പിറന്നമണ്ണിലെ അനാഥൻ; മൗലാന ആസാദിനെ മായ്ക്കുമ്പോൾ
text_fieldsജനിച്ച മണ്ണിലൊരനാഥനാണു ഞാൻ- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുൽകലാം ആസാദ് 1947 ഒക്ടോബർ 23ന് ഡൽഹി ജമാമസ്ജിദിന്റെ പടിക്കെട്ടിൽ നിന്ന് നടത്തിയ പ്രസംഗത്തിലെ ഈ വാചകമാണ് കോൺഗ്രസിന്റെ റായ്പുർ പ്ലീനറി സമ്മേളനകാലത്ത് മനസ്സിലോർമ വന്നത്.
സമ്മേളനം വിളംബരം ചെയ്ത് സ്ഥാപിക്കപ്പെട്ട പടുകൂറ്റൻ ബോർഡുകളിലും പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മുഖപ്പേജ് പരസ്യങ്ങളിലും മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആർ. അംബേദ്കർ, സർദാർ പട്ടേൽ, ലാൽ ബഹദൂർശാസ്ത്രി, സരോജിനി നായിഡു തുടങ്ങിയ സ്വാതന്ത്ര്യസമരകാല നേതാക്കളുടെ മുഖങ്ങൾ ആ പരസ്യങ്ങളിലെല്ലാമുണ്ടായിരുന്നു.
നെഹ്റു-ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരുടെയും മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെയും ചിത്രങ്ങളുണ്ടായിരുന്നു. ഒരാൾ മാത്രം ഇല്ലായിരുന്നു, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന, മുഹമ്മദലി ജിന്നക്കെതിരെ പാറപോലെ ഉറച്ചു നിന്ന മൗലാനാ ആസാദ് മാത്രം.
ഈ ഒഴിവാക്കൽ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായി. രാജ്യത്തിന് ആദ്യത്തെ ഐ.ഐ.ടി നൽകിയ, സംഗീത നാടക അക്കാദമിയും ലളിതകല അക്കാദമിയും സാഹിത്യ അക്കാദമിയും യു.ജി.സിയും തുടങ്ങാൻ വേണ്ടതെല്ലാം ചെയ്തു കൊടുത്ത മഹാനായ നേതാവിനെ മറന്നതിലെ പരിഭവം പലരും പങ്കുവെച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു: ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ പരസ്യത്തിൽ മൗലാന ആസാദിന്റെ ചിത്രം ഉൾക്കൊള്ളിക്കാഞ്ഞത് നീതീകരിക്കാനാവാത്ത വീഴ്ചയാണ്. ഇതിന്റെ ഉത്തരവാദിയാരെന്ന് കണ്ടെത്തി നടപടി കൈക്കൊള്ളുന്നതാണ്.
ഓർമകളെമ്പാടും മായ്ച്ചുകളയുമ്പോൾ
ഒരുകാലത്ത് മുസ്ലിം ലീഗ് നിന്ദിച്ചിരുന്ന, ഇപ്പോൾ കോൺഗ്രസ് ചവറ്റുകുട്ടയിൽ തള്ളിയ, ബി.ജെ.പിക്ക് അനഭിമതനായ ആസാദ് ഇന്ന് ഒരു വിസ്മൃത കഥാപാത്രമായി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്ക് മൗലാനാ ആസാദിന്റെ പേരിൽ ഏർപ്പെടുത്തിയിരുന്ന ഫെലോഷിപ് കഴിഞ്ഞ ഡിസംബറിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ റദ്ദാക്കി.
ബുദ്ധ, ക്രൈസ്തവ, ജൈന, പാഴ്സി, സിഖ്, മുസ്ലിം എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് എം.ഫിലും പി.എച്ച്.ഡിയും ചെയ്യുന്നതിന് ഏറെ സഹായകരമായിരുന്നു 2009ൽ കേന്ദ്രം തുടക്കം കുറിച്ച ഈ ഫെലോഷിപ്. പദ്ധതി ഇല്ലാതാക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും കേന്ദ്രം അത് ഗൗനിച്ചതേയില്ല. ഫെബ്രുവരി 22ന് മൗലാനാ ആസാദിന്റെ വിയോഗ വാർഷികദിനവും കാര്യമായ ഓർമപ്പെടുത്തലുകളില്ലാതെ കടന്നുപോയി.
