സാഹോദര്യത്തിെൻറ പ്രതീകമാകണം അമർനാഥ് യാത്ര
text_fieldsഅമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ മിന്നലാക്രമണം കശ്മീരിൽ മാത്രമല്ല ഇന്ത്യയിലൊന്നടങ്കംതന്നെ നടുക്കമുളവാക്കി. അനന്ത്നാഗ് പട്ടണത്തിൽനിന്ന് ഒരു കി.മീ ദൂരം അകലെയുള്ള ബൂതൻഗൂ ഗ്രാമത്തിൽവെച്ചാണ് തീർഥാടകരുടെ ബസ് ആക്രമിക്കപ്പെട്ടത്. രണ്ട് തോക്കുധാരികൾ തുരുതുരാ നിറയൊഴിച്ചെങ്കിലും ധൈര്യം വിടാതെ ഡ്രൈവർ സാഹസികമായി ബസ് മുന്നോെട്ടടുത്ത് നിർത്താതെ സഞ്ചരിച്ചതിനാൽ കൂടുതൽ അത്യാഹിതങ്ങൾ ഒഴിവാക്കാൻ സാധിച്ചു. ബസ് ഹൈവേയിൽ സുരക്ഷാപാലകർക്ക് മുമ്പാകെ എത്തിയപ്പോൾ മാത്രമാണ് ഡ്രൈവർ ശൈഖ് സലീം ഗഫൂറിന് ശ്വാസം നേരെവീണത്. പരിക്കേറ്റ യാത്രക്കാർ അലമുറയിടുന്നുണ്ടായിരുന്നു. യാത്രക്കാരെ തൽക്ഷണം സുരക്ഷാസേങ്കതത്തിലേക്ക് മാറ്റി. പ്രഥമശുശ്രൂഷകൾ നൽകുന്നതിനിടെ ആറ് സ്ത്രീകൾ മരിച്ചു. ഒരു തീർഥാടകൻ ആശുപത്രിയിൽവെച്ചും മരണത്തിന് കീഴടങ്ങി.
അമർനാഥ് ഗുഹാക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകർ. ജൂൺ 28 മുതൽ 40 ദിവസം വരെയാണ് തീർഥയാത്രയുടെ ദിനങ്ങൾ. ഇത്തവണ പതിവിലേറെ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. കാരണം, കശ്മീരിൽ അനിഷ്ടസംഭവങ്ങളും പ്രക്ഷോഭങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുരക്ഷക്ക് പ്രാമുഖ്യം നൽകാൻ അധികൃതർ പ്രത്യേകം ഉത്തരവിട്ടിരുന്നു. ഹിസ്ബുല്ല കമാൻഡർ ബുർഹാൻ വാനി പോയവർഷം വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ജനമുന്നേറ്റങ്ങളുടെ അലയൊലികൾ താഴ്വരയിൽ കെട്ടടങ്ങിയിരുന്നില്ല. അമർനാഥ് യാത്രികർക്കുനേരെ ആക്രമണം അരങ്ങേറിയതിെൻറ രണ്ടുനാൾമുമ്പായിരുന്നു ബുർഹാെൻറ ചരമവാർഷികം.
