Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആദിവാസികൾ...

ആദിവാസികൾ ഏറ്റുചൊല്ലുന്നു സീതാ മുര്‍മുവിന്റെ സത്യപ്രതിജ്ഞ

text_fields
bookmark_border
ആദിവാസികൾ ഏറ്റുചൊല്ലുന്നു സീതാ മുര്‍മുവിന്റെ സത്യപ്രതിജ്ഞ
cancel
camera_alt

സീത മു​ര്‍മു​

ഇന്ത്യയുടെ പ്രഥമപൗരയെന്ന പദവിയിലേക്ക് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹണം ഇന്ത്യയിലെ ഒമ്പത് ശതമാനത്തിനടുത്തുവരുന്ന ആദിവാസിവിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അഭിമാനബോധം ഒട്ടും ചെറുതായിരിക്കില്ല. കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും തിരിച്ചറിയാന്‍ കഴിയാതെപോയ ഈ സാമൂഹിക സ്പന്ദനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ വംശീയ രാഷ്ട്രീയം കൈമുതലാക്കിയ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സാധിച്ചു എന്നത് അവരുടെ രാഷ്ട്രീയ കൗശല്യം.

ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സംരക്ഷകര്‍ തങ്ങളാണെന്ന് പ്രചരിപ്പിക്കാനും ബി.ജെ.പിക്ക് സാധിച്ചു. അതേസമയം, ഒരു മുന്‍കാല ആർ.എസ്.എസ് പ്രവര്‍ത്തകനെ, ഒരു കായസ്തനെ, രാഷ്ട്രപതി സ്ഥാനാർഥിയാക്കുക വഴി പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ പാപ്പരത്തം കൂടുതൽ വെളിപ്പെടുകയും ചെയ്തു.

പ്രാതിനിധ്യത്തെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്ന ബി.ജെ.പി ഭരണകൂടം വാസ്തവത്തില്‍ ഇന്ത്യയിലെ ആദിവാസി ജനവിഭാഗങ്ങളോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന കാര്യംകൂടി ഈയവസരത്തില്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളുടെ വനത്തിന്മേലുള്ള അവകാശത്തെ റദ്ദുചെയ്യുന്ന രീതിയില്‍ 2022 ജൂണ്‍ 28ന് വനാവകാശ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് അവതരിപ്പിച്ചതും ഇതേ ബി.ജെ.പി സര്‍ക്കാര്‍ തന്നെയാണ്.

പുതിയ നിയമഭേദഗതി വനമേഖലയിലെ വന്‍കിട ഖനനപദ്ധതികളടക്കമുള്ളവ ഒരു നിയമതടസ്സവും കൂടാതെ നടപ്പാക്കാന്‍ കോർപറേറ്റുകളെ സഹായിക്കുന്നതാണ്. ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളിലെ വിവിധങ്ങളായ ഖനനപദ്ധതികളില്‍ അദാനിയുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിയമ (ഭേദഗതി) നിർമാണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്ന് കാണാന്‍ കഴിയും.

സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സ്രോതസ്സുകളിലൊന്നായ അദാനിയുടെ ഇന്ത്യന്‍ മിനറല്‍ കോറിഡോറിലെ സാന്നിധ്യം ആദിവാസി മേഖലകളില്‍ വലിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നത് പുറംലോകം അധികമറിയാത്ത കാര്യമാണ്. ഛത്തിസ്ഗഢിലെ ഖര്‍ഗാവ്, ജിഗര്‍ദാര്‍, പാര്‍സ (ഹാസ്ദിയോ അരണ്യ), ഗരേ പെല്‍മ, ഒഡിഷയിലെ താലബീര, ഝാർഖണ്ഡിലെ ഗോണ്ടല്‍പാര, ആന്ധ്രപ്രദേശിലെ ധിരൗളി, മധ്യപ്രദേശിലെ ഗോണ്ട്‌ഖൈരി തുടങ്ങി നിരവധി കല്‍ക്കരി ബ്ലോക്കുകളാണ് മോദിഭരണത്തിന് കീഴില്‍ അദാനിക്കായി തുറന്നുകൊടുത്തിരിക്കുന്നത്.

ഇവക്കുപുറമെ, എല്ലാ നിയമങ്ങളും കാറ്റിൽപറത്തി അദാനിയുടെ ഒട്ടനവധി വന്‍കിട കല്‍ക്കരി വൈദ്യുതനിലയ പദ്ധതികള്‍ ആദിവാസിമേഖലകളില്‍ പ്രവര്‍ത്തനത്തിനൊരുങ്ങി നില്‍ക്കുകയാണ്. ഈ മേഖലകളിലെല്ലാംതന്നെ വിവിധ ആദിവാസി ഗോത്രവിഭാഗങ്ങള്‍ തങ്ങളുടെ വനവും ഭൂമിയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ സജീവമാണ്.

