ഭീകരതയാകാത്ത ഭീകരതകൾ
text_fieldsനിരവധി കൊലപാതകക്കേസുകളിലും വധശ്രമക്കേസുകളിലും പ്രതിയായ അലക്സാണ്ടർ ബിസോണെറ്റിനെ വിസ്തരിക്കാൻ പോകുകയാണെന്ന് കഴിഞ്ഞയാഴ്ച കനേഡിയൻ പ്രോസിക്യൂട്ടർമാർ വാർത്തക്കുറിപ്പിൽ അറിയിക്കുകയുണ്ടായി. ക്യൂബെക് സിറ്റിയിലെ മസ്ജിദിൽ ആറുപേരെ വെടിവെച്ചുകൊല്ലുകയും 19 പേർക്ക് പരിക്കേൽപിക്കുകയും ചെയ്തിട്ടും ഇയാൾക്കെതിരെ ഭീകരതക്കുറ്റമൊന്നും ചാർജ് ചെയ്തിട്ടില്ല എന്നതാണ് വിചിത്രമായ സത്യം. പ്രാർഥനക്കെത്തിയ വിശ്വാസികളെ വധിച്ച നടപടി ഭീകരപ്രവൃത്തിയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ക്യൂബെക് പ്രധാനമന്ത്രി ഫിലിപ്പ് കൊയ്ലാർഡും കുറ്റപ്പെടുത്തിയത് പാഴ്വാക്കായി.
ലാസ് വേഗസിൽ സംഗീതക്കച്ചേരിക്കെത്തിയവർക്കുനേരെ സ്റ്റീഫൻ പാഡക് നിറയൊഴിക്കുകയും 59 പേർക്ക് ജീവഹാനി ഉണ്ടാകുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത നിഷ്ഠുരത അരങ്ങേറിയ അതേ ആഴ്ചതന്നെയായിരുന്നു കനേഡിയൻ പ്രോസിക്യൂട്ടർമാർ മേൽ തീരുമാനം പുറത്തുവിട്ടത്. പാഡക്കിെൻറ പ്രവൃത്തിയെ ഭീകരതയായി കാണാൻ നിയമപാലകർ കൂട്ടാക്കിയില്ല. നെവേദ സംസ്ഥാനത്തെ നിയമാവലിപ്രകാരം ഇൗ പാതകം ഭീകരതയുടെ പരിധിയിൽ വരുന്നുണ്ട് എന്നുകൂടി ഒാർമിക്കുക. ആ കുറ്റകൃത്യത്തെ ലഘുവായി കണ്ടാൽ മതിയെന്ന നിലപാടിൽ നിയമപാലകർ ഉറച്ചുനിന്നു.
അപ്പോൾ ഒരു ചോദ്യം ഉയരുന്നു, മുസ്ലിംകൾക്കും വെള്ളക്കാരല്ലാത്തവർക്കും മാത്രം ചാർത്താൻ ആവിഷ്കരിക്കപ്പെട്ട ലേബൽ ആയാണോ നാം ഭീകരതയെ കണക്കാക്കേണ്ടത്? ഇൗ ചോദ്യത്തിന് സാേങ്കതികമായും പ്രായോഗിക തലത്തിലും ഉത്തരം നൽകാം.
സാേങ്കതികമായി ഉത്തരം നൽകുന്നപക്ഷം സ്വന്തം നിലപാട് സാധൂകരിക്കാൻ ഇരുട്ടിൽ തപ്പാൻ അധികൃതർ നിർബന്ധിതരാകും. കാരണം, ഭീകരതക്ക് കൃത്യമായ നിർവചനമേ ഇല്ല. ഒരാൾ ഭീകരതയായി കരുതുന്ന കാര്യം മറ്റേയാൾക്ക് സ്വതന്ത്ര പോരാട്ടമായിരിക്കാം. പ്രായോഗികതലത്തിൽ ‘അപരർക്കു’വേണ്ടി മാറ്റിവെക്കപ്പെട്ട പദമാണ് ‘ഭീകരത’. പാഡക്കിനെ ലാസ് വേഗസ് പൊലീസ് മേധാവി ജോയി ലംബാർഡോ ഭീകരനായി കരുതുന്നില്ല. അയാൾ ഒരു പ്രാദേശിക വ്യക്തിയാണ് എന്നായിരുന്നു െലാംബാർഡോയുടെ പ്രതികരണം. അയാൾ ‘ഒറ്റയാൻ’ ആണെന്നും അദ്ദേഹം പറഞ്ഞു. അലക്സാണ്ടർ ബിഡോണറ്റിനെ സംബന്ധിച്ചും പൊലീസ് വൃത്തങ്ങൾ സമാന പ്രതികരണങ്ങൾ പുറത്തുവിട്ടു. ‘അസ്വസ്ഥ ചിത്തൻ’ എന്നായിരുന്നു ഒരു പ്രതികരണം. ഒരുപേക്ഷ, അവർ മനോരോഗികൾ ആയിരിക്കാം. അല്ലെങ്കിൽ ‘സ്ഥിരബുദ്ധിയില്ലാത്തവർ.’
