ദുരന്തഭൂമിയിലെ മാലാഖമാരേ, നന്ദി!
text_fieldsദുരന്തമുഖത്തെ ഹൃദയഭേദകമായ കാഴ്ചകൾ എത്ര ശ്രമിച്ചിട്ടും കൺമുന്നിൽ നിന്നും മാഞ്ഞുപോകുന്നില്ല. ഒരു നാടു തന്നെ കത്തിച്ചാമ്പലാക്കാൻ ഹേതുവാകുമായിരുന്ന വിമാനാപകടം!
കോവിഡ് ഭീതി നിലനിൽക്കുന്ന കെണ്ടയ്ൻമെൻറ് സോൺ ആയിട്ടുപോലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരെയും സന്നദ്ധപ്രവർത്തകരെയും പൊലീസ്, അഗ്നിശമനസേന അംഗങ്ങളെയും ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ദുരന്തം നടന്നതു മുതൽ അവസാനത്തെ യാത്രക്കാരനെയും പുറത്തെടുക്കുന്നതുവരെ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ടു ചെയ്യാനും ചിത്രങ്ങൾ പകർത്താനുമെത്തിയ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും ജനപ്രതിനിധികളെയും ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുകയാണ്. ദുരന്തത്തിൽ മരണമടഞ്ഞവരുടെ നിത്യശാന്തിക്കു വേണ്ടി പ്രാർഥിക്കുന്നു.
ഈ നാട് ഇങ്ങനെയാണ്. ഈ ആധുനിക യുഗത്തിലും മനുഷ്യപ്പറ്റ് മരിച്ചിട്ടില്ലാത്തവരുടെ സ്വന്തം നാട്. പച്ചപ്പും ആർദ്രതയും പ്രകൃതിയിലെന്ന പോലെ മനുഷ്യ മനസ്സിലും ഇടം പിടിച്ചവരുടെ നാട്. സ്നേഹവും ഊഷ്മളതയും അളവില്ലാതെ കോരിക്കൊടുക്കുന്നവരുടെ ദേശം.
ഇവിടെ ജനിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ മണ്ണിെൻറ മണമറിയാൻ കഴിയുന്നതിൽ, ഈ പച്ചപ്പിെൻറ തണലറിയാനാകുന്നതിൽ, ഇവിടത്തുകാരുടെ ജന പ്രതിനിധിയാകാൻ സാധിച്ചതിൽ ഞാൻ പുളകമണിയുന്നു.
കൊണ്ടോട്ടിയുടെ ഒരു ഭാഗത്ത് പ്രളയത്തിെൻറ ദുരന്തങ്ങൾ നേരിൽ കണ്ട ശേഷം, പ്രളയത്തിൽ വേദനയും നഷ്ടങ്ങളും സഹിച്ചവരെ ആശ്വസിപ്പിച്ച് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന ചൊല്ലിനെ അന്വർഥമാക്കും വിധം മറ്റൊരു ദുരന്തം വിമാനത്തിെൻറ രൂപത്തിൽ പറന്നിറങ്ങിയത്.
ദുരന്തമുഖത്ത് നിന്നും അപകടത്തിൽ പെട്ടവരെയും ജീവൻ നിലച്ചവരെയും താങ്ങിയെടുത്ത് കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനുള്ള ബദ്ധപ്പാടിൽ ആരും കൊറോണയെ ഭയപ്പെട്ടില്ല. അകലം പാലിച്ചില്ല. കണ്ടയ്ൻമെൻറ് സോൺ എന്ന നിയമമോർത്തില്ല. സാനിറ്റൈസർ തിരഞ്ഞില്ല. വിലപ്പെട്ട ജീവെൻറ തുടിപ്പുകൾ തിരിച്ചു കിട്ടട്ടെയെന്ന ഒരൊറ്റ ചിന്തയിൽ കൈമെയ് മറന്ന് രംഗത്തിറങ്ങുകയായിരുന്നു.
കൊണ്ടോട്ടിയുടെ ഈ കരുതലിന്, മലപ്പുറത്തിെൻറ ഈ കാരുണ്യപ്പെയ്ത്തിന് പ്രിയപ്പെട്ടവരേ, നിങ്ങളോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുങ്ങുന്നതല്ല. ഈ മനുഷ്യത്വം ലോകർക്ക് മാതൃകയാണ്. ഈ സ്നേഹവും കരുതലും എന്നും നിലനിൽക്കേണ്ടതും കാത്തുസൂക്ഷിക്കേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.