അദാനി കോർപറേഷന്റെ ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് കരയുന്ന സീതാ മുര്‍മു എന്ന ആദിവാസി സ്ത്രീയുടെ വിഡിയോ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഝാർഖണ്ഡിലെ ഗൊഡ്ഡയിൽ അദാനിയുടെ കല്‍ക്കരിനിലയത്തിന് വേണ്ടി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ ആദിവാസി ഗ്രാമീണര്‍ നൽകിയ ദയാഹരജികളൊന്നും പരിഗണിക്കപ്പെട്ടില്ല.

2022 ജൂണ്‍ 22ന് ഗൊഡ്ഡയിലെ സുന്ദര്‍പഹാഡിയിൽ നടന്ന സാന്താള്‍ ആദിവാസികളുടെ വിശാലസമ്മേളനത്തില്‍വെച്ച് തങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ ജീവന്‍പോലും നല്‍കുമെന്ന് അതേ സീതാ മുര്‍മു അടക്കമുള്ള ആദിവാസികള്‍ സത്യപ്രതിജ്ഞ ചെയ്തു. 1774ല്‍ ബ്രിട്ടീഷ് ഖനന പദ്ധതിക്കെതിരെ ആയുധമെടുത്തിറങ്ങിയ 'പഹാഡിയ സര്‍ദാര്‍'മാരുടെ പിന്മുറക്കാരാണ് തങ്ങളെന്നും അവർ സര്‍ക്കാറിനെ ഓർമിപ്പിച്ചു.

ഇന്ത്യയിലെ ആദിവാസിമേഖലകളില്‍ നിലനിൽപിനായി പോരാടുന്ന നിരവധി ആദിവാസി സംഘടനാപ്രവര്‍ത്തകരെ ജയിലിലടക്കുകയും നിരന്തര പീഡനങ്ങള്‍ക്ക് വിധേയമാക്കുകയുംചെയ്തത് നമുക്കറിയാം. ഒഡിഷയില്‍ കുനി സികാക, ഝാർഖണ്ഡില്‍ ദയാമണി ബര്‍ള, ഛത്തിസ്ഗഢില്‍ സോനി സോരി, ദീപേന്ദ്ര സോരി തുടങ്ങി നിരവധി ആദിവാസി വനിതകള്‍ അതിഭീകരമായ പൊലീസ് അതിക്രമങ്ങള്‍ക്ക് വിധേയമാവുകയും ജയില്‍വാസം അനുഷ്ഠിക്കേണ്ടിവരികയും ചെയ്തു.

ആദിവാസികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഡോ. ബിനായക്‌സെന്‍, ഡോ. സൈബല്‍ ജെന, ഹിമാന്‍ഷുകുമാര്‍ (2009ല്‍ ദന്തേവാഡയില്‍ 17ഓളം ആദിവാസികളെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ ആക്ടിവിസ്റ്റായ ഹിമാന്‍ഷുകുമാര്‍ നല്‍കിയ പൊതു താല്‍പര്യ ഹരജി തള്ളിക്കളഞ്ഞ്, പരാതിക്കാരനെതിരെ കേസ് ചാർജ് ചെയ്യാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതും അദ്ദേഹത്തിനു മേല്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതും ഈയവസരത്തില്‍ ഓര്‍ക്കുക), അഡ്വ. സുധാ ഭരദ്വാജ് തുടങ്ങിയവര്‍ക്ക് അറസ്റ്റ് ഭീഷണികളും ജയില്‍ജീവിതവും വിധിക്കപ്പെട്ടു.

ഇന്ത്യയിലെ ആദിവാസി ജീവിതം, പ്രത്യേകിച്ചും ഇന്ത്യയിലെ മിനറല്‍ കോറിഡോറില്‍, അസ്വസ്ഥബാധിതമായി മാറിയതിന് പിന്നില്‍ രാജ്യത്തെ വികസനതന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്. ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുംതന്നെ വികസനവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്‌നമായി ഇതിനെ പരിഗണിക്കാന്‍ തയാറായിട്ടില്ലെന്നതും വസ്തുതയാണ്.

അദാനിയുടെ താൽപര്യങ്ങൾക്കനുസൃതമായി ചലിക്കുന്ന ഭരണകൂടത്തിന്റെ ആശീർവാദത്തോടെ ദ്രൗപദി മുര്‍മു പ്രതിജ്ഞയെടുക്കാനിരിക്കെ, അദാനിയടക്കമുള്ള കോർപറേറ്റുകളില്‍നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്ന് സീതാ മുര്‍മു ചൊല്ലുന്ന പ്രതിജ്ഞാ വാചകമാണ് ഇന്ത്യന്‍ കാടകങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sita Murmu
News Summary - Adivasis take Sita Murmu's oath
Next Story