 ഫെബ്രുവരിയിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിച്ചു.
സംസ്ഥാനത്ത് അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരശേഖരണമെന്ന പ്രാഥമിക ചുവടുവെപ്പിലേക്ക് കമീഷൻ കടക്കുകയുണ്ടായി. ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള മീഡിയ അക്കാദമിയുമായി കമീഷൻ ധാരണാപത്രം ഒപ്പിടുകയും അതുപ്രകാരം മീഡിയ അക്കാദമി സമയബന്ധിതമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് നിലവിലില്ലാതിരുന്ന സാഹചര്യത്തിലാണ് കമ്മീഷൻ മുൻകൈയെടുത്ത് വിപുലമായ സർവെ നടത്തിയത്. സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പഠന റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു.
റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 6 പാഴ്സി കുടുംബങ്ങളും (കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ 2 വീതം), 350 സിഖുവിഭാഗക്കാരും, 3000 ജൈന സമുദായാംഗങ്ങളും, 4000 ബുദ്ധമതാനുയായികളുമാണ് അധിവസിക്കുന്നത്.
സമന്വയം - ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ
ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ യുവതീയുവാക്കൾക്ക് തൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സംരഭമാണ് 'സമന്വയം'.
പ്ലസ്ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള (ഐ.ടി.ഐ, പോളിടെക്നിക് ഉൾപ്പെടെ) 18 നും 59 നും മധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരുലക്ഷം പേർക്ക് ഒരു വർഷം കൊണ്ട് സ്വകാര്യ തൊഴിലോ, വിദേശ തൊഴിലോ ലഭ്യമാക്കുകയോ ലഭ്യമാക്കുന്നതിനുള്ള തൊഴിൽ പരിശീലനമോ, ഭാഷാ പരിജ്ഞാനമോ നൽകുകയുമാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയും തൊഴിൽമേളകളും സംഘടിപ്പിച്ചുവരികയാണ്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെയും അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ഇനി വാട്സാപ്പിലൂടെയും പരാതി നൽകാം
സംസ്ഥാന ന്യൂനപക്ഷ കമീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ നിന്നും കമീഷൻ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കും. കേരളപ്പിറവി ദിനത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വാട്സാപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. ഇനി മുതൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് 9746515133 എന്ന നമ്പറിൽ കമീഷനിൽ ഞൊടിയിടയിൽ പരാതി സമർപ്പിക്കാനാകും. നേരത്തെ, കമീഷനിൽ നേരിട്ടും ഇ- മെയിൽ, തപാൽ മുഖേനയുമാണ് പരാതികൾ സ്വീകരിച്ചിരുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമീഷനിൽ വാട്സാപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതുവഴി സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവരുടെ ആകുലതകൾക്കും ആവലാതികൾക്കും വേഗത്തിൽ പരിഹാരം കാണാൻ കഴിയും.
സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ നേതൃത്വം നൽകുന്നത്. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തുകയെന്ന നിക്ഷിപ്തമായ കടമയിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ പ്രസ്തുത ജനവിഭാഗങ്ങളുടെയാകെ കാവലാളാവുകയെന്നതും കമീഷൻ ലക്ഷ്യം വെക്കുന്നു.
സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.