ഏഴാണ്ടിെൻറ പരിണാമങ്ങൾ
text_fieldsഉന്നത്തിൽ പാളിപ്പോയതു ഭാഗ്യം. എങ്കിലും അണ്ണാ ഹസാരെയുടെ വേദിക്കു നേരെ പാഞ്ഞുചെന്ന ആ ചെരിപ്പ് ഒരു പരിണാമത്തെക്കുറിച്ച ഒാർമപ്പെടുത്തലായിരുന്നു. ഏഴു വർഷം രാഷ്ട്രീയത്തിൽ വലിയൊരു കാലമല്ല. വ്യക്തിജീവിതത്തിൽ പക്ഷേ, ചെറിയ കാലവുമല്ല. അതിനിടയിൽ എത്ര വേഗമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്! അണ്ണാ ഹസാരെയെ ഒരു നോക്കു കാണാനും, പാടി പുകഴ്ത്താനും ഏഴു വർഷം മുമ്പ് ഡൽഹിയിലെ രാംലീലാ മൈതാനിയിലേക്ക് ഒഴുകിയിറങ്ങിയത് പതിനായിരക്കണക്കായ പുരുഷാരമായിരുന്നു. സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ ഹസാരെ 80ാം വയസിൽ വീണ്ടുമൊരു അനിശ്ചിതകാല ഉപവാസവുമായി രാംലീല മൈതാനിയിൽ അവശനായപ്പോൾ, അന്നു കണ്ട പുരുഷാരം എവിടെപ്പോയി? ഏറിയാൽ 300 പേർ വട്ടംകൂടിയ ദുർബലപ്രക്ഷോഭം നയിച്ച ഹസാരെയെ ഒരുവിധത്തിൽ സർക്കാർ മുഖംരക്ഷിച്ചു പറഞ്ഞുവിട്ടു. മഹാരാഷ്ട്ര മുഖമന്ത്രി ദേവേന്ദ്ര ഫട്നവിസും ഒരു ജൂനിയർ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവതും ചില്ലറ വാഗ്ദാനങ്ങളും ഒരു ഗ്ലാസ് നാരങ്ങനീരും വെച്ചുനീട്ടി. അതിനുമുമ്പിൽ ഹസാരെ കീഴടങ്ങി. അന്നേരമാണ് സദസിൽ എവിടെയോ നിന്ന് ഒരു ചെരിപ്പ് ചീറിവന്നത്. അത് ആരെയാണ് ഉന്നം വെച്ചതെന്ന് അറിയില്ല. പക്ഷേ, പരിണാമത്തിെൻറ വലിയൊരു കഥയിലേക്കാണ് അതുചെന്ന് വീഴുന്നത്.
2011ലെ അഴിമതിവിരുദ്ധ പ്രക്ഷോഭം നയിച്ച്, ജൻലോക്പാൽ ബില്ലിനുവേണ്ടി സത്യഗ്രഹമിരുന്ന രാംലീലാ മൈതാനിയിലെ അണ്ണാ ഹസാരെയുടെ വേദിയിൽ ആവേശപൂർവം മണിക്കൂറുകൾ ത്രിവർണ പതാക പാറിച്ചു തലയുയർത്തി നിന്ന കിരൺ ബേദി ഇന്ന് പുതുച്ചേരിയിലെ ഗവർണറുടെ മന്ദിരത്തിൽ ബി.ജെ.പി തീർത്ത തടവറയിലാണെങ്കിലും, സുഖിച്ചു കഴിയുന്നു. അഴിമതിവിരുദ്ധ പോരാട്ടത്തിലേക്ക് ദിവസങ്ങളും മാസങ്ങളും നീണ്ട ഒരധ്വാനത്തിന് ഉൗണും ഉറക്കവുമില്ലാതെ ചുക്കാൻ പിടിച്ച അരവിന്ദ് കെജ്രിവാൾ ഇന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായി ബി.ജെ.പി സർക്കാറിനോട് പടവെട്ടിയും പൊരുത്തപ്പെട്ടും രാഷ്ട്രീയ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. വർത്തമാനത്തിെൻറ ചതുരവടിവിൽ അഴിമതിവിരുദ്ധ മുന്നേറ്റത്തിെൻറ പ്രത്യയശാസ്ത്രങ്ങൾ വിശദീകരിച്ച് ഹസാരെയുടെ ഇടംകൈയോ വലംകൈയോ ആയി നിന്ന യോഗേന്ദ്രയാദവ്, കെജ്രിവാളിനോട് തെറ്റിയും പുറത്താക്കപ്പെട്ടും രണ്ടുവർഷം മുമ്പ് രൂപവൽക്കരിച്ച സ്വരാജ് അഭിയാനെ നയിച്ച് സ്വന്തം വഴികളിലൂടെ തേര് തെളിക്കുന്നു. കെജ്രിവാളിനെ ശത്രുവും യോഗേന്ദ്രയാദവിനെ മിത്രവുമായി തെരഞ്ഞെടുത്ത പ്രശാന്ത്ഭൂഷൺ, ഉന്നത നീതിപീഠത്തിലെ സംശുദ്ധതക്ക് വേണ്ടിയുള്ള നിയമയുദ്ധങ്ങളിൽ.
