മെയിൻപുരി മുലായമിനുശേഷം?
text_fieldsമെയിൻപുരിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ മനസ്സിലാക്കൽ അനിവാര്യമാണെന്നാണ് ഭോജിപുരയിൽനിന്നുള്ള സമാജ്വാദി പാർട്ടി എം.എൽ.എ ഷഹ്സിൽ ഇസ്ലാം റിപ്പോർട്ടമാരോട് പറയുന്നത്. ഡിസംബർ അഞ്ചിന് നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി പ്രസിഡൻറ് അഖിലേഷ് യാദവിെൻറ ഭാര്യ ഡിംപിൾ യാദവ് മെയിൻപുരിയിൽനിന്ന് മത്സരിക്കുന്നുണ്ട്. ഭർതൃപിതാവും പാർട്ടി സ്ഥാപകനുമായിരുന്ന മുലായം സിങ് യാദവിെൻറ വിയോഗത്തെ തുടർന്ന് ഒഴിവുവന്നതാണിവിടെ. മുലായം കുടുംബത്തിെൻറ കീശയിലുള്ള സീറ്റ് എന്നാണ് ഈ മണ്ഡലം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ നിലനിർത്തൽ സമാജ്വാദി പാർട്ടിക്കും പിടിച്ചെടുക്കൽ ഭാരതീയ ജനതാപാർട്ടിക്കും അഭിമാനപ്രശ്നമാണ്. എസ്.പിയുടെ ശക്തിദുർഗങ്ങളായിരുന്ന അഅ്സംഗഢും രാംപുരും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി പിടിച്ചെടുത്തിരുന്നു.
സ്വാധീനമുള്ള യുവ നേതാവ് സൂരജ് യാദവിനൊപ്പമാണ് ഷഹ്സിൽ പ്രചാരണത്തിനെത്തിയിരിക്കുന്നത്. അവർക്കു പുറമെ നിരവധി മുസ്ലിം, യാദവ നേതാക്കൾ മറ്റിടങ്ങളിൽനിന്ന് ഇവിടെയെത്തുന്നുണ്ട്- പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം.
ഭോജിപുര നിയമസഭാ മണ്ഡലത്തിെൻറ അഭയ്പുർ, ഭോരിപുര, ദൊഹാന തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽനിന്നുള്ള പല വിഭാഗത്തിൽപ്പെട്ട ആളുകളുമായി നടത്തിയ സംഭാഷണത്തിൽ ഒരു കാര്യം വ്യക്തമായി. മേഖലയിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ന്യൂനപക്ഷ സമുദായാംഗങ്ങൾ പീഡനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു.
പാഞ്ഞുകയറുന്ന ബുൾഡോസറുകൾ
തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന് പിന്നാലെ ഈ വർഷം ഏപ്രിൽ മൂന്നിന് ഷഹ്സിൽ നടത്തിയ പ്രസംഗത്തിനെതിരെ ഒരു ആരോപണമുയർന്നിരുന്നു. 'ആദിത്യനാഥിെൻറ ഓരോ വിദ്വേഷ പരാമർശത്തിനും നേരെ എസ്.പി വെടിയുണ്ട ഉതിർക്കും' എന്ന് പറഞ്ഞുവെന്നാണ് ആക്ഷേപം. ഷഹ്സിൽ ഇതു നിഷേധിക്കുന്നുവെങ്കിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തു. നാലു ദിവസം കഴിഞ്ഞ് ഏപ്രിൽ ഏഴിന് ഭോജിപുര-ബറേലി റോഡിലുള്ള അയാളുടെ പെട്രോൾ പമ്പ് ബുൾഡോസർ കയറ്റി തകർക്കുകയും ചെയ്തു.
