അംബേദ്കർ; മർദിത ജനവിഭാഗങ്ങളുടെ സമരപാത
text_fields1949 നവംബർ 25ന് ഭരണഘടന നിർമാണസഭയിൽ നടത്തിയ പ്രസംഗത്തിൽ ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞു: ''1950 ജനുവരി 26ന് നാം വൈരുധ്യങ്ങളുടെ ജീവിതത്തിലേക്കാണ് പ്രവേശിക്കുക...വൈരുധ്യങ്ങളുടെ ഈ ജീവിതം ഏറെക്കാലം തുടർന്നാൽ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം തന്നെ അപകടത്തിലാകും. അതുകൊണ്ട്, പറ്റുന്നത്ര വേഗത്തിൽ ഈ വൈരുധ്യം ഇല്ലാതാക്കണം. അല്ലെങ്കിൽ, ഈ സഭ അധ്വാനിച്ച് കെട്ടിപ്പടുത്ത രാഷ്ട്രീയ ജനാധിപത്യത്തിെൻറ ഘടനയെ അസമത്വം സഹിക്കുന്നവർ തകർക്കും'.
സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യയിലെ മർദിത ജനകോടികളുടെ ജീവിതത്തിൽ കൊടിയ അസമത്വം തുടരുേമ്പാഴാണ് മറ്റൊരു അംബേദ്കർ ജയന്തി കൂടി കടന്നുവരുന്നത്.
അസമത്വത്തിനെതിരായ സമരം
ഇന്ത്യയിൽ തുടർന്നുപോരുന്ന അസമത്വങ്ങളുടെ അടിസ്ഥാന ഹേതുവായി ജാതിബോധവും തദനുബന്ധമായ ലോക വീക്ഷണവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ ശുദ്ധാശുദ്ധി ബോധത്തെയും പ്രപഞ്ച വീക്ഷണത്തെയും ഉന്മൂലനം ചെയ്യാതെ സാഹോദര്യത്തിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു പ്രബുദ്ധ ഇന്ത്യയെ സൃഷ്ടിക്കാൻ കഴിയില്ല എന്ന് അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കുന്നതായി പ്രതീതമാവുേമ്പാഴും സാമൂഹികവും സാമ്പത്തികവുമായ കൊടിയ അസമത്വവും ജനാധിപത്യവത്കരണത്തിെൻറ അഭാവവും ഇന്ത്യൻ സമൂഹത്തെ കൂടുതൽ കൂടുതൽ അപകടകരമായ പ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
സാംസ്കാരിക ഹിന്ദുത്വത്തിെൻറ അതിവേഗത്തിലുള്ള വ്യാപനം ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വത്തെ നീതീകരിക്കാനും പ്രകൃതിപ്രതിഭാസമായി ചിത്രീകരിക്കാനുമാണ് ശ്രമിക്കുന്നത്. സംവരണത്തിനെതിരായി ഹിന്ദുത്വവാദികൾ നിലപാടെടുക്കുന്നതിന് മുഖ്യകാരണം ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധം കൊണ്ടാടുന്നവരുടെ ലോകവീക്ഷണം ബ്രാഹ്മണികമാണ് എന്നതാണ്. ബ്രാഹ്മണരും സവർണരുമാണ് ഭരണകൂടത്തെ നിയന്ത്രിക്കേണ്ടതും ഭരിക്കേണ്ടതുമെന്ന ഉറച്ച ബോധ്യം സംവഹിക്കുന്ന മനുസ്മൃതിയുടെ പതാകാവാഹകർ സംവരണത്തിനെതിരായി നിലപാട് കൈക്കൊള്ളുന്നതിൽ അദ്ഭുതത്തിനവകാശമില്ല. എന്നാൽ, സാമ്പത്തിക വാദികളായ മാർക്സിസ്റ്റുകളും ഹിന്ദുത്വവാദികളുടെ സംവരണനിലപാടുകളോട് കൈകോർക്കുേമ്പാൾ ഇടതുപക്ഷമെന്ന് വ്യവഹരിക്കുന്നവരുടെ 'നിലപാടുകൾ' സംശയാസ്പദമായിത്തീരുന്നു.
'രാമൻ' എന്ന ബിംബത്തെയും രാമക്ഷേത്രത്തെയും കേന്ദ്രീകരിച്ചു അതിക്രൂരമായ ഹിംസകളും ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങളും നടത്തുേമ്പാൾ ബ്രാഹ്മണ്യത്തിെൻറ പ്രതിപുരുഷനായ രാമനെയും രാമെൻറ അപദാനങ്ങൾ വാഴ്ത്തുന്ന ആഖ്യാനങ്ങളെയും മതേതരവത്കരിക്കുന്ന കാര്യപരിപാടികളിലാണ് മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഏർപ്പെട്ടിരിക്കുന്നത്. മഹാഭാരതത്തിലും രാമായണത്തിലും ഗീതയിലും രാമനിലും കൃഷ്ണനിലും വിപ്ലവം തേടുന്നവർ ആത്യന്തികമായി ഹിന്ദുത്വശക്തികൾക്ക് ഇന്ധനം പകർന്നുനൽകുകയാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികരും പരിവാര ശക്തികളും ബ്രാഹ്മണിക പാരമ്പര്യത്തെ പലനിലകളിൽ കൈയേൽക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങൾ അംബേദ്കർ ചിന്താധാരകളുടെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണ്.