ചുരുങ്ങിയത് രണ്ടു മൂന്നു പേരുകൾ കൂടി ബാക്കിയുണ്ട്. കെജ്രിവാളിെൻറ വിശ്വസ്തനായ ഉപമുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണ് മനീഷ് സിസോദിയ. വിശ്വസ്തനല്ലാത്ത ആം ആദ്മി പാർട്ടിക്കാരനായി തുടരുകയാണ് കുമാർ വിശ്വാസ്. അഴിമതിവിരുദ്ധ മുന്നേറ്റത്തിന് ആളും അർഥവും, വാക്കും വരിയും ഉദാരമായി സംഭാവന ചെയ്ത ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കർ ഇന്ന് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ അമ്പലം നിർമിച്ചും, പള്ളിക്ക് ഉചിതമായൊരു മറ്റൊരിടം കണ്ടെത്തിക്കൊടുത്തും അയോധ്യപ്രശ്നം കോടതിവിധിക്കു മുേമ്പ ഒത്തുതീർക്കാനുള്ള സ്വയംശ്രമങ്ങളിലാണ്. ഇനിയാണ്, അഴിമതിവിരുദ്ധ പോരാട്ടത്തിലെ നിഴൽപ്പടയെക്കുറിച്ചു പറയേണ്ടത്. ഹസാരെ മുന്നിൽനിന്ന നടത്തിയ അഴിമതിവിരുദ്ധ പോരാട്ടം, യു.പി.എ സഖ്യത്തെ തുരത്തി അധികാരം പിടിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തിയവരാണ് ബി.ജെ.പിയും ആർ.എസ്.എസും. ഹസാരെയുടെ ഗാന്ധിത്തൊപ്പിക്ക് മറഞ്ഞിരുന്ന് ജനകീയ വികാരം ഇളക്കി വിടുന്നതിൽ ആ കാലാൾപ്പട നിർവഹിച്ച പങ്ക് അന്ന് എളുപ്പത്തിൽ തിരിച്ചറിയപ്പെട്ടില്ല എന്നുമാത്രം. അതിലേറെ, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ കഥകൾക്കു മുന്നിൽ ജനം തരിച്ചിരുന്ന നാളുകളായിരുന്നു അത്. ആ പ്രക്ഷോഭത്തിെൻറ കൂടി കൈത്താങ്ങിൽ, കോൺഗ്രസിെൻറ പ്രതിപക്ഷ നേതൃപദവി പോലും തട്ടിത്തെറിപ്പിച്ച് അധികാരം പിടിച്ച നരേന്ദ്രമോദി നാലു വർഷമായി പ്രധാനമന്ത്രിക്കസേരയിൽ.
അതെ. അഴിമതിവിരുദ്ധ പ്രക്ഷോഭത്തിെൻറ പരിണാമ രൂപങ്ങൾ പലതാണെങ്കിലും, പങ്കാളികൾ എല്ലാവരും ഇവിടെത്തന്നെയുണ്ട്, അഴിമതിയെപ്പോലെ തന്നെ. പക്ഷേ, അണ്ണാ ഹസാരെയെ തിരിഞ്ഞു നോക്കാൻ ആരുമുണ്ടായില്ല. ജൻലോക്പാൽ ബിൽ പാസാക്കാനുള്ള പ്രക്ഷോഭം വിജയിപ്പിച്ചു മടങ്ങിയ ഹസാരെ, ഏഴു വർഷത്തിനു ശേഷം വീണ്ടും നിരാഹാരമിരുന്നത് മിക്കവാറും പഴയ ആവശ്യങ്ങൾക്കു വേണ്ടിത്തന്നെ. അഴിമതിവിരുദ്ധ ലോക്പാൽ ഇന്നും കടലാസിൽ തന്നെ. അഞ്ഞൂറിെൻറയും ആയിരത്തിെൻറയും പഴയ കറൻസികളുടെ സാധുത എരിച്ചുകളഞ്ഞിട്ടും കള്ളപ്പണം ഇല്ലാതായില്ല. ഉപജീവന പ്രാരാബ്ധങ്ങൾ കർഷകെൻറ നെട്ടല്ലൊടിക്കുകയും ആത്മഹത്യാ കണക്കുകളുടെ കോളങ്ങളിലേക്ക് കൂടുതൽ പേർ കടന്നു വന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. വോട്ടിങ് യന്ത്രം