ഭൂമിയോടും ഭാവിയോടുമുള്ള അമേരിക്കൻ വെല്ലുവിളി
text_fields2017ലെ പരിസ്ഥിതി ദിനത്തിന്മേൽ ഒരു നിഴൽ വീണിരിക്കുന്നു. അമേരിക്കയാണ് ആ നിഴൽ വീഴ്ത്തിയത്. ആഗോളതാപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും മഹാ വിപത്തിൽനിന്നും മാനവരാശിയെ രക്ഷിക്കാൻ ലക്ഷ്യമിട്ട പാരിസ് ഉടമ്പടിയുടെ ശക്തിയാണ് അമേരിക്ക വീഴ്ത്തിയ നിഴൽമൂലം ചോർന്നുപോയിരിക്കുന്നത്. 194 രാജ്യങ്ങൾ പങ്കാളികളായ കാലാവസ്ഥ സംബന്ധിച്ച പാരിസ് ഉടമ്പടിയിൽനിന്നും അമേരിക്ക കുതറിച്ചാടുകയായിരുന്നു. ലോകത്തിെൻറ ദീർഘ ഭാവിയല്ല; അമേരിക്കയുടെ ഹ്രസ്വകാല സാമ്പത്തിക താൽപര്യങ്ങളാണ് തങ്ങൾക്ക് വലുത് എന്ന് വ്യക്തമാക്കുകയാണ് ട്രംപ് ഭരണകൂടം. ‘അമേരിക്ക ഫസ്റ്റ്’ (ആദ്യം അമേരിക്ക) എന്ന തെരഞ്ഞെടുപ്പുകാല പ്രഖ്യാപനത്തിെൻറ ബലത്തിലാണ് ട്രംപിെൻറ നടപടി. രണ്ട് ദശാബ്ദം മുമ്പ്, ആഗോളീകരണത്തിെൻറ സ്തുതിഗീതങ്ങൾ ലോകത്തെ പാടി പഠിപ്പിച്ചത് അമേരിക്കയാണ്. ലോകത്തെ മുഴുവനും ഒന്നായി കാണണം എന്നതായിരുന്നു അതിെൻറ ദാർശനിക അടിത്തറ. ഇേപ്പാൾ ആ അമേരിക്കയാണ് ലോകത്തിനുനേരെ വാതിൽ കൊട്ടിയടച്ചിരിക്കുന്നത്. പ്രവചനാതീതവും നാടകീയവുമായ നടപടികൾക്ക് ചുരുങ്ങിയ കാലംകൊണ്ട് പേരെടുത്ത ആളാണ് പ്രസിഡൻറ് ട്രംപ്. പാരിസ് ഉടമ്പടിയിൽനിന്നു പിന്മാറാനുള്ള തീരുമാനം എടുക്കുകവഴി നേരത്തേ അതിൽ പങ്കുചേരാൻ വിസമ്മതിച്ച സിറിയയുടെയും നികരാഗ്വെയുടെയും കൂടെ അമേരിക്കയും എത്തിപ്പെട്ടിരിക്കുന്നു. കാലാവസ്ഥ ഉടമ്പടിയുടെ ആധാരശില എന്ന് വിളിക്കപ്പെടുന്നത് ‘യുൈനറ്റഡ് നേഷൻസ് ഫ്രെയിം വർക്ക് കൺവൻഷൻ ഒാൺ ക്ലൈമറ്റ് ചേഞ്ച് (UNFCCC) എന്ന സംവിധാനമാണ്. ആഗോള താപന വിഷയത്തിൽ ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളോടുള്ള അരിശം തീരാഞ്ഞ് അതിൽനിന്ന് പിൻവാങ്ങാൻ ട്രംപ് തീരുമാനിച്ചാൽ അദ്ദേഹത്തിെൻറ കൂട്ടാളി ആജന്മ ശത്രുവായി പ്രഖ്യാപിച്ച ഉത്തരകൊറിയ ആയിരിക്കും.
