'പ്രായം നമ്മിൽ മോഹം നൽകുമ്പോൾ....'
text_fieldsപ്രായം എന്നത് പുരാണേതിഹാസങ്ങൾ മുതൽ വർത്തമാനകാലം വരെ വലിയൊരു വിഷയമാണ്. ഏതാണ്ടെല്ലാ കാര്യങ്ങൾക്കും ഇന്ത്യയിലും ലോകത്തെല്ലായിടത്തും നിശ്ചിത പ്രായമുണ്ട്. സ്കൂളിൽ ചേർക്കാൻ, വിവാഹം കഴിക്കാൻ, വോട്ടവകാശം ലഭിക്കാൻ, കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ, ജോലി ലഭിക്കാൻ, ലൈസൻസ് എടുക്കാൻ, ജോലിയിൽ നിന്ന് പെൻഷൻ പറ്റി പിരിയാൻ...അങ്ങനെ ഓരോന്നിനും പ്രായം നിർണയിക്കപ്പെട്ടിട്ടുണ്ട്.
ഓരോ പ്രായവും ഓരോരോ മോഹങ്ങൾക്ക് നിറം നൽകുന്ന കാലം കൂടെയാണുതാനും. ഇപ്പോൾ, സംഘടന പിടിക്കാൻ സി.പി.ഐയിലും പിന്നീട് കോൺഗ്രസിലും ഉയർന്ന പ്രായക്കളികളാണ് പ്രായത്തെ വീണ്ടുമൊരു സജീവവിഷയമായി മാറ്റിയത്. സി.പി.ഐയിൽ പ്രായത്തിന്റെ പുറത്തെ മൈനർസെറ്റ് കളിയാണ് നടന്നതെങ്കിൽ കോൺഗ്രസിൽ മേജർസെറ്റ് കളിയാണ് നടക്കുന്നത്. സി.പി.ഐയിൽ പ്രായം കുറച്ച് വയോധികയുവത്വത്തെ പ്രതിഷ്ഠിക്കാനായിരുന്നുവെങ്കിൽ കോൺഗ്രസിലത് പ്രായംകൂട്ടി ഉള്ള ചെറുപ്പത്തെ ഒതുക്കാനുള്ള ശ്രമവുമാണ്.
പ്രായം ബാധകമല്ലാത്ത രണ്ടു മേഖലകളാണ് സിനിമയും രാഷ്ട്രീയവും. രണ്ടിലും വിരമിക്കലുമില്ല, വഴിമാറിക്കൊടുക്കലുമില്ല. വേണമെങ്കിൽ എങ്ങനെയെങ്കിലും കയറിപ്പോകണം. കഴിവുണ്ടെങ്കിൽ മാത്രം കാര്യം നടക്കണമെന്നില്ലെന്ന് ചുരുക്കം. പക്ഷേ, ഇത് രണ്ടും പുരുഷന്മാരുടെ കാര്യത്തിലെ ബാധകമുള്ളൂ എന്ന് ഫെമിനിസ്റ്റുകൾ പറയുന്നതിലും കുറച്ച് കാര്യമൊക്കെയുണ്ടെന്ന് കണ്ണുതുറന്ന് പ്രായം നോക്കിയാൽ കാണാം.
അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രായത്തിന് പ്രിയം കൂടുതൽ. രാഷ്ട്രീയത്തിലും സിനിമയിലും പുരുഷവേഷങ്ങളുടെ പ്രായം വലിയൊരുഘടകം തന്നെയാണ്. പ്രായത്തിന് പ്രായംതന്നെ വേണം. പ്രായം വരുമ്പോൾ പക്വത വരുമെന്നാണ് പ്രായമേറിയവരുടെ വിശ്വാസം. ഇതൊരു അന്ധവിശ്വാസമാണെന്ന് ഇളമുറക്കാർ അലമുറയിടുന്നുണ്ടെങ്കിലും കൈയിലിരിപ്പ് കണ്ടാൽ പ്രായം തോന്നിക്കാത്ത നടന്മാരും നേതാക്കളുമാണ് ലോകം അടക്കിവാഴുന്നത്. പ്രായത്തിന്റെ റിക്ടർ സ്കെയിലിൽ കാണുന്ന മോഹവും മോഹഭംഗവുമാണ് കേരള രാഷ്ട്രീയത്തിലെ കളിത്തട്ട് കളികളുടെ ഉറവിടമായിത്തീരുന്നത്.