എന്നാൽ, ഇരുവരും മുസ്ലിംകളായിരുന്നെങ്കിൽ മറ്റൊന്നാകുമായിരുന്നു കഥ. ‘ഹോം ഗ്രോൺ ടെററിസ്റ്റ്’ എന്നോ ‘ഇസ്ലാമിക് ടെററിസ്റ്റ്’ എന്നോ ‘ജിഹാദി’ എന്നോ അവർ വിശേഷിപ്പിക്കപ്പെടും. അവർക്ക് മനോരോഗമോ മറ്റു വിഭ്രാന്തികളോ ഉണ്ടെന്ന സൂചനകൾപോലും ഒരാളും പുറത്തുവിടില്ല. അലക്സാണ്ടർ ബിസോണെറ്റിനെതിരെ ലഭ്യമായ തെളിവുകളെ ആധാരമാക്കിയാണ് കേസ് തയാറാക്കിയതെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഭീകരതക്കേസുകൾ തെളിയിക്കാൻ പ്രയാസമാണത്രെ. വാസ്തവത്തിൽ അലക്സാണ്ടറുടെ കേസിൽ ഭീകരതക്ക് നിരവധി തെളിവുകൾ ലഭ്യമായിരുന്നു. പൊളിറ്റിക്സ് വിദ്യാർഥിയായിരുന്ന ഇൗ 27കാരൻ ഘട്ടം ഘട്ടമായി വെള്ളവംശീയവാദിയായി പരിണമിച്ചതിെൻറ രേഖകൾ അനായാസം ശേഖരിക്കാനാകും. അയാളുടെ ബന്ധങ്ങളും സൗഹൃദങ്ങളും സംശയാതീതം.
‘‘രാഷ്ട്രീയ, മത, പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളോടെ പൊതുജനങ്ങളിലോ പൊതുജനങ്ങളിലെ ഒരു വിഭാഗത്തിനിടയിലോ ഭീതി വിതക്കാനുള്ള ഉേദ്ദശ്യത്തോടെ നിർവഹിക്കുന്ന ക്രിമിനൽ നടപടികൾ’’ എന്ന് ഭീകരത നിയമപുസ്തകങ്ങളിൽ നിർവചിക്കപ്പെടുന്നു. ക്യൂെബക് മസ്ജിദിലെയും ലാസ് വേഗസിലെയും വെടിവെപ്പുകളിൽ ജനങ്ങൾ ചകിതരായി. ആ ലക്ഷ്യത്തോടെയായിരുന്നു ഇരു പ്രതികളും ആക്രമണം ആസൂത്രണം ചെയ്തത്. ഇക്കാര്യങ്ങൾ പകൽപോലെ സുവ്യക്തമാണ്. എന്നിട്ടും ഭീകരതക്കുറ്റം ചുമത്താൻ പ്രോസിക്യൂഷൻ തയാറായില്ല. ഭീകരതവിരുദ്ധ നടപടികൾ നിർബാധം തുടരുന്ന അധികൃതർ ഭീകരതയെ മഹാപാതകമായി വിശേഷിപ്പിക്കുന്നു. നിയമപുസ്തകങ്ങൾ ഭീകരതക്ക് കടുത്ത ശിക്ഷയാണ് അനുശാസിക്കുന്നത്. ഭീകരതയെ ഭീകരതയായിത്തന്നെ ഗണിക്കേണ്ടതുണ്ട്. സമാന സംഭവങ്ങളിൽ മുസ്ലിംകൾ പ്രതികളായി വരുേമ്പാൾ പ്രോസിക്യൂട്ടർമാരും സുരക്ഷവിഭാഗങ്ങളും നിലപാടുകളിൽനിന്ന് പിന്മാറുന്നു. പ്രത്യാഘാതഭയമില്ലാെതയും ആലോചനകൾക്ക് അവസരം നൽകാതെയും പ്രതികൾക്ക് തൽക്ഷണം ഭീകരതലിസ്റ്റിൽ ഇടംലഭിക്കുന്നു.
ഭീകരതമുദ്ര ചാർത്തുന്നതിനു പിന്നിലെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങൾ അവഗണിക്കാനാവില്ലെന്ന ഒാസ്ഗുഡ് ലോ സ്കൂൾ പ്രഫസർ ഭാഭാ ഫൈസലിെൻറ നിരീക്ഷണം ശ്രദ്ധേയമാണ്. വെള്ളവംശജരെ ഭീകരപ്പട്ടികയിൽ ചേർക്കാൻ അറച്ചുനിൽക്കുന്ന േപ്രാസിക്യൂട്ടർമാർ കറുത്ത വർഗക്കാർക്കും മുസ്ലിംകൾക്കും മിനിറ്റുകൾക്കകം ഭീകരതമുദ്ര ചാർത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സമീപകാലത്തെ ഏതാനും കേസുകളിലൂടെ കേണ്ണാടിക്കുന്നവർക്ക് ഭീകരതയുടെ ഇൗ പക്ഷപാതപരമായ പ്രയോഗങ്ങൾ അനായാസം ബോധ്യമാകാതിരിക്കില്ല. ഭീകരസംഘടനകളുമായി അതിവിദൂരമോ, ഭാവനാസൃഷ്ടമോ ആയ ബന്ധങ്ങളാരോപിച്ച് മുസ്ലിം യുവാക്കൾ വേട്ടയാടപ്പെടുേമ്പാൾ വെള്ളക്കാരായ പ്രതികൾക്ക് ക്ലീൻചിറ്റ് ലഭിക്കുന്നു. ആർക്കും പരിശോധിച്ച് കണ്ടെത്താൻ സാധിക്കുന്ന യാഥാർഥ്യങ്ങളാണിവ.
