Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതുല്യ നീതിക്ക് വേണ്ടി...

തുല്യ നീതിക്ക് വേണ്ടി വീണ്ടുമൊരു മഹാപ്രക്ഷോഭം അനിവാര്യം

text_fields
bookmark_border
temple-discrimination
cancel
പിന്നാക്ക വിഭാഗങ്ങളുടെ മേൽ വീണ്ടും സവർണാധിപത്യം സ്ഥാപിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിവേണം പുത്തൻ കോടതിവിധിയെയും വീക്ഷിക്കേണ്ടത്. വരാൻപോകുന്ന വിപത്തിന്റെ തുടക്കമായി ഇതിനെ കാണേണ്ടിവരും. ചാതുർവർണ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്റെ തുടക്കമാണിത്. ക്ഷേത്രങ്ങളിൽ തുല്യനീതിക്കായും സവർണാധിപത്യം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും ക്ഷേത്രപ്രവേശന വിളംബര പ്രക്ഷോഭ മാതൃകയിൽ വീണ്ടുമൊരു മഹാപ്രക്ഷോഭം ഇവിടെ അനിവാര്യമായിരിക്കുന്നു

ജാതിവിവേചനം, സാമൂഹിക ഉച്ചനീചത്വം, അയിത്താചാരം, അസ്‌പൃശ്യത പോലുള്ള സാമൂഹിക തിന്മകൾക്ക് അറുതിവരുത്താനുള്ള പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും ദീർഘകാലത്തെ ചരിത്രപാരമ്പര്യമുണ്ട്. എന്നിട്ടും അവയൊന്നും തീർത്തും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

ഐതിഹാസികമെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷേത്രപ്രവേശന വിളംബരം നടന്ന് 86 സംവത്സരങ്ങൾ പിന്നിട്ട്, കാലവും ലോകവും ഏറെ മാറ്റങ്ങൾക്ക് വിധേയമായിട്ടും 'കോരന് കഞ്ഞി കുമ്പിളിൽത്തന്നെ'എന്ന മട്ടിലാണ് ഇന്നും കേരളത്തിലെ പിന്നാക്കവിഭാഗത്തിന്റെ സ്ഥിതി.

'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം ക്ഷേത്രങ്ങളിൽ ഇന്നും പാലിക്കപ്പെടുന്നില്ലെന്നിടത്താണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രപരമായ ലക്ഷ്യം ചോദ്യംചെയ്യപ്പെടുന്നത്.

ഈഴവരാദി പിന്നാക്ക വിഭാഗക്കാർക്ക് ക്ഷേത്രത്തിനുള്ളിൽ ചെന്ന് ആരാധന നടത്താമെന്നല്ലാതെ ശ്രീകോവിലിനുള്ളിൽ പൂജാദി ക‌ർമങ്ങൾ നടത്താനും ഭഗവാനുമായി നേരിട്ട് സംവദിക്കാനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽപോലും ഇന്നും പൂണൂൽ ധാരികളായ ബ്രാഹ്മണർക്കേ അവകാശവും അനുവാദവുമുള്ളു.

ഏതെങ്കിലും അബ്രാഹ്മണനെയോ പിന്നാക്കക്കാരനെയോ ദേവസ്വം ബോർ‌ഡ് ശാന്തിക്കാരനായി നിയമിച്ചാൽപോലും ശ്രീകോവിലിനുള്ളിലേക്ക് കടന്ന് പൂജാദി കർമങ്ങൾ ചെയ്യാൻ ഭ്രഷ്ട് കൽപിച്ച സംഭവങ്ങൾ ഈ ഡിജിറ്റൽ യുഗത്തിൽ തന്നെയാണ് അരങ്ങേറുന്നത്. മുന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവിസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിെന്റ ഭൂരിപക്ഷവിധിയും ഇത്തരുണത്തിൽ ഏറെ പ്രസക്തമാകുകയാണ്.

ജാതിസംവരണ വ്യവസ്ഥയിൽ മാറ്റം വരുത്താൻ ആലോചിക്കേണ്ട സമയമായെന്നാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ച ജഡ്ജിമാരുടെ വിധിന്യായത്തിൽ പറയുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന സംവരണത്തിന്റെ ഭാവിയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.