പ്രായം മോഹം നൽകുന്ന കഥ പണ്ടുമുണ്ട്. ശാപം കൊണ്ട് ജരാനര ബാധിച്ചാലും പ്രായം കൊണ്ട് ജരാനര ബാധിച്ചാലും അധികാരവും സുഖഭോഗങ്ങളും വിട്ടൊഴിയാൻ മനസ്സുവരുന്നത് കഷ്ടിയാണ്. പ്രായം കൊണ്ട് പടവെട്ടാത്ത പാർട്ടികളില്ല, കേരളത്തിൽ അതാണ് അവസ്ഥ. എല്ലാ പാർട്ടികളിലും പാർട്ടിക്കുള്ളിലെ എതിരാളികളെ ഒതുക്കാൻ ഉപയോഗിക്കുന്ന പൂഴിക്കടകനാണ് പ്രായം. ഒന്നുകിൽ പ്രായം കൂടിയതിന്റെ ആരോഗ്യപരമായ കാരണങ്ങൾ, അല്ലെങ്കിൽ പ്രായക്കുറവിന്റെ അനുഭവപരിചയം ഇല്ലായ്മ- ഇതിൽ ഏതാണെന്നത് നോക്കി ആവശ്യാനുസരണം ചേരുംപടിചേർത്താണ് നേതാക്കൾ തങ്ങളുടെയും അനുയായികളുടെയും പ്രായം കൂട്ടുന്നതും കുറക്കുന്നതും.
യയാതിയുടെ ജരാനരകൾ മകൻ പുരുവിന് കൈമാറിയ കഥ പുരാണത്തിലുണ്ട്. എന്നാൽ, നമ്മുടെ സിനിമയിലെ നായകവേഷങ്ങളും രാഷ്ട്രീയത്തിലെ മുതിർന്ന വേഷങ്ങളും തലനരച്ചതും നരയ്ക്കാത്തതുമായ യുവതുർക്കികളായി വാണരുളുന്നുണ്ട്. 1960കളുടെ അവസാനത്തിലോ എഴുപതുകളുടെ ആദ്യത്തിലോ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സെമിനാറിൽ സാക്ഷാൽ ഇ.എം.എസാണ് കേരള രാഷ്ട്രീയത്തിൽ പ്രായകലാപം തുടങ്ങിയതെന്ന് കേട്ടിട്ടുണ്ട്. ഗാന്ധിജിയുടെ പ്രസക്തി നഷ്ടപ്പെടുന്നതിനെ കുറിച്ച് ഇ.എം.എസ് നടത്തിയ പരാമർശത്തിന്, അന്ന് മറുപടി നൽകിയത് ബുദ്ധിജീവിയായ കെ. വേണുവായിരുന്നു. പറഞ്ഞത് ഗാന്ധിജിയുമായി ബന്ധപ്പെട്ട കാര്യമായിരുന്നെങ്കിലും അതൊരു പ്രായപ്രശ്നമാക്കി ചുരുക്കി മാറ്റിയെന്നാണ് ചരിത്രം.
