ഇനിയും പഠിക്കാത്ത അമേരിക്ക
text_fieldsആധുനിക അമേരിക്കയുടെ ചരിത്രം സെപ്തംബർ 11 ഭീകരാക്രമണത്തിന് മുമ്പും ശേഷവും എന്ന് വിലയിരുത്തുന്നത് തെറ്റാവില്ല. രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിലുണ്ടായ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങൾ അത്രമാത്രം ആഴമേറിയതാണ്. ആഭ്യന്തര തലത്തിൽ അമേരിക്കൻ സമൂഹം രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ രാഷ്ട്രാന്തരീയമായി അമേരിക്ക ദുർബ്ബലമാവുകയും ആഗോള സാമ്പത്തിക, സൈനിക ശക്തി എന്നതിൽ നിന്ന് സൈനിക ശക്തി മാത്രമായി ചുരുങ്ങുകയും ചെയ്തു. അഫ്ഗാനിലെ അപമാനിതമായ പിൻമാറ്റത്തോടെ അപരാജിത ശക്തിയെന്ന ആത്മ വിശ്വാസത്തിൽ പോലും വിള്ളൽ വീണിരിക്കുന്നു. ഈ തളർച്ചക്കൊപ്പം ചൈനയുടെ ഉയർത്തെഴുനേൽപുകൂടിയാണ് ഭീകരാക്രമണാനന്തര ലോകക്രമത്തിൻെറ വിശാലമായ ചിത്രം.
സോവിയറ്റ് യൂണിയൻെറ തകർച്ചയോടെ ഏക വൻ ശക്തിയെന്ന നിലയിൽ അഹങ്കരിച്ച അമേരിക്കയുടെ അഭിമാനം തകർക്കുന്നതായിരുന്നു ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം. US under attack എന്നായിരുന്നു സംഭവം നടന്നയുടൻ അമേരിക്കയിലെ മാധ്യമങ്ങളിൽ വന്ന ബ്രെയിക്കിങ് ന്യൂസ്. അസാധ്യമെന്ന് കരുതുന്ന കാര്യം നടന്നതിലെ നടുക്കവും നാണക്കേടുമായിരുന്നു അമേരിക്കക്ക്. രാവിലെ ഒമ്പതിന് നടന്ന ആക്രണത്തോട് യു.എസ് നേതാക്കൾ പ്രതികരിക്കുന്നത് വൈകീട്ട് അഞ്ചിനാണെന്നതിൽ നിന്നു അമ്പരപ്പിേൻറയും പരിഭ്രാന്തിയുടേയും ആഴം മനസ്സിലാക്കാം.
അമേരിക്കയെ സ്വന്തം മണ്ണിൽ ആക്രമിക്കാൻ മാത്രം ശക്തൻ ആര് എന്ന് ആലോചിക്കാനുള്ള സംയമനം പോലും ലഭിച്ചത് മണിക്കൂറുകൾക്ക് ശേഷമാണ്. അത് ചരിത്രം.അപ്രതീക്ഷിതമായ ആക്രമണത്തിൽ സമനില െതറ്റിയ യു.എസ് ഭരണകൂടം പിന്നീട് കൈകൊണ്ട തീരുമാനങ്ങളും നടപടികളും അമേരിക്കയുടെ മാത്രമല്ല, വിവിധ ലോക രാജ്യങ്ങളിലെ സാമൂഹ്യ , രാഷ്ട്രീയ ഭൂപടങ്ങളിൽ ചലനങ്ങളുണ്ടാക്കുന്നതായിരുന്നു. തീവ്രവാദത്തിന് എതിരായ യുദ്ധം, War on terror എന്ന രാഷ്ട്രീയ മുദ്രാവാക്യം ലോകത്തിന് സമ്മാനിച്ച അമേരിക്ക ഒടുവിൽ അതിന് മുന്നിൽ അടിയറ വെക്കേണ്ടി വന്നു എന്നത് സ്വാഭാവികമായ പരിണിതിയാണ്.
ഭീകരാക്രമണത്തിന് ഒരു മാസത്തിന് ശേഷം അഫ്ഗാനിസ്താനെ ആക്രമിച്ച അമേരിക്ക താലിബാനെ അട്ടിമറിക്കുകയും പാവ സർക്കാരിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഭീകരാക്രമണം നടത്തിയ ഉസാമ ബിൻലാദിനേയും അൽഖാഇദയേയും ഇല്ലായ്മ ചെയ്യേണ്ടത് ന്യായം. അതിന് അമേരിക്ക സ്വീകരിച്ച മാർഗ്ഗങ്ങൾ ആ രാജ്യത്തിൻെറ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും കടക വിരുദ്ധമായിരുന്നു.
