പരിവർത്തനത്തിന്റെ ഒരു അറബിക്കഥ
text_fieldsഗൾഫുകാരുടെ പത്രാസ് ഒന്ന് വേറെത്തന്നെയായിരുന്നു. അങ്ങാടികളിലൂടെ അവർ നടക്കുന്നതുതന്നെ എല്ലാവരും നോക്കിനിൽക്കുമായിരുന്നു
ജീവിതത്തിന്റെ മരുപ്പച്ചയന്വേഷിച്ച് കേരളത്തിൽനിന്ന് അസംഖ്യം പേർ മറുനാട്ടിലെത്തിയ കാലമാണ് 1970കൾ. ഗൾഫിലേക്ക് എന്നല്ല ‘പേർഷ്യക്ക് പോകുന്നു’ എന്നാണ് അക്കാലത്ത് പറയുക. വർഷങ്ങൾ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കിയ ശേഷം വലിയ പെട്ടികളുമായി നാട്ടിലേക്കുള്ള പ്രവാസിയുടെ വരവ് പഴയ തലമുറയുടെ നിറമാർന്ന ഓർമകളിലൊന്നാണ്.
യാഡ്ലി സോപ്പ്, കോടാലിത്തൈലം, ടൈഗർബാം, പൗഡർ, ടേപ്പ് റിക്കാർഡർ തുടങ്ങി ഷൂസും ടീഷർട്ടും വരെ ആ പെട്ടിയിലുണ്ടാകും. മലബാറിലാകട്ടെ, തിരുവിതാംകൂറിലാവട്ടെ ‘പെട്ടിപൊട്ടിക്കൽ’ വലിയ ചടങ്ങായിരുന്നു. പല തമാശകളും അതുമായി ബന്ധപ്പെട്ടുണ്ട്. സത്യത്തിൽ പ്രവാസികളോടുള്ള സ്നേഹത്തിന്റെയും അവരുടെ വരവിനായുള്ള കാത്തിരിപ്പിന്റെയും അടയാളമായിരുന്നു അതെല്ലാം.
ഗൾഫുകാരുടെ പത്രാസ് ഒന്ന് വേറെത്തന്നെയായിരുന്നു. അങ്ങാടികളിലൂടെ അവർ നടക്കുന്നതുതന്നെ എല്ലാവരും നോക്കിനിൽക്കുമായിരുന്നു. എങ്ങനെയെങ്കിലും ഗൾഫിൽ പോകുക എന്ന ചിന്താഗതി ഭൂരിഭാഗം ചെറുപ്പക്കാരിലും ഉണ്ടാവാൻ ഈ പത്രാസും ബെൽബോട്ടം പാന്റ്സ്, നിറപ്പകിട്ടുള്ള ഷർട്ട്, സ്വർണനിറമുള്ള വലിയ ബെൽറ്റ്, കൂളിങ് ഗ്ലാസ് തുടങ്ങിയ അവരുടെ വേഷഭൂഷാദികളെല്ലാം കാരണമായിട്ടുണ്ടാകാം.
ഒരാൾ വിദേശത്തേക്ക് പോകുമ്പോൾ ഏതാണ്ട് അമ്പതോളം പേർ യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോകുമായിരുന്നു. വിമാനം ഉയർന്നുപൊന്തുമ്പോൾ എല്ലാവരും കൈവീശി അദ്ദേഹത്തെ യാത്രയാക്കും.
കുഞ്ഞുനാളിൽ ഞാൻ കരുതിയിരുന്നത് വിമാന ജാലകത്തിലൂടെ പ്രവാസിയായ അമ്മാവൻ എന്നെയൊക്കെ കാണുന്നുണ്ടെന്നും തിരിച്ച് കൈവീശുന്നുണ്ട് എന്നുമായിരുന്നു. ഇത്രയും ആമുഖം പറഞ്ഞത് എന്റെ ഒരു പ്രവാസി സുഹൃത്തിനെ പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ അത്ഭുതകരമായ സംഭവങ്ങളെ കുറിച്ച് പറയാനുമാണ്.
