വാർധക്യം അവസാനമല്ല
text_fieldsഅറുപതും എഴുപതും വയസ്സുള്ളവർ എല്ലാ സന്ധ്യകളിലും പാർക്കുകളിൽ സംഘം ചേർന്ന് ഒരേ താളത്തിൽ നൃത്തം ചെയ്യാറുണ്ട്. ഇത് മലയാളികൾക്ക് ഊഹിക്കാനാവുമോ?
ഈ കുറിപ്പ് എഴുതാനിരുന്ന നേരം മാർകേസിന്റെ ‘കോളറക്കാലത്തെ പ്രണയം’ ഓർമ വന്നു. കൗമാരവും യൗവനവും മാത്രമാണ് പ്രണയത്തിന്റെ കാലമെന്നായിരുന്നല്ലോ പലരും കരുതിപ്പോന്നത്. ആ ഒരു തോന്നലിനു മുകളിലേക്കാണ് മാർകേസിന്റെ കൃതി കയറിവരുന്നത്.
വാർധക്യത്തിൽ അതൊന്നും സാധ്യമല്ല എന്നു കരുതിയവർ ആ പുസ്തകത്തെ കല്പനയായും സാധ്യമാണെന്ന് കരുതിയവർ യാഥാർഥ്യമായും വായിച്ചുതീർത്തു. ചൈനയെന്ന ദേശത്തെ വയോധികരെ കാണുമ്പോൾ പറയാനാവുന്ന ഒന്നുണ്ട്; വാർധക്യം ഒരു കല്പനയല്ല. നീന്തിക്കടക്കാനാവാത്ത വൻകടലുമല്ല.
ഒരു ചൈനീസ് കൂട്ടുകാരിയുടെ അമ്മയുണ്ട്. 80 വയസ്സിനോടടുത്താണ് പ്രായം. ഒരു നിമിഷം പോലും വിശ്രമിക്കാത്ത പ്രകൃതം. സൈക്കിൾ ചവിട്ടി, പച്ചക്കറിയും മീനും വാങ്ങുന്നതും പേരമകനെ സ്കൂളിൽ പോയി കൂട്ടിക്കൊണ്ടുവരുന്നതുമൊക്കെയായി ആളെപ്പോഴും തിരക്കിലാണ്. ഇടക്കിടെ മുടിയുടെ ഫാഷൻ മാറ്റും. ചിലപ്പോൾ കുറ്റിത്തലമുടി അല്ലെങ്കിൽ ഇടത്തേക്ക് വകഞ്ഞെടുത്ത് ബോയ് കട്ട് സ്റ്റൈൽ.
കാണാൻ തുടങ്ങിയ കാലം മുതലേ ഇതേ ചുറുചുറുക്കും ചടുലതയുമാണ്. അപ്പോഴെല്ലാം ഓർക്കാറുണ്ട്, 60 കഴിഞ്ഞാൽ പിന്നെ സ്വതന്ത്രമായി ചുറ്റിനടക്കൽ സുരക്ഷിതമല്ല എന്ന വിചിത്രവാദവുമായി മക്കളുടെ അകമ്പടിയോടെ മാത്രം പല ഇഷ്ടങ്ങളും നടപ്പാക്കേണ്ടിവരുന്ന നമ്മുടെ നാട്ടിലെ മുതിർന്ന പൗരരെക്കുറിച്ച്. എങ്ങനെയാണ് ദൈനംദിന കാര്യങ്ങളിൽ ഇത്രയേറെ മുഴുകി ചൈനയിലെ വയോധികർക്ക് ജീവിക്കാനാവുന്നത് എന്നത് ഒരു അതിശയമാണ്.
ചൈനീസ് തെരുവുകളിലെമ്പാടും വയോധികരെ കാണാം. രാപ്പകൽ വ്യത്യാസമില്ലാതെ നിരത്തുകളിലൂടെ കൂട്ടംകൂടി നടന്നോ സൈക്കിളോടിച്ചോ പാർക്കുകളിൽ വ്യായാമം ചെയ്തോ ബോർഡ് ഗെയിം കളിച്ചോ അവരുണ്ടാവും. സിവിൽ അഫയേഴ്സ് മന്ത്രാലയം പറയുന്നത്, 2022ന്റെ അവസാനത്തോടെ ആകെ ജനസംഖ്യയുടെ 19.8 ശതമാനവും 60 വയസ്സോ അതിലേറെയോ പ്രായമുള്ളവർ എന്ന നിലയിലെത്തി എന്നാണ്.