യു.എസ് പ്രസിഡൻറ് എന്ന പദവിയിൽ ഡോണൾഡ് ട്രംപ് നടത്തിയ ആദ്യത്തെ വിദേശയാത്രയിലെ ഏറ്റവും മുഖ്യമായ പരിപാടി ഇറ്റലിയിൽ നടന്ന ജി^7 ഉച്ചകോടിയായിരുന്നു. അവിടത്തെ മുഖ്യചർച്ചാവിഷയം പാരിസ് ഉടമ്പടിയും. ഒബാമ ശരിെവച്ചതൊന്നും തനിക്ക് ശരിയാവില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് ട്രംപ് എന്നത് രഹസ്യമല്ല. അമേരിക്കയിലെ ആരോഗ്യ പരിരക്ഷക്കുവേണ്ടി തയാറാക്കപ്പെട്ട ‘ഒബാമ കെയർ’ തുടങ്ങി എല്ലാത്തിലും ഇത് പ്രകടമാണ്. ഒബാമ ഭരണത്തിെൻറ അവസാന ഘട്ടത്തിലാണ് 2015ലെ പാരിസ് ഉടമ്പടി അമേരിക്ക ഒൗദ്യോഗികമായി ശരിവെച്ചത്. അതിലൂടെ 2025 ആകുേമ്പാൾ അന്തരീക്ഷത്തിലേക്കുള്ള കാർബൺ ബഹിർഗമനം 26 മുതൽ 28 ശതമാനം വരെ (2005ലെ തോതിൽനിന്ന്) കുറക്കാമെന്ന ഉറപ്പാണ് അമേരിക്ക ലോകത്തിന് നൽകിയത്. അത് നടപ്പാക്കാൻ സാധ്യമല്ലെന്നാണ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്ന നിലപാട്. ജി^7 ഉച്ചകോടിയിലെ ആറു കൂട്ടാളികളും ഉടമ്പടി തകർക്കല്ലേ എന്ന് അഭ്യർഥിച്ചപ്പോഴും ‘പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളനെ’പോലെ നിൽക്കാനാണ് ട്രംപ് തിടുക്കംകൊണ്ടത്. കാലാവസ്ഥാ വിഷയത്തിൽ അമേരിക്കൻ ഭരണകൂടത്തിെൻറ ഇത്തരം നിലപാടുകൾ ലോകം കാണുന്നത് ഇത് ആദ്യമല്ല. 20 കൊല്ലം മുമ്പ് 1997ൽ ജപ്പാനിലെ ക്യോേട്ടായിൽ കാലാവസ്ഥ ഉടമ്പടിയായ ക്യോേട്ടാ പ്രോേട്ടാക്കോൾ രൂപം കൊള്ളുന്ന സന്ദർഭത്തിലും അമേരിക്ക ഇതുതന്നെയാണ് ചെയ്തത്. അന്ന് എല്ലാ രാജ്യങ്ങൾക്കുമൊപ്പം ചർച്ചകളിൽ പെങ്കടുത്ത് ഒടുവിൽ ഒപ്പിടാൻ നേരമായപ്പോൾ അമേരിക്ക പുറംതിരിഞ്ഞ് പോവുകയായിരുന്നു.
