പുത്രഭാരം
text_fieldsമലയാളത്തിൽ ഒരുപാട് പത്രാധിപരുണ്ടായിട്ടുണ്ടെങ്കിലും, ‘പത്രാധിപർ’ എന്നു കേൾക്കുമ്പോൾ ആ വിശേഷണം പേരിനൊപ്പം ചരിത്രം എന്നും ചേർത്തുവെച്ചിട്ടുള്ളത് പത്രാധിപർ കെ. സുകുമാരനൊപ്പമാണ്. അതുപോലെയാണ് കേരള രാഷ്ട്രീയത്തിലെ ‘ആദർശ ധീരൻ’ പ്രയോഗവും. ഈ ഗണത്തിൽ കാക്കത്തൊള്ളായിരം പേരുണ്ടാവുമെങ്കിലും, ആ കുപ്പായം അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയോളം മറ്റാർക്കും പാകമാകില്ല എന്നാണ് വെപ്പ്. ഇപ്പറയുന്ന ‘ആദർശഭാര’ത്താലാണ് 81ാം വയസ്സിൽ പാർലമെന്ററി രാഷ്ട്രീയ കരിയറിന് വിരാമമിട്ട് അനന്തപുരിയിലെ അഞ്ജനത്തിൽ ഒരു വർഷത്തിലധികമായി വിശ്രമ ജീവിതം നയിക്കുന്നത്.
എന്നുവെച്ച്, ആദർശധീരതയുടെ കുപ്പായം എന്നെന്നേക്കുമായി ഊരിവെക്കാനാവില്ല. ഇടക്കിടക്ക് അതെടുത്തണിയണം. ഇക്കുറി അതിനുള്ള അവസരമുണ്ടാക്കിക്കൊടുത്തത് സ്വന്തം മകനാണ്: അനിൽ ആന്റണി. ആദർശത്തേക്കാൾ ടിയാന് പ്രിയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോടാണ്. സ്വാഭാവികമായും ചിന്തയുടെയും ആശയങ്ങളുടെയും അൽഗോരിതം സ്ഥലകാല സാഹചര്യങ്ങൾക്കനുസൃതമായി സ്വയമേ മാറിമറിയും. അവിടെ പിതാവിന്റെ ചരിത്രമോ പാരമ്പര്യമോ ആദർശശുദ്ധിയോ ഒന്നും പ്രശ്നമാകില്ല.
അതുകൊണ്ടാണ്, ജനിച്ചുവീണ പ്രസ്ഥാനത്തോട് ഉടക്കി കാവിപ്പടക്കൊപ്പം ചേർന്നത്. പക്ഷേ, ആന്റണിയുടെ കാര്യം അങ്ങനെയല്ല; നിർമിതബുദ്ധിയിലല്ല, രാജീവ് ഗാന്ധിയുടെ ഐ.ടി വിപ്ലവത്തിനും മുന്നേ ആദർശരാഷ്ട്രീയത്തിന്റെ വെള്ളക്കുപ്പായത്തിലാണ് ഇക്കാലമത്രയും ഓടിയത്. ആ പരിപാടി വിട്ടൊരു കളിയുമില്ലെന്നാണ് നിലപാട്. അതാണ്, പുത്രന്റെ കൂടുമാറ്റത്തിന്റെ തൊട്ടുടനെ പ്രഖ്യാപിച്ചത്. അവസാന ശ്വാസം വരെയും കോൺഗ്രസുകാരനായി തുടരുമെന്ന്.
വെറുതെയങ്ങ് വികാരപ്രകടനം നടത്തുകയായിരുന്നില്ല ആന്റണി. ബി.ജെ.പി സ്ഥാപക ദിനത്തിൽ പിയൂഷ് ഗോയലിന്റെ കൈയിൽനിന്ന് അംഗത്വവും വാങ്ങി അനിൽ നടത്തിയ പ്രസംഗത്തിനുകൂടിയുള്ള മറുപടിയുണ്ടായിരുന്നു കെ.പി.സി.സി ഓഫിസിനു മുന്നിലെ ആ ‘പ്രകടന’ത്തിൽ. അനിലിന്റെ തെറ്റായ തീരുമാനം വേദനയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് കുടുംബക്കാര്യം അവിടെ അവസാനിപ്പിച്ചു; ശേഷം പറഞ്ഞത് മുഴുവൻ രാഷ്ട്രീയമായിരുന്നു.