ജനസംഖ്യാനിയന്ത്രണത്തിനായി പലതരത്തിലുള്ള ആസൂത്രണങ്ങൾ നടത്തിയ രാഷ്ട്രമാണ് ചൈന. 1980ലാണ് ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ചത്. ജനസംഖ്യ നിയന്ത്രണം, ദാരിദ്ര്യനിർമാർജനം എന്നിവ മുൻനിർത്തിയാണ് ഈ നിയമം പാസാക്കിയത്. നിയമം ലംഘിച്ച് ഗർഭം ധരിച്ചാൽ കനത്ത പിഴയോ ഗർഭഛിദ്രമോ ആയിരുന്നു ശിക്ഷ.
നിയമം പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെല്ലാം ജോലി നഷ്ടമാവുമെന്ന നിലയായി. രണ്ടാമത്തെ കുട്ടി വേണമെങ്കിൽ കനത്ത തുക കെട്ടിവെക്കണം. അല്ലാത്തപക്ഷം, ജനിക്കുന്ന കുട്ടികളെ രാജ്യത്തിന്റെ പൗരരായി പരിഗണിക്കില്ല; സൗജന്യ ചികിത്സ, വിദ്യാഭ്യാസം എന്നിവയെല്ലാം നിഷേധിക്കപ്പെടും.
ജനിക്കുന്നത് ഇരട്ടക്കുട്ടികളാണെങ്കിൽ കുഴപ്പമില്ല. പ്രസവം ഒന്നിൽ കൂടുതൽ ആവുന്നതാണ് പിഴയുടെ അടിസ്ഥാനം. അപ്പോഴും ചില ഇളവുകൾ നിലനിന്നിരുന്നു. നഗരവാസികളായ ദമ്പതിമാരിൽ ഭാര്യയും ഭർത്താവും അവരുടെ മാതാപിതാക്കളുടെ ഒറ്റക്കുട്ടികളാണെങ്കിൽ, അവർക്ക് രണ്ടു കുട്ടികൾ ആവുന്നതിൽ പ്രശ്നമില്ല.
ഗ്രാമീണരുടെ കാര്യം വ്യത്യസ്തമാണ്. അവർക്ക് ആദ്യം ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഒരു കുട്ടികൂടി ആവാം. ഇന്ത്യയിലേതുപോലെ ആൺകുഞ്ഞുങ്ങൾ ഉണ്ടാവുന്നത് തങ്ങളുടെ പാരമ്പര്യത്തെ വഹിക്കാനാണെന്ന ചിന്ത കാലങ്ങളായി ചൈനയിലുണ്ട്. അതിനാൽതന്നെ ഗർഭസ്ഥശിശുവിന്റെ ലിംഗപരിശോധന നടത്തി, പെൺകുഞ്ഞാണെങ്കിൽ ഗർഭഛിദ്രം നടത്തുന്നത് ഒറ്റക്കുട്ടി നയത്തിന്റെ കാലത്ത് സർവസാധാരണമായിരുന്നു.
വിവാഹിതർക്ക് രണ്ടു കുട്ടികളാവാം എന്ന ബിൽ 2016 ജനുവരി ഒന്നിന് പാസാക്കി. 2017ൽ, 30 വർഷത്തിനിടെ ആദ്യമായി കുടുംബാസൂത്രണത്തെപ്പറ്റി പരാമർശിക്കാത്ത ഒരു പാർട്ടി പ്രവർത്തന റിപ്പോർട്ട് ചൈനയിലുണ്ടായി. അപ്പോഴും, രാജ്യത്ത് യുവാക്കളുടെ എണ്ണം കുറയുന്നുവെന്ന് നിരീക്ഷകർ പാർട്ടിയെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം 2020ൽ കുട്ടികളുടെ എണ്ണം മൂന്നാവാം എന്ന നിലപാടിലേക്ക് പാർട്ടിയെത്തി.
ജനസംഖ്യയുടെ ഘടന മെച്ചപ്പെടുത്താനാണ് പുതിയ നയമെന്നാണ് അന്ന് വാർത്ത ഏജൻസിയായ ‘ഷിൻവാ’ റിപ്പോർട്ട് ചെയ്തത്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനക്ക്, ശക്തിയാർന്ന ഒരു ലേബർ ഫോഴ്സ് ഉണ്ടാവുക എന്നത് അത്രയേറെ ആവശ്യമാണല്ലോ.
മൂന്നുകുട്ടി നയം പ്രഖ്യാപിക്കപ്പെട്ട നാളുകളിൽ ട്വിറ്റർ പോലെ ചൈനയിൽ ഉപയോഗിക്കുന്ന വെയ്ബോ എന്ന സമൂഹ മാധ്യമത്തിൽ ‘ഷിൻവാ’ ഒരു സർവേ നടത്തി. അരമണിക്കൂറിൽ 30,000 പേരാണ് പ്രതികരണം അറിയിച്ചത്. മൂന്നാമതൊരു കുട്ടി എന്ന കാര്യം ആലോചനയിൽ ഒരിക്കലുമില്ല എന്ന മട്ടിലായിരുന്നു 90 ശതമാനം പ്രതികരണങ്ങളും. ആ സർവേതന്നെ പിന്നീട് പിൻവലിച്ചു.