തട്ടിപ്പാണെന്ന കടുത്ത സംശയങ്ങളുടെ അകമ്പടിയോടെ തെരഞ്ഞെടുപ്പു പരിഷ്ക്കരണങ്ങൾക്കു വേണ്ടിയുള്ള മുറവിളി മുറുകിയിരിക്കുന്നു. അതെല്ലാം ഹസാരെയുടെ ഇത്തവണത്തെ ഡൽഹി യാത്രയിൽ ഉയർത്തിപ്പിടിച്ച വിഷയങ്ങളായിരുന്നു. പക്ഷേ, ആരു കേട്ടു? ഗാന്ധിയെൻറ പ്രക്ഷോഭം ഉയർത്തിക്കാട്ടാൻ ആളുണ്ടായില്ലെന്നല്ല, മറച്ചു പിടിക്കാൻ വ്യഗ്രത പലർക്കുമുണ്ടായിരുന്നുവെന്നതാണ് നേര്. ഡൽഹിക്കു പുറത്തു നിന്നെത്തിയ കുറെ കർഷകരാണ് ഹസാരെയുടെ സമരത്തെ മാർച്ച് 23 മുതൽ 28 വരെയുള്ള ആറു ദിവസം താങ്ങിനിർത്തിയത്. ഡൽഹിയിൽ, രാംലീലാ മൈതാനിയിൽ, സമരങ്ങൾക്കും ജീവിക്കാൻ ദിവസേന ഒന്നുരണ്ടു ലക്ഷം രൂപ വേണം. ഇക്കുറി ഹസാരെയുടെ പ്രക്ഷോഭത്തിലേക്ക് ആകെക്കൂടി പിരിഞ്ഞുകിട്ടിയത് ഒന്നര ലക്ഷത്തോളം മാത്രം. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലേക്കും പിന്നാലെ പിറന്ന ആം ആദ്മി പാർട്ടിയിലേക്കും സ്വദേശത്തുനിന്നും വിദേശത്തുനിന്നും കുമിഞ്ഞു കൂടിയ സംഭാവനകൾ ഗുണമേന്മയോടെ നിയന്ത്രിക്കാനായിരുന്നു ഒരുകാലത്ത് പാട്.
പഴയ പങ്കാളികൾ തീർത്തും തിരിഞ്ഞു നോക്കിയില്ലെന്നു പറഞ്ഞു കൂടാ. യോഗേന്ദ്രയാദവ് ഇടക്ക് രാംലീലാ മൈതാനിയിൽ ചെന്നു. വേദിയിൽ നിന്ന് അകന്നു മാറി, സദസ്യരിൽ ഒരാളായി കുറെനേരം ചെലവിട്ടു മടങ്ങി. രാഷ്ട്രീയ പാർട്ടി നേതാക്കളായി മാറിയ പഴയ ശിഷ്യഗണങ്ങളെ അടുപ്പിക്കാൻ ഹസരെയും തയാറായിരുന്നില്ല. രാഷ്ട്രീയ പാർട്ടി നേതാക്കൾ തനിക്കൊപ്പം സത്യഗ്രഹ വേദിയിൽ ഇരിക്കേണ്ട എന്നായിരുന്നു നിർദേശം. മുമ്പത്തെ സമരത്തിലും രാഷ്ട്രീയക്കാരുമായി വേദി പങ്കിട്ടിരുന്നില്ല. എങ്കിലും അവരെല്ലാം നിഴൽപടയായി സഹകരിച്ചു. അണികളെ അയച്ചുകൊടുത്ത് ഹസാരെക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഇക്കുറി ആർക്കും തോന്നിയില്ല. സമര വിഷയങ്ങളോട് െഎക്യദാർഡ്യമുള്ളവരും കേന്ദ്രസർക്കാറിെൻറ നിലപാടുകളോട് എതിർപ്പുള്ളവരും ഒരേപോലെ ഗാന്ധിയനെ തീണ്ടപ്പാടകലെ നിർത്തി. തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കേ, ബി.ജെ.പിയുമായി യുദ്ധം മുറുക്കിയിരിക്കുന്ന കോൺഗ്രസ്, യു.പി.എ സർക്കാറിനെ തരിപ്പണമാക്കിയ സമരം നയിച്ച ഹസാരെക്ക് അയിത്തം കൽപിച്ചത് ന്യായം. ഹസാരെയേക്കാൾ, തലയിലിരിക്കുന്ന ഗാന്ധിത്തൊപ്പിയോടുള്ള ഭയമാണ് സമരകാലത്ത് കോൺഗ്രസിനെ ഭരിച്ചത്. ഇന്നു ഭരിക്കുന്ന ബി.ജെ.