Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

അ​ധീ​ശ​ദേ​ശീ​യ​വാ​ദ​ത്തി​െൻറ അ​പ​നി​ർ​മി​തി  

text_fields
bookmark_border
അ​ധീ​ശ​ദേ​ശീ​യ​വാ​ദ​ത്തി​െൻറ അ​പ​നി​ർ​മി​തി  
cancel

പഠിക്കുക, സംഘടിക്കുക, പോരാടുക എന്ന മുദ്രാവാക്യമാണ് അംബേദ്കർ ഇന്ത്യയിലെ അധഃസ്ഥിത യുവചേതനക്കു നൽകിയത്.  ബൗദ്ധികമായ പഠനത്തിലൂടെ പ്രബുദ്ധരാവുക, സംഘത്തിലൂടെ സംയോജിതരാവുക, ധർമസമരത്തിലേക്കിറങ്ങുക എന്നത് ബുദ്ധൻ നൽകിയ സന്ദേശമായിരുന്നു. ജാതിയുടെയും ചാതുർവർണ്യത്തിേൻറയും ആധാരമായ വർണാശ്രമധർമമെന്ന സനാതന ധർമത്തിൽനിന്നും നൈതികമായ ബുദ്ധധമ്മത്തെ വേർതിരിക്കാനാണ് ധമ്മമെന്ന പാലിവാക്കുതന്നെ അംബേദ്കർ വീണ്ടും ഉപയോഗിച്ചത്. നീതിയും ധർമവുമല്ല രാഷ്ട്രവും അതി​െൻറ ഭാരതമാതാവുമാണ് കാര്യമെന്നാണ് ഇന്ന് ഹൈന്ദവദേശീയവാദക്കാർ പറയുന്നത്.  ഹിന്ദുത്വദേശീയതയുടെ മുഖ്യബിംബമായ ഗോമാതാവിനും ഭാരതാംബക്കും ജയ് വിളിക്കാത്തവരെ കഴുത്തറുക്കുമെന്നുവരെ ഹിന്ദുസന്യാസിമാർ ആേക്രാശിക്കുന്നു. സൈനികവും സായുധവും വംശഹത്യപരവുമായ ഈ സംസ്കാര ദേശീയവാദത്തി​െൻറ സന്ദർഭത്തിലാണ് ബുദ്ധ​െൻറയും നവ ബുദ്ധ​െൻറയും വർണാശ്രമധർമവിമർശനം പ്രസക്തമാകുന്നത്.

രാമരാജ്യമായും ഹിന്ദുരാഷ്ട്രമായും ഹിന്ദുസ്വരാജായുമെല്ലാം വിഭാവനം ചെയ്യപ്പെട്ട ഒരിന്ത്യയിൽ ജാതിഹിന്ദുത്വത്തി​െൻറ അപരങ്ങളും അടിമകളുമായിരുന്ന ഒരു വമ്പിച്ച ജനതതിയുടെ അതിജീവന സമരവുമായി അഭേദ്യമായി ബന്ധപ്പെട്ട നാമവും വിമോചന കർതൃത്വവുമാണ് അംബേദ്കർ. ശൂദ്രരും തൊട്ടുകൂടാത്തവരും ആരായിരുന്നു എന്നും അവരെങ്ങനെ തീണ്ടൽക്കാരായി എന്നും ഇന്ത്യ ചരിത്രത്തിലാദ്യമായി ചോദിച്ചതും വിശദീകരിച്ചതും അംബേദ്കറാണ്.  ജാതിയും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുക്തിഭദ്രമായും സൈദ്ധാന്തികമായും വിശദീകരിച്ചതും അംബേദ്കറാണ്. 
പാശ്ചാത്യ ഇടപെടലിനെ തുടർന്നുണ്ടായ അധിനിവേശ ആധുനികതയുടെ സമ്മിശ്രമായ വിമോചന സന്ദർഭത്തിലാണ് അംബേദ്കറെ പോലൊരു കർതൃത്വം ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലുള്ള തൊട്ടുകൂടാത്തവരായ ദലിതരിൽനിന്നും ഉയർന്നുവന്നത്. വെള്ളം കുടിക്കാനും വഴിനടക്കാനും പോലും വിഷമിച്ച ആ തൊട്ടുകൂടാത്തവനാണ് ഇന്ത്യൻ പ്രബുദ്ധതയുടേയും ആധുനികതയുടേയും നൈതികമായ ഭരണഘടനയുടേയും വാസ്തുശിൽപിയായി മാറിയത്. അടിത്തട്ടിലുള്ള ജനതയുടെ അതിജീവന സമരത്തിലേക്കിറങ്ങിയ ജൈവബുദ്ധിജീവിയായിരുന്നു അദ്ദേഹം.  ഐതിഹാസികവും സമാനതകളില്ലാത്തതുമായ ജീവിതസമരവും രചനാലോകവുമാണ് ഭീംറാവു റാംജി അംബേദ്കർ അവശേഷിപ്പിക്കുന്നത്.      