രാഹുലിനെ അനിൽ തള്ളിപ്പറഞ്ഞാലും കളിയാക്കിയാലും തന്റെ കൂറ് നെഹ്റുകുടുംബത്തോടൊപ്പമാണെന്ന് പറയാൻ ഒട്ടും മടികാണിച്ചില്ല. എന്തിന് മടിക്കണം? ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ നെഹ്റു മുതൽ രാഹുൽ വരെയുള്ളവരാണ് പോരാടിയിട്ടുള്ളത്. അതിനാൽ, മരണം വരെയും ആ കൂറുണ്ടാകും. അടുത്തകാലത്തൊന്നുമില്ലാത്തവിധം ചെറിയൊരു ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനക്കും ആന്റണി തയാറായി. മോദി വന്നതിനുശേഷം നാനാത്വത്തിനു പകരം ഏകത്വത്തിലേക്കു നീങ്ങിയെന്നുവരെ പറഞ്ഞുകളഞ്ഞു! തീർന്നില്ല, ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വിനാശകരമായ നിലപാടുകൾക്കെതിരെ ശക്തമായി ശബ്ദമുയർത്തിക്കൊണ്ടിരിക്കുമെന്നും ശപഥംചെയ്തിട്ടുണ്ട്.
ഇത്രയൊക്കെ ചെയ്തിട്ടും പഴി ബാക്കിയാണ്. വളർത്തുദോഷം കൊണ്ടാണ് മകൻ വഴിതെറ്റി പോയതെന്ന മുറുമുറുപ്പ് സ്വന്തം പാർട്ടിയിൽനിന്നുപോലുമുണ്ട്. കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരുടെ ശാപമാണിതൊക്കെയെന്ന് അടക്കം പറയുന്നവരും ഇന്ദിരാഭവനിൽതന്നെയുണ്ട്.അനിലിന്റെ കൂടുമാറ്റത്തിൽ ഇത്രയധികം ഒച്ചപ്പാടുണ്ടാക്കാൻ മാത്രമുള്ള വകുപ്പുണ്ടോ എന്ന് നിരീക്ഷിച്ച രാഷ്ട്രീയപണ്ഡിറ്റുകളുമുണ്ട്. പെസഹ ദിനത്തിൽ മറുകണ്ടം ചാടിയതുകൊണ്ടാകാം, വാർത്തകേട്ടയുടൻ കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ അനിലിനെ യൂദാസിനോടാണ് ഉപമിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സുധാകരനും കാര്യം പിടികിട്ടി.
അരിക്കൊമ്പനെന്ന് കരുതി ബി.ജെ.പി പിടിച്ചത് കുഴിയാനയെയാണെന്ന് തിരുത്തി. സംഗതി ശരിയാണ്. കോൺഗ്രസിന് ആരായിരുന്നു അനിൽ? ഒറ്റ ഉത്തരമേയുള്ളൂ: എ.കെ. ആന്റണിയുടെ മകൻ. അങ്ങനെയൊരാൾ പാർട്ടിവിട്ടാലുള്ള ക്ഷീണത്തിനപ്പുറം മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് എല്ലാവർക്കുമറിയാം. പാർട്ടി കോൺഗ്രസായതുകൊണ്ട് കെ.പി.സി.സിയുടെ സോഷ്യൽ മീഡിയ കോഓഡിനേറ്റർ പദവിയിലൊക്കെ അനിൽ ഇരുന്നിട്ടുണ്ടെന്നത് നേരാണ്. അത് മുല്ലപ്പള്ളി വെച്ചുനീട്ടിയതാണ്. അന്ന് ആന്റണി ‘നോ’ പറഞ്ഞിരുന്നുവെങ്കിൽ തീരാവുന്നതേയുണ്ടായിരുന്നുള്ളൂ ആ പദവിയൊക്കെ.
