അമിത് ഷാ, താങ്കൾ തോറ്റുപോയിരിക്കുന്നു
text_fieldsരാജ്യത്തെ പൗരജനങ്ങളെ വിഭജിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ അതിശക്തമായ പ്രതിരോധം തീർത്ത ദേശങ്ങളിലൊന്നാണ് അസം. അവിടെ സമരങ്ങൾക്ക് നേതൃത്വം നൽകിയ യുവജന-കർഷക നേതാവും വിവരാവകാശ പ്രവർത്തകനുമായ അഖിൽ ഗൊഗോയിയെ യു.എ.പി.എ പ്രകാരം രാജദ്രോഹ-ഭീകരവാദ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചാണ് കേന്ദ്രസർക്കാർ പകരം വീട്ടിയത്. ജയിലിൽ കിടന്നുകൊണ്ട് അസം നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച ഗൊഗോയിയെ 18 മാസത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ട് എൻ.ഐ.എ കോടതി കുറ്റമുക്തനാക്കി വിട്ടയച്ചിരിക്കുന്നു. മോചിതനായ ശേഷം അദ്ദേഹം 'മാധ്യമ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്
കോടതിവിധിയെക്കുറിച്ച് എന്തു തോന്നുന്നു
താങ്കൾക്ക് ?
കുറ്റമുക്തനായ എനിക്ക് മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ ഇത് ഒരു ചരിത്ര വിധിയാണ്. ഇത് ഒരു അത്ഭുതമാണെന്നാണ് ഞാൻ എെൻറ വക്കീലിനോട് പറഞ്ഞത്. ഇത്ര ശക്തമായ ഒരു വിധി വരുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല. രാജ്യമെമ്പാടും അപ്രഖ്യാപിത അടിയന്തരാവസ്ഥ നടമാടുന്ന കാലമാണ്. അടിച്ചമർത്തലും പകപോക്കലും മാത്രമാണ് നമുക്ക് ചുറ്റിലും. ജനാധിപത്യത്തിെൻറ കണികപോലും ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ അനുവദിക്കില്ല എന്ന വാശിയിലാണ് ഭരണകൂടം. അതിനിടയിലും നീതിന്യായ വ്യവസ്ഥ സ്വാതന്ത്ര്യത്തോടെ നിലനിൽക്കുന്നു എന്ന ബോധ്യവും പ്രതീക്ഷയും പകരുന്നുണ്ട് ഈ വിധി.
ഇത്ര കാലത്തെ ജയിൽവാസത്തിനു ശേഷവും താങ്കളുടെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല, അഖിൽഗൊഗോയ് പൂർണ സന്തുഷ്ടനാണ് എന്ന് കരുതാമോ?
കുറ്റമുക്തനാക്കിയ വിധി എനിക്ക് സംതൃപ്തി പകരുന്നുണ്ട്, പക്ഷേ പൂർണമായി സന്തോഷിക്കാൻ സമയമായിട്ടില്ല. ഞാൻ മാത്രമല്ലല്ലോ രാജ്യമൊട്ടുക്ക് എത്രമാത്രം ജനകീയ-പൗരാവകാശ രാഷ്ട്രീയ പ്രവർത്തകരാണ് രാജ്യദ്രോഹത്തിെൻറ ചാപ്പയടിക്കപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലുകളിൽ കുടുങ്ങിപ്പോയത്. അവരും വൈകാതെ മോചിതരാകേണ്ടതുണ്ട്. അവരുടെ മോചനം എെൻറ അജണ്ടകളിൽ പ്രധാനപ്പെട്ടതാണ്.
ഭീകരവാദ വിരുദ്ധ നിയമങ്ങൾ അതി ഭീകരമാംവിധം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഏറെയും നിരപരാധികളെയാണ് സർക്കാർ പിടികൂടി തുറങ്കിലടക്കുന്നത്. യു.എ.പി.എ പ്രകാരം കള്ളക്കേസിൽ കുടുക്കപ്പെട്ടവരുടെ മോചനത്തിനായി ഒരു രാജ്യവ്യാപക മുന്നേറ്റം ആരംഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ജയിലിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ഇപ്പോൾ ജയിലിൽനിന്ന് മോചിതനാക്കപ്പെട്ടു- അടിക്കടി രണ്ട് വിജയങ്ങളാണ് താങ്കളെത്തേടിയെത്തിയിരിക്കുന്നത്- എന്തു തോന്നുന്നു?