പിന്നീട് പ്രായം അങ്ങനെയൊരു പ്രശ്നമാകാതെ രാഷ്ട്രീയത്തിൽ നിലകൊണ്ടു. പ്രായം പിന്നീട് വലിയൊരു വിഷയമാകുന്നത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞാണ്. വി.എസ്. അച്യുതാനന്ദനാണ് ഇത്തവണ പ്രായവിവാദത്തിലെ നായകവേഷം ലഭിച്ചത്. 2006ലെ തെരഞ്ഞെടുപ്പിൽ വി.എസിന് സീറ്റ് നിഷേധിച്ച സി.പി.എം നടപടിക്ക് കാരണങ്ങളിലൊന്ന് പ്രായമായിരുന്നുവെന്നാണ് കരക്കമ്പി. എന്നാൽ, ജനങ്ങൾ വി.എസിനൊപ്പം നിന്നപ്പോൾ പാർട്ടിക്ക് പ്രായമൊരു വേലിയായില്ല. അങ്ങനെ വി.എസ് വേലിക്കകത്തായി. എന്നാൽ 2011ലെ തെരഞ്ഞെടുപ്പ് ആയപ്പോൾ രാഹുൽ ഗാന്ധിക്കാണ് വി.എസിലൊരു പ്രായക്കുറ്റം കണ്ടെത്താൻ കഴിഞ്ഞത്. എൽ.ഡി.എഫിനെ ജയിപ്പിച്ചാൽ നിങ്ങൾക്ക് കിട്ടുക 93 വയസ്സുള്ള മുഖ്യമന്ത്രിയെയായിരിക്കുമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഇതിന് ടി.എസ്. തിരുമുമ്പ് എഴുതിയ
'തല നരയ്ക്കുവതല്ലെന്റെ വാർദ്ധക്യം
തല നരയ്ക്കാത്തതല്ലെന്റെ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിനെതിരെ
തലകുനിക്കാത്തതാണെന്റെ യൗവനം'
എന്ന വരികൾ പാടിക്കൊണ്ടാണ് വി.എസ് മറുപടി നൽകിയത്. ഒപ്പം രാഹുലിനെ 'അമുൽ ബേബി'യെന്ന് വിളിച്ച് തിരിച്ച് പരിഹസിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ പ്രായം കൊണ്ട് പരിഹസിക്കപ്പെട്ട വി.എസ്. അച്യുതാനന്ദന് തുടർഭരണം നഷ്ടമായത് പി.ടി. ഉഷക്ക് ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഫോട്ടോ ഫിനിഷിൽ മെഡൽ നഷ്ടമായതുപോലെയാണ്.
അധികാരത്തിലേറിയാൽ പിന്നെ കസേരയിൽ നിന്നിറങ്ങുകയെന്നത് മൃതിയേക്കാൾ ഭയാനകം എന്നതാണ് പാർലമെന്ററി രാഷ്ട്രീയത്തിലെ പ്രായോഗിക മതം. എന്നാൽ, ഒരേ ആളുകൾ തന്നെ അധികാരത്തിലിരുന്നാൽ അണികൾ വേറെ പാർട്ടി അന്വേഷിച്ച് പോകുമെന്ന് തോന്നിയത് കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലോ പ്രായം ഒരു വിഷയമാകുന്ന നിലവന്നു. പ്രായം കൊണ്ട് ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ചെപ്പും പന്തും കളിയായി രാഷ്ട്രീയം മാറിയിട്ട് കുറച്ചായി. പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകളും ഗ്രൂപ്പുകൾക്കുള്ളിലെ ഗ്രൂപ്പുകളുമൊക്കെയായതോടെ എടുത്തുപയറ്റുന്ന ആയുധമായി പ്രായം. സി.പി.എം പാർട്ടിക്കുള്ളിൽ 75 പ്രായപരിധി നിർബന്ധമാക്കി, ഒപ്പം തവണയും. മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ അധികാരത്തിലിരുന്നവർ, അവിടെ നിന്ന് മാറണമെന്നതായിരുന്നു തീരുമാനം. അങ്ങനെ പിണറായി വിജയൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചു, ഇതേ സമയം തെരഞ്ഞെടുപ്പിൽ ചുക്കാൻ പിടിച്ച വി.എസ് പ്രായക്കാറ്റിൽ വീണു. വിരമിച്ച സെക്രട്ടറിയായ പിണറായി വിജയൻ മുഖ്യമന്ത്രിയായി.'കാർന്നോർക്ക് എന്തുമാവാം' എന്ന മാനദണ്ഡത്തിൽ ഇപ്പോൾ പ്രായ ഇളവിൽ തുടരുകയും ചെയ്യുന്നു.
