സാമാന്യബുദ്ധിയും അമേരിക്കക്ക് നഷ്ടപ്പെടുകയാണോ?
text_fieldsമുഹമ്മദ് സുലൈമാന് പ്രായം ആറുവയസ്സ്. അവൻ സ്കൂളിൽ വെച്ച് ‘അല്ലാഹു’ എന്ന് ഉച്ചരിച്ചുവത്രെ. അതോടെ അത്യധികം പരിഭ്രാന്തിയിലായി അവെൻറ ടീച്ചർ. ടീച്ചർ ഉടനെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിലെ ഭീകര വിരുദ്ധ സെൽ സടകുടെഞ്ഞഴുന്നേറ്റു സ്കൂളിലേക്ക് ഇരച്ചുകയറി. കുട്ടിയെ ചോദ്യം ചെയ്തു. കുട്ടിയെ മാത്രമല്ല അവെൻറ മാതാപിതാക്കളെയും വിചാരണചെയ്തു. ആ കുടുംബത്തിന് ഭീകരബന്ധമുെണ്ടന്ന കലശലായ സംശയത്തിലായി പൊലീസ്.
ശനിയാഴ്ച രാവുകളിൽ നേരേമ്പാക്കിനുവേണ്ടി ടെലിവിഷൻ ചാനലുകൾ ഒരുക്കുന്ന കൊച്ചു നർമകഥകളിൽ ഒന്നാണിതെന്ന് പ്രഥമ വായനയിൽ നിങ്ങൾ സംശയിച്ചുപോകും.
എന്നാൽ, ഇക്കഴിഞ്ഞ നവംബറിൽ യു.എസിൽ അരങ്ങേറിയ യഥാർഥ സംഭവം മാത്രമാണിത്. ഹ്യൂസ്റ്റനിൽനിന്ന് 20 മൈൽ തെക്കുള്ള പേൾലാൻഡ് പട്ടണത്തിലെ സ്കൂളിൽ പട്ടാപകൽ സംഭവിച്ചത്.അതേസമയം ‘അല്ലാഹു’ എന്ന് ഉച്ചരിക്കാൻ മാത്രം നാവുവഴങ്ങുന്നവനല്ല മുഹമ്മദെന്ന് അവെൻറ മാതാപിതാക്കൾ ടെലിവിഷൻ അഭിമുഖത്തിൽ അവകാശപ്പെടുന്നതും കേൾക്കാൻ സാധിച്ചു. ചെറിയ വാക്കുകൾ ഉച്ചരിക്കാനുള്ള പ്രാപ്തിപോലും ഇല്ലാത്ത ബുന്ദിമാന്ദ്യം മൂലം പ്രയാസമനുഭവിക്കുന്ന ചെറുപയ്യൻ മാത്രമാണ് ആ ‘തീവ്രവാദി’!
ചിഹ്നങ്ങളെ പേടിക്കുന്നവർ
ഇൗ സംഭവം ആ കുട്ടിയിലും അവെൻറ കുടുംബത്തിലും സൃഷ്ടിച്ച ആഘാതങ്ങൾ കണക്കറ്റതാണെന്നതിൽ സംശയമില്ല. ആ വീട്ടിലേക്ക് തുടർച്ചയായി ഫോൺകാളുകൾ പ്രവഹിച്ചു. ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളുമായി ചിലർ. ‘‘എെൻറ മകൻ ഭീകരവാദിയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു. എന്തൊരു ഭോഷ്കാണത്. ശുദ്ധ വങ്കത്തം. വാസ്തവത്തിൽ ഇത് വിവേചനമാണ്. 100 ശതമാനം വിവേചനം.’’ മുഹമ്മദിെൻറ പിതാവ് നൽകിയ ഇൗ വിശദീകരണം അദ്ദേഹം അനുഭവിക്കുന്ന ആത്മവേദനയുടെ ആഴം പങ്കുവെക്കുന്നു. ഒന്നുകിൽ ആ ടീച്ചർ മതഭ്രാന്ത് ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടാകണം. അല്ലെങ്കിൽ ശരിക്കും ഭയപ്പെടുന്നുണ്ടാകണം.ഇസ്ലാമോഫോബിയയും ഇസ്ലാമിക ചിഹ്നങ്ങളോടും ഇസ്ലാമിക പദാവലികളോടുമുള്ള വിദ്വേഷവുമൊന്നും അമേരിക്കയിൽ ഇപ്പോൾ പുത്തരിയല്ല. തെൻറ മകന് സംസാരശേഷിപോലും ഇല്ലെന്ന വാദത്തിൽപോലും പ്രച്ഛന്നമായ ഇസ്ലാമോഫോബിയയുടെ സൂചനകൾ ഉണ്ട്. മുഹമ്മദ് സുലൈമാൻ എന്ന കുട്ടി ആ വാക്കുകൾ ഉച്ചരിച്ചു എന്നു തന്നെ സങ്കൽപിക്കുക. വേണ്ടത്ര മാനസിക ബൗദ്ധിക ശേഷി ഇല്ലാത്ത ഒരു കുട്ടി ‘അല്ലാഹു’ എന്ന വാക്ക് ഉച്ചരിക്കുന്നത് പൊലീസിനെ ഫോൺ ചെയ്തുവരുത്താൻ അധ്യാപകരെ നിർബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ? ആവശ്യമാണെങ്കിൽ അധ്യാപകന് ആ കുട്ടിയെ ക്ലാസിൽ വെച്ച് കൈകാര്യം ചെയ്യാവുന്ന നിസ്സാര പ്രശ്നം മാത്രമാണിത്. ഇത്തരം നിസ്സാര കേസുകളിൽപോലും ഭീകരവിരുദ്ധ സെല്ലിെൻറ സാന്നിധ്യം അനിവാര്യമാക്കുന്ന ഭീതി അമേരിക്കൻ ജനഹൃദയത്തിൽ വേരൂന്നിയിരിക്കുമെന്നാണ് ഇൗ സംഭവം നൽകുന്ന സൂചന.
മുസ്ലിം ഭീതി ആപൽക്കരമാംവിധം അമേരിക്കൻ സംസ്കൃതിയുടെ ഭാഗമായിരിക്കുന്നു. ഏതാനും വർഷം മുമ്പ് ഒരു അമേരിക്കൻ യുവതി ഇപ്രകാരമായിരുന്നു പ്രസ്താവിച്ചത്: ‘‘ഒബാമ മുസ്ലിമായതിനാൽ അയാളെ ഞാൻ വിശ്വസിക്കില്ല’’. ഇതിനോടുള്ള സെനറ്റർ ജോൺ മക്കയിനിെൻറ പ്രതികരണം കൂടുതൽ ദുസ്സൂചന നിറഞ്ഞതായിരുന്നു. ‘‘അങ്ങനെ ചിന്തിക്കേണ്ട. ഒബാമ കുടുംബവും കുട്ടികളുമുള്ള മാന്യവ്യക്തിയാണ്.’’ കോളിൻ പവൽ ചൂണ്ടിക്കാട്ടിയതുപോലെ ഒബാമ മുസ്ലിമായാലെന്താണ് കുഴപ്പം എന്ന ചോദ്യം ഉന്നയിക്കാൻ ആരും രംഗപ്രവേശം ചെയ്തില്ല. മുസ്ലിം വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങൾ അമേരിക്കൻ പ്രസിഡൻറ് വീണ്ടും ട്വീറ്റ് ചെയ്യുന്ന വർത്തമാന കാലഘട്ടത്തിനും വർഷങ്ങൾക്കു മുമ്പായിരുന്നു നേരത്തേ പരാമർശിച്ച സംഭവം.