സാമ്പത്തിക സംവരണത്തിെന്റ ആനുകൂല്യം പിന്നാക്ക, ദലിത് വിഭാഗങ്ങളിലെ ദരിദ്രർക്കും നൽകണമെന്ന് ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ ആവശ്യം മൂന്നംഗ ഭൂരിപക്ഷ ബെഞ്ച് തള്ളുകയും ചെയ്തു.

അനീതി നിറഞ്ഞ വിധിക്കെതിരെ തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ പുനഃപരിശോധന ഹരജി നൽകാൻ തീരുമാനിക്കുകയും ഇക്കാര്യം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിച്ചുകൂട്ടാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതിയോ?

1936 നവംബർ 12ന് തിരുവിതാംകൂർ സർക്കാർ വിളംബരംചെയ‌്ത ക്ഷേത്രപ്രവേശന നിയമം രാജ്യമാകെ ഉറ്റുനോക്കിയ ഒന്നാണ‌്. നവോത്ഥാന നായകരും അധഃസ്ഥിത ജനവിഭാഗങ്ങളും ഒരേ വികാരവായ‌്പോടെ നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെ ഫലമായിരുന്നു അവർണരുടെ ആരാധനാ സ്വാതന്ത്ര്യത്തിന‌് വഴിതെളിച്ച ഈ വിളംബരം.

ക്ഷേത്രവഴികളിൽ സഞ്ചാരസ്വാതന്ത്ര്യം എന്നതായിരുന്നു 1924ൽ തുടങ്ങിയ വൈക്കം സത്യഗ്രഹത്തിലെ മുഖ്യ ആവശ്യം. പതിയെ അത‌് ആരാധന സ്വാതന്ത്ര്യത്തിനുള്ള പ്രക്ഷേ‌ാഭമായി പരിണമിക്കുകയായിരുന്നു. ടി.കെ. മാധവനടക്കമുള്ള മഹാരഥന്മാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ഗാന്ധിജിയുടെ ഇടപെടലോടെ വലിയ ബഹുജനസമരമായി മാറി.

സവർണജാഥ നയിച്ച മന്നത്തു പത്മനാഭനും പഞ്ചാബിൽനിന്ന‌ുള്ള അകാലികളും തമിഴ‌്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനക്കാരുമുൾപ്പെടെ നിരവധി പേർ സമരത്തിന‌് ഐക്യദാർഢ്യം പകരാൻ എത്തി. 1930ഓടെ തിരുവിതാംകൂറിൽ അവർണർക്ക‌് ക്ഷേത്രപ്രവേശനം കൂടിയേ തീരൂ എന്ന നിലവന്നു. പേര‌ിൽ ഹിന്ദുവെങ്കിലും ഹിന്ദുവിന‌ുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെതിരെ അവർണർ സംഘടിച്ചു.

നികുതി പിരിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക‌് ജനങ്ങളിൽനിന്ന‌് അവഹേളനം പതിവായി. വരുമാനം കുറഞ്ഞതോടെ സർക്കാറും സാമ്പത്തിക ഞെരുക്കത്തിലായി. ഇതിന‌ുപുറമെയാണ‌് ജനകീയ പ്രക്ഷേ‌ാഭങ്ങളും മതപരിവർത്തനവും ഉയർത്തിയ വെല്ലുവിളി. 1936ൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും 1937 ജനുവരിയിലാണ‌് ഇത‌് യാഥാർഥ്യമായത‌്. ജനുവരി 12ന‌് ഗാന്ധിജിയുടെ നേതൃത്വത്തിൽ നാനാജാതിയിലുംപെട്ടവർ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അത‌് ചരിത്രമുഹൂർത്തമായി.

തുടർന്ന് പട്ടാള മൈതാനത്ത് ചേർന്ന ഗംഭീര യോഗത്തിൽ സംസാരിച്ച ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'അവർണരുടെയും സവർണരുടെയും പൊതുജനാഭിപ്രായങ്ങൾ ശക്തിപ്പെടുത്താൻ നിങ്ങൾ തുടർച്ചയായി ശ്രമങ്ങൾ നടത്തിയിരുന്നില്ലെങ്കിൽ ലോകത്തുള്ള സകല മനസ്സും ഉണ്ടായിരുന്നാൽ കൂടി മഹാരാജാവിനു പോലും ഈ വിളംബര പ്രഖ്യാപനം നടത്തുക അസാധ്യമായേനെ.'