തീർഥാടകരുടെ കൊല രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. ലശ്കറെ ത്വയ്യിബ തീവ്രവാദികൾ ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് സർക്കാർ ആരോപിക്കുന്നു. അതേ സമയം കശ്മീർ ജനത ഒറ്റക്കെട്ടായി സംഭവത്തെ അപലപിക്കുകയുണ്ടായി. ശ്രീനഗറിലെ പ്രസ് എൻക്ലേവിന് മുന്നിൽ ഒരുദിവസം നീണ്ട സത്യഗ്രഹം നടന്നു. കശ്മീർ ജനത പ്രകടിപ്പിച്ച െഎക്യദാർഢ്യം ഹൃദയാവർജകമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പുറത്തുവിട്ട പ്രസ്താവന. സമീപകാലത്തായി അമർനാഥ് യാത്ര പല കാരണങ്ങളാൽ മാധ്യമശ്രദ്ധ കൂടുതൽ ആകർഷിക്കുന്നതായാണ് അനുഭവം. മഞ്ഞുകാലം കൂടുതൽ ശക്തിപ്രാപിക്കുന്ന മുഹൂർത്തമാണ് തീർഥാടനഘട്ടം. കനത്ത ഹിമപാതത്തിൽപെട്ട് തീർഥാടകർ മരണം പുൽകുന്ന അത്യാഹിതങ്ങൾ പുതുമയല്ല. തീർഥാടകരുടെ സൗകര്യങ്ങൾ, സുരക്ഷ എന്നിവക്കായി അധികൃതർ പുലർത്തുന്ന നിതാന്തജാഗ്രത സദാപ്രശംസ നേടാറുമുണ്ട്. സംസ്ഥാനത്ത് തീവ്രവാദം പിറവിയെടുക്കുന്നതിനുമുമ്പ് അമർനാഥ് യാത്ര സാധാരണ സംഭവം മാത്രമായിരുന്നു. ഏതാനും സന്യാസിമാർ മാത്രം ഗുഹാക്ഷേത്രത്തിൽ എത്തി ശിവലിംഗ ദർശനം കഴിഞ്ഞ് മടങ്ങുന്ന രീതിയായിരുന്നു അക്കാലങ്ങളിലെ സമ്പ്രദായം. ജുമ മാലിക് എന്ന മുസ്ലിം ഇടയബാലൻ ആയിരുന്നു ആദ്യമായി പ്രകൃതിദത്തമായ അമർനാഥ് ഗുഹ കണ്ടെത്തിയത്. തീർഥയാത്രയുടെ സംഘാടക വിഭാഗത്തിൽ അയാളുടെ പിൻഗാമികളായ മലിക്കുകൾ ചുമതല വഹിച്ചിരുന്നു. എന്നാൽ, 2004ൽ പ്രത്യേക ക്ഷേത്രബോർഡ് രൂപവത്കരിക്കപ്പെട്ടതോടെ ആ കുടുംബത്തിെൻറ അധികാരാവകാശങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്തു.
ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രി ആയിരിക്കെ ക്ഷേത്രബോർഡ് രൂപവത്കരണം നിയമസഭയിൽ പ്രത്യേക നിയമനിർമാണം വഴി ആയിരുന്നു സാക്ഷാത്കരിക്കപ്പെട്ടത്. നിയമനിർമാണത്തോട് അപ്പോൾ ആരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, 2004ൽ തീർഥ യാത്രയുടെ കാലയളവ് രണ്ടുമാസമായി വർധിപ്പിക്കാൻ ഗവർണർ എസ്.കെ. സിൻഹ കൈക്കൊണ്ട തീരുമാനം വിവാദങ്ങൾക്ക് തിരിെകാളുത്തി. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഇൗദ് തീരുമാനത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. തീർഥയാത്ര കാലയളവിലെ രണ്ടു മാസങ്ങളിലും സർക്കാർ സന്നാഹങ്ങൾ ഒരുക്കിനിർത്തുന്നത് ഇതര ഭരണ വ്യാപാരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുഫ്തി ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്ര സർക്കാർ ഗവർണറുടെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. തീർഥയാത്ര സമയം ദീർഘിപ്പിച്ചതിനെച്ചൊല്ലി മുഫ്തിയും സിൻഹയും ഉൾപ്പെട്ട ആ വിവാദം ദുരന്തങ്ങൾക്ക് വഴിവെച്ചു. അമർനാഥ് യാത്ര വിലക്കാൻ തീവ്രവാദി ഗ്രൂപ്പായ ഹർകത്തുൽ അൻസാർ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ക്ഷേത്ര സമിതിക്ക് 39.8 െഹക്ടർ വിട്ടുകൊടുക്കാനുള്ള തീരുമാനത്തെച്ചൊല്ലിയുള്ള തർക്കകോലാഹലങ്ങൾ ഗുലാം നബി ആസാദിെൻറ മന്ത്രിസഭയുടെ പതനത്തിനുവരെ കാരണമാകുകയും ചെയ്തു.