പാരിസ് ഉടമ്പടി അപ്പം ചുടുേമ്പാലെ ചുെട്ടടുത്ത ഒന്നല്ല. രാജ്യങ്ങൾ തമ്മിൽ വിവിധ തലങ്ങളിൽ ദീർഘവർഷങ്ങളിലൂടെ നടന്ന കൂടിയാലോചനകളുടെ സൃഷ്ടിയാണത്. 2015 നവംബർ 30 മുതൽ ഡിസംബർ 12 വരെ നടന്ന കൂടിയാലോചനകളിൽ സജീവ പങ്കുവഹിച്ച രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. ആഗോളതാപനം ചെറുക്കാൻ ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കിൽ മനുഷ്യരാശിയുടെ നിലനിൽപുതന്നെ അപകടത്തിലാണെന്ന തിരിച്ചറിവായിരുന്നു ദിനരാത്രങ്ങൾ നീണ്ട പാരിസ് ചർച്ചയുടെ ഗതിനിർണയിച്ചത്. ആഗോള താപനത്തിെൻറ തോത് രണ്ട് ഡിഗ്രി സെൽഷ്യസിനപ്പുറത്തേക്ക് കടന്നുപോകില്ല എന്ന് ഉറപ്പാക്കാനാണ് ഉടമ്പടി ശ്രമിച്ചത്. അതിനായി ഒാരോ രാജ്യവും ഏറ്റെടുക്കേണ്ട ചുമതലകളെപ്പറ്റി തീർപ്പുണ്ടാക്കാൻ എളുപ്പമായിരുന്നില്ല. എങ്കിലും ലോകത്തിെൻറ ഭാവിയെ മുൻനിർത്തി അപ്രകാരമൊരു തീർപ്പ് സാധ്യമാക്കി എന്നതാണ് പാരിസ് ഉടമ്പടിയുടെ ചരിത്രപ്രാധാന്യം. ‘നാം ഇന്ന് ഇവിടെ ചരിത്രം സൃഷ്ടിച്ചു’ എന്നാണ് യു.എൻ സെക്രട്ടറി ജനറലായിരുന്ന ബാൻ കി മൂൺ ചർച്ചകൾ പൂർത്തിയായ, വിജയമുഹൂർത്തത്തിൽ പറഞ്ഞത്^ ആ വിജയത്തെയാണ് തെൻറ തീരുമാനം വഴി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അട്ടിമറിച്ചത്. കാലാവസ്ഥ മാറ്റത്തിെൻറ മാനുഷികവും ദാർശനികവും രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളെപ്പറ്റി ഡോണൾഡ് ട്രംപ് എത്രമാത്രം ബോധവാനാണെന്ന് അറിയില്ല. ആഗോ താപനത്തെക്കുറിച്ച് ഹൃദയംനൊന്ത് ചിന്തിക്കുന്ന ആത്മീയ ആചാര്യനാണ് ഫ്രാൻസിസ് മാർപാപ്പ. ആഗോളതാപനത്തെക്കുറിച്ചുള്ള തെൻറ കാഴ്ചപ്പാടുകൾ അടങ്ങുന്ന ചാക്രിക ലേഖനം ലോദാത്തെ സെ (ദൈവത്തിനു സ്തുതി) ആണ് ആദ്യമായി കണ്ടപ്പോൾ മാർപാപ്പ അമേരിക്കൻ പ്രസിഡൻറിന് സമ്മാനിച്ചത്. ആഗോള വ്യാപിയായ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളെക്കുറിച്ച് ചിന്തിച്ച് ശീലിച്ച ഡോണൾഡ് ട്രംപ് അത് വായിച്ചോ എന്നറിയില്ല. അഥവാ വായിച്ചെങ്കിൽ അതിലെ ആശയങ്ങൾ അദ്ദേഹത്തിന് മനസ്സിലായതായി തോന്നുന്നില്ല. പാരിസ് ഉടമ്പടി ഇന്ത്യയോടും ചൈനയോടും അനാവശ്യമായ ഒൗദാര്യം കാണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ആ അന്താരാഷ്ട്ര ഉടമ്പടിയിൽനിന്ന് പിന്മാറുന്നത്. ആഗോളതാപനം നേരിടാനായി സമാഹരിക്കുന്ന 100 ട്രില്യൻ ഡോളറിെൻറ പങ്കുവെപ്പിനെ പറ്റിയായിരിക്കും അദ്ദേഹത്തിെൻറ അമർഷം. അതിെൻറ പേരിൽ തങ്ങൾ കൂടി പെങ്കടുത്ത് ചർച്ചചെയ്ത് തീരുമാനത്തിലെത്തിയ സർവപ്രധാനമായ ഒരു അന്താരാഷ്ട്ര ഉടമ്പടിയെ പിച്ചിച്ചീന്തുന്നതിെൻറ ഒൗചിത്യം ലോകരാഷ്ട്രീയത്തിലെ നാളത്തെ ചർച്ചയായിരിക്കും.
