അമേരിക്കയുടെ വോട്ട് വെറുപ്പിനോ പ്രത്യാശക്കോ?
text_fieldsഡോണൾഡ് ട്രംപിനോടുള്ള വെറുപ്പായിരിക്കാം ഒരുപക്ഷേ ഇക്കുറി യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ഫലം തീരുമാനിക്കുക. 2016ൽ അത് ഹിലരിയോടുള്ള വെറുപ്പായിരുന്നു. അന്ന് പല അമേരിക്കക്കാരും ക്ലിൻറൻദമ്പതികളെ അത്രമാത്രം വെറുത്തു. ഹിലരിയൊഴികെ ആരായാലും മതിയായിരുന്നു അവർക്ക് അന്ന്. ഇപ്പോഴിതാ, നിലവിലെ പ്രസിഡൻറ് അല്ലാത്ത ഏതെങ്കിലുമൊരാൾ മതിയെന്നായി മിക്കവർക്കും. അത് വൃദ്ധനും അവശനുമായ ജോ ബൈഡൻ ആയാലും കൊള്ളാം.
വെറുപ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ സംഭവമൊന്നുമല്ല. അമേരിക്കൻ സമൂഹത്തിൽ അത് സ്ഥിരപ്രതിഷ്ഠമാണ്, മറ്റേതൊരു സമൂഹത്തിലുമെന്നതുപോലെ അത് അനുസ്യൂതം തുടരുന്നു.
മരവിപ്പിൽനിന്നും നിരാശയിൽനിന്നും ഉടലെടുക്കുന്നതാണ് ഈ വെറുപ്പ്. പക്ഷേ, നിരാശ മറികടക്കാൻ അത് പ്രചോദനവും ഊർജവും പകരും. അത് ലളിതവും നേർവഴിയിലുള്ളതുമാവും. അനിശ്ചിതത്വം മൂടിനിൽക്കുന്ന കാലങ്ങളിൽ അത് സുരക്ഷയും പ്രത്യാശയും പകരും. അതേസമയം, വെറുപ്പ് ദുരിതപൂർണവും വിനാശകാരിയുംകൂടിയാണ്.
പ്രതീക്ഷകൾ പലപ്പോഴും വെറുപ്പിനെ പാകപ്പെടുത്തും, അത് വ്യാജപ്രതീക്ഷയാണെങ്കിൽപോലും. റൊണാൾഡ് റീഗൻ, ബറാക് ഒബാമ, പ്രതീക്ഷാപുരുഷനായിരുന്ന ബിൽ ക്ലിൻറൻ എന്നിങ്ങനെ സമീപകാലത്ത് കടന്നുപോയ പല യു.എസ് പ്രസിഡൻറുമാരും പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിെൻറയും സഹാനുഭൂതിയുടെയും സന്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരുന്നത്.
പക്ഷേ, കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡൻറായി ബറാക് ഒബാമ എത്തുകയും 2008ലെ സാമ്പത്തികമാന്ദ്യത്തിൽ സമ്പദ്വ്യവസ്ഥ തകർന്നടിയുകയും ചെയ്തതോടെ വംശീയ-രാഷ്ട്രീയവിദ്വേഷത്തിെൻറ ഒരു പുതിയ മഹാമാരി അമേരിക്കൻ സമൂഹത്തിൽ പടർന്നുകയറി. ജനപ്രിയ വർണവെറിയൻ ദേശീയവാദിയായി ട്രംപ് ഉദയമെടുക്കുകകൂടി ചെയ്തതോടെ ആ വിദ്വേഷം ഒരു ദേശീയവ്യാധിയായി മാറി. രാജ്യത്തിെൻറ ഭരണസംവിധാനത്തെയും ഉദാര ജനാധിപത്യവ്യവസ്ഥയെയും പെട്ടെന്ന് തിരിച്ചുപിടിക്കാനാവാത്തത്ര അതു നശിപ്പിച്ചുകളഞ്ഞു എന്നത് സുവ്യക്തമാണ്.