യുദ്ധത്തിൻെറ തുടർച്ചയായി നുറുകണക്കിന് നിരപരാധികളെ പിടികൂടി അമേരിക്ക കൂബക്കടുത്ത ഗ്വാണ്ടനമോ ദ്വീപിലെ തടങ്കൽ പാളയത്തിലാക്കി.സിൻജിയാങിലെ തടങ്കൽപാളയത്തിൽ ഉയിഗൂർ മുസ്ലിംകളെ പീഡിപ്പിക്കുന്നതിൻെറ പേരിൽ ചൈനയെ വിമർശിക്കുന്ന അമേരിക്ക ഗ്വാണ്ടനമോ തടവുകാർക്കെതിരെ നടത്തിയ കൊടിയ ക്രൂരതക്കും മനുഷ്യവകാശ ധ്വംസനങ്ങളും ചരിത്രത്തിൽ തുല്യതയില്ലാത്താണ്. തടവറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ചിലത് പുറത്ത്വന്നതിന്റെ പേരിൽ ലോക രാജ്യങ്ങൾക്കിടയിൽ അമേരിക്ക പ്രതിക്കൂട്ടിലായപ്പോൾ ഗ്വാണ്ടനമോ അമേരിക്കയുടെ നിയമപരിധിയിൽ വരുന്ന പ്രദേശമല്ല വിചിത്ര ന്യായമാണ് ഭരണകൂടം പറഞ്ഞിരുന്നത്.
ഭീകരാക്രമണം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് ഉസാമ ബിൻലാദിനെ അമേരിക്ക കണ്ടെത്തി വധിക്കുന്നത്. അതിനിടെ, 2003ൽ അമേരിക്ക ഇറാഖിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അഭിമാനക്ഷതം മാത്രമായിരുന്നില്ല അമേരിക്കൻ ഭരണകൂടത്തെ അപ്പോൾ നയിച്ചിരുന്നത്. ഒരു ആക്രമണത്തിൻെറ ഭീതിയിൽ നിന്ന് ബുഷ് ഭരണകൂടം മുക്തമായിരുന്നില്ല. അങ്ങിനെയാണ് ലോകത്ത് തങ്ങളുടെ ശത്രുക്കളെന്ന് അവർ കരുതുന്ന എല്ലാവർക്ക് നേരേയും യുദ്ധം പ്രഖ്യാപിച്ചത്. തിൻമയുടെ അച്ചുതണ്ട് എന്ന് വിശേഷിപ്പിച്ച് ഇറാഖ്, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കെതിരെ യു.എസ് കോൺഗ്രസിൻെറ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്‍റ് ജോർജ് ഡബ്ലിയു ബുഷ് നടത്തിയ പ്രഖ്യാപനം സാമൂഹ്യമായും സാമ്പത്തികമായും അവർക്ക് തന്നെ തിരിച്ചടിയായി മാറി.
ഇറാഖ് യുദ്ധം വൻ അബദ്ധമായിരുന്നുവെന്ന് കടുത്ത വലതുപക്ഷവാദിയും റിപ്പബ്ലിക്കനുമായ ഡോണൾഡ് ട്രംപിന് വരെ പിന്നീട് പരസ്യമായി അംഗീകരിക്കേണ്ടിവന്നു. രണ്ട് ലക്ഷം കോടി ഡോളറാണ് അമേരിക്ക ഇറാഖിൽ ഇടിച്ചുതള്ളിയത്. സദ്ദാമിൻെറ കൂട്ട നശീകരാണായുധം നശിപ്പിക്കാനെന്ന് പറഞ്ഞ് നടത്തിയ യുദ്ധത്തിൽ ലോക മഹായുദ്ധത്തേക്കാൾ കൂടുതൽ ബോംബ് അമേരിക്ക വർഷിക്കുകയും ചെയ്തു. സദ്ദാമും അൽഖാഇദയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പറഞ്ഞാണ് അമേരിക്ക യു.എന്നിൽ മറ്റു രാജ്യങ്ങളുെട പിന്തുണ നേടിയത്. ഇറാഖ് അധിനിവേശത്തിൽ അമേരിക്ക എന്ത് നേടിയെന്ന ചോദ്യം ഇപ്പോൾ അമേരിക്കക്കാർക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്.
പോയ ദശകങ്ങൾ ലോക രാജ്യങ്ങൾക്കെതിരെ യുദ്ധത്തിനായി അമേരിക്ക നീക്കിവെച്ചപ്പോൾ ഉൽപാദനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും ഊന്നൽ നൽകി മറ്റൊരു രാജ്യം ശക്തിെപ്പട്ടു വരുന്നുണ്ടായിരുന്നു. അതാണ് ചൈന. ഈ കോവിഡ് കാലത്ത് സമ്പദ്വ്യവസ്ഥ ചുരുങ്ങാത്ത ഏക രാജ്യം ചൈനയാണ്. ഇൗ തിരിച്ചറിവ് അമേരിക്കൻ ജനതക്ക് വന്നുതുടങ്ങിയതുകൊണ്ടാണ് അവർ ഡോണൾഡ് ട്രംപിനെ തെരഞ്ഞെടുത്ത്. ചൈനയെ മുൻ നിർത്തി അമേരിക്കയെ സാമ്പത്തിക ശക്തിയാക്കുമെന്ന ട്രംപിൻെറ പ്രഖ്യാപനമാണ് അദ്ദേഹത്തിന് അന്ന് തുണയായത്. അഫ്ഗാനിൽ പണം മുടക്കുന്നത് കടലിൽ കായം കലക്കുന്നതുപോലെയാണെന്ന് അദ്ദേഹം മനസ്സിലാക്കി എന്നതും നേരാണ്. അഫ്ഗാനിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനമുണ്ടാവുന്നത് അങ്ങിനെയാണ്. ട്രംപ് തുടങ്ങിവെച്ച പിൻവാങ്ങൽ നടപടികളാണ് ഒടുവിൽ ബൈഡൻ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.