അമേരിക്കയുടെ നയതന്ത്ര ചതിയും ഫലസ്തീനും
text_fieldsറൊണാൾഡ് റീഗൻ ഭരണകാലത്തിന്റെ അവസാനം 1987 മുതൽ മൂന്ന് പതിറ്റാണ്ടായി യു.എസ്.എ ഏകപക്ഷീയമായി നടത്തിയ ഇസ്രായേൽ അനുകൂല കുതന്ത്രങ്ങൾ മനസ്സിലാക്കാനും തടയാനും ഒ.ഐ.സി ഉൾപ്പെടെ അന്തർദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ദുരന്തം ഫലസ്തീനി ജനത ചോരയും ജീവനും നൽകി ഇന്നും അതിജീവിക്കുകയാണ്.
ലോകത്തെ അമ്പരപ്പിക്കുകയും ഉണർത്തുകയുമാണ് ഗസ്സ ചെയ്യുന്നതെന്ന് കണ്ടെത്താൻ മാനവരാശി പതിറ്റാണ്ടുകൾ വൈകിപ്പോയി. നിരർഥകങ്ങളായ പോർവിളികൾക്കിടയിൽ അമ്മമാരുടെ നെടുവീർപ്പുകളും കുഞ്ഞുങ്ങളുടെ വിലാപങ്ങളും കേൾക്കാൻ ആരുമില്ലായിരുന്നു. മൂലധന കുത്തക സ്വന്തം കൈകളിൽ സ്ഥാപിച്ചവരും ധന മൂലധന ശക്തികളും തങ്ങളുടെ അധിക വരുമാനം മാരകമായ രാസ ജൈവ ആയുധങ്ങൾ നിർമിക്കാനും അവ ആകാശവഴികളിലൂടെ ജനപഥങ്ങളിൽ വിന്യസിക്കാനാവശ്യമായ വാഹനങ്ങൾക്ക് രൂപംകൊടുക്കാനും പരിശ്രമിക്കുകയായിരുന്നു. നവ സാമ്രാജ്യത്വം അധിനിവേശങ്ങളുടെ പുതിയ വഴികൾ തേടുകയായിരുന്നു.
1991ൽ അമേരിക്ക വിത്തുപാകിയ ഗൾഫ് യുദ്ധം അറബ് നാടുകളെ തകർത്തു. സൈനികശക്തിയും ഉറച്ച ഭരണകൂടങ്ങളും ഉടഞ്ഞുവീണു, വിദ്യാഭ്യാസ സൗകര്യങ്ങളും നിലച്ചു. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാവില്ലെന്ന നാണക്കേടും ആ നാടുകൾക്ക് വന്നുചേർന്നു. ആഭ്യന്തര ശൈഥില്യം സാർവത്രികമായി. സായുധ ഏറ്റുമുട്ടലുകളിലേക്ക് ജനങ്ങൾ വലിച്ചിഴക്കപ്പെട്ടു. സാധാരണ പൗരജീവിതവും സാംസ്കാരിക ജീവിതവും ദുർബലമായി. ഇതെല്ലാം ഇസ്രായേലിനെ പോറ്റിവളർത്താൻ നേരത്തേ തയാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു.
1989 മുതൽ 1992 വരെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജെയിംസ് ബേകർ ഇതിന്റെ ഇടനിലങ്ങൾ പണിതു. പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് റഷ്യയെ സഹകരിപ്പിച്ച് സ്പെയിനിലെ മാഡ്രിഡിൽ വിളിച്ചുചേർത്ത സമ്മേളനം കൊടിയ വഞ്ചനയുടെ കാഹളം മുഴക്കി. അറബ് മുസ്ലിം നാടുകളെ പൂർണമായും അവഗണിച്ചും വരുതിയിലാക്കിയും മേഖലയിലെ അമേരിക്കൻ ദുഃസ്വാധീനം ഉറപ്പിക്കുകയായിരുന്നു ഉന്നം. ഇസ്രായേലിന്റെ രൂപവത്കരണത്തോടെ തുടക്കമിട്ട പദ്ധതി പൂർത്തിയാക്കാൻ ഈ സമ്മേളനം കളമൊരുക്കി. ഇസ്രായേലിന് ഭീഷണിയാകാവുന്ന രാജ്യങ്ങളെ ദുർബലമാക്കി ഇസ്രായേലിനെ ആയുധമണിയിക്കുകയെന്ന ഇരട്ട തന്ത്രമായിരുന്നു അതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരുന്നു. എഡ്വേർഡ് സൈദ് അക്കാലത്തുതന്നെ ചൂണ്ടിക്കാണിച്ചപോലെ തുടർന്നുവന്ന 1993 സെപ്റ്റംബർ 13 ലെ ഓസ്ലൊ കരാർ ഫലസ്തീൻ ജനതക്ക് ഒരു ഗുണവും ചെയ്തില്ല. ഇസ്രയേലിന് ഗുണകരമാകുകയും ചെയ്തു. 2003 മാർച്ച് 20ന് തുടങ്ങിയ അമേരിക്കയുടെ ഇറാഖ് അധിനിവേശം ആ മേഖലയിൽ സർവനാശം സമ്പൂർണമാക്കി.
