Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅംബാനിയുടെ പാപ്പരത്തം

അംബാനിയുടെ പാപ്പരത്തം

text_fields
bookmark_border
അംബാനിയുടെ പാപ്പരത്തം
cancel

കർഷകരുടെ എല്ലാ പ്രശ്നവും തീർന്നു. റബറിനും കുരുമുളകിനും നാളികേരത്തിനുമൊന്നും വിലയില്ലെങ്കിലും പേടിക്കേണ്ട. ഇനിയങ്ങോട്ട് വർഷത്തിൽ 6000 രൂപ സർക്കാർ തരുന്നതുകൊണ്ട് സുഭിക്ഷമായി കഴിയാം. പോരാത്തതിന് ആദ്യഗഡു ഒട്ടും വൈകില്ല. വോട്ടുചെയ്യാൻ ബൂത്തിലെത്തുന്നതിനു മുമ്പ് 2000 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയിരിക്കും, തീർച്ച. കർഷകന് അതി​​െൻറയൊരു ഉപകാരസ്മരണ ഉണ്ടായാൽ മതി. രാജ്യത്തെ അസംഘടിതന്മാരുടെ പ്രശ്നവും ബജറ്റിൽ തീർത്തെടുത്തിട്ടുണ്ട്. അവർ 50 രൂപ, ഏറിയാൽ 100 രൂപ പ്രതിമാസം അടച്ച് 60 വയസ്സാകാൻ പ്രാർഥിച്ചിരിക്കുകയേ വേണ്ടൂ. മൂന്നര പതിറ്റാണ്ടു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് മാസാമാസം 3000 രൂപ സർക്കാർ തരാൻ പോവുകയാണ്. ശമ്പളക്കാർക്കാണെങ്കിൽ നികുതിയിൽ വമ്പൻ ഇളവുകളാണ്. അതു കിട്ടുന്ന വഴി പറഞ്ഞു മനസ്സിലാക്കാൻ മാത്രമേയുള്ളൂ ലേശം പ്രയാസം.

ഇവരെയൊക്കെ ഇങ്ങനെ സംരക്ഷിക്കുന്നതിനിടയിൽ കഷ്​ടപ്പെടുന്നത് പാവം വ്യവസായികളാണ്. അനിൽ അംബാനിയുടെ കാര്യമെടുക്കാം. അദ്ദേഹം പാപ്പരത്ത സംരക്ഷണ ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുകയാണ്. കോർപറേറ്റുകൾക്ക് നാട്ടിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതി. ഇത്രയുംകാലം ബിസിനസ് നടത്തി ഉണ്ടാക്കിവെച്ച കടം 46,000 കോടി രൂപയാണ്. ചില ആസ്തികൾ വിറ്റ് കടം വീട്ടാൻ നോക്കിയിട്ട്​ നടക്കുന്നില്ലത്രേ. അതുകൊണ്ടാണ് പാപ്പർ ഹരജിയുമായി ട്രൈബ്യൂണലിലേക്ക് നീങ്ങുന്നത്. സമയബന്ധിതമായി ഇൗ വിഷയത്തിൽ നടപടികൾ മുന്നോട്ട്​ നീക്കാൻ ട്രൈബ്യൂണലി​​െൻറ ഇടപെടൽ വഴി കഴിയുമെന്നാണ് വിശദീകരണം.

അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് എന്ന ടെലികോം കമ്പനിയാണ് ഇപ്പോൾ കടക്കെണിയിൽ മുങ്ങിപ്പൊങ്ങി ശ്വാസം മുട്ടുന്നത്. ഇവരുടെ നല്ലൊരു പങ്ക് അടിസ്ഥാന സൗകര്യങ്ങളും സ്പെക്ട്രവും വാങ്ങാൻ ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുമായി ധാരണ ഉണ്ടാക്കിയതാണ്. പക്ഷേ, പഴയ ബാധ്യതകളൊന്നും ഏറ്റെടുക്കാൻ അദ്ദേഹം തയാറല്ല. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീണ്ടുപോകുന്നു. കച്ചവടം ഒന്നര കൊല്ലം കാത്തിരുന്നിട്ടും ഉദ്ദേശിച്ചപോലെ നടക്കുന്ന ലക്ഷണമില്ല.