മുസ്ലിംവിരുദ്ധ സമീപനങ്ങൾ ഇപ്പോൾ തീർത്തും സ്വാഭാവികം മാത്രമായി പരിണമിച്ചിരിക്കുന്നു. ഏതാനും മാസം മുമ്പ് ന്യൂയോർക്കിൽ സ്ഫോടനം നടത്തിയ സൈഫുല്ലോ സൈഫോവ് ഉച്ചരിച്ച വാക്ക് ‘അല്ലാഹു അക്ബർ’ എന്നുതന്നെ. ഇപ്രകാരം ഉച്ചരിക്കുന്നത് മറ്റുചില കൊലയാളികളും ശീലമാക്കിയിരിക്കുന്നു. വാസ്തവത്തിൽ ദൈവനാമം ചൂഷണം ചെയ്യുകയാണ് ഇൗ ദുഷ്ടഘാതകർ. ഇത്തരം വാക്കുകളും ചിഹ്നങ്ങളും ഉപയോഗിക്കാൻ അർഹരല്ല അവർ. മുസ്ലിം ഗൃഹങ്ങളിലെ നവജാതശിശുക്കളുടെ കർണപുടങ്ങൾ ആദ്യം ശ്രവിക്കുന്ന വാക്യമാണ് അല്ലാഹു അക്ബർ. സുബ്ഹാനല്ലാഹ് (ദൈവം പരിശുദ്ധൻ), മാശാ അല്ലാഹ് (ദൈവോദ്ദേശ്യം പോലെ) തുടങ്ങിയ പദങ്ങൾ നിത്യജീവിതത്തിൽ നൂറുകണക്കിന് തവണ ഉച്ചരിക്കപ്പെട്ടുവരുന്നുണ്ട്. സർവകാര്യങ്ങളും ദൈവനാമത്തിൽ (ബിസ്മില്ലാഹ്) ആരംഭിക്കണമെന്ന് മുസ്ലിംകളെ പ്രവാചകൻ ഉപദേശിക്കുകയുണ്ടായി. ദൈവം ദയാപരനും കരുണാവാരിധിയുമാണെന്ന് പ്രഖ്യാപിക്കുന്ന ‘ബിസ്മി’ സാധാരണ വിശ്വാസികളുടെപോലും നിത്യജീവിത വ്യവഹാരങ്ങളുടെ ഭാഗമായിരിക്കെ അതിനെ ഭീകരതമുദ്രയായി ചിത്രീകരിക്കുന്നത് എത്രമാത്രം അർഥശൂന്യമാണ്!
ശരീഅത്ത്, ജിഹാദ്, ഇസ്ലാം തുടങ്ങിയ വാക്കുകൾ ഇൗ കാലഘട്ടത്തിൽ കുടിലതയുമായി ബന്ധപ്പെട്ടവയാണെന്ന പ്രതീതി സൃഷ്ടിച്ചതിന് കാരണക്കാർ ഇത്തരം പദങ്ങളെ ഹൈജാക് ചെയ്ത തീവ്രവാദികളും തീവ്രവാദവേട്ടയുടെ പേരുപറഞ്ഞ് അസംബന്ധ നടപടികൾ കൈക്കൊണ്ടുവരുന്ന ഒൗദ്യോഗിക അനൗദ്യോഗിക സംവിധാനങ്ങളുമാണെന്നതിൽ തർക്കമില്ല.തീവ്രവാദികളോടുള്ള വിരോധം മൊത്തം മുസ്ലിം ജനസാമാന്യത്തോടുള്ള വിരോധമായി മാറുന്നു.ചിലരെ ഭരിക്കുന്നത് അജ്ഞതയെങ്കിൽ മറ്റുചിലരുടെ ഹൃദയങ്ങളെ മുൻവിധികൾ കീഴ്പ്പെടുത്തിയിരിക്കുന്നു. അതിനാൽ അവർ മുസ്ലിംകളെ ഒന്നടങ്കം ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. തീവ്രവാദികൾ പ്രതിനിധാനംചെയ്യുന്ന ഇസ്ലാമിനെ ഉയർത്തിക്കാട്ടി മുസ്ലിംഭീതി ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ നിത്യേന ശക്തിപ്രാപിക്കുന്നു. അതേസമയം, ഭൂരിപക്ഷ മുസ്ലിംകളും പ്രതിനിധാനം ചെയ്യുന്ന സമാധാനപരമായ ഇസ്ലാം എന്ന യാഥാർഥ്യം ബോധപൂർവം അവഗണിക്കപ്പെടുന്നു.