മൈക്ക്ൾ സിഹാഫ്, മാർട്ടിൻ റൂലിയു എന്നിവർ മനോവിഭ്രാന്തിമൂലം നടത്തിയ കൊലകളെ, ഇരുവരുടെയും ഇസ്ലാം ബന്ധം മൂലം ഭീകരപ്രവർത്തനമായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അഞ്ച് ഒാഫിസർമാരെ വധിച്ച ജസ്റ്റിൻ ബൂർക്കിെൻറ പാതകത്തെ സാധാരണ കൊലയായി കണക്കാക്കുകയും ചെയ്ത രീതി നമുക്കു മുന്നിലുണ്ട്. മതഭ്രാന്തിെൻറ അന്തരീക്ഷത്തിൽ വളർത്തപ്പെട്ട ജസ്റ്റിൻ മാനസികമായി പൂർണ ആരോഗ്യവാനാണെന്ന് വിചാരണ വേളയിൽ തെളിയുകയുമുണ്ടായി. 2015ൽ ഹാലിഫാക്സ് ഷോപ്പിങ് കോംപ്ലക്സിൽ കൂട്ടക്കുരുതി ആസൂത്രണം ചെയ്ത രണ്ടുപേർ തോക്കുകളുമായി അറസ്റ്റിലായിരുന്നു. റാൻഡൽ ഷെഫേഡ്, ലിൻസെ സുവർനാത് എന്നീ പേരുള്ള ഇൗ പ്രതികൾ കുറ്റം സമ്മതിക്കുകയും കുരുതി ലക്ഷ്യമിട്ടാണ് ഷോപ്പിങ് കോംപ്ലക്സിൽ എത്തിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇരുവർക്കുമെതിരെ ഭീകരതാ ആരോപണങ്ങൾ ഉയർന്നില്ല.
‘‘സമൂഹത്തിൽ നാശനഷ്ടം സൃഷ്ടിക്കാനെത്തിയവരായിരുന്നു അവർ. സാംസ്കാരികമോ പ്രത്യയശാസ്ത്രപരമോ ആയ ഗൂഢപ്രേരണകൾ ഇരുവരെയും സ്വാധീനിച്ചു എന്നതിന് തെളിവില്ല. സംഭവത്തെ ഭീകരതയുമായി ബന്ധിപ്പിക്കാൻ സാധ്യമല്ല’’ -നിയമവൃത്തങ്ങളുടെ ഇൗ മൃദുസമീപനം പ്രതികൾക്ക് ഗുണകരമായി ഭവിച്ചു. വംശവെറിയെയും നാസി ചിന്താധാരകളെയും ഗൗരവപൂർവം വീക്ഷിക്കാൻ പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങൾ തയാറല്ല. വെള്ള വംശീയ മേധാവിത്വവാദം അവർക്ക് ‘ഇസ്ലാമിക ഭീകരത’യോളം വലിയ പ്രശ്നമല്ല. ഭാഷയിലും നിയമാവലികളിലും ഇസ്ലാമോഫോബിയ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്ന നിർഭാഗ്യകരമായ യാഥാർഥ്യം. ടൊറേൻറാ യൂനിവേഴ്സിറ്റിയിലെ ഡോ. മെഗാൻ എം. ബോളർ ഇൗ വീക്ഷണം ധീരമായി പ്രഖ്യാപിക്കുകയുണ്ടായി. ഭീകരതവിരുദ്ധ നിയമങ്ങളുടെ ആഘാതം ചെന്നുപതിക്കുന്നത് മുസ്ലിംകളിൽ മാത്രം എന്ന ദുരവസ്ഥ നീതിപൂർവകമല്ലെന്ന് പറയേണ്ടതില്ല. അലക്സാണ്ടറെപ്പോലെയുള്ളവരെ വിചാരണ ചെയ്യേണ്ടത് ഭീകരതനിയമത്തിെൻറ അടിത്തറയിൽനിന്നുതെന്നയാകണം. അല്ലാത്തപക്ഷം ‘ഭീകരത’ അവർക്കുവേണ്ടി മാത്രം രൂപവത്കരിക്കുന്ന ‘വക്രോക്തി’യായി കലാശിക്കും.
നിയമവിദഗ്ധനും കോളമിസ്റ്റും ഇന്ത്യാനയിലെ വാൾപറൈയ്സോ കലാശാലയിലെ ലോ സ്കൂൾ അധ്യാപകനുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.