വയോജനങ്ങളുടെ അനുപാതത്തിലെ വർധന, ഒരു പരിധിവരെ അവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള സർക്കാറിന്റെ സാമ്പത്തിക ചെലവ് വർധിപ്പിക്കുന്നുണ്ട്. സമൂഹത്തിനു നൽകുന്ന പൊതു സൗകര്യങ്ങൾ ആനുപാതികമായി കുറയുകയും ചെയ്യും. ഇതെല്ലാം നടപ്പാക്കാനുള്ള പണം കണ്ടെത്താൻ സർക്കാറിന് നികുതി വർധിപ്പിക്കേണ്ടിയും വരും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2019ൽ 60 വയസ്സിനു മുകളിലുള്ള 254 ദശലക്ഷം പേരാണ് ചൈനയിലുള്ളത്. 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 176 ദശലക്ഷവും. ജനനനിരക്കിലുള്ള കുറവും ഉയർന്ന ആയുർദൈർഘ്യവും രാഷ്ട്രത്തിന് വിനയാവുന്നുണ്ട്. 75 ശതമാനം വയോധികർക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദം, ഡയബറ്റിസ് എന്നിവയുണ്ട്. 2040 ആവുമ്പോഴേക്കും 60ന് മുകളിലുള്ള 402 മില്യൺ ആളുകളുണ്ടാവും ചൈനയിൽ എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇതെല്ലാം കേൾക്കുമ്പോൾ വളരെ വിഷാദത്തോടെയാണ് വയോജനങ്ങൾ ചൈനയിൽ ജീവിക്കുന്നത് എന്നു കരുതരുത്. അറുപതും എഴുപതുമൊക്കെ വയസ്സുള്ളവർ (ആണും പെണ്ണും) എല്ലാ സന്ധ്യകളിലും പാർക്കുകളിൽ സംഘം ചേർന്ന് ഒരേ താളത്തിൽ നൃത്തം ചെയ്യാറുണ്ട്. ഇത് മലയാളികൾക്ക് ഊഹിക്കാൻ ആവുന്നുണ്ടോ?
ഈ നൃത്തത്തിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ. സ്റ്റീരിയോയിൽ ഉച്ചത്തിൽ ചൈനീസ്/പാശ്ചാത്യ സംഗീതമുണ്ടാവും. കൂട്ടത്തിലൊരാൾ മുന്നിലേക്കു നിന്ന് ചുവടുകൾ കാണിക്കും. ആയാസകരമെന്ന് തോന്നാത്ത, എന്നാൽ ഉച്ചി മുതൽ പാദം വരെ പൂർണമായും ചലനാത്മകമാകുന്ന ചുവടുകൾ.
മുന്നിലേക്കും പിറകിലേക്കുമുള്ള ചലനങ്ങൾ കാണും. നൃത്തം നിയന്ത്രിക്കുന്നയാൾ, സ്റ്റീരിയോയുടെ ചെലവ് എന്ന നിലക്ക് ഒരു മണിക്കൂറിന് അഞ്ചോ പത്തോ യുവാൻ ഈടാക്കും. സുമാർ 30 പേർ കാണും ഒരു കൂട്ടത്തിൽ. അത്തരം ധാരാളം ചെറുകൂട്ടങ്ങളാവും പാർക്കുകൾ നിറയെ.
ദിവസവും പരിശീലിക്കുന്നതിനാൽ എല്ലാവർക്കും കാണാപ്പാഠമാണ് ചുവടുകൾ. ഈ കാഴ്ചക്ക് എത്ര തവണ സാക്ഷിയായാലും അമ്പരപ്പ് കൂടുകയല്ലാതെ ഒട്ടുമേ അടങ്ങാറില്ല. ആരെയും കൂസാതെ സകലതും മറന്നാണ് അവർ നൃത്തത്തിൽ ഏർപ്പെടുക; അവർ മാത്രമേ ഈ വാഴ്വിലുള്ളൂ എന്ന മട്ടിൽ! പ്രായമായവർ ഇത്രയേറെ ആസ്വദിച്ച് ജീവിക്കുന്ന ഇടം ചൈനയല്ലാതെ മറ്റൊന്നുണ്ടോ എന്ന് വിദേശ സുഹൃത്തുക്കളുമായി എക്കാലത്തും ഞാൻ ചർച്ച ചെയ്യാറുണ്ട്. വാർധക്യം ഒന്നിന്റെയും അവസാനമാവാതിരിക്കട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.