വെറുപ്പ് രണ്ടു തരത്തിലുണ്ട്- ചെയ്തികളുടെ പേരിൽ ആളുകളെ വെറുക്കുന്നതും അവർ ആരെന്നുനോക്കി വെറുക്കുന്നതും. അതിൽ രണ്ടാമത്തേത് കൂടുതൽ കുടിലവും പ്രകടമായ വംശീയത നിറഞ്ഞതുമാണ്. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ കാഴ്ചപ്പാടിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും മാത്രമല്ല, വിഷകരവും വിനാശകരവുമായ വിദ്വേഷബുദ്ധിയിൽ ചിന്തിക്കുന്നവരിൽ ഇൻഡിപെൻഡൻറുകൾപോലുമുണ്ട്.
ഫലത്തിൽ, രാഷ്ട്രത്തിെൻറ പ്രതിരോധശേഷിയെ ദുർബലമാക്കി വെറുപ്പിെൻറ ചൂട് അപായകരമാംവിധം ഉയർത്തുന്ന വിദ്വേഷ വൈറസിെൻറ ലക്ഷണവും പ്രചാരകനുമാണ് ട്രംപ്. ഇത് വിദ്വേഷമോ ദേഷ്യമോ മാത്രമല്ല, ഭയംകൂടിയാണ്, ട്രംപിന് വീണ്ടുമൊരു ഊഴം ലഭിച്ചേക്കുമോ എന്ന കൊടിയ ഭയം.
ട്രംപ് ജയിച്ചാൽ
2016ൽ സംഭവിച്ചതുപോലെ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ കണക്കുകൂട്ടലുകളെയും ഉൗഹങ്ങളെയും മറികടന്ന് നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രംപ് ബൈഡനെ തോൽപിച്ചാൽ പല അനുയായികളും ആ വിജയത്തെ ദിവ്യാത്ഭുതമോ ദൈവത്തിെൻറ ഇടപെടലോ ആയിട്ടായിരിക്കും കണക്കാക്കുക. ഒപ്പം പുലർത്തിപ്പോരുന്ന അപകടകരമായ വിദ്വേഷചിന്തകൾ ശരിയെന്നുറപ്പിക്കൽകൂടിയായിരിക്കും അവർക്ക് അത്.
റിപ്പബ്ലിക്കൻമേധാവിത്വമുള്ള സെനറ്റും സുപ്രീംകോടതിയിലെ യാഥാസ്ഥിതിക മേൽക്കോയ്മയുംകൂടിയാകുേമ്പാൾ രാജ്യത്തിെൻറ ഉദാരചിന്തകളുടെയും നിയമങ്ങളുടെയും തൂണുകളെല്ലാം തകർത്ത്, മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് ഒരു ഏകാധിപതിയെപ്പോലെ വാഴാനായിരിക്കും ട്രംപ് ശ്രമിക്കുക.
ഒരുപക്ഷേ, അൽപം അതിശയോക്തിയായിരിക്കാം എന്നിരിക്കിലും അമേരിക്കൻ ജനാധിപത്യത്തിെൻറ അന്ത്യത്തിന് നാന്ദികുറിക്കും ട്രംപിെൻറ വിജയമെന്ന് മുെമ്പന്നത്തേക്കാളുമേറെ ലിബറലുകൾ ഭയപ്പെടുന്നു. മകൾ ഇവാൻകയെ വാണിജ്യ സെക്രട്ടറിയും അവരുടെ ഭർത്താവ് കുഷ്നറെ സ്റ്റേറ്റ് സെക്രട്ടറിയായും ട്രംപ് ജൂനിയറിനെ സഹിഷ്ണുത വകുപ്പിെൻറ സെക്രട്ടറിയായോ ട്രംപ് വാഴിച്ചാലും ആർക്കാണ് തടുക്കാൻ കഴിയുക? അതിനൊപ്പംതന്നെ വംശീയവും ആശയപരവുമായ വിടവും കൂടുതൽ വർധിക്കും. വെള്ളദേശീയതവാദികൾ പൊതുഇടങ്ങൾ സ്വന്തമാക്കാനാവുംവിധം കൈയൂക്ക് നേടും. അത് ആഭ്യന്തരസ്പർധകളിലേക്കും തള്ളിവിടും.
