പ്രായശ്ചിത്തം ചെയ്യാൻ അവർക്ക് ബാധ്യതയുണ്ട്
text_fieldsഅഫ്ഗാൻ സംഭവവികാസങ്ങൾ വിലയിരുത്തി പ്രശസ്ത ഇടതു ചിന്തകൻ താരിഖ് അലി എഴുതിയ ദീർഘലേഖനത്തിെൻറ രണ്ടാംഭാഗം
2001മുതൽ അഫ്ഗാനിസ്താനിൽ പൊരുതിയ 7,75,000 സൈനികരിൽ 2,448 പേർ കൊല്ലപ്പെട്ടു. ഏകദേശം 4,000 യു.എസ് കരാർ സൈനികരും. പ്രതിരോധ വകുപ്പിൻെറ കണക്കുപ്രകാരം 20,589 പേർക്ക് പരിക്കേറ്റു. അഫ്ഗാനികളുടെ ആൾനാശക്കണക്ക് കണ്ടെത്തുക ദുഷ്കരം. സിവിലിയൻമാരുൾപ്പെടെ 'ശത്രുക്കളുടെ നാശം'എണ്ണിത്തിട്ടപ്പെടുത്തിയിരുന്നില്ല.
2002 ജനുവരി മധ്യം വരെ 4,200-4,500 സിവിലിയൻമാർ യു.എസ് ആക്രമണത്തിലും വ്യോമാക്രമണത്തിലുമായി കൊല്ലപ്പെട്ടെന്നാണ് ഡിഫൻസ് ആൾട്ടർനേറ്റിവിൻെറ കോ-ഡയറക്ടർ കാൾകൊണേട്ടയുടെ വിലയിരുത്തൽ. 2021 ആയപ്പോഴേക്ക് 47,245 സിവിലിയൻമാർ അധിനിവേശത്തിൻെറ ഫലമായി ഇല്ലാതായെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിലെ പൗരാവകാശ പ്രവർത്തകർ നൽകുന്നത് അതിലേറെ വലിയ ഒരു സംഖ്യയാണ്. ലക്ഷം അഫ്ഗാനികൾ (അതിൽ പലരും പോരിനിറങ്ങിയവർ പോലുമല്ല) കൊല്ലപ്പെെട്ടന്നാണ് അവരുടെ കണക്ക്. ഇതിൻെറ മൂന്നിരട്ടിയെങ്കിലും വരും പരിക്കേറ്റവരുടെ എണ്ണം.
സുദീർഘയുദ്ധത്തിൻെറ പാളിച്ചകൾ വിലയിരുത്താൻ യു.എസ് ചുമതലപ്പെടുത്തിയ പ്രകാരം 2019ൽ 2000 പേജ് വരുന്ന ഒരു ആഭ്യന്തര റിപ്പോർട്ട് 'അഫ്ഗാൻ രേഖകൾ' എന്ന പേരിൽ 'വാഷിങ്ടൺ പോസ്റ്റ്' പ്രസിദ്ധീകരിച്ചിരുന്നു. സർവീസിലുള്ളവരും വിരമിച്ചവരുമായ യു.എസ് സൈനിക മേധാവികൾ, രാഷ്ട്രീയ ഉപദേഷ്ടാക്കൾ, നയതന്ത്രജ്ഞർ, സഹായ പ്രവർത്തകർ തുടങ്ങിയവരുമായി നടത്തിയ അഭിമുഖ പരമ്പരകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്. ആ വിലയിരുത്തുകൾ ഞെട്ടിക്കുന്നതായിരുന്നു.