ആസാദിന് സംഭവിച്ചത് കാലത്തിന്റെ സൂചനയാണെന്നാണ് ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബിന്റെ അഭിപ്രായം. “നഗരങ്ങളുടെയും റോഡുകളുടെയും പേരുകൾ മാറ്റുന്നതുൾപ്പെടെ മുസ്ലിംകളുമായി സദൃശ്യപ്പെടുന്ന സകല ചരിത്രങ്ങളും മായ്ച്ചുകളയുക എന്ന നിലവിലെ ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമാണ് മൗലാനയുടെ ജീവിതത്തെയും സംഭാവനകളെയും നിഷേധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
മൗലാനാ ആസാദ് എ ലൈഫ് എന്ന തലക്കെട്ടിൽ ആസാദിന്റെ ജീവചരിത്രമെഴുതിയ ഇർഫാൻ ഹബീബാണ് കോൺഗ്രസിന്റെ അവഗണനക്കെതിരെ ആദ്യം പ്രതികരിച്ചത്. എന്നാൽ ജയ്റാം രമേശ് ക്ഷമാപണം നടത്തിയതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ചു. ആസാദിനെക്കുറിച്ച് ഏറെക്കാലമായി പുസ്തകങ്ങളൊന്നും ഇറങ്ങാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ ദേശീയ പൊതുമണ്ഡലത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടാൻ ഉപകരിക്കുമെന്ന വിശ്വാസത്തിലാണ് പുതിയ പുസ്തകമിറക്കിയതെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യൻ മുസ്ലിംകളോട് ആസാദ് പറഞ്ഞത്
ബീഫ് തിന്നണമെങ്കിൽ, വന്ദേമാതരം പാടാൻ സാധിക്കില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണമെന്ന് ഇന്ത്യയിലെ മുസ്ലിംകളോട് പറയാൻ രാഷ്ട്രീയ നേതാക്കൾക്ക് ഒരു സങ്കോചവുമില്ലാത്ത ഇക്കാലത്ത് നമ്മൾ ഓർമിക്കേണ്ടത് പാകിസ്താൻ വാദത്തെ അടിമുടി എതിർത്ത ആസാദ് വിഭജനാനന്തരം തന്റെ നാട്ടുകാരോട് പറഞ്ഞ വേദന മുറ്റിയ വാക്കുകളാണ്.
അദ്ദേഹം ചോദിച്ചു- ‘‘എങ്ങോട്ടാണ്, എന്തു കൊണ്ടാണ് നിങ്ങൾ പോകുന്നത്? നിങ്ങൾ കണ്ണ് തുറന്ന് മേൽപോട്ട് നോക്കൂ- ജമാ മസ്ജിദിന്റെ മിനാരങ്ങൾക്ക് നിങ്ങളോടൊരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങളുടെ പുരാവൃത്തങ്ങളിലെ തിളക്കമാർന്ന താളുകൾ എവിടെയാണ് കളഞ്ഞുപോയത്?
ഇന്നലെയല്ലേ നിങ്ങളുടെ സഞ്ചാരിക്കൂട്ടം യമുന തീരത്തിരുന്ന് അംഗശുദ്ധി വരുത്തിയത്, എന്നിട്ടിപ്പോൾ നിങ്ങൾക്കിവിടെ കഴിയാൻ ഭയം തോന്നുന്നുവോ? ഒരു കാര്യം ഓർമയിൽ വെക്കണം, നിങ്ങൾ രക്തം നൽകിയാണ് ഡൽഹിയെ വളർത്തിയെടുത്തത്. സഹോദരങ്ങളേ, ഇന്നലെയിലെ നിങ്ങളുടെ അത്യാനന്ദം പോലെ ഇന്നുള്ള ഭയവും അസ്ഥാനത്താണ്...
പുത്തൻ അധികാരമേടകളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ തേടേണ്ടതില്ല നിങ്ങൾ. വരൂ, ഇന്ന് നമുക്ക് ഉറച്ചുപറയാം, ഈ രാജ്യം നമ്മുടേതാണ്, അതിന്റെ ഭാവിയെക്കുറിച്ചുള്ള ഏതൊരു തീരുമാനവും നമ്മുടെ കൂടി സമ്മതമില്ലാത്തിടത്തോളം അപൂർണമായിരിക്കും’’.
അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ പലരും ചെവിക്കൊണ്ടതില്ല. ഇന്നാകട്ടെ, ആധുനിക ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ അദ്ദേഹത്തെ പാടേ തള്ളിക്കളഞ്ഞിരിക്കുന്നു.
ദ ഹിന്ദു അസോസിയേറ്റ് എഡിറ്ററും നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ
ziya.salam@thehindu.co.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.