റാമല്ലയിലേക്ക് വീണ്ടും
text_fieldsഫലസ്തീൻ െഎക്യസർക്കാറിെൻറ ആസ്ഥാനമായതോടെ റാമല്ല വീണ്ടും ലോകശ്രദ്ധയാകർഷിക്കുകയാണ്. പശ്ചിമേഷ്യയിലെ സമാധാനപാലകരായ അമേരിക്ക, റഷ്യ, യൂറോപ്യൻ യൂനിയൻ, െഎക്യരാഷ്ട്രസഭ എന്നീ ചതുർശക്തികളുടെയെല്ലാം നിരീക്ഷണദൃഷ്ടികൾ റാമല്ലയിലേക്കു തിരിഞ്ഞിരിക്കുന്നു.
നേരത്തേയും റാമല്ല വാർത്തകളിൽ നിറഞ്ഞുനിന്ന സമയമുണ്ടായിരുന്നു. 1987ൽ ഒന്നാം ‘ഇൻതിഫാദ’ തുടങ്ങിയപ്പോൾ, ആദ്യമായി അതിൽ അണിചേർന്നവർ പടിഞ്ഞാറെ കരയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന റാമല്ലയിലെ യുവാക്കളായിരുന്നു. സർവായുധസജ്ജരായ ഇസ്രായേലി പടയാളികളുടെ തോക്കുകൾ ഗർജിച്ചപ്പോൾ നിസ്സംഗരായി മരിച്ചുവീഴാൻ മനസ്സില്ലെന്നവർ പ്രഖ്യാപിച്ചു. സ്വന്തം കരങ്ങൾ തോക്കുകളും കല്ലുകൾ വെടിയുണ്ടകളുമാക്കി അവർ പ്രതിരോധം തീർത്തു. 1967ലെ ‘ആറുദിവസത്തെ യുദ്ധ’ത്തിലൂടെയാണല്ലോ ഇസ്രായേൽ ജറൂസലമും സമീപപ്രദേശങ്ങളും കീഴടക്കി സ്വന്തം അതിർത്തികളോട് കൂട്ടിച്ചേർത്തത്. 1967 ലെ അധിനിവേശത്തിെൻറ 20ാം വാർഷികമാഘോഷിക്കുന്ന ഇസ്രായേലിനെതിരെ അവർ പ്രതിഷേധത്തിെൻറ കൊടുങ്കാറ്റുയർത്തി. അതിനവർ ഇൻതിഫാദ (ഉയിർത്തെഴുന്നേൽപ്) എന്ന് നാമകരണം ചെയ്തു. ഇന്ന്, അതേ റാമല്ലയിൽ പ്രധാനമന്ത്രി ഡോ. റാമി ഹംദുല്ല ഫലസ്തീൻ െഎക്യസർക്കാറിെൻറ ഭരണകാര്യങ്ങൾ ചർച്ചചെയ്യുകയാണ്.
സ്വന്തം രാജ്യത്ത് ഭൂമിയും വീടും വഴിനടക്കാൻ ഇടവുമില്ലാതെ കഷ്ടപ്പെടുന്ന ഒരേയൊരു ജനത^ ലോകത്തുതന്നെ^ ഫലസ്തീനികൾ മാത്രമായിരിക്കും. സൈനികശക്തിയും സമ്പത്തും വിജയത്തിെൻറ മാനദണ്ഡമായി വിലയിരുത്തപ്പെടുന്ന ആധുനിക ലോകത്ത് പീഡിതരുടെ രോദനങ്ങൾക്ക് ചെവികൊടുക്കാൻ സാമ്രാജ്യത്വശക്തികൾക്കോ അവരുടെ കിങ്കരന്മാർക്കോ സാധ്യമല്ല. ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പുവേളയിൽതന്നെ ഇസ്രായേലിെൻറ ഇംഗിതങ്ങൾക്കൊപ്പമായിരുന്നു. തലസ്ഥാനം തെൽ അവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റണമെന്ന ഇസ്രായേലിെൻറ ആവശ്യത്തിനനുകൂലമായി ട്രംപ് പ്രസ്താവനയിറക്കുകയുണ്ടായി. നെതന്യാഹുവിെൻറ ജൽപനങ്ങൾക്ക് ഫലസ്തീനികളെ വഴിപ്പെടുത്താനുള്ള പ്ലാനുമായിട്ടായിരുന്നു ട്രംപും മരുമകൻ ജാരദ് കുഷ്നറും വിദേശപര്യടനം തുടങ്ങിയത്. എന്നാൽ, ‘ഉർവശീശാപം ഉപകാര’മെന്നു പറഞ്ഞതുപോലെ ഇത് ‘ഫതഹി’നെയും ‘ഹമാസി’നെയും കൈേകാർക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു. ട്രംപ് ഭരണമേറ്റെടുത്ത ഉടനെ ^ജനുവരിയിൽതന്നെ^ ഹമാസിെൻറയും ഫതഹിെൻറയും പ്രതിനിധികൾ റഷ്യൻ വിദേശകാര്യ മന്ത്രി ഷാസെ ലാവ്റോവിെൻറ സാന്നിധ്യത്തിൽ മൂന്നുദിവസം നീണ്ടുനിന്ന കൂടിയാലോചനകൾ നടത്തുകയുണ്ടായി. പരസ്പരമുള്ള അസ്വാരസ്യങ്ങൾ കൈവെടിഞ്ഞ് െഎക്യപ്പെടാനുള്ള അവരുടെ തീരുമാനമാണ് ഫലസ്തീൻ െഎക്യസർക്കാർ.