ട്രംപിെൻറ വിജയം റിപ്പബ്ലിക്കൻ പാർട്ടിയെതന്നെ തകർത്തേക്കും, വിശിഷ്യ ട്രംപിന് വീണ്ടും ഒരു അവസരം ലഭിക്കുന്നതിൽ ആവേശം പുലർത്താത്ത അതിെല ഉദാര, മധ്യമനിലപാടുകാരെ. ഈ വർഷത്തെ വേദി തേൻറതാക്കിമാറ്റി ഇതിനകം പാർട്ടിയുടെ മേധാവിത്വം കുത്തകയാക്കിക്കഴിഞ്ഞ പ്രസിഡൻറ് തെൻറ ചാപല്യങ്ങൾക്കും ഭ്രമകൽപനകൾക്കും അനുസൃതമായി നയങ്ങളെ കൂടുതൽ തീവ്രമാക്കും.
അത്തരമൊരു വിജയം ഡെമോക്രാറ്റിക് പാർട്ടിയുടെ കെട്ടുറപ്പിനെയും ഇല്ലാതാക്കും. തീവ്രവലതുപക്ഷത്തിൽനിന്ന് ആക്രമണവിധേയമാവുന്ന പാർട്ടി മധ്യനിലപാടുകാർക്കെതിരെ പുരോഗമനപക്ഷത്തെ അണിനിരത്താൻ നിർബന്ധിതമാവും.
ട്രംപ് ഇതിനകംതന്നെ 200ലേറെ ഫെഡറൽ ജഡ്ജിമാരെയും മൂന്നു സുപ്രീംകോടതി ജഡ്ജിമാരെയും നിയമിച്ചുകഴിഞ്ഞു. വീണ്ടും വിജയം ലഭിച്ചാൽ യു.എസ് നീതിന്യായ വ്യവസ്ഥയെതന്നെ രാഷ്ട്രീയതാൽപര്യങ്ങൾക്ക് അനുസൃതമായി മാറ്റിമറിക്കും അദ്ദേഹം.
അമേരിക്കയിലെ മാത്രമല്ല, ലോകമൊട്ടുക്കുള്ള ജനപ്രിയ ദേശീയതവാദികൾക്ക് വലിയ പ്രചോദനവും രക്ഷാകവചവുമായി ട്രംപ് മാറും. പാശ്ചാത്യസഖ്യങ്ങളിൽ മാത്രമല്ല, പാശ്ചാത്യ നാഗരികതയിൽതന്നെ പറഞ്ഞറിയിക്കാനാവാത്ത പ്രത്യാഘാതങ്ങൾക്ക് അത് വഴിതുറക്കും. അത്തരം ഭീതികളാണ് ചരിത്രത്തിലാദ്യമായി 74 ദശലക്ഷം പേരെ തങ്ങളുടെ വോട്ടുകൾ കാലേക്കൂട്ടി ചെയ്യാൻ പ്രേരിപ്പിച്ചത്. വോട്ടെടുപ്പ് ദിവസമായ നാളെ ആ സംഖ്യ ഇനിയും ഉയരും. വോട്ടർമാരെ നിരുത്സാഹപ്പെടുത്തുന്ന രീതിയെ മറികടക്കാനും ഇക്കുറി ട്രംപിെൻറ പരാജയം ഉറപ്പാക്കാനും അമേരിക്കക്കാർ എത്രമാത്രം ഉത്സുകരാണ് എന്നതിെൻറ അടയാളംകൂടിയാണിത്. ട്രംപ് തോറ്റാൽ,
വോട്ടെടുപ്പ് ശരിയായ രീതിയിൽതന്നെ നടന്നാൽ, പ്രസിഡൻറ് വിതച്ചത് കൊയ്യും. ട്രംപിെൻറ പ്രസിഡൻറുപദം നിലനിന്നത് വെറുപ്പിന്മേലാണെങ്കിൽ അതു നാശമടയുന്നതും വെറുപ്പുകൊണ്ടാവും. പക്ഷേ, ട്രംപിെൻറ പരാജയം നാടകീയമായ പ്രശ്നസങ്കീർണതകളിലേക്ക് യു.എസ് രാഷ്ട്രീയത്തെ കൊണ്ടുപോകുമെന്നതിൽ സംശയമില്ല. തനിക്കനുകൂലമല്ലാത്ത ജനവിധി വന്നാൽ അതിനെ തള്ളിക്കളഞ്ഞാവും ട്രംപ് തുടങ്ങുക.