ലിബറൽ ഇടതുപക്ഷം
മുസ്ലിം തീവ്രവാദികൾ മാത്രമല്ല ഇസ്ലാമിക പദാവലികളെ ഹൈജാക് ചെയ്ത് ഇസ്ലാമിെൻറ പ്രതിച്ഛായക്ക് പരിക്കേൽപിക്കുന്നത്. ലിബറൽ, ഇടത് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പുരോഗമന നാട്യക്കാരും സ്വബോധത്തോടെയും അല്ലാതെയും ഇൗ വക്രീകരണങ്ങളിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നു.
അയാൻ ഹിർസി അലി, അസ്റ നുഅ്മാനി തുടങ്ങിയ ‘ലിബറൽ ഒാമനകളെ’ കണക്കിൽ കവിഞ്ഞ് പ്രോത്സാഹിപ്പിച്ച് ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ വൻകിട മാധ്യമങ്ങൾ നടത്തുന്ന കരുനീക്കങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. അറബ് പദാവലികളുമായി ബന്ധപ്പെട്ട് നിഗൂഢതകളും മുസ്ലിം സംസ്കൃതിയുമായി ബന്ധപ്പെട്ട് പ്രതിലോമതകളും നിലനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കുകയാണ് ഇത്തരം ഇതര നയരൂപകർത്താക്കളുടെയും ശ്രമം.‘അല്ലാഹു അക്ബർ’ എന്ന പദം യുദ്ധഭേരിയാണെന്ന് ഇൗയിടെ ഹിർശി അലി ആവർത്തിച്ചു പരാമർശിക്കുകയുണ്ടായി. വാളെടുത്തുള്ള യുദ്ധം തന്നെയാകുന്നു ‘ജിഹാദി’െൻറ പ്രഥമ വിവക്ഷയെന്നും അവർ കാച്ചിവിട്ടു. മുസ്ലിംകൾക്ക് അവകാശങ്ങൾ വ്യവസ്ഥചെയ്യുന്ന ഭരണഘടന ഭേദഗതി റദ്ദാക്കണമെന്ന തീർത്തും അന്യായമായ ആവശ്യം ഉന്നയിക്കാൻവരെ ഹിർശി അലി ഇൗയിടെ ഉദ്യുക്തയാവുകയുണ്ടായി.
‘ഇൻശാ അല്ലാഹ്’ (അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം) എന്ന പദത്തിെൻറ വിവക്ഷ അപായസൂചകമായ ‘ചുവപ്പ് കൊടി’യാണ് എന്നായിരുന്നു അസ്റ നുഅ്മാനി ബോധപൂർവം നടത്തിയ വളച്ചൊടിക്കൽ. വാഷിങ്ടൺ പോസ്റ്റ് വഴിയാണ് അവർ ഇത്തരമൊരു പുകമറ സൃഷ്ടിച്ചത്.ഇത്തരം ദുഷ്പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. മുസ്ലിം കുടുംബങ്ങളെ വിമാനയാത്ര വേളകളിൽ പുറത്താക്കുന്നതും അറബി വാക്കുകൾ പ്രയോഗിക്കുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിനും പിന്നിലെ നിമിത്തങ്ങൾ കൂടുതൽ അന്വേഷിക്കേണ്ടതില്ല.
ഭയം എന്ന വികാരമാണ് നമ്മുടെ സമീപനങ്ങൾക്കു പിന്നിലെ പ്രേരണയെങ്കിൽ, അജ്ഞതയാണ് നമ്മുടെ തീർപ്പുകൾക്കു പിന്നിലെ അടിത്തറ എങ്കിൽ ലോകം ആപൽക്കരമായ ഇടംതെന്നയായി തുടരാതിരിക്കില്ല.
നിയമവിദഗ്ധനും കോളമിസ്റ്റുമായ ലേഖകൻ ഇന്ത്യാനയിലെ വാൾപറൈസോ കലാശാലയിലെ ലോ സ്കൂൾ അധ്യാപകനാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.