ഷെഹ്സിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ 2002ൽ ഞങ്ങൾ അവരെ ഒരു പാഠം പഠിപ്പിച്ചു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞതിനേക്കാൾ പ്രകോപനമുള്ള കാര്യമാണോ ഇതെന്ന് ചോദിക്കുന്നു അവിടെ വെച്ച് സംസാരിച്ച ഒരാൾ. മിക്ക ദിവസവും മുസ്ലിം വീടുകളിൽ പൊലീസ് റെയ്ഡ് നടത്തും. കുറഞ്ഞത് അമ്പത് ചെറുപ്പക്കാരെയെങ്കിലും അഭയ്പുരിൽ നിന്ന് മാത്രം പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. അവർക്കെതിരെ ആഭ്യന്തര സുരക്ഷ, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ചാർത്തി ജയിലിലടക്കുകയും ചെയ്തു. അഭയ്പുർ പഞ്ചായത്ത് പ്രധാൻ ഹമീദ് മേവാത്തി പറയുന്നു. നാലായിരത്തോളം പേർ താമസിക്കുന്ന പഞ്ചായത്തിൽ ഭൂരിഭാഗവും മുസ്ലിംകളാണ്. യാദവരും മറ്റുവിഭാഗങ്ങളുമുണ്ട്. ആദിത്യനാഥിെൻറ സമുദായമായ ഠാകുർ വിഭാഗക്കാരാണ് പൊലീസുകാരിൽ അധികവും, അവർ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് കൊണ്ടുപോവാറാണെന്നാണ് ഹാമിദിനൊപ്പം കണ്ട യുവാക്കൾ ആരോപിക്കുന്നു.
മേഖലയിലെ പ്രമുഖ നേതാവ് അഅ്സംഖാെൻറ കാര്യമാണ് അവർ ഉദാഹരണമായി പറയുന്നത്. വർഷങ്ങളായി അദ്ദേഹം ജയിലിലാണ്. 2019ൽ ജാമ്യത്തിലിറങ്ങിയ സമയത്ത് അദ്ദേഹത്തിനു മേൽ വിദ്വേഷ പ്രസംഗ കുറ്റം ചാർത്തി. മൂന്നു വർഷത്തേക്ക് തടവിന് വിധിക്കുകയും പാർലമെൻറംഗത്വം നഷ്ടമാവുകയും ചെയ്തു. എന്നാൽ, അമിത് ഷായെയും ആദിത്യനാഥിനെയും പോലുള്ളവർ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തുടരത്തുടരെ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുന്നു, അവർക്കെതിരെ ഒരു കേസുപോലും ചുമത്തപ്പെടുന്നില്ല- ഒരു ഗ്രാമീണൻ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിനുശേഷം ദൊഹാനയിൽനിന്ന് നാൽപതിലേറെ മുസ്ലിം യുവാക്കളെ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രധാൻ ഫയാസ് ഖാെൻറ ബന്ധു ഇഹ്സാൻ പറയുന്നു. ഭോജിപുരയിലെ പ്രധാൻ വീരേന്ദ്ര സിങ് ഈ ലേഖകനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മതവിഭാഗീയത സംസ്ഥാനത്ത് അതിശക്തമാകുേമ്പാഴും ദൊഹാൻ, ഭോജിപുര, അഭയ്പുർ ഗ്രാമങ്ങളിൽ ഹിന്ദു സഹോദരങ്ങൾ തങ്ങളോട് ഏറെ സൗഹാർദപരമായാണ് വർത്തിക്കുന്നതെന്ന് ഹാമിദ് മേവാത്തി പറയുന്നു. ഞങ്ങൾ അവരുടെ വിവാഹ പരിപാടികളിലും ഹോളി, ദീപാവലി ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്, അതുപോലെ അവർ രണ്ടു പെരുന്നാൾ ആഘോഷങ്ങളിലും ഞങ്ങൾക്കൊപ്പം ചേരുന്നു. ഞങ്ങൾ തമ്മിലെ ബന്ധത്തിന് ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. വർഷങ്ങളായി യു.പിയിലെ മുസ്ലിംകൾ സമാജ്വാദി പാർട്ടിയെയാണ് പിന്തുണച്ചു പോരുന്നത്. മൂന്നു പതിറ്റാണ്ടിലേറെ പിന്തുണ നൽകിയിട്ടും പാർട്ടി തങ്ങൾക്കൊപ്പം നിലകൊള്ളുന്നില്ല എന്ന ചിന്ത സമുദായത്തിനിടയിലുണ്ട്.
മുലായം സിങ് ഇപ്പോഴില്ല. എല്ലാവരും ഒരു ദിവസം മരിക്കും. പക്ഷേ, മുലായവും ലാലുവും തമ്മിലെ വ്യത്യാസം കാണാതെ പോകരുത്. ലാലുജി എത്രയോകാലം ജയിലിൽ കിടന്ന് ദുരിതപ്പെട്ടു. പക്ഷേ, അദ്ദേഹം ഒരുഘട്ടത്തിൽപോലും ബി.ജെ.പിയുടെ സമ്മർദത്തിന് വഴങ്ങിയിട്ടില്ല. മുലായമിന് ജയിലിലൊന്നും കിടക്കേണ്ടി വന്നിട്ടില്ല, എന്നിട്ടും അദ്ദേഹം ബി.ജെ.പിയോട് മൃദുസമീപനം കൈക്കൊണ്ടു- ദൊഹാനയിൽനിന്നുള്ള മുന്ന എന്ന 35കാരെൻറ ആക്ഷേപം.