ഇന്ത്യയിലുടനീളം ഉയരുന്ന അംബേദ്കർ പ്രതിമകൾ അധഃസ്ഥിതരുടെ ആദരവും അതിജീവന സ്വപ്നവും ഭാവിയുടെ പ്രതീക്ഷയുമായി അംബേദ്കറെ വീണ്ടും വീണ്ടും മണ്ണിലും മനസ്സിലും കുടിയിരുത്തുകയാണ്.  ജനതയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാഭിമാനത്തിേൻറയും സ്വയം അടയാളപ്പെടുത്തലിേൻറയും മൂർത്തരൂപങ്ങളുംകൂടിയാണ് അംബേദ്കർ ശിൽപങ്ങൾ.  പൊതുവിടങ്ങളെ ജനത വീണ്ടെടുക്കുന്നതി​െൻറ അടയാളങ്ങളും കാലരേഖകളുംകൂടിയാണീ കലാനിർമിതികൾ.  

ഭരണഘടനയേന്തുന്ന ഈ രാജ്യതന്ത്രജ്ഞൻ ഒരു ദേശീയനേതാവും ഇന്ത്യൻ ഭരണവ്യവസ്ഥയെ ചിട്ടപ്പെടുത്തിയ രാഷ്ട്രമീമാംസകനുമാണ്.  അദ്ദേഹത്തി​െൻറ ചൂണ്ടുവിരൽ സാമൂഹികനീതിയിലേക്കും ഭാവിയുടെ ജനായത്തത്തിലേക്കും ചൂണ്ടുന്നതാണെന്നതിൽ രണ്ടുപക്ഷമില്ല.  അധീശ ദേശീയവാദത്തി​െൻറ വിമർശനവും സാമൂഹിക ജനായത്തത്തി​െൻറ സൂചനയും അദ്ദേഹത്തി​െൻറ നിലയിലും നോക്കിലും ഉള്ളടങ്ങുന്നതായും വ്യാഖ്യാനിക്കാവുന്നതാണ്.  