വ്യവസായ യുഗത്തിലെ വികസന തന്ത്രങ്ങൾ അന്തരീക്ഷത്തിലേക്ക് തുപ്പിയ കാർബൺ മാലിന്യങ്ങളാണ് ആഗോള താപനത്തിെൻറ ഹേതു. കഴിഞ്ഞ 100 വർഷങ്ങളിൽ ഭൂമിയുടെ ചൂട് കൂടിയത് 0.67 ഡിഗ്രി സെൽഷ്യസ് എന്ന തോതിലായിരുന്നെങ്കിൽ ഇന്നത്തേതുപോലെ കാര്യങ്ങൾ നീങ്ങിയാൽ വരുന്ന നൂറു വർഷങ്ങളിൽ അത് ആറ് ഡിഗ്രി സെൽഷ്യസിനപ്പുറം കടക്കുമെന്ന മുന്നറിയിപ്പുകൾക്ക് മുന്നിൽ നിന്നുകൊണ്ടാണ് കാലാവസ്ഥ ചർച്ചകൾ ആരംഭിച്ചത്. നിയന്ത്രണം വിട്ടുണ്ടാകുന്ന കൊടും ചൂടിൽ ഹിമപാളികൾ ഉരുകുന്നതിനെക്കുറിച്ചും സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ചും തീരപ്രദേശങ്ങളിലെ നഗരങ്ങളും രാജ്യങ്ങളും മുങ്ങിപ്പോകുന്നതിനെക്കുറിച്ചും കാലാവസ്ഥയുടെ താളം കീഴ്മേൽ മറിയുന്നതിനെക്കുറിച്ചും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനെക്കുറിച്ചും മരുഭൂമികൾ ഉണ്ടാകുന്നതിനെക്കുറിച്ചും മനുഷ്യരും മറ്റു ജീവജാലങ്ങളും പിടഞ്ഞ് ഒടുങ്ങുന്നതിനെക്കുറിച്ചുമാണ് കാലാവസ്ഥ വ്യതിയാനം നമ്മോട് പറയുന്നത്. അതിൽനിന്നാണ് മനുഷ്യവംശം ഭൂമിയെ രക്ഷിക്കേണ്ടത്. കാർബൺ വിസർജ്യത്തിെൻറ കണക്കെടുത്താൽ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളുടെ പങ്ക് വ്യക്തമാകും. അടുത്തകാലത്തായി വികസന പാതയിലേക്ക് കാലെടുത്തുവെച്ച ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ കാർബൺ വിസർജ്യം കുറക്കാൻ തങ്ങളുടെ പങ്ക് നിറവേറ്റണം എന്നത് ശരിയാണ്. എന്നാൽ, അതിെൻറ പേരിൽ, രണ്ട് ശതാബ്ദങ്ങളായി അന്തരീക്ഷത്തിൽ കാർബൺ മാലിന്യം നിറയ്ക്കുന്ന അമേരിക്ക, പാരിസ് ഉടമ്പടിയെ നോക്കി കൊഞ്ഞനംകുത്തുന്നതിെൻറ യുക്തി എന്താണ്? ‘വെള്ളം കലക്കിയത് നീയല്ലെങ്കിൽ നിെൻറ അച്ഛനാണ്’ എന്ന് ആട്ടിൻകുട്ടിയോട് പറഞ്ഞ ചെന്നായുടെ യുക്തിയെ ആധുനിക കാലത്തിെൻറ രാഷ്ട്രീയ^നയതന്ത്രത്തിെൻറ വഴികാട്ടിയാക്കാനാണ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത്. ഇൗ സമീപനം അമേരിക്കക്കകത്തും പുറത്തും ചോദ്യംചെയ്യപ്പെടും എന്നതിൽ സംശയമില്ല. അതിെൻറ സൂചനയാണ് അമേരിക്കയിലെ ചരിത്രപ്രസിദ്ധമായ ബോസ്റ്റൺ നഗരത്തിലെ മേയർ മാർട്ടി വാൾഷിെൻറ വാക്കുകൾ^ ‘പ്രസിഡൻറ് എന്തും പറയെട്ട, ആഗോള താപനം ചെറുക്കാനുള്ള നടപടികളുമായി ഞങ്ങൾ മുേന്നാട്ടുപോകും.’
