വൈറ്റ് ഹൗസിൽ ആരു വരും?
text_fieldsപ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചതോടെ ആരൊക്കെത്തമ്മിലാവും മത്സരം എന്ന ചോദ്യത്തിന് ഉത്തരമായി. അടുത്ത ചോദ്യമിതാണ്-ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ? 2016ൽ ഹിലാരി ക്ലിൻറന് സംഭവിച്ചത് ആരും മറന്നിട്ടില്ല; രാഷ്ട്രീയ പരിചയവും, മികച്ച ബന്ധങ്ങളുമൊന്നും അവർക്ക് വൈറ്റ്ഹൗസിലെത്തുന്നതിന് തുണയായില്ല. ഇന്ന് അമേരിക്കയിൽ, ഉദ്യോഗസ്ഥ രംഗത്തുവന്ന മാറ്റങ്ങൾ...
പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചതോടെ ആരൊക്കെത്തമ്മിലാവും മത്സരം എന്ന ചോദ്യത്തിന് ഉത്തരമായി. അടുത്ത ചോദ്യമിതാണ്-ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ? 2016ൽ ഹിലാരി ക്ലിൻറന് സംഭവിച്ചത് ആരും മറന്നിട്ടില്ല; രാഷ്ട്രീയ പരിചയവും, മികച്ച ബന്ധങ്ങളുമൊന്നും അവർക്ക് വൈറ്റ്ഹൗസിലെത്തുന്നതിന് തുണയായില്ല. ഇന്ന് അമേരിക്കയിൽ, ഉദ്യോഗസ്ഥ രംഗത്തുവന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. എല്ലായിടത്തും സർവകലാശാലാ ബിരുദധാരികളായ സ്ത്രീകൾ ഉദ്യോഗസ്ഥരായുണ്ട്. പക്ഷേ, ഇത് ലോകത്തെല്ലായിടത്തും വന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തിന്റെ ഭാഗം മാത്രമാണ്. ഇത് സ്ത്രീകളെ സംബന്ധിച്ച രാഷ്ട്രീയ-സാമൂഹിക വീക്ഷണത്തെ സ്വാധീനിക്കുന്നതായി തോന്നുന്നില്ല.
ഇന്ന് 140ലേറെ വനിതകൾ അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിലുണ്ട്. സെനറ്റിൽ 25ഉം പ്രതിനിധിസഭയിൽ 120ഉം അംഗങ്ങളുണ്ട്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ വനിതകൾ സന്താന നിയന്ത്രണം, കുടിയേറിപ്പാര്പ്പ്, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ രൂപവത്കരണത്തിൽ പങ്കാളികളാകുന്നുണ്ട്. ഇതെല്ലാം കാണുന്ന യുവജനങ്ങൾ കമല ഹാരിസ് വൈറ്റ് ഹൗസിൽ ഇടംപിടിക്കുമെന്നുതന്നെ കരുതുന്നു. പക്ഷേ, നിരീക്ഷകർ അതിനും തടസ്സം കാണുന്നു: കമല ഹാരിസ് ഒരു പരമ്പരാഗത അമേരിക്കൻ വംശജയല്ല. ദക്ഷിണേഷ്യയിൽനിന്ന് കുടിയേറിയ മാതാപിതാക്കളുടെ പാരമ്പര്യമാണവരുടേത്. നോക്കൂ, എടുത്തുപറയാവുന്ന ഒട്ടനവധി പ്രത്യേകതകൾ അവർക്കുണ്ട്. കഴിഞ്ഞ നാലുവർഷം വൈസ് പ്രസിഡന്റ് പദവിയിലിരുന്ന പരിചയം, ട്രംപിനേക്കാൾ കർമശേഷി, ദീർഘകാലം പബ്ലിക് പ്രോസിക്ക്യൂട്ടറായിരുന്നു... ഇങ്ങനെയൊക്കെയാണെങ്കിലും തൊലിവെളുത്ത പ്രമാണിമാർ ചോദിക്കുന്നു: ഇന്നത്തെ വിഭ്രാന്തമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ അമേരിക്കൻ നൗകയെ മുന്നോട്ടുനയിക്കാൻ കമല ഹാരിസിനാകുമോ? കമലക്ക് സൈനിക പരിശീലനം ലഭിച്ചിട്ടില്ലെന്നതും അവർ പ്രത്യേകം എടുത്തുപറയുന്നു. തായ് വാനെ ചൈന ആക്രമിക്കുകയാണെങ്കിൽ അവർ എന്തുചെയ്യും? ഇസ്രായേലിനെ, ഇറാനിൽനിന്ന് പ്രതിരോധിക്കാൽ അവർക്കാകുമോ? ബാൽട്ടിക് സംസ്ഥാനങ്ങളിൽ റഷ്യ പുതിയ വല്ല ആക്രമണത്തിനും പദ്ധതിയിട്ടാൽ അവരെന്തു ചെയ്യും?