ബുഷിെൻറയും ഒബാമയുടെയും കീഴിൽ അഫ്ഗാൻ യുദ്ധച്ചുമതല വഹിച്ച ജനറൽ ഡഗ്ലസ് ലൂട്ട് തുറന്നു പറഞ്ഞത് അഫ്ഗാനിസ്താനെപ്പറ്റി അടിസ്ഥാന പരമായ അറിവുപോലും തങ്ങൾക്കില്ലാതെ പോയി എന്നാണ്. എന്താണ് ചെയ്യുന്നതെന്നോ, എന്തു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നോ നേരിയ ഊഹം പോലുമില്ലായിരുന്നു. ഈ ശേഷിക്കുറവിൻെറ വ്യാപ്തി അമേരിക്കൻ ജനത മനസ്സിലാക്കിയിരുന്നെങ്കിൽ എന്നായിരുന്നു മറ്റൊരു ദൃക്സാക്ഷിയുടെ പരിഭവം. ബുഷിനും ഒബാമക്കും കീഴിൽ നാവികമേധാവിയായിരുന്ന ജഫ്രി എഗ്ഗേഴ്സ് പാഴാക്കുന്ന വിഭവങ്ങളെക്കുറിച്ചാണ് വാചാലനായത്. ട്രില്യൻ ഡോളർ ദൗത്യംകൊണ്ട് നമ്മൾ എന്താണ് നേടിയത്? അഫ്ഗാെൻറ പേരിൽ എത്ര കോടികളാണ് തുലച്ചത് എന്നോർത്ത് വെള്ളത്തിനുള്ളിലെ ശവക്കുഴിയിൽ കിടന്ന് ഉസാമ ബിൻ ലാദിൻ ഊറിച്ചിരിക്കുന്നുണ്ടാവുമെന്നും നാം നഷ്ടക്കാരാെയന്നുമായിരുന്നു അദ്ദേഹത്തിെൻറ പഴി.
ദീർഘകാലം അവിടെ സേവനം നടത്തിയ യു.എസ് പട്ടാളക്കാരൻ വ്യക്തമാക്കിയത് അഫ്ഗാൻ പൊലീസുകാരിൽ മൂന്നിലൊന്നുപേരും മയക്കുമരുന്ന് അടിമകളും വലിയ ഒരു വിഭാഗം താലിബാൻ അനുകൂലികളുമാണെന്നാണ്. ഇത് യു.എസ് സൈനികർക്ക് വലിയ പ്രശ്നം സൃഷ്ടിച്ചിരുെന്നന്ന് പ്രത്യേക സേനാമേധാവികളിലൊരാൾ 2017ൽ സാക്ഷ്യപ്പെടുത്തിയിരുന്നു: ''അവർ കരുതിയത് താൻ ചെന്നത് എവിടെയാണ് നല്ലയാൾക്കാരും മോശമാളുകളും പാർക്കുന്ന ഇടങ്ങളെന്ന് കാണിച്ചു കൊടുക്കാനാണെന്നാണ്. എെൻറ ൈകയിൽ വിവരങ്ങളൊന്നുമില്ല എന്ന കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു.
ഡൊണാൾഡ് റംസ്ഫെൽഡ് 2003ൽ തന്നെ ഇതേ വികാരം പങ്കുവെച്ചിരുന്നു. ''അഫ്ഗാനിലോ, ഇറാഖിലോ ആവട്ടെ, ആരാണീ മോശം ആൾക്കാർ എന്നതിനെപ്പറ്റി എനിക്ക് ഒരു ധാരണയുമില്ലായിരുന്നു.എല്ലാ രഹസ്യവിവരങ്ങളും പരിശോധിച്ചു, അപ്പോൾ തോന്നുക വലുതായെന്തോ കിട്ടിപ്പോയി എന്നാണ്. പക്ഷേ, ഇറങ്ങിപ്പുറപ്പെടുേമ്പാഴാണ് കാര്യമായൊന്നും കിട്ടിയിട്ടില്ല എന്ന് ബോധ്യപ്പെടുന്നത്. ആളുകളുടെ ബുദ്ധി അളക്കാൻ നമ്മൾ അശക്തരാണ്''. ആൾത്തിരക്കുള്ള മാർക്കറ്റിലെ സ്ഫോടന ശേഷം കൂട്ടാളികളും ശത്രുക്കളും തമ്മിലെ വ്യത്യാസം പറഞ്ഞു കൊടുക്കാൻ കഴിയാതെ കണ്ണിൽകണ്ടവർക്കെല്ലാമെതിരെ ആക്രമണം അഴിച്ചുവിടുന്നത് കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ.