ഇന്ത്യയുടെ ജലസേചനം, ഉൗർജം എന്നീ നിർണായക മേഖലകളുമായി ബന്ധപ്പെട്ട നയസമീപനങ്ങൾ രൂപവത്കരിച്ചത് അംബേദ്കറാണ്. രാജ്യത്തി​െൻറ പദ്ധതിയാവിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക സമീക്ഷകളും നടത്തിയത് അദ്ദേഹംതന്നെ.  മിലിന്ദും സിദ്ധാർഥയുമടക്കം നിരവധി കോളജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബഹിഷ്കൃതർക്കായി തുടങ്ങിയതും മറ്റാരുമല്ല. പശ്ചിമേന്ത്യയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനവും അധഃസ്ഥിതരുടെ സംഘടനകളും രൂപവത്കരിച്ചു വികസിപ്പിച്ചതും അംബേദ്കറാണ്. ഭരണഘടന സമിതിയുടെ അധ്യക്ഷൻ, ഇന്ത്യയിലെ ആദ്യ നിയമമന്ത്രി എന്നിങ്ങനെയെല്ലാം അംബേദ്കർ ഇന്ത്യൻ ദേശരാഷ്ട്രത്തി​െൻറ നിർമിതിയിൽ അനന്യമായ സംഭാവനകൾ ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്താനായി അദ്ദേഹം കൊണ്ടുവന്നതാണ് ഹിന്ദുകോഡ് ബിൽ.  ലിംഗസമത്വത്തിനു വേണ്ടിയുള്ള ഉറച്ച നിലപാടിനു വേണ്ടി രാഷ്ട്രീയാധികാരം ത്യജിക്കാനും അംബേദ്കറുടെ നീതിബോധം അദ്ദേഹത്തെ സജ്ജനാക്കിയിരുന്നു. ഇതു വ്യക്തമാക്കുന്നത്, കേവലം രാഷ്ട്രീയാധികാരം നിലനിർത്താനും ഭരണകേന്ദ്രത്തിൽ കടിച്ചുതൂങ്ങാനുമുള്ള ദേശീയവാദമല്ല, മറിച്ച്, സാമൂഹിക സമത്വവും മതേതരത്വവും ലിംഗസമത്വവും സാംസ്കാരികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യവും ജനായത്തവും നിറഞ്ഞ ഒരു ക്ഷേമരാഷ്ട്രമായി ഇന്ത്യയെ പരിവർത്തിപ്പിക്കുന്ന നൈതികമായ ദേശരാഷ്ട്ര നിർമിതിയാണ് അംബേദ്കറുടെ അമൂല്യമായ സംഭാവനയെന്നുമാണ്.  

നൂറ്റാണ്ടുകളായി വർണ-ജാതി പ്രത്യയശാസ്ത്രവും പൗരോഹിത്യ ആൺകോയ്മയും കോളനിവത്കരിച്ച ഒരു പരമ്പരാഗത സമൂഹത്തെ വിദ്യാഭ്യാസപരമായും നിയമപരമായും ഒരാധുനിക ജനായത്ത സമൂഹവും രാഷ്ട്രവുമാക്കി എന്നതാണ് അദ്ദേഹത്തി​െൻറ അമൂല്യമായ രാഷ്ട്രമീമാംസ. 

ഈയർഥത്തിൽ അധീശ വരേണ്യദേശീയവാദപരമായ സംസ്കാര ദേശീയവാദത്തേയും വ്യാജഭൂരിപക്ഷവാദത്തേയും ചെറുക്കുന്ന ജനായത്തപരമായ വികേന്ദ്രീകൃത മതേതര ദേശീയബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നു കാണാം.  ലോകത്തെ സംഘർഷങ്ങളെ നേരിടുകയും അവകാശ സമരം ചെയ്യുകയും ചെയ്യുന്ന എല്ലാ ജനവിഭാഗങ്ങളേയും പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു വിമോചന പോരാട്ടമായിരുന്നു അംബേദ്കറുടെ ഈ ദേശരാഷ്ട്ര നിർമിതി.  സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക ജനായത്ത മൂല്യങ്ങളെ അടിത്തറയാക്കുന്ന ഒരു സമൂഹത്തേയും രാഷ്ട്രത്തേയും ഇന്ത്യയിൽ കെട്ടിപ്പടുത്തത് അംബേദ്കറുടെ ഉൾക്കൊള്ളലിേൻറയും പ്രാതിനിധ്യത്തിേൻറയും തത്ത്വദർശനമാണ്.  തുല്യതയിലും മനുഷ്യാവകാശങ്ങളിലും ആധാരമാക്കുന്ന ഒരു സമൂഹത്തേയും ജനതയേയും അദ്ദേഹം ഭാവന ചെയ്യുകയും രൂപവത്കരിക്കുകയും ചെയ്തു. വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തിലൂന്നുന്നതായിരുന്നു അദ്ദേഹത്തി​െൻറ സാമൂഹിക ജനായത്ത സങ്കൽപം.