പെൻസൽവേനിയയിലെ പ്രസംഗവേദിയിൽ, ചെവിയിലൂടെ തുളച്ചുപോകുമായിരുന്ന വെടിയുണ്ടയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ട്രംപിനെ അമേരിക്കയെ രക്ഷിക്കാനായി ദൈവം നിയോഗിച്ചയച്ച അവതാരമായാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർ പരിചയപ്പെടുത്തുന്നത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായി വരുന്നതോടെ ശത്രുരാജ്യങ്ങളെല്ലാം അമേരിക്കക്ക് മുന്നിൽ കീഴടങ്ങുമെന്നവർ പെരുമ്പറയടിക്കുന്നു.
ട്രംപ് റിയൽ എസ്റ്റേറ്റ് രംഗത്തെ വമ്പൻ മുതലാളിയാണ്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസ് നീതിന്യായ വകുപ്പിലൂടെ ഭരണത്തിലേറിയ വ്യക്തിയാണ്. അമേരിക്കയുടെ ചരിത്രത്തിൽ കഴിഞ്ഞ 46 പ്രസിഡന്റുമാരിൽ 26പേരും നീതിന്യായ വകുപ്പിൽ നിന്നായിരുന്നു എന്നു കാണാം. കമല ഹാരിസ് നേരത്തേ കാലിഫോർണിയയിലും, അതിനുമുമ്പ് സൻഫ്രാൻസിസ്കോവിലും നീതിന്യായ രംഗത്ത് സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. പിന്നീടാണ് സെനറ്റിലേക്ക് വരുന്നത്. ഇങ്ങനെയാണെങ്കിലും, വർണ വെറിയർ ചോദിക്കുന്നു: കമല ഹാരിസിന് ട്രംപിനെപ്പോലുള്ളൊരു ‘വലിയ മനുഷ്യനു’ മുന്നിൽ പിടിച്ചുനിൽക്കാനാകുമോ?
അമേരിക്കൻ തെരഞ്ഞെടുപ്പ്, അതിനെ നിരീക്ഷിക്കുന്നവരുടെയും, അതിൽ താൽപര്യമെടുക്കുന്നവരുടെയും കണക്കനുസരിച്ച് വലിയൊരു ഭൂലോക സംഭവമാണെന്നു പറയാം. അതിനുകാരണം, അമേരിക്കയുടെ
വൻശക്തിയെന്ന പരിവേഷമാണ്. പക്ഷേ, അമേരിക്കയിലെ സമ്മതിദായകർ കൂടുതലും പരിഗണിക്കുന്നത് നിത്യജീവിതത്തിലെ വിഷയങ്ങളാണ്. ഇതോടൊപ്പം, ആഭ്യന്തര ശക്തികളായ ജൂത, തുർക്കി, ലാറ്റിനമേരിക്കൻ വംശജരുടെ ഗ്രൂപ്പുകളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. എന്നാൽ, അവർക്ക് ഏറ്റവും പ്രധാനം സാമ്പത്തിക വിഷയങ്ങൾ തന്നെയാണ്. തൊഴിൽ സാധ്യതകളും ജീവിത നിലവാരം മെച്ചപ്പെടാനുള്ള സാധ്യതകളുമാണവർ കണക്കു കൂട്ടുന്നത്. യുവജനങ്ങൾ തോക്കുപയോഗിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷവും സ്ത്രീകളുടെ അവകാശങ്ങളുമെല്ലാം ചര്ച്ചയാവുന്നു.