തുടക്കംമുതലേ കടുത്ത അഴിമതി നടമാടിയിരുെന്നന്ന് മൂന്നു സൈനിക മേധാവികളുടെ ഉപദേഷ്ടാവായി വർത്തിച്ച കേണൽ ക്രിസ്റ്റഫർ കൊലിൻറ ചൂണ്ടിക്കാട്ടുന്നു. കർസായി സർക്കാർ നിലനിന്നതു തന്നെ ചോരണാധിപത്യത്തിലായിരുന്നു. അധിനിവേശം നിലനിർത്തുന്നതിന് രൂപം നൽകിയ തന്ത്രങ്ങളെ അത് അട്ടിമറിച്ചു. നിസ്സാര അഴിമതി തൊലിപ്പുറത്തെ കാൻസർ പോലെയാണ്, അതു ഭേദപ്പെടുത്താൻ വഴി കണ്ടെത്താനായേക്കും. മന്ത്രിമാരും ഉന്നതരും ഉൾക്കൊള്ളുന്ന അഴിമതി മലാശയ കാൻസർ പോലെയാണ്. അത് ഗുരുതര പ്രശ്നമാണെങ്കിലും സമയത്തിന് കണ്ടെത്തി ചികിത്സിച്ചാൽ ശരിപ്പെട്ടേക്കും. എന്നാൽ കള്ളത്തിലും കവർച്ചയിലും അടിപ്പെട്ട ചോരണാധിപത്യ ഭരണസംവിധാനം തലച്ചോറിനെ ബാധിച്ച കാൻസർ പോലെ മാരകമാണ്. പതിറ്റാണ്ടുകളായി എല്ലാ മേഖലയിലും ചോരണാധിപത്യം വ്യാപിച്ചിട്ടും പാകിസ്താൻ എങ്ങനെയോ നിലനിന്നുപോകുന്നുണ്ട്. പക്ഷേ, അധിനിവേശ സേനയും ജനപിന്തുണയില്ലാത്ത സർക്കാറും ചേർന്ന് രാഷ്ട്ര നിർമാണ പ്രവർത്തനം നടത്തുന്ന അഫ്ഗാനിൽ അത് എളുപ്പമായിരുന്നില്ല.
അപ്പോൾ താലിബാനെ കടപുഴക്കിയെന്നും അവർക്കിനി തിരിച്ചുവരവില്ലെന്നുമൊക്കെ വന്ന വ്യാജ റിപ്പോർട്ടുകളോ? ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗം പറഞ്ഞത് ഈ നുണകളെല്ലാം ദൗത്യത്തിൽ പങ്കാളികളായിരുന്ന എല്ലാവരെയും നല്ലരീതിയിൽ ഉറപ്പിച്ചു നിർത്താൻ തൻെറ സഹപ്രവർത്തകരുടെ വിശദീകരണങ്ങളായിരുെന്നന്നാണ്. നാറ്റോയിലെ ഉന്നതർക്കും പ്രതിരോധ മന്ത്രിമാർക്കും ഇതൊരു പരസ്യമായ രഹസ്യമായിരുന്നു. രാഷ്ട്രീയമായും സൈനികമായും അബദ്ധങ്ങൾ ചെയ്െതന്ന് 2014ൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൻ തുറന്നു സമ്മതിച്ചതാണല്ലോ. എന്തു തന്നെ വന്നാലും അഫ്ഗാനിൽ പോരാടാൻ ഇനി സേനയെ അയക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, നാലു വർഷത്തിനിപ്പുറം 'ദുർബലമായ സുരക്ഷാ സാഹചര്യത്തെ രക്ഷപ്പെടുത്തിയെടുക്കാൻ' പ്രധാനമന്ത്രി തെരേസ മേ മുമ്പത്തെക്കാൾ ഇരട്ടി ബ്രിട്ടീഷ് സൈനികരെ അവിടേക്കയച്ചു. ഇപ്പോൾ ബൈഡൻ തെറ്റായ നേരത്ത് തെറ്റായ തീരുമാനമെടുത്തു എന്നു പറയുന്ന ബ്രിട്ടീഷ് മാധ്യമങ്ങൾ വിദേശകാര്യ വകുപ്പിൻെറ വികാരം ഏറ്റുപറയുകയാണ്. പുതിയൊരു അധിനിവേശം