തുടർ ഭരണം വന്നാൽ നാട് തകരും -എ.കെ. ആൻറണി
text_fieldsനിയമസഭ തെരഞ്ഞെടുപ്പിൽ ജനം എന്തിന് യു.ഡി.എഫിന് വോട്ട് ചെയ്യണം?
പിണറായി ഭരണം ഇനി വരാതിരിക്കാൻ ജനം യു.ഡി.എഫിന് വോട്ട് ചെയ്യണം. ഇടതിന് തുടർഭരണം വന്നാൽ നാട് തകരും. ആ നാശം ഒഴിവാക്കാൻ യു.ഡി.എഫ് വരണം. െഎശ്വര്യകേരളത്തിനും ലോകോത്തര കേരളത്തിനുമായി യു.ഡി.എഫ് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ യു.ഡി.എഫ് വരേണ്ടതുണ്ട്. ഇത്രയേറെ ജനങ്ങളോട് യുദ്ധം ചെയ്ത, ജനവികാരത്തെ ചവിട്ടിമെതിച്ച, ഏകാധിപത്യ പ്രവണതയും പിടിവാശിയും കാട്ടിയ ഒരു സർക്കാർ ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മ സർവകാല റെക്കോഡിലെത്തിയിട്ടും അവശേഷിക്കുന്ന തൊഴിലവസരങ്ങൾപോലും പാർട്ടിക്കാർക്ക് വേണ്ടിയാക്കി. അമേരിക്കൻ കമ്പനിക്ക് കേരളത്തിെൻറ ആഴക്കടൽ തീറെഴുതാൻ ശ്രമിച്ച സർക്കാറാണിത്. വിശ്വാസികളെ ഇത്രയേറെ മുറിപ്പെടുത്തിയ സർക്കാർ വേറെയുണ്ടായിട്ടില്ല. ശബരിമല പ്രശ്നത്തിൽ വിധി വന്നശേഷം എല്ലാവരുമായി ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രിക്ക് നേരത്തേ അത് ആകാമായിരുന്നില്ലേ.
ഇത്രയൊക്കെ കാണിച്ചിട്ടും വീണ്ടും ഇടതുമുന്നണിക്ക് അവസരം കിട്ടിയാൽ ജനത്തിനോ പാർട്ടിക്കോ പ്രതിപക്ഷത്തിനോ മാധ്യമങ്ങൾക്കോ നിയന്ത്രണമില്ലാത്ത, തന്നിഷ്ടം പ്രവർത്തിക്കുന്ന ഏകാധിപത്യ ശൈലിയിലേക്ക് പോകും. അങ്ങനെയൊരു ഭരണം വന്നുകൂടാ.
കോൺഗ്രസിെൻറ ദുർബലമായ സംഘടനാ സംവിധാനത്തിന് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സി.പി.എമ്മുമായി പ്രചാരണത്തിൽ എത്രത്തോളം കിടപിടിക്കാനാകും?
ഇതിനെക്കാൾ എണ്ണയിട്ട യന്ത്രമായിരുന്നപ്പോഴാണ് 1967, 1977, 2001 കാലഘട്ടങ്ങളിൽ അവരെ ഞങ്ങൾ തോൽപിച്ചത്. ആ സി.പി.എം ഇന്നില്ല. ഇന്ന് സി.പി.എമ്മിൽ അന്തച്ഛിദ്രമാണ്. അങ്ങനെയുള്ള എൽ.ഡി.എഫിനെ നേരിടാൻ യു.ഡി.എഫിനാകും. കോൺഗ്രസിനകത്ത് എന്നും പടലപ്പിണക്കങ്ങളുണ്ട്. സി.പി.എമ്മിൽ ഇതാദ്യമായാണ് സംസ്ഥാന വ്യാപകമായി കലാപക്കൊടി ഉയർന്നത്. കുറ്റ്യാടിയിൽ ആദ്യ സ്ഥാനാർഥിയെ മാറ്റി കലാപക്കൊടി ഉയർത്തിയവർ നിശ്ചയിച്ചയാളെ സ്ഥാനാർഥിയാക്കേണ്ടിവന്നു.
സ്ഥാനാർഥി നിർണയത്തെ തുടർന്ന് മുന്നണിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ യു.ഡി.എഫിെൻറ വിജയസാധ്യതയെ ബാധിക്കില്ലേ?
അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഒത്തിരി നേതാക്കളുള്ളതിനാൽ അർഹരായ പലർക്കും സീറ്റ് കിട്ടിക്കാണില്ല. ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. 1970 ന് ശേഷം കോൺഗ്രസിൽ പുതുമുഖങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം ലഭിച്ച സ്ഥാനാർഥിപ്പട്ടിക ഇത്തവണയാണ്. തലമുറമാറ്റത്തിെൻറ ദിശാബോധമുള്ള പട്ടികയാണിത്. മൂന്ന് മുന്നണികളുടെ പട്ടിക പരിശോധിച്ചാലും കോൺഗ്രസിനെപോലെ തലമുറമാറ്റം സൂചിപ്പിക്കുന്ന സ്ഥാനാർഥി പട്ടിക മറ്റാർക്കുമില്ല.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആയുധമാക്കിയ സ്വർണക്കടത്ത് വിഷയം ഇപ്പോൾ പ്രചാരണ വിഷയമാകാത്തതെന്ത്?
സ്വർണക്കടത്ത് കേസിൽ കുറ്റവാളികളെ കണ്ടെത്താൻ കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് താൽപര്യമില്ല. കോൺഗ്രസ് മുക്തഭാരതം ലക്ഷ്യമിടുന്ന ബി.ജെ.പി തെരഞ്ഞെടുക്കപ്പെട്ട വിവിധ കോൺഗ്രസ് സർക്കാറുകളെ പുറത്താക്കാൻ ശ്രമിക്കുകയാണ്. അങ്ങനെയുള്ളപ്പോൾ മോദിയും അമിത് ഷായും കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാൻ സഹായിക്കുമെന്ന് ആർക്കും കരുതാനാകില്ല. അതിനാൽ ശക്തമായ മത്സരം നടക്കുന്ന സ്ഥലങ്ങളിൽ ബി.ജെ.പി വോട്ടുകൾ ഒടുവിൽ സി.പി.എമ്മിന് നൽകുമെന്ന് ഉറപ്പാണ്.
പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടി ശക്തമായ പ്രചാരണം നടത്തുേമ്പാൾ യു.ഡി.എഫ് അക്കാര്യത്തിൽ പിന്നാക്കം പോകുന്നില്ലേ?
അതുതന്നെയാണ് എൽ.ഡി.എഫിെൻറ അപകടം. സി.പി.എമ്മിനും അവരുടെ പോളിറ്റ് ബ്യൂറോക്കും എൽ.ഡി.എഫിനും ഒരു നേതാവ് എന്നത് അപകടകരമാണ്. േകരളത്തിെൻറ പ്രത്യേക സാഹചര്യത്തിൽ കൂട്ടുനേതൃത്വത്തെ മുന്നിൽ നിർത്തിയാണ് ഞങ്ങൾ തെരഞ്ഞെടുപ്പ് നേരിടുന്നത്. തീരുമാനങ്ങളെല്ലാം ചർച്ചചെയ്താകും കൈക്കൊള്ളുക.
ന്യൂനപക്ഷ സംരക്ഷകർ എന്ന ഇടതുമുന്നണിയുടെ അവകാശവാദം മറികടക്കാൻ യു.ഡി.എഫിന് എത്രത്തോളം കഴിയും?
ന്യൂനപക്ഷത്തിെൻറയും ഭൂരിപക്ഷത്തിെൻറയും ഉൾപ്പെടെ എല്ലാവരുടെയും ന്യായമായ അവകാശങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ ഞങ്ങൾ സംരക്ഷിക്കും. മറിച്ച് എൽ.ഡി.എഫിനെപ്പോലെ നവോത്ഥാനത്തിെൻറ പേരിൽ ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിക്കാനും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനും ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മിലടിപ്പിക്കാനും ഞങ്ങൾ ശ്രമിക്കില്ല.
മുതിർന്ന നേതാക്കൾ ഉൾപ്പെടെ കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോകുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലേ?
എല്ലാ തെരഞ്ഞെടുപ്പിലും ചിലർ വിട്ടുപോകാറുണ്ട്. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇൗ തെരഞ്ഞെടുപ്പിൽ നിരവധി സി.പി.എം നേതാക്കൾ എൻ.ഡി.എയുടെ സ്ഥാനാർഥികളായി. എൽ.ഡി.എഫ് അധികാരത്തിൽ തിരികെ വരരുതെന്നാണ് കേരളം ആഗ്രഹിക്കുന്നത്. അത് യു.ഡി.എഫ് മാത്രമല്ല, നല്ല ഇടതുപക്ഷക്കാരും. ബംഗാളിലെപ്പോലെ ഇവിടെയും സി.പി.എം തകരാതിരിക്കാൻ തുടർഭരണം ഉണ്ടാകരുതെന്ന് അവരും ആഗ്രഹിക്കുന്നു.
പിണറായിക്ക് ബദലായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് ഉയർത്തിക്കാട്ടാൻ നിങ്ങൾക്ക് കഴിയുന്നത്?
