പൂർത്തിയാകാത്ത ജീവിതം
text_fieldsവളരെ വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു ടി.പി. രാജീവൻ. സമീപകാല മലയാള നോവലിലേയും കവിതയിലേയും ഒരുപക്ഷേ കോളമിസ്റ്റ് എന്ന നിലയിലുമൊക്കെ രാജീവന്‍റെ രചനകൾ എല്ലാം തന്നെ സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. രാജീവന് അർഹമായ പരിഗണന കേരളത്തിൽ കിട്ടിയിട്ടുണ്ടോ എന്നത് സംശയമാണ്. 80കളിലും 90കളിലേയും 2000ത്തിലേയും ഏറ്റവും പുതുമയുള്ള കവിതകൾ രാജീവന്‍റേതാണ്. 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ' എന്ന നോവലാണ് ഒരുതരം പുതിയ ഫിക്ഷൻ മലയാളത്തിൽ ആരംഭിക്കുന്നതിന് കാരണമായിത്തീർന്നത്.
വലിയ ഗവേഷണങ്ങളൊക്കെ ചെയ്ത് അക്കാലത്തെ ചരിത്രം ശരിയായി പഠിച്ച് ധാരാളം രേഖകൾ താലൂക്ക് ഓഫിസിൽനിന്നും രജിസ്ട്രാർ ഓഫിസിൽനിന്നും പൊലീസ് സ്റ്റേഷനിൽനിന്നും ഒക്കെ ശേഖരിച്ച് അതിന്‍റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട നോവലായിരുന്നു അത്. പിന്നീട് ധാരാളം പേർ ഈ വഴി പിന്തുടർന്നു. ഇന്ന് മലയാളത്തിൽ പഠനവും സങ്കൽപവും ചേർന്ന ഒരു മാധ്യമമായി നോവൽ രചന മാറിയിട്ടുണ്ട്. ഇങ്ങനെ ഗവേഷണ പ്രധാനമായ നോവലുകൾ മലയാളത്തിൽ ഉണ്ടാകുന്നതിന്‍റെ ആരംഭം കുറിച്ചത് രാജീവനാണ് എന്നുപറയാം.
നിരങ്കുശമായി, ഒരു ഭയവുമില്ലാതെ എഴുതിയ ആളാണ് രാജീവൻ. എം.പി നാരായണ പിള്ളയെപ്പോലെ കാലിബറുള്ള കോളമിസ്റ്റായിരുന്നു. 'പുറപ്പെട്ടു പോകുന്ന വാക്ക്' എന്നു പറയുന്ന കാവ്യലോകങ്ങളിലൂടെയുള്ള സഞ്ചാരം മലയാളത്തിൽ പുതിയ അനുഭവമായിരുന്നു. അതുപോലെ ഒരു കൃതി നമുക്ക് മലയാളത്തിൽ ചൂണ്ടിക്കാട്ടാനില്ല. മറ്റൊന്ന് രാജീവന്‍റെ കവിതകളുടെ സവിശേഷതയാണ്. ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്ത പുതിയ രൂപവുമായിട്ടാണ് രാജീവൻ പ്രത്യക്ഷപ്പെടുന്നത്. മൗലികതയുടെ അടയാളങ്ങളായിരുന്നു ഇവ. മറ്റാർക്കും എഴുതാൻ കഴിയാത്ത നോവലുകളും കവിതകളും പംക്തികളും ആണ് രാജീവൻ എഴുതിയിട്ടുള്ളത്. 'പുറപ്പെട്ടുപോകുന്ന വാക്ക്' പോലുള്ള കൃതികളിൽ അത് സുവ്യക്തമാണ്, പ്രത്യക്ഷമാണ്.
എന്‍റെ സങ്കടം, രണ്ടു നോവലുകൾ എഴുതാൻ തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ രാജീവന് കഴിഞ്ഞിട്ടില്ല എന്നതാണ്. കവിതകൾ എഴുതിക്കൊണ്ടിരിക്കുകയാണ്. ആസന്ന മരണാവസ്ഥയിലും അതിശക്തമായി രാജീവൻ എഴുതിയിരുന്നു. പണി തുടർന്നുകൊണ്ടേയിരിക്കുന്ന ഒരാളായിരുന്നു. പൂർത്തിയാകാത്ത ജീവിതമാണ് രാജീവൻ എന്ന സങ്കടമാണ് രാജീവൻ നമ്മളിൽ അവശേഷിപ്പിക്കുന്നത്. ഭാവിയിൽ രാജീവന്‍റെ അഭാവം കൂടുതൽ പ്രകടമാകുകയും മൂല്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുകയും ചെയ്യും എന്നാണ് എന്‍റെ പ്രതീക്ഷ.
തയാറാക്കിയത്: അനുശ്രീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.