വേണ്ടിവന്നേക്കുമെന്ന് ബ്രിട്ടീഷ് സായുധസേന മേധാവി സർ നിക് കാർട്ടറും ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷ് സർവാധിപത്യബോധം പേറുന്ന പാർലമെൻറ് അംഗങ്ങളും, കോളനിവാഴ്ചയിൽ കോൾമയിർ കൊള്ളുന്നവരും ശിങ്കിടി മാധ്യമപ്രവർത്തകരുമെല്ലാം യുദ്ധം തകർത്ത ആ രാജ്യത്ത് ബ്രിട്ടൻെറ സ്ഥിരംസാന്നിധ്യം വേണെമന്ന് വിളിച്ചുകൂവുന്നുണ്ട്. അമ്പരപ്പിക്കുന്ന കാര്യമെന്തെന്നാൽ ജനറൽ കാർട്ടറോ അദ്ദേഹത്തിൻെറ അടുപ്പക്കാരോ അഫ്ഗാൻ രേഖകളിൽ ചൂണ്ടിക്കാട്ടിയ യു.എസ് യുദ്ധയന്ത്രത്തിൻെറ പ്രതിസന്ധിയെ വകവെക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ, അമേരിക്കൻ സൈനിക ആസൂത്രകർ പതിയെ യാഥാർഥ്യത്തിലേക്ക് കൺതുറന്നപ്പോഴും അവരുടെ ബ്രിട്ടീഷ് പങ്കാളികൾ അഫ്ഗാനെക്കുറിച്ച് മിഥ്യാചിത്രവും പേറി നടപ്പാണ്. സേനാ പിന്മാറ്റം യൂറോപ്പിൻെറ സുരക്ഷക്ക് ഭീഷണിയാണെന്നും പുതിയ ഇസ്ലാമിക് എമിറ്റേറിന് കീഴിൽ അൽഖാഇദ വീണ്ടും ഒത്തുചേരുമെന്നും ചിലർ പറയുന്നു. ഈ പറച്ചിൽ കുടിലമാണ്. അമേരിക്കയും ബ്രിട്ടനും എത്ര വർഷമാണ് സിറിയയിലും ബ്രിട്ടനിലും ബോസ്നിയയിലും അൽ ഖാഇദയെ ആയുധമണിയിച്ച് കൊണ്ടു നടന്നത്.
ഇത്തരം ഭീതിവിതക്കൽ വിവരക്കേടിെൻറ ചതുപ്പ്നിലങ്ങളിൽ മാത്രമേ ഫലം കാണുകയുള്ളൂ. ബ്രിട്ടീഷ് പൊതുസമൂഹത്തിന് ഇതെന്തായാലും ഉൾക്കൊള്ളാനാകുമെന്ന് തോന്നുന്നില്ല. ഭീകരതക്കെതിരായ യുദ്ധത്തോട് ഇപ്പോൾ തന്നെയുള്ള എതിർപ്പ് കൂടുതൽ ശക്തിപ്പെട്ടേക്കും. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്? ഇറാഖിലും സിറിയയിലും നടപ്പാക്കിയ മാതൃകയിൽ ഒരു സ്ഥിരം സൈനിക യൂനിറ്റ് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസന്ദർഭത്തിൽ അഫ്ഗാനിലേക്ക് പറന്നു ചെന്ന് ബോംബിട്ട്, ആളെക്കൊന്ന് ക്ഷതമേൽപ്പിക്കാൻ പാകത്തിന് 2500 സൈനികർ ഇതിനായി കുവൈത്തിലെ സൈനിക താവളത്തിലുണ്ടാവും. അതിനിടെ ജൂലൈയിൽ ചൈന സന്ദർശിച്ച ഉന്നത താലിബാൻ സംഘം ഉറപ്പിച്ചു പറഞ്ഞത് മറ്റു രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇടമായി മേലിൽ തങ്ങളുടെ രാജ്യം ഉപയോഗിക്കപ്പെടില്ല എന്നാണ്. വാണിജ്യ-സാമ്പത്തിക ചങ്ങാത്തമുൾപ്പെടെ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഗാഢമായ ചർച്ചകളും നടന്നിട്ടുണ്ട്.