എന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ഇപ്പോൾ രാജ്യത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. ഈ കേസ് കെട്ടിച്ചമക്കാൻ നേതൃത്വം നൽകിയ, പൊതുവേദികളിൽ എന്നെ ഭീകരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ എന്നിവർ തരിമ്പ് രാഷ്ട്രീയ മാന്യത അവരിൽ അവശേഷിക്കുന്നുവെങ്കിൽ രാജിവെക്കണം. എൻ.ഐ.എ ചുമത്തിയ രണ്ട് കേസുകളും വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എൻ.ഐ.എ ഡയറക്ടർ ജനറലും അടിയന്തരമായി സ്ഥാനമൊഴിയാനുള്ള മര്യാദ കാണിക്കണം.
തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറയുകയാണെങ്കിൽ രാജ്യവും സംസ്ഥാനവും ഭരിക്കുന്ന മേലാളൻമാർ വന്ന് എന്തൊക്കെ അപവാദങ്ങൾ പറഞ്ഞിട്ടും ജനങ്ങൾക്ക് വിശ്വാസം എന്നെയായിരുന്നുവെന്ന് തെളിയിക്കപ്പെടുകയായിരുന്നു. എെൻറ അമ്മയാണ് എനിക്കുവേണ്ടി സംസാരിച്ചതും പ്രചാരണം നയിച്ചതും. ശിബ്സാഗർ മണ്ഡലത്തിലെ മാത്രമല്ല, അസമിലെ മുഴുവൻ ജനങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അസമിന് പുറത്തുള്ള രാജ്യത്തിെൻറ വിവിധ കോണുകളിലുള്ള മനുഷ്യസ്നേഹികളും എെൻറ വിജയം ആഗ്രഹിച്ചിരുന്നു, മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. അവരോടും എെൻറ സ്നേഹം അറിയിക്കുന്നു.
ആദ്യ നിയമസഭ സമ്മേളനത്തിൽ അസം മുഖ്യമന്ത്രി താങ്കൾ മാനസികാരോഗ്യ ചികിത്സയിലാണ് എന്ന് സഭയിൽ പ്രഖ്യാപിച്ചത് ശ്രദ്ധിച്ചിരുന്നോ
ഉവ്വ്, ഞാനതറിഞ്ഞിരുന്നു. ഒരു മനുഷ്യനെ മനോരോഗി എന്ന് വിളിക്കാൻ ആർക്കും അധികാരമില്ല. മുഖ്യമന്ത്രി മാത്രമല്ല, സംസ്ഥാനത്തിെൻറ ആരോഗ്യവകുപ്പ് കൈയാളിയിരുന്ന വ്യക്തിയായിരുന്നു താനെന്ന് ഹിമന്ത മറന്നുപോകരുത്. പരസ്യമായി എന്നെ മനോരോഗി എന്ന് വിളിക്കുക വഴി മാനസികാരോഗ്യ നിയമ പ്രകാരം ഒരു കുറ്റകൃതമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അങ്ങനെ വിളിച്ചതുകൊണ്ട് എനിക്കൊന്നും സംഭവിക്കാനില്ല, പക്ഷേ, അദ്ദേഹത്തിെൻറ സ്വഭാവം ലോകത്തിനു മുന്നിൽ വെളിപ്പെടുകയും ചെയ്തിരിക്കുന്നു. അതിൽകൂടുതലൊന്നും പറയാനില്ല.
നിയമസഭ സാമാജികൻ എന്ന നിലയിൽ എന്തൊക്കെയാണ് പദ്ധതികൾ?
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരായ ചെറുത്തുനിൽപുതന്നെയാണ് പ്രധാന പദ്ധതി. രാജ്യത്തിെൻറ ഫെഡറൽ സംവിധാനം അപകടപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ പ്രതികരിക്കും. കർഷകരുടെയും ആദിവാസികളുടെയും ഭൂ അവകാശത്തിനുവേണ്ടി എക്കാലത്തും ശബ്ദമുയർത്തിയ ആളാണ് ഞാൻ. അത് തുടരും. ഏറെ സാംസ്കാരിക സവിശേഷതകളുള്ള നാടായ അസമിനെ മറ്റൊരു ഉത്തർ പ്രദേശ് ആക്കിത്തീർക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ശക്തമായി നിലകൊള്ളും. നോക്കൂ, ഇവിടെ സർക്കാറിന് ഒരേ ഒരു അജണ്ടയേ ഉള്ളൂ- ന്യൂനപക്ഷങ്ങളെ ആട്ടിപ്പുറത്താക്കണം. അതിനു വേണ്ടി അവരെ ഭീകരവത്കരിക്കാനും അടിച്ചുതാഴ്ത്താനും ആഞ്ഞ് പരിശ്രമിക്കുന്നു. അതിനെതിരെ ശബ്ദമുയർത്തണം, അസമിെൻറയും ഇന്ത്യയുടെയും മതേതര-ജനാധിപത്യ സ്വഭാവം സംരക്ഷിക്കപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.