പിന്നെ, പ്രായം കൊണ്ട് നേതാവിനെ കരക്ക് പിടിച്ചിട്ടത് കോൺഗ്രസിലായിരുന്നു. ആദ്യം പണികിട്ടിയത് പി.ജെ. കുര്യനാണെങ്കിൽ രണ്ടാമത്ത് അത് ഏറ്റുവാങ്ങേണ്ടി വന്നത് കെ.വി. തോമസിനായിരുന്നു. മാഷിനെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് ഒഴിവാക്കാൻ പ്രായം എന്ന വജ്രായുധമാണ് കോൺഗ്രസ് പ്രയോഗിച്ചത്. തോമസ് മാഷിനെന്ത് പ്രായം എന്ന ചോദ്യം മാഷ് തന്നെ ചോദിച്ചെങ്കിലും സീറ്റ് പുതുതലമുറക്കാരൻ കൊണ്ടുപോയി. എന്നാൽ ഇപ്പോൾ എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെയേക്കാൾ പ്രായം കുറവാണ് തനിക്കെന്ന് കെ.വി. തോമസ് ഓർമിപ്പിക്കുന്നുമുണ്ട്. പക്ഷേ, കാര്യമൊന്നുമില്ല. കോൺഗ്രസിൽ പ്രായം എന്നാൽ പ്രൊക്രൂസ്റ്റസിന്റെ കട്ടിൽ പോലെയാണ്. ആവശ്യാനുസരണം അത് വെട്ടിച്ചുരുക്കും, ഇല്ലെങ്കിൽ അടിച്ചുപരത്തും.
ഇതിനിടെ ആരും അറിയാതെ ഒരു തുള്ളി ചോരപോലും പൊടിയാതെ ഷൈലോക്കിനെ പോലും അത്ഭുതപ്പെടുത്തിയ, പ്രായം കൊണ്ടുള്ള അധികാര സർജറി ഇന്ത്യയിൽ നടന്നു. അത് 2014ൽ ആയിരുന്നു. ഒരു പക്ഷേ, ഇന്ത്യ ചരിത്രത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ അതിന് മുമ്പോ ശേഷമോ നടന്നില്ല. ബി.ജെ.പി വന്നാൽ പ്രധാനമന്ത്രിയാകും എന്നു കരുതിയ എൽ.കെ. അദ്വാനി ചിത്രത്തിൽ നിന്ന് തന്നെ മാഞ്ഞുപോയി. പ്രായം കൊണ്ട് മാഞ്ഞുപോയ ഒരു അധികാരാരോഹണം.
സി.പി.എമ്മിലും കോൺഗ്രസിലും പ്രായം എന്ന തേങ്ങ ഉടക്കുമ്പോൾ സി.പി.ഐക്കാർ ചിരട്ടയെങ്കിലുമുടച്ചില്ലെങ്കിൽ പിന്നെ എങ്ങനാ. 'മോഹങ്ങൾ മരവിച്ചു.. മോതിരക്കൈ മുരടിച്ചു...മനസ്സു മാത്രം മനസ്സു മാത്രം മുരടിച്ചില്ല....' എന്ന കെ.പി.എ.സി നാടക ഗാനം ബി.ജി.എം ആക്കിയാണ് കെ.ഇ. ഇസ്മായിലും സി. ദിവാകരനും സി.പി.ഐയിൽ പ്രായകലാപം തുറന്നുവിട്ടത്. പ്രായം നൽകിയ മോഹത്തിലാണ് മൂന്നാമൂഴത്തിൽ കാനം അധികാരക്കസേരയിലേക്കുള്ള കരുക്കൾ നീക്കിയത്. ഒരു മിനിറ്റ് ഡൈ പോലെ കാനം നടത്തിയ കരുനീക്കത്തിൽ ഇസ്മായിലിന്റെയും ദിവാകരന്റെയും മോഹങ്ങളൊക്കെ മുരടിച്ചുപോയതായിട്ടാണ് പാർട്ടി സമ്മേളനം കഴിഞ്ഞപ്പോൾ കണ്ട കാഴ്ച.
പ്രായം പിടിച്ച് അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയക്കളികൾ ഒരു വശത്ത് ഇങ്ങനെ നടക്കുമ്പോൾ, മറുവശത്ത് തന്റെ പ്രായത്തെക്കുറിച്ച ആകുലതകൾ ഒന്നുമില്ലാതെ ദയാബായി എന്ന 82 കാരി സെക്രട്ടേറിയേറ്റിനുമുന്നിൽ നിരാഹാരം കിടക്കുന്നുണ്ട്.-തനിക്കുവേണ്ടിയല്ലാതെ, കുറെ പാവം മനുഷ്യർക്കുവേണ്ടിയാണ് ഈ കിടപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.