ഫതഹും ഹമാസും ഇസ്ലാമിക് ജിഹാദും െഎക്യസർക്കാറിൽ ഭാഗഭാക്കാകുമെന്നാണ് തീരുമാനം. അതോടെ, പടിഞ്ഞാറെ കരയും ഗസ്സയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഹമാസിെൻറ തലമുതിർന്ന നേതാവായ ഡോ. മൂസ അബൂമർസൂഖ് പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ, ഇൗ അനുരഞ്ജന ഫലം കാത്തിരുന്ന് കാണാമെന്നേ പറയാനാവൂ.
ഹമാസും ഫതഹും എതിർപാതകളിൽ ചലിക്കുന്ന രണ്ട് സംഘടനകളാണ്. 1959ൽ യാസിർ അറഫാത്താണ് ഫതഹിന് ജന്മംനൽകിയത്. ഇത് വളർന്ന് 1964ൽ ഫലസ്തീൻ വിമോചന മുന്നണി (പി.എൽ.ഒ) ആയിത്തീർന്നു. എന്നാൽ, പി.എൽ.ഒ സമാനമനസ്കരുടെ കൂട്ടായ്മയായിരുന്നില്ല. ലക്ഷ്യം ഫലസ്തീെൻറ വിമോചനമായിരുന്നെങ്കിലും അത് നേടിയെടുക്കാനുള്ള മാർഗങ്ങളെക്കുറിച്ച് നേതൃനിരയിലുള്ളവർതന്നെ ഭിന്നാഭിപ്രായക്കാരായിരുന്നു. അങ്ങനെയാണ്, പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഒാഫ് ഫലസ്തീൻ (പി.എഫ്.എൽ.പി), ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഒാഫ് ഫലസ്തീൻ (ഡി.എഫ്.എൽ.പി), പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഒാഫ് ഫലസ്തീൻ^ജനറൽ കമാൻഡ് (പി.എഫ്.എൽ.പി^ജി.സി) തുടങ്ങിയവ നിലവിൽവന്നത്. ഇൗ വ്യത്യസ്ത സംഘടനകൾ പി.എൽ.ഒ എന്ന കുടക്കീഴിൽ അണിനിരന്നു. പക്ഷേ, അമേരിക്ക എന്നും അക്രമികളുടെ പക്ഷത്തായിരുന്നു. ഫലസ്തീനികളുടെ ശബ്ദമാണ് പി.എൽ.ഒ എന്ന് െഎക്യരാഷ്ട്ര സഭ പ്രസ്താവിച്ചപ്പോൾപോലും യാസിർ അറഫാത്തുമായി ഇസ്രായേൽ^ഫലസ്തീൻ പ്രശ്നം ചർച്ചചെയ്യാൻ അമേരിക്ക സന്നദ്ധമായില്ല. ഇത് അറഫാത്തിെൻറ മനംമാറ്റത്തിന് കാരണമായി. വളരെ പ്രയാസത്തോടെയാണെങ്കിലും, 1988ൽ വാഷിങ്ടണിൽ വെച്ച് അറഫാത്ത് ഇസ്രായേലിെന അംഗീകരിക്കുന്നതായി പ്രസ്താവിച്ചു.