പിക്കുണ്ടോ, ഗാന്ധിത്തൊപ്പിയെ ഭയം? ഏഴു വർഷം മുമ്പു കൊണ്ടാടിയ നേതാവ് മോദിസർക്കാറിനെതിരെ തിരിഞ്ഞപ്പോൾ, ഒറ്റപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ട ദൗത്യമാണ് അവർക്ക് ഉണ്ടായിരുന്നത്. വേദിയിലേക്ക് അടുപ്പിക്കില്ലെന്ന ഹസാരെയുടെ നിലപാടിന് മറഞ്ഞിരിക്കുന്നതിലാണ് ആം ആദ്മി പാർട്ടിയും ഇടതുപാർട്ടികളുെമല്ലാം ശ്രദ്ധിച്ചത്. സ്വന്തനിലക്ക് സമരം നടത്താൻ കഴിവുള്ളപ്പോൾ, എന്തിന് ഹസാരെക്ക് ഇടം പതിച്ചുകൊടുക്കണമെന്നും അവർ ചിന്തിച്ചു. രാഷ്ട്രീയക്കാരനല്ലാത്ത ശ്രീശ്രീയും അനുചരന്മാരും ഹസാരെയെ കൈവിട്ടതും അതിജീവന കലയുടെ ഭാഗമായിരിക്കാം. കാര്യം കണ്ടു കഴിഞ്ഞവർ ഉപേക്ഷിച്ചു കളഞ്ഞത് അറിയാതെ പോയ ഹസാരെയോ? പണ്ടു കിട്ടിയ പിന്തുണ, തനിക്കുള്ള ജനസമ്മിതിയായി തെറ്റിദ്ധരിച്ചു.
താങ്ങിനിർത്തിയവർ വേച്ചുതുടങ്ങുന്നതു കണ്ടപ്പോൾ, എങ്ങനെയും ഉപവാസം അവസാനിപ്പിക്കുക എന്നതല്ലാതെ അണ്ണാ ഹസാരെക്കു മുന്നിൽ മാർഗമുണ്ടായിരുന്നില്ല. അങ്ങനെ ആറാം ദിവസം സമരത്തിന് തിരശീല. നാരങ്ങാനീരു കുടിപ്പിക്കാൻ ഫട്നവിസും ശെഖാവതും സത്യഗ്രഹ പന്തലിൽ ചെന്നപ്പോൾ ചില ഗാന്ധിയൻ ഉപദേശങ്ങെളാക്കെ ഹസാരെ അവർക്കു നൽകി. സർക്കാറും ജനവും രണ്ടല്ലെന്നും, ജനങ്ങൾക്ക് നല്ലതു ചെയ്തു കൊടുക്കുകയാണ് സർക്കാറിെൻറ പണിയെന്നും അവരെ സമരത്തിലേക്കു നയിക്കരുതെന്നും ഹസാരെ. അങ്ങനെതന്നെ, അങ്ങനെ തന്നെയെന്ന് ഫട്നവിസ്. ഹസാരെ ഉന്നയിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് നടപ്പാക്കാൻ ആറു മാസത്തെ സാവകാശം വേണമെന്ന് ഫട്നവിസ് ആവശ്യപ്പെട്ടപ്പോൾ, അതിലൊരു ശരിയുണ്ടെന്ന് ഹസാരെക്കു തോന്നി. ജൻലോക്പാൽ ബില്ലിെൻറ കാര്യത്തിൽ ഉറപ്പു കിട്ടാൻ ആറു മാസം പോയിട്ട് ആറു മണിക്കൂർ പറ്റില്ലെന്ന് ശഠിച്ച് പാർലമെൻറ് സമ്മേളനം നടക്കുന്നതിനിടയിൽ യു.പി.എ സർക്കാറിനെ വിറപ്പിച്ച ഹസാരെയുടെ നിസഹായ പരിണാമമായിരുന്നു അത്. ഇപ്പോൾ നൽകിയ വാഗ്ദാനം നടപ്പായില്ലെങ്കിൽ ഏഴാം മാസമായ സെപ്തംബറിൽ വീണ്ടും വരുമെന്ന താക്കീതോടെയാണ് ഹസാരെ സമരപ്പന്തലിൽ നിന്ന് പൊടിതട്ടി എഴുന്നേറ്റത്. വീമ്പു പറച്ചിൽ അങ്ങനെയാണെങ്കിലും, യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞുള്ള മടങ്ങിപ്പോക്കായതിനാൽ, ഇനിയൊരു സമരത്തിന് ഹസാരെ വരാൻ ഇടയില്ല. ചെവിയുള്ളവരേ നിലവിളി കേൾക്കൂ. ബധിരകർണങ്ങളിൽ ആർത്തനാദത്തിനെന്തു സ്ഥാനം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.