സാമൂഹിക നിരീക്ഷകരും അത്തരം ചിന്താഗതി പങ്കുവെക്കുന്നുണ്ട്. അഅ്സംഖാെൻറ പാർലമെൻറംഗത്വം നീക്കം ചെയ്തതിനെതിരെ സമാജ്വാദി പാർട്ടി കാര്യമായ പ്രതിഷേധം വല്ലതും നടത്തിയോ? ദിനേനയെന്നോണം മുസ്ലിം വീടുകൾ ബുൾഡോസറുകൾ കയറ്റി തകർത്തിട്ട് പാർട്ടി അതിനെതിരെ തെരുവിലിറങ്ങിയോ? ബറേലി ഇൻവെർട്ടിസ് സർവകലാശാലയിൽ ജേണലിസം പ്രഫസറായ സന്ദീപ് ദുബെ ചോദിക്കുന്നു.
അഅ്സംഖാൻ കോഴിയെ മോഷ്ടിക്കുമോ?
ജനങ്ങൾ പറഞ്ഞ പരാതികൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, എന്തേ പാർട്ടി ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ശ്രദ്ധപുലർത്താത്തത് എന്നുചോദിച്ചപ്പോൾ ബറേലി ഡിവിഷൻ ഇൻചാർജ് ഷമീം ഖാൻ സുൽത്താനി '' ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാർട്ടിയാണ്. ജുഡീഷ്യറി, അന്വേഷണ ഏജൻസികൾ, തെരഞ്ഞെടുപ്പ് കമീഷൻ, പൊലീസ്, ബ്യൂറോക്രസി എന്നിവയെല്ലാം അവരുടെ നിയന്ത്രണത്തിലാണ്. നമ്മൾ ബി.ജെ.പിക്കെതിരെ ജനാധിപത്യ രീതിയിൽ പോരാടുകയാണ്'' എന്ന സങ്കീർണമായ മറുപടിയാണ് നൽകിയത്. എന്നാൽ, ബി.ജെ.പിക്കെതിരായ പോരാട്ടം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ വേണമെന്ന അഭിപ്രായമാണ് സുൽത്താനിക്ക് ചുറ്റുമിരുന്ന പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും പ്രകടിപ്പിച്ചത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 19 ശതമാനമാണ് മുസ്ലിംകൾ, എന്നാൽ ജയിലുകളിലാവട്ടെ 38 ശതമാനം പേരും മുസ്ലിംകളാണ്. അഅ്സംഖാനെതിരായ കേസുകളിൽ ആടും കോഴിയും മോഷ്ടിച്ചുവെന്നൊക്കെയുണ്ട്. അഅ്സംഖാനെപ്പോലെയുള്ള ഒരാൾ കോഴികക്കാനിറങ്ങുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ആദിത്യനാഥിനെതിരെ കൊലപാതകം ഉൾപ്പെടെ എഴുപത്തഞ്ചോളം കേസുകളുണ്ടായിരുന്നു, സ്വന്തം പേരിലുള്ള കേസുകൾ സ്വയം പിൻവലിച്ച ആദ്യ മുഖ്യമന്ത്രിയാണദ്ദേഹം- ജയിലിൽ പോകുന്നതിനോട് നിങ്ങൾക്ക് പേടിയുണ്ടെന്ന് കണ്ടാൽ ആദിത്യനാഥ് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും, അഖിലേഷ് കൂടുതൽ കരുത്തുള്ള മതേതരത്വ രീതി സ്വീകരിക്കണം എന്നഭിപ്രായമുള്ള പ്രവർത്തകരിലൊരാൾ പറയുന്നു. ഉവ്വ്, ജനങ്ങൾക്കിടയിൽ നിരാശയുണ്ട്, പക്ഷേ പാർട്ടി ഉണർന്നുപ്രവർത്തിക്കുക തന്നെ ചെയ്യും-ആ അഭിപ്രായപ്രകടനം ഉൾക്കൊണ്ടെന്ന മട്ടിൽ സുൽത്താനി പ്രതികരിക്കുന്നു.
(മുതിർന്ന മാധ്യമപ്രവർത്തകനും പരിശീലകനും ഗ്രന്ഥകർത്താവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.