തീർഥാടകരുടെ യാത്രകളെ സഹായിക്കാൻ നിരവധി മുസ്ലിം കച്ചവടക്കാരും തൊഴിലാളികളും സേവനനിരതരാണ്. അതേസമയം, പല മാർഗനിർദേശങ്ങളും ലംഘിക്കപ്പെടുന്നത് തീർഥയാത്രികർക്ക് തിരിച്ചടിയാവുന്ന ഉദാഹരണങ്ങൾ അധികൃതർ മാധ്യമപ്രവർത്തകർക്കു മുന്നിൽ നിരത്തുന്നു. ഉദാഹരണമായി ജൂലൈ 10ന് ആക്രമിക്കപ്പെട്ട ബസ് അമർനാഥ് ക്ഷേത്ര ബോർഡിെൻറ രജിസ്ട്രേഷൻ നേടിയിരുന്നില്ല. രാത്രി ഏഴിനുശേഷം യാത്ര നിർത്തിവെക്കണമെന്ന വ്യവസ്ഥയും ബസ് ജീവനക്കാർ പാലിച്ചില്ല. ടൂറിസ്റ്റുകളായി അഭിനയിച്ച് തീർഥയാത്ര നടത്തുന്ന കൗശലക്കാരും പരിശോധകർക്ക് അലോസരം സൃഷ്ടിക്കാറുണ്ട്.
അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട സങ്കീർണതകളുടെ രൂക്ഷത സമീപകാലത്തായി കൂടുതൽ വർധിച്ചിട്ടുണ്ട്. തീവ്രവാദികളുടെ എണ്ണം വർധിച്ചതോടെ തീർഥാടകരുടെ സുരക്ഷക്ക് കൂടുതൽ സന്നാഹങ്ങൾ ഒരുക്കേണ്ട സമ്മർദം അധികൃതരെ ശ്വാസംമുട്ടിക്കുന്നു. വികാര വിക്ഷോഭാന്തരീക്ഷം മുതലെടുത്ത് സംസ്ഥാനത്ത് സംഘർഷ സ്ഥിതി ദീർഘകാലം നിലനിർത്താൻ ആഗ്രഹിക്കുന്ന തൽപരകക്ഷികൾ നിരവധിയാണ്. അത്തരക്കാരിൽനിന്നുണ്ടാകുന്ന ചെറിയ സാഹസമോ വികൃതിയോ താഴ്വരയെ ഒന്നടങ്കം അഗ്നികുണ്ഡമായി മാറ്റുന്ന ആക്രമണ പരമ്പരകൾക്കുതന്നെ നിമിത്തമാകും. ഇക്കാര്യങ്ങൾ പരിഗണിച്ച് അമർനാഥ് യാത്ര ആരംഭിക്കുന്നതിന് ആഴ്ചകൾക്കു മുേമ്പ എല്ലാ പാതകളിലും സുരക്ഷ വിഭാഗം പരിശോധനകൾക്ക് തുടക്കം കുറിക്കും. ജൂലൈ 10ന് തീർഥാടകർക്കു നേരെ യുണ്ടായ ആക്രമണത്തിനു പിന്നിൽ ഹീനലക്ഷ്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ, സുരക്ഷ വിഭാഗത്തിെൻറ സമയോചിത ഇടപെടൽ വലിയ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത് തടയാൻ സഹായകമായി. പരിക്കേറ്റ തീർഥാടകരെ പാതിരാവിൽതന്നെ എത്തി സന്ദർശിക്കാൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കാണിച്ച ധീരതയും സഹാനുഭൂതിയും പരക്കെ പ്രശംസിക്കപ്പെട്ടു.
അമർനാഥ് തീർഥാടനത്തെ മതാനുഷ്ഠാനമായി മാത്രമാണ് കശ്മീരിലെ സാധാരണക്കാർ നോക്കിക്കാണുന്നത്. തീർഥയാത്രയുടെ പേരിൽ രാഷ്ട്രീയ കോട്ടകൾ കെട്ടിപ്പടുക്കാനുള്ള ചില കുബുദ്ധികളുടെ നീക്കം അനുവദിക്കപ്പെട്ടുകൂടാ. സംഘർഷരഹിതമായ യാത്രക്ക് അവസരം ലഭിക്കുേമ്പാഴാണ് അമർനാഥ് തീർഥാടനം മതമൈത്രിയുടെയും സാഹോദര്യത്തിെൻറയും പ്രതീകമായി വാഴ്ത്തപ്പെടുക.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.