25,000 കോടി രൂപയുടെ ആസ്തി വിൽക്കാനുള്ള പദ്ധതിയാണ് കമ്പനി തയാറാക്കിയത്. അതു വിറ്റുകിട്ടുന്ന പണംകൊണ്ട് 40 കൂട്ടരിൽനിന്ന് വാങ്ങിയ വായ്പ തിരിച്ചു കൊടുക്കാം. ഇക്കൂട്ടത്തിൽ സ്​റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയും െഎ.ഡി.ബി.െഎയും എച്ച്.എസ്.ബി.സിയുമാക്കെ ഉണ്ട്. റിലയൻസിൽനിന്ന് പണം കിട്ടാൻ കാത്തിരിക്കുന്ന സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സൺ മടുത്തു. പലവട്ടം അവധി നീട്ടിനൽകി. ആയിരത്തിൽപരം കോടി രൂപ കിേട്ടണ്ട സ്ഥാനത്ത് 550 കോടി രൂപ മതിയെന്നു പറഞ്ഞു. ജിയോക്ക് സ്പെക്ട്രം വിറ്റാൽ 975 കോടി രൂപ കിട്ടുമെന്നും ഇതിൽനിന്ന് എറിക്സൺ കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമാണ് അനിൽ അംബാനിയുടെ വാക്ക്.

അനിയനാണെങ്കിലും റിലയൻസ് കമ്യൂണിക്കേഷൻസി​​െൻറ മുൻകാല ബാധ്യതയൊന്നും ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മുകേഷ് അംബാനി. ഒന്നര വർഷമായി വിൽപന ശ്രമം മുടങ്ങിക്കിടക്കുന്നു. ജ്യേഷ്ഠനും അനിയനും ഒത്തുകളിക്കുന്നതാണോ എന്നുവരെ സംശയിക്കുന്ന എറിക്സൺ കമ്പനി ഒടുവിൽ സുപ്രീംകോടതിയെ സമീപിച്ചത് ഏതാനും ആഴ്ച മുമ്പാണ്. തരാനുള്ള 550 കോടി രൂപക്ക് കാലാവധി പറഞ്ഞു പറഞ്ഞു ഉഴപ്പുന്നതിനാൽ അനിൽ അംബാനിയെ അറസ്​റ്റ്​ ചെയ്യാൻ ഉത്തരവിടണമെന്നാണ് ആവശ്യം. ഇതുകൂടിയായപ്പോഴാണ് പാപ്പരത്ത ഹരജിയുമായി മുന്നോട്ടുപോകാൻ റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചത്. അതിലെ നടപടികൾ ബാക്കി കിടക്കുേമ്പാൾ, പണം കിട്ടാൻ ഏത് എറിക്സൺ നിലവിളിച്ചിട്ടും കാര്യമില്ല. സാമ്പത്തിക ബാധ്യതകൾക്ക് കൈമലർത്തുന്നയാളെ പിടികൂടി തൂക്കിക്കൊല്ലാൻ രാജ്യത്ത് വകുപ്പുമില്ല.

അനിൽ അംബാനിക്കാക​െട്ട, പാപ്പരത്ത നടപടി പുതിയതല്ല. റിലയൻസ് ഡിഫൻസ് ആൻഡ്​ എൻജിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലേക്ക് പൊയ്ക്കഴിഞ്ഞു. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാർ പ്രകാരം കോസ്​റ്റ് ഗാർഡിന് 14 അതിവേഗ പട്രോൾ യാനങ്ങൾ നൽകാൻ കരാറുണ്ടാക്കി കാശു വാങ്ങിയെങ്കിലും, യാനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണിത്. പക്ഷേ, കോസ്​റ്റ്ഗാർഡ് ഇനിയും കരാർ റദ്ദാക്കിയിട്ടില്ലെന്നത് മറ്റൊരു വശം. റിലയൻസ് ഇൻഫ്രാസ്ട്രക്​ച്ചർ ലിമിറ്റഡ് കമ്പനി തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയ കേസ്, അതു വേറെയുണ്ട്. ഭിമ-കൊറേഗാവിൽ റിലയൻസിലെ തൊഴിലാളികൾ സമരത്തി​​െൻറ പേരിൽ ഭീകരരും മാവോവാദികളുമൊക്കെമായി ചിത്രീകരിക്കപ്പെട്ടുവെന്നതാണ് നേർസാക്ഷ്യം. അനിൽ അംബാനി എത്തിനിൽക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പാപ്പരത്ത നടപടികൾ വിളിച്ചു പറയുന്നത്. ഇൗ അവസ്ഥയിൽ നിൽക്കുന്ന അനിൽ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാൽ പോർവിമാന ഇടപാടിലെ ഇന്ത്യൻ പങ്കാളിയാക്കി മോദിസർക്കാർ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന് കാണിച്ചുകൊടുത്തത്. റഫാൽ പോർവിമാന ഇടപാടു വഴി അനിൽ അംബാനിയുടെ കമ്പനിക്ക് കിട്ടുന്നത് 30,000 കോടി രൂപയുടെ ഒാഫ്സെറ്റ് ഇടപാടാണ്. അതി​​െൻറ ഭാഗമായി ദസോ കമ്പനിയും റിലയൻസിനെ പോറ്റാൻ കറൻസി മുടക്കിക്കഴിഞ്ഞു.