ഈ നീക്കം എൺപതുകളിൽ വഹാബി രീതിയിലെ വസ്ത്രങ്ങളും ശീലങ്ങളുമായി വന്ന അഫ്ഗാൻ മുജാഹിദുകളും പാശ്ചാത്യനേതാക്കളും തമ്മിൽ വൈറ്റ് ഹൗസിൻെറയോ ഡൗണിൺ സ്ട്രീറ്റിലെ 10ാം നമ്പർ വീടിൻെറ യോ (ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) പശ്ചാത്തലത്തിൽ നടന്ന സമാന ചർച്ചകളെ ഓർമയിലെത്തിച്ചു. ഇപ്പോൾ നാറ്റോ പിൻമടങ്ങുേമ്പാൾ ചൈനയും റഷ്യയും ഇറാനും താലിബാന് തന്ത്രപരമായ വൻ പിന്തുണ നൽകി വന്ന പാകിസ്താനുമെല്ലാമാണ് മുഖ്യറോളിൽ. ഇറാനും റഷ്യയുമായി ചൈന പുലർത്തുന്ന വലിയ ബന്ധം തകിടം മറിഞ്ഞു കിടക്കുന്ന ഈ രാജ്യത്ത് ലോലമായ സമാധാനം കൊണ്ടുവരാൻ സഹായിച്ചേക്കും.
നാലുകോടിക്കടുത്ത് ജനസംഖ്യയുള്ള രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം 18 ആണെന്നത് ഉൗന്നിപ്പറയപ്പെടുന്നുണ്ട്. നാലു പതിറ്റാണ്ട് നീണ്ട സംഘർഷങ്ങൾക്കൊടുവിൽ സമാധാന പൂർണമായ മെച്ചപ്പെട്ടൊരു ജീവിതം രാജ്യത്ത് സാധ്യമാക്കാൻ ഇൗ ചെറുപ്പം പ്രയത്നിക്കുെമന്ന് പ്രതീക്ഷിക്കാം. ഒരു ശത്രു മാത്രമാണ് അവശേഷിച്ചതെന്നാൽ പോലും, അഫ്ഗാനി വനിതകളെ സംബന്ധിച്ച് പോരാട്ടം അവസാനിക്കുന്നേയില്ല. പോരാട്ടം തുടരണമെന്നാഗ്രഹിക്കുന്ന ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലുമുളളവർ തങ്ങളുടെ ശ്രദ്ധ ഏറെ വൈകാതെ നാറ്റോയുടെ വാതിലിൽ മുട്ടിവിളിക്കാനെത്തുന്ന അഭയാർഥികളുടെ കാര്യത്തിലേക്ക് കേന്ദ്രീകരിക്കണം. അനാവശ്യമായി അടിച്ചേൽപ്പിച്ച ഒരു യുദ്ധത്തിൻെറ തുലോം തുച്ഛമായ ഒരു പ്രായശ്ചിത്തമായി, അഭയാർഥികളെ സ്വീകരിക്കുക എന്ന ബാധ്യതയെങ്കിലും പാശ്ചാത്യർ ഏറ്റെടുക്കേണ്ടതുണ്ട്.
കടപ്പാട്: ന്യൂ ലെഫ്റ്റ് റിവ്യൂ
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.