അല്ലെങ്കിലും സി.പി.എമ്മിനെപ്പോലെ വ്യവസ്ഥാപിതമായൊരു സോഷ്യൽ മീഡിയ സ്ട്രാറ്റജിയൊക്കെ കോൺഗ്രസിനുണ്ടോ? ഉണ്ടായിരുന്നെങ്കിൽ എന്നേ രക്ഷപ്പെട്ടേനെ. വാസ്തവം ഇതാണെങ്കിലും, പിടിച്ചത് കുഴിയാനയാണെന്ന് സമ്മതിക്കാൻ കാവിപ്പട ഒരുക്കമല്ല; അനിലിന്റെ വരവോടെ കേരളം കൈപ്പിടിയിൽ വരുമെന്നൊക്കെയാണ് ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ വെച്ചുകാച്ചുന്നത്. സംഗതി തള്ളാണെങ്കിലും സോഷ്യൽ എൻജിനീയറിങ്ങിന്റെ വീക്ഷണകോണിൽ കാര്യങ്ങൾ നോക്കിക്കാണുമ്പോൾ അതിൽ ചെറിയ സത്യവുമുണ്ട്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള പാർട്ടി പരിപാടിയുടെ ഭാഗമായി ഇതിനെ ആരെങ്കിലും കണ്ടാൽ കുറ്റംപറയാനൊക്കില്ല.
അതെന്തായാലും, ബി.ജെ.പിയിലെത്തിയ അനിലിന് പ്രത്യേക സ്റ്റഡി ക്ലാസൊന്നും വേണ്ട. കോൺഗ്രസിലിരിക്കെതന്നെ ആ ക്ലാസ് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. അതിലൊരു ക്രെഡിറ്റ് ആന്റണിക്കും കൊടുക്കണം. ഇന്ന് സംഘ്പരിവാർ കേന്ദ്രങ്ങൾ പറഞ്ഞുനടക്കുന്ന പല കാര്യങ്ങളും രണ്ട് പതിറ്റാണ്ടിന് മുമ്പെങ്കിലും അവതരിപ്പിച്ചിട്ടുണ്ട് ആന്റണി. ‘ന്യൂനപക്ഷ പ്രീണന’ത്തിന്റെ കാര്യം തന്നെയെടുക്കാം. സംഘ്പരിവാർ തൊട്ട് സ്വതന്ത്ര ചിന്തകർ വരെ പാടിനടക്കുന്നത് രാജ്യത്തെ മതേതര പാർട്ടികളത്രയും ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രം സംസാരിക്കുന്നു എന്നാണല്ലോ. മാറാട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആന്റണിയുടെ നാവിൽനിന്നും വന്നു അതുപോലൊന്ന്.
2003 ജൂലൈ ഒമ്പതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ചുറ്റും കൂടിയ മാധ്യമപ്രവർത്തകരോട് ഇങ്ങനെ പറഞ്ഞു: ‘‘കേരളത്തിൽ ന്യൂനപക്ഷം സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം, ആ സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട് ഗവൺമെന്റിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നേടുന്നു; കൂടുതൽ വിലപേശൽ നടത്തുന്നുവെന്ന ആക്ഷേപം ഇതര സമുദായങ്ങൾക്കുമുണ്ട്. ആ സത്യം വിസ്മരിക്കരുത്’’. ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവന എന്ന് രാഷ്ട്രീയ മണ്ഡലങ്ങളിൽ അറിയപ്പെട്ട ഈ സംസാരത്തിൽ ഒരു കാര്യം കൂടി ആന്റണി കൂട്ടിച്ചേർത്തു: ‘‘ന്യൂനപക്ഷങ്ങൾ അൽപം കൂടി സംയമനം പാലിക്കണം’’.