എന്നാൽ, പി.എൽ.ഒവിെൻറ ആശയദാരിദ്ര്യം മനസ്സിലാക്കിയവരും അവരുടെ തന്ത്രങ്ങളിൽ വിശ്വാസമില്ലാത്തവരുമായിരുന്നു ശൈഖ് അഹ്മദ് യാസീനും അബ്ദുൽ അസീസ് റൻതീസിയും.1980ൽ ഹമാസിന് നാന്ദികുറിച്ചവർ അവരാണ്. ഇസ്ലാമിക ശരീഅത്തിലധിഷ്ഠിതവും മാതൃകായോഗ്യവുമായ ഒരു ഭരണസംവിധാനം ലോകത്തിന് കാഴ്ചവെക്കാനവർ ആഗ്രഹിച്ചു. അവരുടെ ജീവിതവിശുദ്ധിയും സാമൂഹിക സേവന പ്രവർത്തനങ്ങളും ഫലസ്തീനികളെ സ്വാധീനിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കാനുള്ള കാരണം അതായിരുന്നു. അമേരിക്കയിലെ കാർട്ടർ സെൻററും നാഷനൽ ഡെേമാക്രാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെ നിരീക്ഷകരെല്ലാം സുതാര്യമെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. എന്നാൽ, ജനാധിപത്യത്തെ അംഗീകരിക്കാൻ അമേരിക്ക തയാറായില്ല. അമേരിക്കയും യൂറോപ്യൻ യൂനിയനും ഹമാസിനെ ഭീകര സംഘടനയായി മുദ്രകുത്തി. അങ്ങനെയാണവർ ഗസ്സയിൽ കേന്ദ്രീകരിച്ചത്. ഹമാസും ഫതഹും തമ്മിലുള്ള തർക്കങ്ങൾ ഗുണംചെയ്തത് പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനാണ്. ലെജിസ്ലേറ്റിവ് കൗൺസിലിെൻറ യോഗങ്ങൾ തുടർച്ചയായി തടസ്സപ്പെട്ടപ്പോൾ അബ്ബാസ് സ്വന്തം ഇംഗിതങ്ങൾക്കനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചു. 2009ൽ പടിയിറങ്ങേണ്ടിയിരുന്ന മഹ്മൂദ് അബ്ബാസ് ഇപ്പോഴും പദവിയിൽ തുടരുകയാണ്. അതിന് ഇസ്രായേലിെൻറയും അമേരിക്കയുടെയും ആശീർവാദമുണ്ട്.
അധിനിവേശം അവസാനിപ്പിക്കാനും പടിഞ്ഞാറെ കരയിലെ പാർപ്പിടനിർമാണങ്ങൾ നിർത്തിവെക്കാനും പലതവണ െഎക്യരാഷ്ട്രസഭ ഇസ്രായേലിനോടാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അമേരിക്കയുടെ പിന്തുണയോടെ അത് തൃണവൽഗണിക്കപ്പെടുകയാണ്. മാത്രമല്ല, അവരുടെ പാർപ്പിട സമുച്ചയങ്ങൾ ജറൂസലമിൽ മസ്ജിദുൽ അഖ്സയുടെ കൂടുതൽ അടുത്തേക്ക് വ്യാപിക്കുകയാണ്. ഇത് ഫലസ്തീനികളെ മാത്രമല്ല, സമാധാന കാംക്ഷികളായ എല്ലാവരെയും ഭയപ്പെടുത്തുന്നു. ഇൗയൊരന്തരീക്ഷത്തിലാണ് ജൂലൈ രണ്ടാം വാരത്തിൽ മസ്ജിദുൽ അഖ്സയിൽ ജുമുഅക്ക് വിലക്കേർപ്പെടുത്തിയത്. മസ്ജിദിൽ പ്രവേശിക്കുന്നവരെ ഇസ്രായേലി സൈനികർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുന്നത് സന്ദർശകരെ ആകുലരാക്കി. കനത്ത പ്രതിഷേധത്തിനൊടുവിൽ മെറ്റൽ ഡിറ്റക്ടർ ഒഴിവാക്കിയിരിക്കുകയാണ്.
യഥാർഥത്തിൽ കിഴക്കൻ ജറൂസലമിലെ ഇസ്ലാമിക കേന്ദ്രങ്ങളുടെ നിയന്ത്രണം ജോർഡെൻറ ചുമതലയാണ്. 1994ൽ ജോർഡെൻറയും ഇസ്രായേലിെൻറയും അതിർത്തിയിലുള്ള ‘വാദീ അറബി’ൽ ഇഷാക് റബിനും ഹുസൈൻ രാജാവും ഇതുസംബന്ധമായി കരാറിൽ ഒപ്പുവെച്ചതാണ്. പ്രസിഡൻറ് ബിൽ ക്ലിൻറെൻറ സാന്നിധ്യത്തിൽ ഇത് ലോകമെമ്പാടും വിളംബരം ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇസ്രായേലിെൻറ തന്നിഷ്ട നടപടികളെ ജോർഡൻ ശക്തമായി അപലപിച്ചത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.