തപാൽവോട്ടിെൻറ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നേക്കുമെന്ന് ട്രംപ് പലകുറി മുന്നറിയിപ്പുകൾ നടത്തിയിരുന്നു. പക്ഷേ, ആ വാദത്തിൽ തെല്ലും അടിസ്ഥാനമില്ലെന്നുതന്നെ പറയാം, അദ്ദേഹത്തിെൻറ കുടുംബംപോലും തപാൽവഴിയാണ് വോട്ട് ചെയ്തതും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എന്തെങ്കിലുമൊരു തർക്കം ഉയർന്നാൽതന്നെ സുപ്രീംകോടതിയിൽ തനിക്കുള്ള 'ഭൂരിപക്ഷം' ഗുണപ്രദമാകുമെന്ന് ട്രംപ് കരുതുന്നുണ്ട്. എന്നാൽ, ട്രംപിെൻറ പരാജയം പ്രഖ്യാപിക്കപ്പെട്ടാൽ അത് റിപ്പബ്ലിക്കൻ പാർട്ടിയിലും യാഥാസ്ഥിതിക മുന്നേറ്റങ്ങളിലും നാടകീയമായ മാറ്റങ്ങളുണ്ടാക്കിയേക്കും.
പാർട്ടിയുടെ തമ്മിൽ കണ്ടുകൂടാത്ത തീവ്ര-ഉദാരപക്ഷ നിലപാടുകാർ തമ്മിൽ അടുത്ത ദിവസം മുതൽ കലഹവും ആരോപണ പ്രത്യാരോപണങ്ങളും ആരംഭിക്കും. മധ്യമപക്ഷക്കാർ പാർട്ടിക്ക് തുരങ്കംവെക്കുകയും സഹോദരനായകനെ വഞ്ചിക്കുകയും ചെയ്തുവെന്ന് തീവ്രനിലപാടുകാർ ആരോപണമുയർത്തും. ബൈഡൻ ആശിക്കുന്നതുപോലെ റിപ്പബ്ലിക്കൻ പാർട്ടിയിെല മധ്യമപക്ഷക്കാരും ലിബറലുകളും ഭരണസംവിധാനത്തോടൊപ്പം ചേരാൻ തയാറായാൽ അത് പാർട്ടിക്ക് കൂടുതൽ വിനാശകരമാവും. ചുരുക്കത്തിൽ, ട്രംപിന് പ്രസിഡൻറ് പദം നഷ്ടപ്പെട്ടാൽ അത് റിപ്പബ്ലിക്കൻ പാർട്ടിയെത്തന്നെ തകർത്തുതരിപ്പണമാക്കും.