ഹൈന്ദവ ബ്രാഹ്മണ്യ മതത്തിെൻറ ഗ്രന്ഥവഴികൾ പരിശോധിച്ച് അംബേദ്കർ പറയുന്നു: ''ഹിന്ദുമതം എന്താണ് പഠിപ്പിക്കുന്നത്? മിശ്രഭോജനം പാടില്ലെന്നും സഹവാസം പാടില്ലെന്നും അത് പഠിപ്പിക്കുന്നു. ഈ 'അരുതുകൾ' അതിെൻറ ഉപദേശ സാരാംശമാണ്. ഹിന്ദുക്കളുടെ വേറിട്ടതും അനന്യവുമായ സ്വഭാവത്തിന് ഉദാഹരണമായി ഞാൻ പരാമർശിച്ച ലജ്ജാകരമായ വസ്തുതകൾ മുഴുവനും ഹിന്ദുമത തത്ത്വശാസ്ത്രത്തിൽ നിന്നും ഉദ്ഭവിച്ചതാണ്. ഹിന്ദുമത തത്ത്വശാസ്ത്രം സാഹോദര്യത്തിെൻറ പ്രത്യക്ഷനിഷേധമാണ്''. ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വത്തിെൻറ അടിസ്ഥാന ഹേതു ജാതി വ്യവസ്ഥയും അതിനെ നീതീകരിക്കുന്ന പ്രപഞ്ചവീക്ഷണവും പാരമ്പര്യ ക്രമങ്ങളുമാണെന്ന വലിയ തിരിച്ചറിവാണ് അംബേദ്കറെ കൊണ്ട് ഇപ്രകാരം പ്രസ്താവിപ്പിക്കുന്നത്.
ഹിന്ദുത്വത്തെയും ബ്രാഹ്മണ്യക്രമങ്ങളെയും സമത്വത്തിെൻറ ശത്രുവും സ്വാതന്ത്ര്യത്തിെൻറ പ്രതിയോഗിയും സാഹോദര്യത്തിെൻറ വൈരിയുമായിട്ടാണ് അംബേദ്കർ വിവരിച്ചത്. വിപ്ലവകരമായ അംബേദ്കറുടെ ഇത്തരം ചിന്താധാരകൾക്കെതിരായാണ് മാർക്സിസ്റ്റുകൾ ഇപ്പോൾ 'നല്ല രാമനെ' അവതരിപ്പിച്ചും മഹാഭാരതത്തിലെയും രാമായണത്തിലെയും വിപ്ലവമൂല്യങ്ങൾ തേടിയും പ്രതിവിപ്ലവം നടത്തുന്നത്. ആത്യന്തികമായി ദലിതരുടെയും പിന്നാക്ക ജാതി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അരികുവത്കരിക്കപ്പെട്ട നിരവധി മർദിത ജനവിഭാഗങ്ങളുടെയും അസമത്വത്തിനെതിരായ സമരത്തെ നിർവീര്യമാക്കാനാണ് ഇത് സഹായിക്കുക.
മർദിത ജനവിഭാഗങ്ങളുടെ ജ്ഞാനാന്വേഷണ രീതി
ഹിന്ദുത്വ ശക്തികൾ രാമബിംബം, പശുമാംസം, ശബരിമല തുടങ്ങിയ നിരവധി സാംസ്കാരിക ചിഹ്നങ്ങൾ ഉപയോഗിച്ച് ദലിത് ജനവിഭാഗങ്ങളെയും മുസ്ലിംകളെയും സ്ത്രീകളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ഹിംസാത്മകമായി പീഡിപ്പിക്കുേമ്പാൾ ഹിന്ദുത്വം അവതരിപ്പിക്കുന്ന സാംസ്കാരിക ചിഹ്നങ്ങളെ വൈരുധ്യാത്മകമായി പരിശോധിക്കുന്ന രീതിശാസ്ത്രമല്ല മർദിതർ സ്വീകരിക്കേണ്ടത്. വൈരുധ്യാത്മക പരിശോധന ആത്യന്തികമായി ഹിന്ദുത്വശക്തികൾക്ക് ഇന്ധനം പകരാൻ മാത്രമേ ഉപയുക്തമാകുകയുള്ളൂ. അക്രമാത്മക സ്വഭാവമുള്ള രാമബിബത്തിൽനിന്നും കാരുണ്യമൂർത്തിയായ രാമനെ കണ്ടെത്താൻ മാത്രമേ വൈരുധ്യവാദികൾക്ക് കഴിയൂ. ഇതാകട്ടെ, ബ്രാഹ്മണ്യത്തെ അഭിമുഖീകരിക്കാതെ പിന്മടങ്ങുകയും ബ്രാഹ്മണ്യത്തിൽ ചെന്ന് ലയിക്കുകയും ചെയ്യുന്നു.