അതുകൊണ്ടാണ്, പാർട്ടികളുടെ പോളിസിയും, സ്ഥാനാർഥികളുടെ സംവാദങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്. മുൻ പ്രസിഡന്റ് ബറാക് ഒബാമ കമല ഹാരിസിനെ ശ്ലാഘിച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ടിരിക്കുന്നു. ജനസ്വാധീനമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ അവർക്ക് ഉത്തേജകമാണെന്നുപറയാം. അതു ശ്രദ്ധിച്ചുകൊണ്ടാവാം, പാരിസ് ഒളിമ്പിക്സിൽ അമേരിക്കയുടെ ട്രാക്ക് ആൻഡ് ഫീൽഡ് ലജൻഡായ ആലിസൺ ഫെലിക്സ് കമല ഹാരിസിന് വിജയാശംസകൾ നേർന്നത്. “നവംബറിൽ കമല തെരഞ്ഞെടുക്കപ്പെടുന്നത് ഒരു മഹാ സംഭവമായിരിക്കുമെന്ന്” ആലിസൺ കുറിക്കുന്നു.
ടെക്സസിൽ, അധ്യാപക യൂനിയന്റെ സമ്മേളനത്തിലാണ് കമല ഹാരിസ് തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. വിദ്യാഭ്യാസ ശാക്തീകരണം, സ്ത്രീ സുരക്ഷ, ആരോഗ്യ പരിപാലനം എന്നിവയാണ്
അവർ എടുത്തുപറഞ്ഞത്. ഹൂസ്റ്റണിൽ നടന്ന ‘അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് കൺവെൻഷനെ അഭിസംബോധനചെയ്തുകൊണ്ട് അവർ റിപ്പബ്ലിക്കൻ പാർട്ടിയുടെ നയവൈകല്യങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി: നാം ജനാധിപത്യ മൂല്യങ്ങൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കുമ്പോൾ, വോട്ടു ചെയ്യുന്നതിനുള്ള സാധാരണക്കാരുടെ അവകാശം പോലും വലതുപക്ഷ തീവ്രവാദികൾ ചോദ്യം ചെയ്യുന്നതായി അവർ ചൂണ്ടിക്കാട്ടി. നാം പൊരുതി നേടിയ സ്വാതന്ത്ര്യം അവർ നിർദയം നശിപ്പിക്കുന്നു. കുട്ടികൾ സമാധാനാന്തരീക്ഷത്തിൽ സ്കൂളുകളിൽ പഠിക്കണമെന്ന് നാം ആഗ്രഹിക്കുമ്പോൾ, സ്കൂളുകളിൽ കുട്ടികൾ തോക്കുകൾ കൈവശം വെക്കുന്നതിനാണവർ വാദിക്കുന്നത്.
സ്ത്രീ-പുരുഷ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതും വംശീയമായ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതുമായ പുസ്തകങ്ങൾ സ്കൂളുകളിൽ നിന്നും എടുത്തുമാറ്റിയതിനെയും വിമര്ശിച്ചു. “നാം ആയുധങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് ഒഴിവാക്കുമ്പോൾ, അവർ പുസ്തകങ്ങൾ ഒഴിവാക്കുന്നു’’. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട്, ഗസ്സയിൽ നടക്കുന്ന മനുഷ്യഹത്യയിൽ മൗനം പാലിക്കാൻ സാധ്യമല്ലെന്നവർ തുറന്നു പറഞ്ഞു. എന്നാൽ, ട്രംപ് ഇസ്രായേലി ഉദ്യോഗസ്ഥരെ ഫ്ലോറിഡയിലെ തന്റെ വീട്ടിൽ സൽക്കരിച്ചു. എന്നാൽ, വൈറ്റ്ഹൗസിൽ ആരുവന്നാലും അമേരിക്കയുടെ വിദേശനയത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. ഗസ്സയിലെ നരഹത്യ അമേരിക്കയുടെ പൂര്ണ പിന്തുണയോടെയാണ് നടക്കുന്നതെന്ന് ഏവർക്കും അറിവുള്ളതാണ്.
ഏതാനും സ്റ്റേറ്റുകളിലെ അനിശ്ചിതമായ ഒരു ലക്ഷം വോട്ടുകൾ വിധി നിർണയിക്കുന്നതിൽ മുഖ്യമാണ്. പണപ്പെരുപ്പം, ജീവിതച്ചെലവ്, കുടിയേറ്റം, കുറ്റകൃത്യങ്ങളിലെ വർധന- ഈ വക കാര്യങ്ങളാണ് അവരെ മുഖ്യമായും അലട്ടുന്നത്. അതിന് തീർപ്പുണ്ടാക്കുമെന്ന് ഉറപ്പുനൽകുന്നതാര് എന്നതിലൂന്നിയാവും അവരുടെ വിധിനിർണയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.