ആരെയും ഉയർത്തിക്കാട്ടുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. അക്കാര്യത്തിൽ ഒരു തർക്കവുമുണ്ടാകില്ല. ഇപ്പോൾ തെരഞ്ഞെടുപ്പിൽ ജയിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ.
സർവേ ഫലങ്ങളെല്ലാം എതിരായത് തെരഞ്ഞെടുപ്പിൽ ചെറിയതോതിലും യു.ഡി.എഫിന് തിരിച്ചടിയാകില്ലേ?
സർവേ ഫലങ്ങൾ യു.ഡി.എഫ് പ്രവർത്തകരിൽ വാശി വർധിപ്പിക്കുകയേയുള്ളൂ. വീണ്ടും എൽ.ഡി.എഫ് ഭരണത്തിലേക്ക് കേരളത്തെ തള്ളിവിടാതിരിക്കാൻ എല്ലാം മറന്ന് അവർ രംഗത്തിറങ്ങും.
സാധാരണ പ്രതിപക്ഷനേതാവാണ് അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർഥിയാകാറുള്ളത്. അതിനൊരു മാറ്റം ഉണ്ടായതെന്തുകൊണ്ട്?
കേരളത്തിലെ നേതാക്കളാണ് ഇത്തവണ കൂട്ടായ നേതൃത്വം േവണമെന്ന് ആലോചിച്ച് തീരുമാനിച്ചത്. ഇവിടെ ആലോചിച്ച് അവർ അക്കാര്യം ഡൽഹിലെത്തി അറിയിച്ചപ്പോൾ ഹൈകമാൻഡ് അംഗീകാരം നൽകുക മാത്രമാണ് ഉണ്ടായത്.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പ്രതീക്ഷ എത്രത്തോളം?
ഉറച്ച സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം കിട്ടും.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് താങ്കൾ മടങ്ങിവരാനുള്ള സാധ്യത?
കേരള രാഷ്ട്രീയത്തിൽ ഞാൻ ഇനി പാർട്ടി പദവിയിലോ മറ്റേതെങ്കിലും സ്ഥാനത്തോ ഉണ്ടാകില്ലെന്ന് 2004 ൽ പ്രഖ്യാപിച്ചതാണ്. അക്കാര്യത്തിൽ മാറ്റമില്ല. കേരളത്തിലെ നേതാക്കളെ സഹായിച്ച് അവർക്കൊപ്പം നിൽക്കും. ഇപ്പോഴത്തെ കാലാവധി കഴിയുേമ്പാൾ ഇനി രാജ്യസഭയിലേക്കും മത്സരിക്കില്ല.
നേതാക്കളുടെ മക്കളെല്ലാം രാഷ്ട്രീയത്തിൽ കടന്നുകഴിഞ്ഞു. താങ്കൾക്കും പിൻഗാമി ഉണ്ടാകുമോ?
എെൻറ മക്കളാരും ഇൗ തെരെഞ്ഞടുപ്പിൽ സ്ഥാനാർഥിയല്ല. ഇനി അഞ്ചുവർഷം കഴിഞ്ഞാണ് തെരഞ്ഞെടുപ്പ്. അന്നത്തെക്കാര്യം എന്താണെന്ന് എനിക്കെങ്ങനെ പറയാൻ കഴിയും.
ശബരിമല വിഷയത്തിൽ മാത്രം യു.ഡി.എഫിെൻറ പ്രചാരണം കേന്ദ്രീകരിക്കുന്നത് ഗുണകരമാകുമോ?
ശബരിമലയും ഒരു വിഷയമാണ്. പക്ഷേ, അതിൽ മാത്രമല്ല ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തൊഴിലില്ലായ്മ, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുന്നുണ്ട്. കേരളം വിശ്വാസികളുടെ നാടാണ്. ഇന്ന് ശബരിമലയാണെങ്കിൽ നാളെ പള്ളിയും മോസ്ക്കും ആയിരിക്കും പ്രശ്നമാകുക.
രാജ്യത്തിെൻറ ബഹുസ്വരതയും ജനങ്ങളുടെ അവകാശങ്ങളും ആചാരങ്ങളും മതേതരത്വവും തകർക്കാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നു. ഏതെങ്കിലും കക്ഷിക്ക് രണ്ടാം തവണയും ഭരണം ലഭിച്ചാൽ എന്ത് സംഭവിക്കുമെന്നതിന് തെളിവാണ് ഇത്. രണ്ടാം ബി.ജെ.പി ഭരണത്തിൽ ആർ.എസ്.എസ് അജണ്ടകൾ വേഗത്തിൽ നടപ്പാക്കാനാണ് നോക്കുന്നത്. ഇതുതന്നെയാകും തുടർഭരണം വന്നാൽ േകരളത്തിലും സംഭവിക്കുക.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.