യഥാർഥത്തിൽ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന പൗരസമൂഹത്തോടുള്ള പ്രതിബദ്ധതക്കു വേണ്ടി ഗൗതമ ബുദ്ധെൻറ ചരിത്രപരമായ കലാപത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു അംബേദ്കർ. ആധുനിക കാലഘട്ടത്തിൽ മനുഷ്യസ്വാതന്ത്ര്യത്തിെൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും സമത്വപൂരിതമായ ഒരു സമൂഹം വാർത്തെടുക്കാനും ഹൈന്ദവ അതിഭൗതികവാദത്തെയും പാരമ്പര്യ ക്രമങ്ങളെയും തീർത്തും കൈയൊഴിയേണ്ടതാണെന്ന് അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് 'ഏതു യുക്തിചിന്തയെയും നിഷേധിക്കുന്ന ധാർമികതയുടെ ഏതു ഭാഗവും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡൈനാമിറ്റ് വെച്ച് തകർക്കണം' എന്ന് അംബേദ്കർ പ്രഖ്യാപിച്ചത്. ആധുനികമായ വ്യക്തിവിചാരവും ഉന്നതമായ ധാർമികമൂല്യങ്ങളും ജനാധിപത്യാവബോധവുമാണ് അംബേദ്കറിൽ വർത്തിച്ച ഹൃദയഭാവം. ഇത്തരമൊരു ജ്ഞാനോദയ ശൈലിയാണ് അംബേദ്കറുടെ വിമർശന വിചാരങ്ങളുടെ ആധാരശില.
'ഹിന്ദുത്വ ദേശീയ വൈറസിെൻറ വിനാശകരമായ സാന്നിധ്യത്തെ ഇന്ത്യൻ ബുദ്ധിജീവികൾക്ക് എതിർക്കാൻ കഴിയണമെങ്കിൽ, അംബേദ്കറുടെ ആശയങ്ങൾ അവർ ഉൾക്കൊള്ളാൻ തയാറാവണം. ജാതിയുടെ ഉന്മൂലനം എന്നതുകൊണ്ട് അംബേദ്കർ വിവക്ഷിച്ചത് യുക്തിവത്കരണവും സാംസ്കാരിക സാമാന്യബോധത്തിെൻറ മതനിരപേക്ഷവത്കരണവുമാണെന്ന്' മീരാ നന്ദ 'പ്രെഫറ്റ്സ് ഫേസിങ് ബാക്ക്വാഡ്'( Prophets Facing Backward) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. വിനാശകരമായ രീതിയിൽ ഹിന്ദുത്വ നടമാടുന്ന കാലത്ത് അനീതിയെ സയുക്തികമാക്കുകയും അനീതിയെ പ്രകൃതിനിയമത്തിെൻറ പരിണത ഫലമെന്ന നിലയിൽ നീതിമത്കരിക്കുകയും ചെയ്യുന്ന ബ്രാഹ്മണ്യ-ആഖ്യാനങ്ങളെ അംബേദ്കർ മുന്നോട്ടുവെച്ച ചിന്താപഥത്തിലൂടെ വിപുലമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്.
സംവരണത്തിൽ വെള്ളം ചേർക്കുകയും ദലിതരുടെയും ആദിവാസികളുടെയും ഭൂ-അവകാശത്തെ നിഷേധിച്ച് ആകാശചേരികൾ നിർമിക്കുകയും ചെയ്യുന്ന ഇടതുഭരണകൂടങ്ങൾ വലതു ഭരണകൂട യുക്തിക്കുള്ളിൽ തന്നെയാണ് നിലകൊള്ളുന്നതെന്ന് മർദിത ജനകോടികൾ തിരിച്ചറിയേണ്ടതുണ്ട്. ഇടതു-വലതു ശക്തികൾ സാംസ്കാരികമായി ബ്രാഹ്മണ്യത്തിന്റെ സംരക്ഷകരും സംവാഹകരുമായി തീരുേമ്പാൾ അംബേദ്കർ ചിന്തകളെ കൂടുതൽ മുന്നോട്ടുകൊണ്ടുപോവുകയും വിപുലപ്പെടുത്തുകയും ചെയ്യേണ്ടത് ചരിത്രപരമായ അനിവാര്യതയാണ്. സമത്വപൂർണമായ സമൂഹത്തിെൻറ സൃഷ്ടിക്ക് അത് ഒഴിച്ചുകൂടാനാവാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.