അമേരിക്ക ഇസ്രായേലിന് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വലിപ്പവും ഉന്നവും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ആ പിന്തുണ വായ്പയല്ല. തിരിച്ചടക്കേണ്ടതില്ലാത്ത സഹായമാണ്. വിദേശങ്ങളിൽ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാനായി സ്ഥാപിക്കപ്പെടുന്ന താവളങ്ങൾക്ക് നൽകുന്ന സഹായത്തിന്റെ പേരിലാണ് ഇത് നൽകിവരുന്നത്. സ്വന്തം സൈനികാക്രമണങ്ങൾക്ക് അമേരിക്ക ഉപയോഗിക്കുന്ന എഫ് - 35 പോർ വിമാനങ്ങൾ ഇസ്രായേലിന് മാത്രമേ നൽകുന്നുള്ളൂ. അതുപോലെ മിസൈൽ സാങ്കേതികവിദ്യയും സൈനിക രഹസ്യങ്ങളും വലിയ അളവിൽ പങ്കുവെക്കുന്നു. ഇസ്രായേലിന്റെ സാമ്പത്തിക ഭദ്രത തകരാതിരിക്കാൻ അവർ മറ്റ് രാജ്യങ്ങളിൽനിന്ന് എടുക്കുന്ന വായ്പകൾക്ക് അമേരിക്ക ജാമ്യം നിൽക്കുന്ന അവസ്ഥപോലുമുണ്ട്. യുദ്ധം, പ്രകൃതി ക്ഷോഭങ്ങൾ, പെട്ടെന്നുണ്ടാകുന്ന സാമ്പത്തികമായ തകർച്ച തുടങ്ങിയ മുൻകൂട്ടി തീരുമാനിക്കാൻ കഴിയാത്ത കാര്യങ്ങളുടെ പേരിലും അമേരിക്ക ഇസ്രായേലിനെ സഹായിക്കുന്നു. വിദ്യാലയങ്ങൾ, കലാശാലകൾ, ആശുപത്രികൾ എന്നിവ വിദേശനാടുകളിൽ തുടങ്ങാനായി രൂപവത്കൃതമായ യു.എസ്.എ.ഐ.ഡി പദ്ധതിയിൽപെടുത്തി കൂറ്റൻ സഹായമാണ് അമേരിക്ക ഇസ്രായേലിന് നൽകിവരുന്നത്.
വാണിജ്യ വ്യാവസായിക രംഗങ്ങളിലും ഈ കൂട്ടുകെട്ട് ഭീമാകാരം പൂണ്ടിരിക്കുന്നു. ഊർജ മേഖലയിലും സൈബർ സുരക്ഷയിലും ഇരുരാജ്യങ്ങളും ഒന്നിച്ചാണ് നീങ്ങുന്നത്. ചുരുക്കത്തിൽ ഇസ്രായേൽ അമേരിക്കയുടെ ഭാഗമാണ്. ബാക്കിയെല്ലാം നാടകമാണ്. ചർച്ചകളും മറ്റും ശുദ്ധവഞ്ചനയാണ്. പതിറ്റാണ്ടുകളായി ഫലസ്തീൻ ജനതക്ക് സ്വന്തം നാട്ടിൽ തുറന്ന തടവറയൊരുക്കി ആ ജനതയെ ഇസ്രായേലിന്റെ പൈശാചിക അക്രമങ്ങളിലേക്ക് എറിഞ്ഞുകൊടുത്തും അന്തർദേശീയ സമൂഹത്തെ ചതിച്ചും അമേരിക്ക നടത്തുന്ന കൊലവിളിക്കെതിരെ പുതിയ സമവാക്യം ഉയരണം, പുതിയ ശാക്തികചേരി രൂപംകൊള്ളണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.