അത് ഡെമോക്രാറ്റിക് പാർട്ടിക്ക് ഗുണകരമായിരിക്കാം. പക്ഷേ, ദ്വികക്ഷി സംവിധാനം നിലനിൽക്കെ ഏതെങ്കിലും ഒരു പാർട്ടി നശിച്ചില്ലാതാവുന്നത് യു.എസ് ജനാധിപത്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായി ഭവിക്കില്ല. പതനം ഏറെ ഉയരത്തിൽനിന്നും മുറിവുകൾ ഏറെ ആഴത്തിലുമാകയാൽ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും രാഷ്ട്രം ട്രംപിെൻറ തകർച്ചകളുടെ പേരിൽ ഏറെക്കാലം പിഴയൊടുക്കേണ്ടിവരും. വെറുപ്പിന് ഏറ്റവും നല്ല പരിഹാരം സ്നേഹമാണെന്നു പറയാറുണ്ട്. പക്ഷേ, ഉള്ളതുപറഞ്ഞാൽ വാഗ്ദാനം ചെയ്യാനാവാത്തവിധം ദുർലഭമാണ് അമേരിക്കയിൽ ഇന്ന് സ്നേഹം. മറക്കാനും പൊറുക്കാനുമുള്ള മനഃസ്ഥിതിയുടെ കാര്യവും അതുതന്നെ.
ട്രംപിസത്തിന് ഒരു പ്രതിരോധ വാക്സിൻ കണ്ടെത്താൻ കഴിയാത്തിടത്തോളം വെറുപ്പിെൻറ വൈറസിനെ ആവുംവിധമെല്ലാം പ്രതിരോധിക്കുകയും കൂടുതൽ മനുഷ്യരെ മുറിവേൽപിക്കുംമുമ്പ് വിഷത്തിെൻറ കാഠിന്യത്തിന് കുറവുവരുത്താൻ ശ്രമിക്കുകയും മാത്രമാണ് അമേരിക്കക്കു മുന്നിലുള്ള ഏക വഴി. ജനപ്രിയ ദേശീയതവാദത്തിൽനിന്ന് 'രാഷ്ട്രീയ അകലം' പാലിച്ചും വരുന്ന നാലു വർഷങ്ങളെങ്കിലും തീവ്രമാത്സര്യങ്ങളിൽനിന്ന് ഒഴിവായിനിന്നും വേണം സാധാരണപോലെ ദീർഘശ്വാസമെടുക്കാനാവുംവിധം മാറ്റം സാധ്യമാക്കാൻ. ജീവിതത്തിെൻറ എല്ലാ മേഖലയിലുമുള്ള മനുഷ്യർ ഇത്രമാത്രം വിദ്വേഷത്തിലും കാലുഷ്യത്തിലുമാവുന്നതിെൻറ മൂലകാരണം കണ്ടെത്തലും വേണ്ടിവരും. അസമത്വത്തെ എല്ലാ വിധത്തിലും ഇല്ലാതാക്കാനും സാമൂഹിക-സാമ്പത്തികാവസ്ഥയിൽ മാറ്റംവരുത്താനും ഇതല്ലാതെ മാർഗങ്ങളില്ല.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതാരായാലും തോറ്റ കക്ഷിയോട് പകപോക്കുന്നതിൽനിന്നും അപഹസിക്കുന്നതിൽനിന്നും വിട്ടുനിൽക്കണം. തെരഞ്ഞെടുപ്പിൽ വിജയം നേടുക ഒരുപക്ഷേ, അത്ര പ്രയാസകരമാവില്ല. പകർച്ചവ്യാധിപോലെ വ്യാപിക്കുകയും രാജ്യത്തെ നാശത്തിലേക്കു തള്ളുകയും ചെയ്യുന്ന വെറുപ്പിനെ കുറച്ചുകൊണ്ടുവരുകയും പ്രത്യാശയെ തിരിച്ചുകൊണ്ടുവരുകയും ചെയ്യുക എന്നതാവും വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.