കഴിഞ്ഞദിവസം ജർമൻ ചാൻസലർ അംഗലാ മെർകലുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ ഇൗ വിഷയം അവതരിപ്പിക്കപ്പെട്ടു. പാരിസ് ഉടമ്പടിയിൽനിന്നും അമേരിക്ക പിന്മാറിയാൽ ഇന്ത്യയുടെ പ്രതികരണം എന്തായിരിക്കും എന്നതായിരുന്നു ചോദ്യം. അമേരിക്ക എന്തുതന്നെ തീരുമാനിച്ചാലും പാരിസ് ഉടമ്പടിയോടുള്ള ഇന്ത്യയുടെ അനുകൂല നിലപാടിന് മാറ്റമുണ്ടാകില്ല എന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. ആഗോളതാപനത്തിെൻറ ഫലമായി ഭൂമിയിൽ ജീവെൻറ തുടിപ്പുകൾ വാടിപ്പോകരുതേന്ന ഇന്ത്യയിലെ 130 കോടി മനുഷ്യരുടെ നിലപാടാണത്. കണ്ണും മൂക്കുമില്ലാത്ത ധനാർത്തിയാണ് ലോകത്തെവിടെയും ആഗോളതാപനത്തിന് വഴിയൊരുക്കിയത്. അന്നന്നത്തെ ലാഭത്തെപ്പറ്റി മാത്രം ചിന്തിച്ചവർ നാളത്തെ ജീവിതത്തെപ്പറ്റി ചിന്തിക്കാൻ കൂട്ടാക്കിയില്ല. ആ വഴിയിലൂടെയുള്ള സഞ്ചാരം സർവനാശത്തിെൻറ വക്ത്രത്തിലേക്ക് മനുഷ്യവംശത്തെ എടുത്തെറിഞ്ഞപ്പോഴാണ് കാലാവസ്ഥ ചർച്ചകളിലേക്ക് നീങ്ങാൻ രാജ്യങ്ങൾ നിർബന്ധിതമായത്. അതിലെ നാഴികക്കല്ലായാണ് പാരിസ് ഉടമ്പടി വിശേഷിപ്പിക്കപ്പെട്ടത്. അതിനെ അട്ടിമറിക്കുന്നതാണ് അമേരിക്ക ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പിൻവാങ്ങൽ നിലപാട്. ഭൂമിയോടും ഭാവിയോടുമുള്ള സാമ്രാജ്യത്വത്തിെൻറ വെല്ലുവിളിയാണിത്. ആ വെല്ലുവിളി നാം ഏറ്റെടുത്തേ തീരൂ. ട്രംപിെൻറ കളിപ്പാട്ടമല്ല ഭൂഗോളം എന്ന് പ്രഖ്യാപിക്കുന്ന ഉയിർത്തെഴുന്നേൽപുകൾ വരും ദിനങ്ങളിൽ ലോകത്തിെൻറ എല്ലാ കോണുകളിലും ആഞ്ഞടിക്കുകതന്നെ െചയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.