വലിയ പുകിലുണ്ടാക്കിയ ഈ പ്രസ്താവന ആന്റണി നടത്തുമ്പോൾ അനിൽ ഡിഗ്രി വിദ്യാർഥിയാണ്. ആന്റണി മുഖ്യമന്ത്രിയും. തൊട്ടടുത്ത വർഷം രാജിവെച്ചു. പിന്നെ 2014ൽ യു.പി.എ ഭരണത്തിൽനിന്ന് ഇറങ്ങും വരെ ഡൽഹിയായിരുന്നു തട്ടകം. അവിടെ പ്രതിരോധ മന്ത്രിവരെയായി. അതൊക്കെകഴിഞ്ഞ്, മോദി അധികാരത്തിലേറി രണ്ട് മാസം കഴിഞ്ഞപ്പോൾ ദേ, വരുന്നു അടുത്ത പ്രസ്താവന: കോൺഗ്രസിന്റെ മതേതരത്വത്തിൽ ജനങ്ങളിൽ ഒരു വിഭാഗത്തിന് സംശയമുണ്ടെന്ന്. ഇതുതന്നെയാണ് തങ്ങൾ ഏറെക്കാലമായി പറയുന്നതെന്ന് അതിനോട് അദ്വാനിയടക്കമുള്ളവർ. രാജ്യത്തിന് വിവിധ വികസന മോഡലുകൾ സമ്മാനിച്ച കേരളത്തെയും ഇതേ കാലത്ത് ആന്റണി വിമർശിച്ചു: കേരളത്തിൽ വ്യവസായ വികസനം വരില്ലെന്ന്.
അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യൻ! സംഘടിത ന്യൂനപക്ഷം, മതേതരത്വം, കേരള വികസന മോഡൽ തുടങ്ങിയ രാഷ്ട്രീയകാര്യങ്ങളിലെല്ലാം സംഘ്പരിവാർ കാഴ്ചപ്പാട് തന്നെയായിരുന്നു ആന്റണിക്കുമുണ്ടായിരുന്നത്. കിട്ടിയ അവസരങ്ങളിലെല്ലാം അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. മൃദുഹിന്ദുത്വത്തിന്റെ പല അംശങ്ങൾ അതിൽ കണ്ടെടുത്തവരുമുണ്ട്. ഇതെല്ലാം വർഷങ്ങളായി കണ്ടും കേട്ടും നടന്നതുകൊണ്ടാകാം, ബി.ബി.സി ഡോക്യുമെന്ററിയിലെ മോദിവിമർശനം ‘ഇന്ത്യാവിരുദ്ധമായി അനിലിന് തോന്നിയതും തുടർന്ന് പാർട്ടിവിട്ടതും.
പുത്രവാത്സല്യത്താൽ, കരുണാകരൻ മക്കളെ രാഷ്ട്രീയത്തിലിറക്കി ഓരോ പദവിയിലിരുത്താനാണല്ലോ ഓടിനടന്നത്. ആദർശധീരനായ ആന്റണി നേരെ തിരിച്ചായിരുന്നു. അനന്തപുരിക്കും ഇന്ദ്രപ്രസ്ഥത്തിനുമിടയിലുള്ള ഓട്ടപ്പാച്ചിലിനിടയിൽ മക്കൾക്ക് ആദർശ രാഷ്ട്രീയമെന്തെന്ന് പഠിപ്പിച്ചുകൊടുക്കാൻ മറന്നുപോയി. എങ്കിലും, ചേർത്തലയിലെ ഒരു സാദാ കെ.എസ്.യുകാരനിൽനിന്ന് രാജ്യം കണ്ട ഏറ്റവും ആദർശ പരിവേഷമുള്ള രാഷ്ട്രീയക്കാരനായി മാറിയ ചരിത്രമൊന്നും ഈ പുത്രഭാരത്താൽ മാഞ്ഞുപോകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.