വിളംബരംകൊണ്ട് ഈഴവർക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാകില്ലെന്ന ചിന്താഗതിക്കാരനായിരുന്നു സി.വി. കുഞ്ഞുരാമൻ. ക്ഷേത്രത്തിൽ പ്രവേശിക്കുക എന്നതിനേക്കാൾ സമുദായത്തിന് അപമാനകരമായ നിയമങ്ങളെയും ആചാരങ്ങളെയും നിർമാർജനം ചെയ്യുകയായിരുന്നു ടി.കെ. മാധവന്റെയും സി.വിയുടെയും ലക്ഷ്യം. 1931ൽ ആലപ്പുഴയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 28ാം വാർഷിക പൊതുയോഗത്തിൽ സി.വി നടത്തിയ പ്രസംഗം ദീർഘദൃഷ്ടിയോടെയുള്ളതായിരുന്നു.

'ബ്രാഹ്മണൻ എവിടെനിന്ന് താഴോട്ടിറങ്ങിയോ അവിടെവരെ ഒന്നു കയറണമെന്ന് ഞങ്ങൾക്ക് ഒരാഗ്രഹം ഉണ്ടായി. അവിടെ ചെന്നതുകൊണ്ടു മാത്രം ഈഴവൻ തൃപ്തനാവുകയില്ല. അവിടത്തെ മണി കിലുങ്ങുമോ എന്നും അവനൊന്ന് നോക്കണം. അല്ലാതെ അകത്തു കടന്നിട്ട് ശ്രീകോവിലിനു വെളിയിൽ നിൽക്കുന്ന ഏർപ്പാട് ഈഴവന് വേണ്ടതന്നെ.

ആണ്ടിൽ 28.50 ലക്ഷം രൂപ ദേവസ്വം ഇനത്തിൽ ചെലവുണ്ട്. ഇതിൽ എട്ട് കാശുപോലും ഈഴവന് കിട്ടുന്നില്ല. വെടിക്കെട്ടും ആറാട്ടും മാത്രം ഒളിഞ്ഞുനിന്ന് ഞങ്ങൾക്കും കാണാം. അതിനാൽ ക്ഷേത്രകാര്യങ്ങളിൽ ഇതേവരെ പ്രവേശനം ഇല്ലാതിരുന്നവർക്ക് ആ അവകാശം നൽകേണ്ടതാണ്.' അന്ന് സി.വി പറഞ്ഞ കാര്യങ്ങൾക്ക് ഇന്നും വലിയ മാറ്റമില്ലെന്നതാണ് നവോത്ഥാന കേരളത്തെ പിന്നോട്ടു നയിക്കുന്നത്.

ദേവസ്വം ബോർഡ് നിയമനങ്ങൾ പോലും മുന്നാക്കക്കാരുടെയും ബ്രാഹ്മണരുടെയും കുത്തകാവകാശം പോലെയായി. എന്നിട്ടും ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം സാമ്പത്തിക സംവരണംകൂടി ഏർപ്പെടുത്തിയതോടെ പിന്നാക്കക്കാരന്റെ സ്ഥിതി ഏറെ പരിതാപകരമായി മാറിക്കൊണ്ടിരിക്കുന്നു.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികവേളയിൽ പിന്നാക്ക വിഭാഗങ്ങളുടെ മേൽ വീണ്ടും സവർണാധിപത്യം സ്ഥാപിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിവേണം പുത്തൻ കോടതിവിധിയെയും വീക്ഷിക്കേണ്ടത്. വരാൻപോകുന്ന വിപത്തിന്റെ തുടക്കമായി ഇതിനെ കാണേണ്ടിവരും.

ചാതുർവർണ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്റെ തുടക്കമാണിത്. ക്ഷേത്രങ്ങളിൽ തുല്യനീതിക്കായും സവർണാധിപത്യം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും ക്ഷേത്രപ്രവേശന വിളംബര പ്രക്ഷോഭ മാതൃകയിൽ വീണ്ടുമൊരു മഹാപ്രക്ഷോഭം ഇവിടെ അനിവാര്യമായിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeDiscriminationequality
News Summary - Another great agitation for equal justice is inevitable
Next Story