പ്രാദേശിക വരേണ്യതയെ പുനരുൽപാദിപ്പിക്കുന്ന ഇടുങ്ങിയ കുലീന ദേശീയവാദത്തേയും സമഗ്രാധിപത്യപരമായ സംസ്കാര ദേശീയവാദത്തേയും പൂർണമായും തള്ളിക്കളയുകയും നിശിതമായി വിമർശിക്കുകയും പാശ്ചാത്യവും പൗരസ്ത്യവുമായ ലോകത്തി​െൻറ വിമോചന പാരമ്പര്യങ്ങളേയും പ്രബുദ്ധതയുടെ വിവിധ ദേശീയ പ്രാദേശിക ആഗോള ധാരകളേയും വിവേചനബോധത്തോടെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു വിമോചന പ്രത്യയശാസ്ത്രമാണ് അംബേദ്കറുടെ രാഷ്ട്രീയ ചിന്ത. തികച്ചും ജനായത്തപരവും നൈതികവുമാണ് അതി​െൻറ പ്രയോഗം.  സാമൂഹികനീതിയിലും സാംസ്കാരികവും രാഷ്ട്രീയവുമായ വിമോചനത്തിലുമധിഷ്ഠിതമായ ഈ പ്രത്യയശാസ്ത്രത്തെയാണ് അംബേദ്കറിസം എന്നു പറയുന്നത്.

ദമിതമായ ഹിന്ദുദേശീയവാദ പരിേപ്രക്ഷ്യത്തിൽനിന്നുള്ള പൂർണമായ വിടുതിയാണ് അംബേദ്കറുടെ മതേതരമായ രാജ്യാന്തര ആധുനികതയും ഭരണഘടനപരമായ സാമൂഹിക ജനായത്ത സങ്കൽപവും.  ജനായത്ത സങ്കൽപം കേവലം പാശ്ചാത്യം മാത്രമല്ലെന്നും ഇന്ത്യയിലും ജനായത്തത്തി​െൻറ പൂർവരൂപങ്ങളുണ്ടെന്നും അതു സാമൂഹിക ഉച്ചനീചത്വത്തെ വെല്ലുവിളിച്ച നൈതികമായ ബുദ്ധസംഘങ്ങളിലാണ് കാണുന്നതെന്നും ത​െൻറ ജനായത്ത സങ്കൽപം തദ്ദേശീയമായ പ്രബുദ്ധതയുടെ സംസ്കാരമായ ബുദ്ധ ധമ്മത്തിൽനിന്നാണ് താൻ ആഴത്തിൽ വികസിപ്പിക്കുന്നതെന്നും ജീവിതാന്ത്യത്തിനു തൊട്ടുമുമ്പു നടത്തിയ ഒരു ബി.ബി.സി ഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.  

ഇന്ത്യയിലെ ജനങ്ങൾക്ക് മാർക്സിനോടോ ബുദ്ധനോടോ താരതമ്യം ചെയ്യാവുന്ന ലോകോത്തര വ്യക്തിത്വവും വിമോചന കർതൃത്വവുമാണ് അംബേദ്കർ.  ലോകക്ഷേമത്തിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു ബോധിസത്വനായാണ് ബുദ്ധിസ്റ്റുകൾ അദ്ദേഹത്തെ കാണുന്നത്. ഇന്ത്യയുടെ നവ ബുദ്ധനായും സി. അയ്യപ്പ​െൻറ ‘സ്മാരകം’ എന്ന കഥയിലേതുപോലെ ഭാവിസൂര്യനായുംതന്നെയാണ് കോടിക്കണക്കായ ബഹുജനങ്ങൾ അദ്ദേഹത്തെ അറിയുന്നത്.  

(കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr.br ambedkar
News Summary - ambedkar jayanti
Next Story