ഗൾഫിൽനിന്നുവന്ന് ബന്ധുവീടുകളിലും മറ്റും ചെല്ലുന്ന ഇദ്ദേഹം പതിവായി എല്ലാവർക്കും സമ്മാനമായി കൊടുക്കാറുള്ളത് ബ്ലേഡിന്റെ പാക്കറ്റ് അല്ലെങ്കിൽ സോപ്പ് ആണ്! ഇത് കൊടുത്ത ശേഷം ലോകത്തെ ഏറ്റവും മികച്ച ബ്ലേഡ് ആണ് ഇതെന്ന് വീമ്പു പറയുകയും ചെയ്യും. ലോകം മുഴുവൻ തന്റെ സോപ്പിനും ബ്ലേഡിനും കാത്തിരിക്കുകയാണ് എന്ന് വിശ്വസിച്ച ആളായിരുന്നു അദ്ദേഹം.
കാലങ്ങൾ കഴിഞ്ഞു. ഗൾഫിലെ അധ്വാനം കൊണ്ടുണ്ടായ സാമ്പത്തിക അഭിവൃദ്ധി കൊണ്ട് നാട്ടിൽ ഷോപ്പിങ് മാളും മറ്റുമായി അദ്ദേഹം നന്നായി പച്ചപിടിച്ചു. വിചിത്രമെന്ന് പറയട്ടെ, പ്രവാസം മതിയാക്കി നാട്ടിലെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അകാരണമായ ഒരു ഭയം അദ്ദേഹത്തെ പിടികൂടി.
പണ്ട് ഗൾഫിൽനിന്നുള്ള തന്റെ വരവിനായി കാത്തുനിന്ന ബന്ധുക്കളും മറ്റും പലതും പറഞ്ഞ് അടുത്തുകൂടി തന്റെ സമ്പത്തെല്ലാം തട്ടിക്കൊണ്ടുപോകുമോ എന്നൊരു ഭയമായിരുന്നു അത്. അങ്ങനെ വിശ്വസിച്ച അദ്ദേഹം അതിൽനിന്ന് രക്ഷപ്പെടാൻ കണ്ടുപിടിച്ച ഉപായം. എല്ലാവരിൽനിന്നും അകന്ന് ഒതുങ്ങിക്കഴിയുക. സാമ്പത്തികമായി നല്ല ശേഷിയുള്ളതുകൊണ്ട് തനിക്ക് ബന്ധുക്കാരുടെയോ സുഹൃത്തുക്കളുടെയോ സഹായം ആവശ്യമില്ല എന്ന നിഗമനത്തിലും അദ്ദേഹം എത്തി.
പക്ഷേ, അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഗൾഫിൽനിന്നുണ്ടാക്കിയ സമ്പത്തുകൊണ്ട് വാങ്ങിക്കൂട്ടിയ സ്ഥലങ്ങളും മറ്റു സ്വത്തുക്കളും പല വ്യവഹാരക്കുടുക്കുകളിലുംപെട്ട് അദ്ദേഹത്തിന് നഷ്ടപ്പെടുന്ന സ്ഥിതി വന്നു.
അപ്പോഴും അസൂയക്കാരായ കുടുംബക്കാർ തന്റെ സ്വത്ത് ഇല്ലാതാക്കാൻ കൂടോത്രം ചെയ്തുവെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. ഈ ‘ഉപദ്രവങ്ങളിൽ’നിന്ന് രക്ഷതേടി അദ്ദേഹം ഗൾഫിലേക്ക് മടങ്ങി. പിന്നീട് കുറേനാൾ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.
വർഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം തിരിച്ചുവന്നു. ആ വരവിൽ തീർത്തും വ്യത്യസ്തനായ ഒരു മനുഷ്യനെയാണ് ഞങ്ങൾ കണ്ടത്. എല്ലാവരെയും അമ്പരപ്പിക്കും വിധമുള്ള സൗഹൃദപൂർണമായ പെരുമാറ്റം. മറ്റുള്ളവരെ സഹായിക്കാനും ദാനധർമങ്ങൾ ചെയ്യാനും അദ്ദേഹം വലിയ ഉത്സാഹം കാണിക്കുന്നു, എല്ലാവരുമായും ഇടപഴകാനും സഹായിക്കാനും ശ്രദ്ധകാണിക്കുന്നു... എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചത്? എല്ലാവരും പരസ്പരം ചോദിച്ചു. ഞാൻ അദ്ദേഹത്തോട് നേരിട്ടുതന്നെ അതന്വേഷിക്കുകയുണ്ടായി.
‘‘ഞാൻ ഈ ഭൂമിയിൽ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തൊന്നും ഒന്നുമല്ലെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവിലേക്ക് നയിച്ച ചില സംഭവങ്ങളും സാഹചര്യങ്ങളും എന്റെ ജീവിതത്തിലുണ്ടായി. അതുതന്നെ കാരണം’’
അദ്ദേഹം സൂചിപ്പിച്ച ആ സാഹചര്യം ഇതായിരുന്നു- രണ്ടാമത് ഗൾഫിൽ പോയ സമയത്ത് സാമ്പത്തികമായ ചില അപകടങ്ങളിൽചെന്നുപെട്ട് നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടിവന്നു. അതിൽനിന്ന് അദ്ദേഹത്തെ കരകയറ്റിയത് അന്നാട്ടുകാരനായ ഒരു വലിയ മനുഷ്യനായിരുന്നു.
പകരം ഒരൊറ്റ നിബന്ധന മാത്രമാണ് ഇദ്ദേഹത്തിന് മുന്നിൽ വെച്ചത്. ‘‘ഇനിമേൽ ലോകത്തെയും ലോകരെയും അറിഞ്ഞ് ജീവിക്കണം, അത് പഠിക്കാൻ കുറച്ചുകാലം എന്റെ കൂടെ നിൽക്കണം.’’ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വയം ഉഴിഞ്ഞുവെച്ച ധനാഢ്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. സാധുക്കളെയും വയോജനങ്ങളെയും അഗതികളെയും സംരക്ഷിക്കൽ അടക്കം ഒട്ടേറെ കാര്യങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടായിരുന്നു.
ആ മനുഷ്യസ്നേഹിയുമൊത്തുള്ള സഹവാസം എന്റെ സുഹൃത്തിന്റെ ജീവിതവീക്ഷണം തന്നെ മാറ്റിമറിച്ചു. കാർമേഘാവൃതമായിരുന്ന മനസ്സിന്റെ ചക്രവാളത്തിൽനിന്ന് ഇരുട്ട് മെല്ലെ മാഞ്ഞുപോയി. പകരം സായാഹ്ന സൂര്യന്റെ സുവർണശോഭപോൽ നന്മ പ്രശോഭിതമാവുകയും ചെയ്തു. അസാധാരണമായ പരിവർത്തനത്തിന്റെ ഒരു അറബിക്കഥ ആയിരുന്നു അത്!
ജീവിതത്തിലെ പരിവർത്തനങ്ങൾക്ക് എല്ലായ്പ്പോഴും ദീർഘസമയം വേണമെന്നില്ല. അപ്രവചനീയമായ ഒരു സന്ദർഭം കാര്യങ്ങളെ അടിമുടി മാറ്റിയേക്കാം. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ നമ്മെ തേടിയെത്തുന്നത് നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അത് തിരിച്ചറിയാനുള്ള വൈഭവമാണ് നാം ആർജിക്കേണ്ടത്.
ജോർജ് ബർണാഡ്ഷാ ഇങ്ങനെ പറയുന്നു:
ഈ ലോകത്ത് നല്ല നിലയിലെത്തുന്ന മനുഷ്യർ തനിക്ക് പറ്റിയ സാഹചര്യങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നവരാണ്, അത് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ സാഹചര്യങ്ങളെ അവർ തന്നെ സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.