മുംബൈയിലെ വൈദ്യുതി ബിസിനസുകാർ റിലയൻസായിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്​ച്ചർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും മാസങ്ങൾക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. മുംബൈക്ക് വേണ്ട വൈദ്യുതോൽപാദനം, വിതരണം എന്നിവയെല്ലാം ഇപ്പോൾ അദാനി ട്രാൻസ്മിഷ​​​െൻറ പക്കലാണ്. അത് വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ പറയുന്നു.

മോദി സർക്കാറും കോർപറേറ്റുകളുമായുള്ള ചങ്ങാത്ത മുതലാളിത്തത്തി​​െൻറ ആഴവും പരപ്പും ഒരിക്കൽക്കൂടി വെളിവാക്കുന്നതാണ് റിലയൻസ് ടെലി കമ്യൂണിക്കേഷൻസി​​െൻറ പാപ്പരത്ത നടപടികൾ. വാങ്ങിയ കടം തിരിച്ചടക്കുകയല്ല, ബോധപൂർവം അതിൽനിന്ന് ഒഴിവാകുകയും കാലാവധി നീട്ടിക്കൊണ്ടു പോവുകയുമാണ് വ്യവഹാര നടപടികളിലൂടെ സംഭവിക്കുന്നത്. കടക്കെണിയിൽ മുങ്ങിനിൽക്കുന്ന ഒരു വ്യവസായിയെ, ഏറെ നിർണായകമായൊരു അന്താരാഷ്്ട്ര കരാറിൽ പങ്കാളിയാക്കിയതിൽ ദേശതാൽപര്യമാണോ, കോർപറേറ്റ് താൽപര്യമാണോ തുളുമ്പി നിൽക്കുന്നതെന്നുകൂടി പാപ്പരത്ത നടപടികൾ വിളിച്ചുപറയുന്നുണ്ട്.

ഇത്തരത്തിൽ കടക്കെണി മുറുകിയാണ് വിജയ് മല്യ ഒടുവിൽ നാടുവിട്ടത്. പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ച മറ്റൊരു പ്രമുഖ വ്യവസായി നീരവ് മോദിയും വിദേശത്ത് സസുഖം കഴിയുന്നു. അയാളുടെ പങ്കുകാരനായ മെഹുൽ ചോക്സി ഇന്ത്യൻ പാസ്പോർട്ടും ഇന്ത്യയെ തന്നെയും ഭാവിയിൽ ആവശ്യമില്ലെന്ന് തീരുമാനിച്ച് വിദേശത്ത്​ കഴിയുന്നു. ബിസിനസ് രംഗത്ത് വിശ്വാസ്യത സ്വയം തകർത്തുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പോലും അനിൽ അംബാനിയെ പോറ്റുന്ന മോദി സർക്കാർ ബിസിനസ് നടത്തിപ്പ് ഇന്ത്യയിൽ എളുപ്പമുള്ളതാക്കുകല്ല ചെയ്യുന്നത്, അവിഹിതങ്ങൾക്ക് വാതിൽ തുറന്നു കൊടുക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionanil ambanimalayalam newsRelaince Communication
News Summary - Anil Ambani's RCom files for insolvency-India news
Next Story